Prof. C P Aboobacker

ബഷീര്‍ സ്വര്‍ഗ്ഗത്തിലിരുന്നും കഥയെഴുതുന്നു

ചൂളൈമേട്ടിലെ കുയിലുകള്‍

ഒന്നരവര്‍ഷത്തിനു ശേഷം ചെന്നൈയിലേക്ക് വീണ്ടുമൊരുയാത്ര. ഇത്തവണ അവിടെ മകളില്ല, മരുമകനി്ല്ല. അവരും അവരുടെ മകനും നാ'ട്ടിലേക്കുതിരിച്ചുപോയിരിക്കുന്നു. സ്വന്തം കൂടുകളിലേക്ക് മടങ്ങാതിരിക്കാന്‍ പക്ഷികള്‍ക്ക് കഴിയുകയില്ല. പിന്നെയുണ്ടായിരുന്നത് ഡോ. ഹരിദാസ് നെടുങ്ങാടിയും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഫ്‌ളാറ്റുമാണ്. ചൂളൈമേട്ടിലെ നെല്‍സന്‍ മാണിക്കം സ്ട്രീറ്റില്‍ മേത്താനഗറിലായിരുന്നു ആ വാസസ്ഥലം. പ്രസിദ്ധതെലുഗുനടന്‍ ശോഭിനോ ബാബുവിന്റെ പ്രതിമയ്ക്കപ്പുറം ഏതാണ്ട് ഇരുന്നൂറു മീറ്ററിനുള്ളിലാണ് അത്. പ്രതിമയ്ക്കടുത്തിറങ്ങി ഫഌറ്റുവരെ നടക്കുന്നത് നല്ലൊരനുഭവമാണ്. എത്രനടന്നാലും മതിവരില്ല. മരങ്ങളുണ്ട് റോഡിന്നിരുവശത്തും. ധാരാളം ഇലകളുള്ള മരങ്ങള്‍ . മരങ്ങളില്‍ കുയില്‍ പാടുന്നത് കേള്‍ക്കാം. കുയിലുകള്‍ക്ക് കാലബോധം നഷ്ടമാവുന്ന തെരുവാണിത്. ഈ മഹാപുരുഷാരത്തിനി്ടയില്‍ പാടാനും തന്റെ ഒച്ച കേള്‍പ്പിക്കാനും ഓരോകുയിലിന്നും കഴിയുന്നു. ഡോ. നെടുങ്ങാടിയും ഈ തെരുവിലെ ഒരു കുയിലാണ്. അദ്ദേഹം നന്നായി പാടുന്നു . ഭജനകളുടെ സൗന്ദര്യം നെടുങ്ങാടിയില്‍നിന്നാണ് ഞാനറിയുന്നത്. അദ്ദേഹത്തിന്റെ മുറിയിലിരിക്കുമ്പോള്‍ പ്രണവശബ്ദം അനുസ്യൂതം അവിടെ ഒഴുകുന്നുണ്ടാവും. ലാപ്‌ടോപ്പില്‍നിന്നാണെന്നൊന്നും നാം ആലോചിക്കുകയില്ല. ഒരിക്കല്‍ ആ മുറിയിലെത്തിയാല്‍ പിന്നെപ്പോഴും സംഗീതസാന്ദ്രമായ ആ അന്തരീക്ഷം നാം മറന്നുപോവുകയില്ല.

ഡോ. നെടുങ്ങാടി ആ ഫ്ലാറ്റ് വേറൊരാള്‍ക്കു കൈമാറി. അദ്ദേഹത്തിനത് ഒരു ലാഭക്കച്ചവടമായിരുന്നില്ല. ലാഭത്തിലുപരി അവിടെ വാടകക്കാരായെത്തുന്നവരുടെ തൃപ്തിയായിരുന്നു അദ്ദേഹത്തിന് പ്രധാനം. അതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തി. എഴുപത് കഴിഞ്ഞിട്ടും നാടകത്തിലും സീരിയലിലും സംഗീതത്തിലും സജീവമായി നില്ക്കന്നു നര്‍മ്മകുശലനായ നെടുങ്ങാടിക്ക് ഫ്ലാറ്റ് നഷ്ടമായപ്പോള്‍ വല്ലപ്പോഴും തമിഴ്‌നാട്ടിന്റെ തലസ്ഥാനത്തെത്തുന്ന എന്നപോലുള്ള സ്‌നേഹിതന്മാര്‍ക്ക് നഷ്ടമായത് അദ്ദേഹവുമായുള്ള സമ്പര്‍ക്കവും സുഖകരമായ ഒരു ചെന്നൈ വാസവും.

ഈ ഫ്ലാറ്റിനെ കുറിച്ച് ഇനിയും പറയാനുണ്ട്. എന്റെ രണ്ടുപ്രധാനരചനകള്‍പ്രധാനമായും ഈ ഫ്ലാറ്റിലാണ് നടന്നത്. The Wonder That Was India എന്ന വിഖ്യാതചരിത്രഗ്രന്ഥത്തിന്റെ മലയാളവിവര്‍ത്തനം( ഇന്ത്യയെന്നവിസ്മയം), മുറിവേറ്റവരുടെയാത്രകള്‍ എന്നനോവല്‍. രണ്ടിന്റെ രചനയിലും ഡോ. നെടുങ്ങാടി യുടെ പരോക്ഷമായ സഹായമുണ്ടായിരുന്നു. നാം ഒരാളെ മനസാ ഗുരുവായിവരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യം പോലും വലിയ പ്രചോദനമാവും. ഇതാണ് നെടുങ്ങാടിയുടെ സാന്നിധ്യം എനിക്കുനല്കിയിരുന്നത്.

ഒറ്റപ്പെട്ട യാത്ര

ഇത്തവണ ചെന്നയിലേക്കുള്ള യാത്ര ആരംഭിച്ചത് ഏപ്രില്‍ 9ന്ന്. കടുത്ത ചൂടാണ് കേരളത്തില്‍. സ്വപ്‌നങ്ങളില്‍പോലും അഗ്നി ആവേശിച്ചിറങ്ങുന്ന ചൂട്. മാംഗലൂര്‍ - ചെന്നൈ മെയില്‍ സൂപര്‍ എക്‌സ്പ്രസ്സില്‍ ഒന്നാംക്ലാസ് ടിക്കറ്റ് അവസാന നിമിഷമാണ് ഉറപ്പായത്. രണ്ടുപേര്‍ക്കുമാത്രമുറങ്ങാവുന്ന സിംഗിള്‍കൂപ്പെ. ഭാര്യയും ഞാനും ശധയും ഒറ്റപ്പെട്ട' ജീവിതമാണ് അതില്‍ ഒമ്പതാം തീയതി വൈകുന്നേരം മുതല്‍ പത്താം തീയതി രാവിലെ അഞ്ചുമണിവരെ നയിച്ചത്. ദുസ്സഹമായ ഒരുതരം ഏകാകിത ആ കൂപ്പെയിലനുഭവിച്ചു. ഒന്നാം ക്ലാസ് യാത്രയില്‍ ഞാന്‍പേടിക്കുന്ന ഒരു കാബിനാണത്. കാറ്റും വെളിച്ചവും കുറവ്. ഫാനിന്റെ കാറ്റ് ശരിയായി ലഭിക്കുന്നുമില്ല. മൂടിക്കെട്ടിയ അവസ്ഥ. കിടക്കാനും പ്രയാസം. ഡബിള്‍കൂപ്പയായിരുന്നവെങ്കില്‍ രണ്ടു ജാലകങ്ങളുണ്ട്. ഇവിടെ ഒന്നുമാത്രം. ഞെരുങ്ങിയാണ് ഇത്തെ യാത്ര. ശധ്ക്ക് ഇടവിട്ട് കണ്ണില്‍മരുന്നൊഴിക്കണം. ഏതാണ്ട് ഒന്നരമണിക്കൂര്‍കൂടുമ്പോള്‍. ഭാര്യ ശരിക്കും വിഷമിക്കുന്നുണ്ട്.

കിടക്കുമ്പോള്‍ പത്തുമണി. സാധാരണ റെയില്‍ യാത്രയില്‍ ഒമ്പതുമണിയാവുന്നതോടെ കിടക്കും. റെയില്‍ യാത്ര ആസ്വദിക്കാനുള്ള ഒരു വഴിയാണ് നേരത്തേയുള്ള നിദ്ര. പക്ഷേ, ഇന്ന് ഉറങ്ങാനാവുന്നില്ല. ഉറക്കം വരാത്ത ഒരു കാളരാത്രി. എല്ലാ സ്റ്റേഷനുകളും അറിയുന്നു. സേലവും തിരുപ്പൂരും ഈറോഡുമെല്ലാം അറിയുന്നുണ്ട്. രാവിലെ അഞ്ചുമണിയോടെ പെരമ്പൂരിലെത്തിച്ചേര്‍ന്നു. ഏതോ സ്‌റ്റേഷനില്‍ വണ്ടി അരമണിക്കൂറോളം വെറുതെനിന്നു. കടുത്ത ചൂടിന്റെ ദുര്‍ഗ്ഗന്ധം വമിക്കുന്ന ഈ സ്‌റ്റേഷനില്‍ നി്ന്ന് അഞ്ചരയോടെ വണ്ടി ഇളകിത്തുടങ്ങി. സെന്‍ട്രല്‍സ്‌റ്റേഷന്റെ ബഹളത്തില്‍ വണ്ടി എത്തുമ്പോള്‍ പുലര്‍ച്ചെ അഞ്ചേമുക്കാല്‍. പുലര്‍കാലത്തിന്റെ സൗന്ദര്യം ചെൈസെന്‍ട്രലില്‍ ആരും പ്രതീക്ഷിക്കരുത്.

നൈന്റിഫൈവ് മോഡല്‍

പോര്‍ട്ടര്‍മാരുടേയും വണ്ടി ഏജന്റുമാരുടേയും അഭ്യര്‍ത്ഥനകളുടെ വലയത്തില്‍ മുമ്പോട്ടു് നടക്കുക ദുഷ്‌കരമാണ്. ഒരിക്കലും ഈ അഭ്യര്‍ത്ഥനകളില്‍ കുടുങ്ങാറില്ല. പ്രീപെയ്ഡ് ഓട്ടോ അല്ലെങ്കില്‍ കാള്‍ ടാക്‌സി. പക്ഷേ പത്താം തീയതി പുലര്‍ച്ചെ ഒരു ശബ്ദത്തില്‍ പുരണ്ട നി്സ്സഹായതയില്‍ അലിവുതോന്നി. നെല്‍സന്‍ മാണിക്കം റോഡിലേക്ക് 200 രൂപ . ഒരു പഴയ അംബാസഡര്‍. ശരിക്കും ഒരു പുരാവസ്തു. കാഴ്ചയ്ക്കുള്ള അസൗകര്യങ്ങളിലും ശധ ചോദിക്കുന്നു, ദെന്ത് കാറാ? ഭാര്യക്ക് ഒരു ജീവിതകാല പരാതികൂടിയായി. യാത്രയ്ക്കിടെ ഡ്രൈവറോട് വണ്ടി ഏതുമോഡലാണെന്ന് ചോദിച്ചു.

നൈന്റി ഫൈവ് സര്‍ .

അത് സത്യമല്ലെന്നു വ്യക്തമായിരുന്നു. അതിലും പഴയതാവണം വണ്ടി.അംബാസഡര്‍ കാറിലെ യാത്രയെ പറ്റി ആദിത്യബിര്‍ലയ്ക്കുപോലും നല്ല അഭിപ്രായമില്ലായിരുന്നു. ഓഷോ രജനീഷ് ഒരു കഥ പറയുന്നുണ്ട്. മരണാനന്തരം തനിക്ക് സ്വര്‍ഗ്ഗം ലഭിച്ചതില്‍ അത്ഭുതപരതന്ത്രനായ ആദിത്യബിര്‍ല ,സ്വര്‍ഗ്ഗത്തിലെ ഉദ്യോഗസ്ഥരോട് തനിക്കെങ്ങിനെ അത് ലഭിച്ചുവെന്ന് ചോദിച്ചു. അംബാസഡര്‍ കാറില്‍ യാത്രചെയ്യുന്ന ആളുകള്‍ ഭീതിമൂലം ദൈവമേ, ദൈവമേ എന്നിങ്ങനെ വിളിച്ചതിന്റെ പ്രതിഫലം അയാള്‍ക്കും ലഭിച്ചുവത്രേ. ദൈവനാമം ഓര്‍ക്കാന്‍ ആളുകള്‍ക്ക് പ്രേരണയായത് ഈ കാറിന്റെ മോശം നിര്‍മ്മിതികാരണമാണല്ലോ. പഴയഅംബാസഡറില്‍ യാത്ര ചെയ്താലത്തെ സ്ഥിതി പറയണോ?

നെല്‍സന്‍ മാണിക്കം റോഡില്‍ മേത്താനഗറില്‍ ആണ്ടവര്‍സ്‌റ്റോറിന്നടുത്ത് ഇറങ്ങുമ്പോള്‍ മണി ആറര. പൊടി ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു. ഫ്ലാറ്റിലേക്ക് കടന്നപ്പോള്‍ അതിനുള്ളില്‍ വേലക്കാരന്‍ വിനു സുഖമായികിടന്നുറങ്ങുന്നു. അയാളെ വിളിച്ചുണര്‍ത്തി, ഫ്ലാറ്റ് ക്ലീന്‍ചെയ്യാന്‍ ശട്ടം കെട്ടി. ബാഗും ബിഗ് ഷോപ്പറും അവിടെ വെച്ച് ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക്. ഓട്ടോചാര്‍ജ്ജ് വിലപേശുന്നതാണ് യാത്രകളിലെ മുഖ്യമായൊരു വഴിപാട്. നാല്പതുരൂപയ്ക്ക് പോകാവുന്ന ഇടങ്ങളിലേക്കു നൂറുരൂപയാണ് ആവശ്യപ്പെടുക. ഫലം, അറുപത് രൂപയ്ക്ക് യാത്ര ഒത്തുതീര്‍പ്പാവുമെന്നതാണ്. ചിലര്‍ 80 രൂപയ്ക്കും ഒത്തുതീര്‍പ്പാവാറുണ്ട്. നെല്‍സന്‍ മാണിക്കം റോഡില്‍നി്ന്ന് 24 പൈക്രോഫ്റ്റ്‌സ് ഗാഡനിലുള്ള ശങ്കര്‍നേത്രാലയാ ജെ. കെ. സി. എന്‍. ബ്രാഞ്ചിലേക്ക് അറുപത് രൂപ.

കേന്ദ്ര ധനമന്ത്രി ചിദംബരത്തിന്റെ വസതിക്കു വളരെ അടുത്താണ് ഈ ആശുപത്രി. നല്ല ഇംഗ്ലീഷ്, നല്ല ഭരണപാടവം, ഒട്ടും അനുയായികളില്ലാത്ത നേതാവ്. ജി. കെ. മൂപ്പനാറുടെ തണലില്‍ നേതൃപദവിയിലേക്കുയര്‍ന്ന കോര്‍പറേറ്റുകളുടെ അരുമയായ അഭിഭാഷകന്‍. അവിടെ എപ്പോഴും അനേകം വാഹനങ്ങള്‍ കാണാം. മിക്കപ്പോഴും ചിദംബരം സാറുമുണ്ട്. അദ്ദേഹത്തിന് ദില്ലിയിലല്ലേ പണിയെന്നു ചോദിച്ചുപോവും.അദ്ദേഹത്തിന്റെ മകന്റെ ഭീമന്‍ കട്ടൌട്ടുകള്‍ ചെൈന്നയിലെവിടെയും കാണാം. ഭാവിയിലെ ധനമന്ത്രിയെ വാര്‍ത്തെടുക്കുകയാവാം. കട്ടൗട്ടുകള്‍ വഴി നേതാവിനെ നിര്‍മ്മിക്കുന്ന വിദ്യ തമിഴ്‌നാട്ടില്‍നിന്നാവണം വളര്‍ന്നുവന്നത്. ഇത് കേരളത്തിന്റെയും വിദ്യയായിമാറി. ഇന്ത്യന്‍ജനാധിപത്യത്തിന്റെ ഉള്ളറരഹസ്യങ്ങളിലൊന്ന്.

ശങ്കര്‍ നേത്രാലയ

ആശുപത്രിയില്‍ അപ്പോയിന്റ്‌മെന്റില്ല. ഡോക്ടര്‍ ഭാസ്‌കര്‍ശ്രീനിവാസനെ ഫോണില്‍വിളിച്ചു അപ്പോയിന്റ് മെന്റ് ഇല്ലാതെ വന്നിരിക്കുകയാണ്. ശധയുടെ കണ്ണിലെ ഗ്രാഫ്റ്റിലുള്ള പാച്ചുകള്‍( കണ്ണ് സര്‍ജറിയിലെ തുന്നലുകള്‍) പുറത്തുകാണുന്നതിനാല്‍ അത് പരിശോധിക്കാനുള്ള വരവാണ്. 2008 ഡിസംബര്‍ 9ന്നാണ് ശധയുടെ ജനനം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍. ജനിച്ചപ്പോള്‍ ഗ്ലോക്കോമബാധിതയായിരുന്നു. ഗര്‍ഭകാലത്ത് ജര്‍മ്മന്‍ മീസില്‍സ് ബാധിച്ചിരുന്നു അവളുടെ അമ്മയ്ക്ക്. പക്ഷേ, അത് കണ്ടുപിടിച്ചിരുന്നില്ല. ഒരുതരം തിണര്‍പ്പ് മാത്രമായി എടുത്തു, മകളും അവളുടെ ഡോക്ടറും. ഫലം കുഞ്ഞിന് റൂബെല്ലാ വൈറസിന്റെ ബാധയായിരുന്നു. അത് കണ്ണിനെ ബാധിച്ചു.രണ്ടുമൂന്നുതവണ അഹമ്മദ് വാള്‍വ് ഇമ്പഌന്റ് ചെയ്യേണ്ടിവന്നു. കണ്ണിലുള്ള സമ്മര്‍ദ്ദം കുറയ്ക്കുവാനുള്ള ചികിത്സയാണത്. അത്രയും തവണ കോര്‍ണിയയും വെക്കേണ്ടിവന്നു. വലതുകണ്ണില്‍ പുതിയൊരു കോര്‍ണിയ വെച്ചിരിക്കുകയാണ്.

റിസപ്ഷനില്‍ പറഞ്ഞാല്‍മതിയെന്നായിരുന്നു ഡോക്ടറുടെ അഡ്വൈസ് . റിസപ്ഷനിസ്റ്റ് ഒരു കാരണവശാലും വഴങ്ങിയില്ല. കാത്തിരിക്കുകയല്ലാതെ നിര്‍വാഹമില്ല. കാത്തിരിപ്പിനിടയില്‍ പരിചയക്കാരായപലരേയും കണ്ടു. അത്ഭുതങ്ങളുടെ ലോകമാണ് ശങ്കര്‍ നേത്രാലയ. ശധയെ പ്രസവിച്ച ഉടനെ നേത്രങ്ങളുടെ കുഴപ്പം മനസ്സിലാക്കിയ ദോഹയിലെ ഡോക്ടര്‍മാര്‍ അവിടെയുള്ളൊരു സ്‌പെഷ്യലിസ്റ്റിനെ കാണിച്ചു. അദ്ദേഹം നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശ്രദ്ധയെ നേത്രാലയയില്‍ ചികിത്സിക്കുന്നത്. ആദ്യം ചെന്നത് നേത്രാലയയുടെ മെയിന്‍ ഹോസ്പിറ്റലിലാണ്. കോളേജ് റോഡിലാണത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള രോഗികള്‍ ഇവിടെ വരുന്നുണ്ട്. പലവേഷക്കാര്‍, ഭാഷക്കാര്‍, ജാതിമതവിഭാഗങ്ങള്‍. ഇവിടെയുള്ള പാരാമെഡിക്കല്‍വിഭാഗം വളരെ കാര്യക്ഷമമായിപ്രവര്‍ത്തിക്കുന്നു. . കാത്തിരിപ്പാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്‌നമെന്നുതോന്നുന്നു. പലപ്പോഴും രോഗികളും സഹചാരികളും അനിശ്ചിതമായി കാത്തിരിക്കേണ്ടിവരുന്നു. ചിലപ്പോള്‍ ചില കശപിശകളും നടക്കുന്നു . കാര്യങ്ങള്‍മനസ്സിലാക്കി ക്ഷമയോടെ കാത്തിരിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല.

ഒരു പ്രധാനകാര്യം വളരെ വലിയ വിവിഐപികളുടെ കാര്യമൊഴിച്ചാല്‍ പണം നല്കുന്നവരും സൗജന്യചികിത്സലഭിക്കുന്നവരും തമ്മില്‍ ഇവിടെ യാതൊരന്തരവുമില്ലെന്നതാണ്. വിവിഐപികളായ രോഗികളില്‍നിന്ന് ആശുപത്രി പല ആനുകൂല്യങ്ങളും നേടുന്നുണ്ട്. അത് ചികിത്സാസൗകര്യം വര്‍ദ്ധിപ്പിക്കുതിന്നായുപയോഗിക്കുന്നുണ്ട്. സംഭാവനകളൊക്കെ കാര്യമായി രേഖപ്പെടുത്തിവെക്കുന്നുണ്ട്. സമാജ്വാദി പാര്‍ട്ടിയുടെ മുന്‍നേതാവായ അമര്‍സിങ്ങ് ശങ്കര്‍നേത്രാലയയില്‍ ചികിത്സയ്ക്കുവന്നതെനിക്കോര്‍മ്മയുണ്ട്. നിസ്സഹായരും നിരാശ്രയരുമായ ആയിരക്കണക്കില്‍ നേത്രരോഗികളുടെ ആശാകേന്ദ്രമാണ് ശങ്കര്‍നേത്രാലയ.

ഏതാണ്ട് എട്ടരമണിയോടെ ഡോക്ടര്‍ ഭാസ്‌കര്‍ശ്രീനിവാസന്‍ എത്തിച്ചേര്‍ന്നു. ശ്രദ്ധയുടെ കോര്‍ണിയാ ഡോക്ടറാണ് അദ്ദേഹം. കഴിഞ്ഞനാലുവര്‍ഷമായി അദ്ദേഹത്തെ തുടര്‍ച്ചയായി കാണുന്നുണ്ട്. കണ്ട ഉടനെ ശധയെ ഉടന്‍ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

എത്രവേഗത്തില്‍ വിളിക്കപ്പെടുമെന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് ഏതാണ്ട് ധാരണയുണ്ടായിരുന്നു. കുഞ്ഞിന്റെ പ്രശ്‌നങ്ങളാവാം, ഭാര്യ നല്ലടെന്‍ഷനിലായിരുന്നു. ജന്മസിദ്ധമായി മാനസികസംഘര്‍ഷം അവളുടെ കൂടെയുണ്ട്. ഈ സംഘര്‍ഷത്തിന്റെ ഫലമായി ഒരുപാട് സംസാരിക്കുകയും ഒരുപാട് കാര്യങ്ങള്‍ ഭാവനയില്‍ കാണുകയും അവളുടെ പതിവാണ്. നാല്പതുകൊല്ലമായി ഞങ്ങള്‍ ഇതൊക്കെ പങ്കുവെയ്ക്കുന്നു.

ഏതായാലും അധികം വൈകാതെ ഡോക്ടറുടെമുറിയിലേക്ക് ഞങ്ങളെ വിളിച്ചു.

എന്ന കണ്ണാ?

കുഞ്ഞിനോട് അദ്ദേഹം ചോദിച്ചു. കണ്ണന്‍ എന്നാണ് അദ്ദേഹം ശ്രദ്ധയെ വിളിക്കുന്നത്. ഇഷ്ടം മൂലമാണത്. ഈ ഡോക്ടര്‍ക്ക് കുഞ്ഞുങ്ങളുടെ ശബ്ദമാണ്. ശ്രദ്ധ കുഞ്ഞുശബ്ദത്തില്‍ അദ്ദേഹത്തെ പറ്റി പറയുന്നത് ഭാസ്‌കര്‍ എന്നാണ്. കുഴപ്പമില്ല, എന്നെ അവള്‍ പലപ്പോഴും പരാമര്‍ശിക്കുന്നത് സി. പി എന്നോ സി. പി. അബൂബക്കര്‍ എന്നോ ആണ്. വല്ലപ്പോഴും ഉപ്പാപ്പയെന്നും പോക്കറെന്നും. സാമാന്യമായി എല്ലാവരേയും നിങ്ങള്‍ എന്ന് ആദരപൂര്‍വം സംബോധനചെയ്യുന്നു. അതെങ്ങിനെ പഠിച്ചുവെന്നറിയില്ല. എന്നാല്‍ സ്വാഭാവികമട്ടിലാവുമ്പോള്‍ അവളുടെ ഏറ്റവും പ്രിയപ്പെട്ട മമ്മിയെ, എന്റെ ഭാര്യയെ, അവള്‍ വിളിക്കുന്നത് പേരുചൊല്ലിയാണ്, സറീനാ എന്ന്.

പരിശോധനനടത്താമെന്നും പാച്ച് എടുക്കാനുണ്ടെങ്കില്‍ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയോട് അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍നിര്‍ദ്ദേശിച്ചു.

തമസോമാ ജ്യോതിര്‍ഗമയ:

ഫയല്‍ വരുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടായിരുന്നു. അതിനിടയില്‍ പ്രാതല്‍ കഴിക്കാമായിരുന്നു. എന്നാല്‍ കുഞ്ഞിന് പ്രാതല്‍നല്കാന്‍ പാടില്ല. അനസ്‌തെറ്റിക് ചെക്കപ്പാണ്. അതിന്റെ നാലുമണിക്കൂര്‍മുമ്പെങ്കിലും ഉപവസിക്കണം. ശധ രാത്രി ഒമ്പതുമണിക്ക് ആഹാരം കഴിച്ചതാണ്. കാലത്ത് നാലുമണിക്ക് അല്പം വെള്ളവും കുടിച്ചു. ഇനി എപ്പോഴാണ് ചെക്കപ്പിന് കൊണ്ടുപോവുന്നതെന്നറിയില്ല. ഓപണ്‍ ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞതിനുശേഷം ഭക്ഷണവും മരുന്നും ക്രമമായികഴിക്കുന്ന ഒരു ശീലം ഞാന്‍ വളര്‍ത്തിയെടുത്തിരുന്നു. അത് തെറ്റുന്നു. സാരമില്ല. ദീര്‍ഘനേരത്തെ കാത്തിരിപ്പിനൊടുവില്‍ ഏതാണ്ട് 11  മണിയോടെ ഫയല്‍വന്നു. ഫയലുമായി വന്ന നഴ്‌സിനോടൊപ്പം അനസ്ഥറ്റിഥിഷ്യനെ കാണാന്‍ പോയി. അദ്ദേഹത്തിനും ശധ സുപരിചിതയാണ്. ഈ പരിശോധനകള്‍ കേവലമായ ഔപചാരികതകളാണ്. നേരെ മൂന്നാം നിലയിലേക്കുകൊണ്ടുപോയി. ഒരു വലിയമുറിയുടെ പകുതിഭാഗം ശ്രദ്ധക്ക് അനുവദിച്ചുകിട്ടി. വൈകാതെ അവളെ ഒന്നാം നിലയിലെ തിയറ്ററിലേക്ക് കൊണ്ടുപോയി. ആദ്യം ഭാര്യ ,പിന്നെ ഞാന്‍ കാന്റീനില്‍പോയി പ്രാതല്‍ കഴിച്ചുതിരിച്ചുവന്നു.

പരിശോധനകഴിയുന്നതുവരെ കാത്തിരിക്കണം. അനേകം രോഗികളെ പരിശോധനയ്ക്കും സര്‍ജറിക്കുമായി ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. എല്ലാപ്രായക്കാരുമുണ്ട്, എല്ലാജണ്ടര്‍വിഭാഗങ്ങളുമുണ്ട്, മതജാതിഭാഷാ കാര്യങ്ങള്‍ പറയാനുമില്ല. രോഗിയുടെ കൂടെവന്നവര്‍തമ്മില്‍ പരിചയപ്പെടുകയും സംഭാഷണമാരംഭിക്കുകയും ചെയ്തിരിക്കുന്നു. ഭാര്യ നല്ലഉറക്കത്തിലാണ്. ഞാന്‍ കൈയിലെടുത്ത മാതൃഭൂമി വാരിക വായിക്കാനൊരുശ്രമം നടത്തി. ഉറക്കക്ഷീണവും മടുപ്പും ബാധിച്ചിരിക്കുന്നു. സുന്ദരികളും സുന്ദരന്മാരുമായ മനുഷ്യര്‍ ബന്ധുക്കളുടെ കാഴ്ചയ്ക്കുവേണ്ടി ഇവിടെ കാത്തിരിക്കുന്നു. വെളിച്ചം അത്രമേല്‍പ്രധാനമാണ്.

അന്ധതയുടെ നിറമെന്താണ്? ജോസ് സരമാഗാരുവിന്റെ അന്ധത എന്ന നോവലിനെ പറ്റി ആലോചിച്ചുപോയി. അന്ധത ഒരു പകര്‍ച്ചവ്യാധിയാവുന്ന അവസ്ഥയെ പറ്റിയാണ് സരമാഗാരു ഈ നോവലില്‍ എഴുതുന്നത്. പാലുപോലെ വെളുത്ത ഒരവസ്ഥ നേത്രങ്ങളില്‍ ആവിര്‍ഭവിക്കുകയാണത്രേ. അന്ധത കറുത്തിട്ടല്ലെന്ന് സരമാഗാരു നോവലിലൂടെ ഓര്‍മ്മിപ്പിക്കുന്നു. ഭയാനകമായ ഒരവസ്ഥയാണത്. ശധയ്ക്ക് ജന്മലബ്ധമാണത്. അതിനെ അതിജീവിക്കാനും കാഴ്ച കണ്ടെടുക്കാനുമാണ് ശ്രദ്ധയുടെ ചികിത്സ. അതിനു സഹായിക്കുകയാണ് ശങ്കര്‍നേത്രാലയ ചെയ്യുത്. മനുഷ്യവംശമാണ് ശങ്കര്‍നേത്രാലയയുടെ അധികാരപരിധി.

പുതിയ രോഗികള്‍ വരുന്നുണ്ട്, ചിലര്‍ നടന്ന്, ചിലര്‍ സ്‌ട്രെച്ചറില്‍ കിടന്ന്. കൂട്ടത്തില്‍ തിമിരരോഗികളുമുണ്ടാവാം. തിമിരശസ്ത്രക്രിയയേയും തുടര്‍ന്ന് കണ്ണുകളെങ്ങനെ സൂക്ഷിക്കണമെന്നും ഒരു വീഡിയോ സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. 2008 ഡിസംബര്‍മുതല്‍ ഈ കാഴ്ചതന്നെ കാണുന്നു. അതേ മനുഷ്യന്‍. അതേകണ്ണട, അതേ മരുന്ന്, അതേ അന്തരീക്ഷം. സമയം ഏ താണ്ട് രണ്ടുമണി കഴിഞ്ഞു.

ശധാ ഷാനവാസ്

തിയേറ്ററിന്റെ വാതിലില്‍നിന്ന് ഒരാള്‍ വിളിക്കുന്നു. ഹരിതവസ്ത്രം ധരിച്ച ഒരു വനിത. അവര്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങി.

മലയാളം, ഞാന്‍ പറഞ്ഞു.

ക്യാന്‍ യൂ ഫോളോ ഇംഗ്ലീഷ്?

സര്‍ട്ടന്‍ലി.

അവര്‍ ഇംഗ്ലീഷില്‍ കാര്യങ്ങള്‍ വിശദീകരിച്ചുതന്നു. സര്‍ജറിയുടെ ഭാഗത്തു കുഴപ്പമില്ല. പാച്ചുകള്‍ പുറത്തുകാണുന്നതുകൊണ്ട് ഭയപ്പെടേണ്ട. പ്രഷര്‍നിയന്ത്രണവിധേയമാണ്. ഗ്രാഫ്റ്റിങ്ങിന് കുഴപ്പമില്ല. ഭാസ്‌കര്‍ ശ്രീനിവാസന്‍ നിങ്ങളെ നാളെ കാണും.

കുറെക്കൂടി കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ മൂന്നാംനിലയിലെ മുറിയിലേക്കുമാറ്റി. ഏതാണ്ട് നാലു മണിയായപ്പോള്‍ വെള്ളം കൊടുത്തു. പിന്നെ ബിസ്‌കറ്റ്. സി സ്റ്റര്‍മാരുടെ വാത്സല്യപ്രകടനങ്ങള്‍ക്കിടയില്‍ നാലുമണിയോടെ ശധയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ബില്‍ സെറ്റില്‍ ചെയ്തു. സെറ്റില്‍ ചെയ്യുകയൊല്‍ അടച്ചുതീര്‍ക്കലല്ല, ബാലന്‍സ് തിരിച്ചുവാങ്ങലാണ്. 3500 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു . 3129രൂപയാണ് ബില്ല്. 379 രൂപ തിരിച്ചുകിട്ടി. പിറ്റേന്ന് ഡോ. ഭാസ്‌കര്‍ശ്രീനിവാസനെ കാണാനുള്ള അപ്പോയിന്റ്‌മെന്റുമായി ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടു. എല്ലാം അവസാനിക്കുമ്പോള്‍ അഞ്ചുമണി കഴിഞ്ഞിരുന്നു.

ഓട്ടോറിക്ഷക്കാരുമായി വിലപേശി. ആശുപത്രിപരിസരത്ത് നിലയുറപ്പിച്ചവര്‍ പറയുന്ന കഴുത്തറുപ്പന്‍ ചാര്‍ജ്ജില്‍ പോവേണ്ടതില്ലെന്ന് തീരുമാനിച്ച്, അല്പം നടന്നു. അടുത്ത് വന്നുനിന്ന ഓട്ട'ായില്‍ 60രൂപ ചാര്‍ജ്ജുറപ്പിച്ച് മേത്താനഗറിലേക്കു യാത്രയായി. സന്ധ്്യമയങ്ങിത്തുടങ്ങുന്നു. പരിക്ഷീണരാണ് ഞങ്ങള്‍. തലേന്നാളത്തെ തീവണ്ടിയാത്ര ഒട്ടും സുഖകരമായിരുന്നില്ല. വിനു ഫ്ലാറ്റ് വൃത്തിയാക്കിയിട്ടുണ്ടാവും. അവിടെ അല്പം വിശ്രമിക്കണം. ഓട്ടോയില്‍നിന്നിറങ്ങി, ആണ്ടവര്‍സ്‌റ്റോഴ്‌സില്‍നിന്ന് അത്യാവശ്യ സാധനങ്ങള്‍ വാങ്ങി ഫ്ലാറ്റിലേക്കുകയറി.

ദൈവമേ, വസതി തീര്‍ത്തും വൃത്തിഹീനമായിരിക്കുന്നു. കാലത്ത് തിരക്കായിരുതുന്നകൊണ്ട് ഒന്നും നോക്കിയിരുന്നില്ല. അടുക്കളയിലാണ് മുമ്പ് താമസിച്ചിരുന്നവര്‍ പാമ്പേഴ്‌സ് പോലും നിക്ഷേപിച്ചിരിക്കുന്നത്. വിനുവിനെ വിളിച്ചു. വൃത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും ക്ഷമിക്കണമെന്നും പിറ്റേന്നുകാലത്ത് ചെയ്യാമെന്നും അയാള്‍ പറഞ്ഞു.

താഴെയിറങ്ങി ആണ്ടവര്‍‌സ്റ്റോഴ്‌സിലെ ബായിയോട് തൊട്ടടുത്ത് ഏതാണ് ലോഡ്‌ജെന്ന് ചോജിച്ചു. ചൂളൈമേട് ഹൈറോഡില്‍ ശ്രീഗോപാല്‍നിവാസ് ഉണ്ടെന്നും അത് വൃത്തിയുള്ളിടമാണെും അദ്ദേഹം അറിവു തന്നു. ബാഗും സഞ്ചിയുമെല്ലാം തൂക്കി ഒാേട്ടാ വിഌച്ചു. ഓട്ടോക്കാരന്‍ 60രൂപ ആവശ്യപ്പെട്ടു. കോഴിക്കോടന്‍ നിലവാരത്തിലാണെങ്കില്‍ 15 രൂപയുടെ ദൂരം. ക്ഷീണിതരാണ്. അതുകൊണ്ട് നീണ്ട വിലപേശലിനു നിന്നില്ല.

30 രൂപ, ഞാന്‍ പറഞ്ഞു

ഫിഫ്റ്റി റുപ്പീസ് സര്‍

ഫോര്‍ട്ടി

അവസാനം 40രൂപയിലുറച്ചു. അയാള്‍, പക്ഷേ, ലോജിലേക്ക് സാധനങ്ങളെടുത്തുവെച്ചുതന്നു. മുറിയുണ്ടോയെന്ന് അന്വേഷിക്കുന്നതുവരെ ഭാര്യയുംശധയും ഓട്ടോവിലിരുന്നു. മുറിയുണ്ടായിരുന്നു. ശ്രീഗോപാല്‍ നിവാസിലെ നമ്പര്‍ വണ്‍റൂം. ഗ്രൗണ്ട് ഫ്‌ളോറില്‍തന്നെ. ഡബിള്‍ റൂം. 900 രൂപയാണ് ചാര്‍ജ്ജ്. വൃത്തിയുണ്ട്. അങ്ങിനെ ഞങ്ങള്‍ ഗോപാല്‍നിവാസിലെ ഒന്നാം നമ്പര്‍മുറിയലെ അന്തേവാസികളായിത്തീര്‍ന്നു.

അവസാനിക്കാത്ത പ്രശ്‌നങ്ങള്‍

മുറിതുറന്നു. നല്ലമുറി. ബാഗ് തുറപ്പോഴാണ് മനസ്സിലാവുത്, മേത്താനഗറിലെ ഫഌറ്റിലെ ഒരു ബെഡ്ഷീറ്റ് അതില്‍ കൊണ്ടുവന്നിരിക്കുന്നു. അറപ്പാര്‍ന്ന ഒരു വസ്തുവെന്നപോലെ ഭാര്യ അതെടുത്തുപുറത്തിട്ടു. പക്ഷേ, അത് തിരിച്ചെത്തിക്കേണ്ടതാണല്ലോ. കൗണ്ടറില്‍നിന്നൊരു കറുത്ത പ്ലാസ്റ്റി ക് ബാഗ് വാങ്ങി ആ ബെഡ്ഷീറ്റ് അതില്‍ ഇട്ടു കെട്ടി.

മുറിചെറുതാണ്. എങ്കിലും വൃത്തിയുണ്ട്. എ. സി. യും ഫാനുമുണ്ട്. നല്ല കുളിമുറി. ടെലിവിഷനുമുണ്ട്. വൃത്തിയുള്ള കിടക്ക, ഭംഗിയും വെടിപ്പുമുള്ള വിരിപ്പുകള്‍ . രാത്രിഭക്ഷണത്തിന്ന്് ഹോട്ടല്‍ ബോയ്‌സിനെ ഏര്‍പ്പാടുചെയ്തു. കുളിക്കാന്‍ ചൂടുവെള്ളം റെഡി. 5രൂപ എക്‌സ്ട്രാ കൊടുക്കണം, അത്രേയുള്ളൂ.

രാത്രി ഉടുക്കാന്‍ ലുങ്കി ഒന്നും  മനസ്സിലായി. പുറത്തിറങ്ങി ഏതെങ്കിലും തുണിക്കടയുണ്ടോ എന്നന്വേഷിക്കാമെന്നു  തീര്‍ച്ചപ്പെടുത്തി. ലോഡ്ജില്‍നിന്നിറങ്ങി, ഇടതുവശം തിരിഞ്ഞ് നടന്നു. കടകള്‍ അടച്ചിരിക്കുന്നു. കുറെ മുന്നോട്ടുനടന്നപ്പോള്‍ ഒരു കടയുണ്ട്. ശരിക്കും കള്ളിമുണ്ട്. മൂട്ടിയമുണ്ടാണധികം. അല്ലാത്തതുമുണ്ട്. എല്ലാറ്റിനും ഒരുവില. 160രൂപ. ഒരെണ്ണം വാങ്ങി. തിരിച്ചുനടന്നു. തെരുവിലെ തിരക്ക് കുറഞ്ഞുവരുന്നുണ്ട്.

ചൂളൈമേട് തെരുവിലെ ആദ്യരാത്രിയാണ്. ചൂളൈമേട് എന്ന വാക്ക് ആദ്യം കേള്‍ക്കുന്നത് ഒരു കഥയില്‍നിന്ന്. ചൂളൈമേട്ടിലെ ശവങ്ങള്‍ . എന്‍. എസ്. മാധവന്റെ കഥ.

ശധയുടെ കണ്ണില്‍ മരുന്നുകളെല്ലാമൊഴിച്ച് ശാന്തമായി കിടുറങ്ങി. സ്വപ്‌നങ്ങളും അസ്വാരസ്യങ്ങളുമില്ലാതെ ഒരു മനോഹരനിദ്ര. ഉണര്‍ന്നെഴുന്നേല്ക്കുമ്പോള്‍ സമയം 7 മണി. ഏപ്രില്‍ 11 വ്യാഴം. ഡോക്ടര്‍ ഭാസ്‌കര്‍ ശ്രീനിവാസനെ രാവിലെ 8. 30ന് കാണണം. പറഞ്ഞസമയത്തുതന്നെ എത്തേണ്ടതില്ലെന്നും അവിടെ വെറുതെ കാത്തിരിക്കേണ്ടിവരുമെന്നുമാണ് ഭാര്യയുടെ നിലപാട്. സമയത്തിനുതന്നെ എത്തുതാണ് എന്റെ ശീലം. പക്ഷേ, ഇവിടെ ഞാനൊറ്റയ്ക്കല്ല. ഇത് ഞങ്ങളുടെ അവസാനിക്കാത്ത ഒരുപ്രശ്‌നമാണ്. യാത്രകളില്‍ ഞാന്‍ സമയത്തുതന്നെ ഒരുങ്ങുന്നു. ഭാര്യ അവസാനത്തെനിമിഷംകഴിഞ്ഞേ ഒരുക്കം ആരംഭിക്കുന്നുള്ളൂ. അപ്പോള്‍മാത്രമേ സമയം കിട്ടുകയുള്ളൂ എന്നതാണ് അവരുടെ സത്യം. ഇത് എല്ലാകുടുംബിനികളുടേയും സത്യമായിരിക്കണം.

ഏതായാലും എട്ടരമണിക്ക് ജെ. കെ. സി. എന്‍ ആശുപത്രിയിലെത്തി. സമയത്തിനെത്താതിരുന്നതിനു റിസപ്ഷനിസ്റ്റ് തമിഴില്‍ പഴി പറഞ്ഞു. തമിഴ് എനിക്ക് മനസ്സിലാവുകയില്ലെന്നു ഞാന്‍ ചിരിച്ചുനിന്നു. തമിഴ് എനിക്ക് നന്നായി മനസ്സിലാവും, പറയാനാവില്ല. ഞാന്‍ ആരോടെങ്കിലും തമിഴ് പറയാന്‍തുടങ്ങുമ്പോള്‍ നല്ലപാതി ശൊല്ലും, വേണ്ട, മലയാളം പറഞ്ഞാല്‍മതി. ശരി. മലയാളം പറഞ്ഞാല്‍മതി. ചിലപ്പോള്‍ ഇംഗ്ലീഷാവും നല്ലത്. തരംപോലെ സംസാരിച്ചും പറഞ്ഞും തമിഴ് യാത്രകള്‍ സമ്പുഷ്ടം.

വൈകാതെ ഡോക്ടറുടെ മുറിയിലേക്കു വിളിച്ചു. എല്ലാം ശരിയാണ്. ഗ്രാഫ്റ്റിങ്ങ് ശരിയാണ്. മരുന്നിന്റെ അളവ് കുറച്ചിട്ടുണ്ട്. അടുത്ത അപ്പോയിന്റ്‌മെന്റ് മെയ് മൂന്നിന്. ശധയും ഡോക്ടറും തമ്മില്‍ ചെറിയൊരുസംഭാഷണം നടന്നു. ഏതൊക്കെ മരുന്നുകളാണ് കണ്ണിലൊഴിക്കുന്നതെന്ന് അവള്‍ പറഞ്ഞു. ഡോക്ടര്‍ പറഞ്ഞു, സരിഡാ , കണ്ണാ. അവള്‍ കൊഞ്ചി, ബായ്.

സമയത്തിന് എത്താനുള്ള ധൃതിയില്‍ ഞങ്ങള്‍ പ്രാതല്‍ കഴിച്ചിട്ടുണ്ടായിരുന്നില്ല. ആശുപത്രി കാന്റീനില്‍ ദോശയില്ല. പൊംഗലാണ് അവിടെയുള്ള ആഹാരം. ഭാര്യയ്ക്കു പൊംഗല്‍ തീരെ പഥ്യമല്ല. ശ്രദ്ധയ്ക്കും ദോശയാണ് ഇഷ്ടം. പുറത്തിറങ്ങി ഓട്ടോറിക്ഷക്കാരനുമായി പതിവ് വിലപേശല്‍നടത്തി സംഗീത് റസ്റ്റാറണ്ടിന്റെ ഒരുശാഖയിലിറങ്ങി പ്രാതല്‍ കഴിക്കാന്‍ തീരുമാനിച്ചു.

തരക്കേടില്ലാത്തൊരു വെജിറ്റേറിയന്‍ റെസ്റ്റാറന്റാണ് സംഗീത. വലിയൊരു ഹോട്ടല്‍ ശൃംഖലയുടെ ഭാഗമാണത്. സമയം ഏതാണ്ട് 11 മണിയായിരിക്കുന്നു. ഉച്ചഭക്ഷണം പാര്‍സലായി ഇവിടെനിന്ന്കൊണ്ടുപോയാലോ? പതിവുപോലെ ആദ്യം എതിര്‍ത്തുവെങ്കിലും ഭാര്യയും അതാണ് നല്ലതെന്ന് പറഞ്ഞു. നല്ല ഭക്ഷണമായിരുന്നു. ശ്രദ്ധയ്ക്കും ഭക്ഷണം ഇഷ്ടപ്പെട്ടു.

ഭക്ഷണം കഴിക്കുതിനുമുമ്പ് ലോഡ്ജ് മാനേജറുടെ സീറ്റില്‍ കണ്ട ആളെ പരിചയപ്പെട്ടു. വിശേഷവിധിയായി ഒന്നുമില്ല. പേര് ജീവന്‍. കോഴിക്കോട്ടുകാരനാണ്. ലോഡ്ജ് കാര്യങ്ങളില്‍ ഇടപെടുന്ന വന്ദ്യവയോധികനായ മനുഷ്യനെ പരിചയപ്പെട്ടപ്പോഴാണ് അയാല്‍ മലയാളിയാണെന്നറിയുന്നത്. മലയാളിത്തമൊക്കെ പൂര്‍ണമായി മാറിയിരിക്കുന്നു. ചെറുപ്പത്തിലേ നാടുവിട്ടുവന്നതാണ്. പിന്നെ തിരിച്ചുപോയിട്ടില്ല. ഏറണാകുളത്തായിരുന്നു വീട്. വിവാഹം കഴിച്ചില്ല. ലോജുനടത്തിപ്പുകാര്‍ക്കും കുടുംബത്തിനും പാട്ടാ. പാട്ടാ എന്നാല്‍ മുത്തശ്ശന്‍.

പതിമൂന്നാം തിയ്യതിക്കാണ് മടക്കടിക്കറ്റ്. അതിനു മുമ്പത്തെ ദിവസങ്ങളില്‍ ടിക്കറ്റ് ലഭ്യമായില്ല. പതിമൂന്നാം തിയ്യതി ഒന്നാം വിഷു, പതിനാലിന് നാട്ടിലെത്തുമ്പോള്‍ രണ്ടാം വിഷു. അതായത് ശരിയായ വിഷു. കേരളത്തിലെ ആഘോഷങ്ങളുടെകാര്യത്തില്‍ ഈ ഒന്നും രണ്ടുമുണ്ട്. ഒന്നാമോണം, രണ്ടാമോണം. ഒന്നാം വിഷു, രണ്ടാം വിഷു. സവര്‍ണരുടെ ദിവസമാണാദ്യത്തേതെന്ന് സങ്കല്പം. ശരിയായ ഓണദിവസമാവട്ടെ, വിഷുദിവസമാവട്ടെ അവര്‍ണരടക്കമുള്ള പൊതുജനങ്ങളുടേതത്രേ. ജാതീയതയുടെ കടുകയറ്റം തന്നെ.

പതിമൂന്നാം തിയ്യതി വൈകുന്നേരംവരെ ശ്രീ ഗോപാല്‍നിവാസില്‍ വെറുതെ ചെലവഴിക്കണം. പതിനൊന്നാം മദ്ധ്യാഹ്നം മുതല്‍ ഇതേവഴിയുള്ളൂ. പന്ത്രണ്ടിന് പോവാന്‍ ഒരു ടിക്കറ്റ് തരപ്പെടുമോ? ലോഡ്ജ് മാനേജര്‍ജീവനോടന്വേഷിച്ചു. അയാള്‍ചിലേടങ്ങളില്‍ അന്വേഷിച്ചു . അതിനു ശേഷം അസാധ്യമെന്ന് മറുപടി പറഞ്ഞു. സന്തോഷം, വെറുതെയിരിക്കാനുള്ള സൗകര്യം ലഭിക്കുകയാണ്. പത്രമില്ല, കമ്പ്യൂട്ടറില്ല, നെറ്റില്ല, പുസ്തകങ്ങളില്ല. ഇത്തവണ വീണ്ടും യാത്രയാകുമ്പോള്‍ കമ്പ്യൂട്ടറും ഒന്നുരണ്ടുപുസ്തകവും എടുക്കുന്നുണ്ട്. പുതിയയാത്ര 2013 ജൂണ്‍ 2ന്നാരംഭിക്കുന്നു. അഞ്ചിനേ മടക്കമുള്ളൂ. താമസം വേറൊരിടത്താണ്, തേനാം പേട്ട'യിലെ ഒരു ഫ്ലാറ്റില്‍ .

ഒരു സാഹിത്യകാരന്‍

11ാം തിയ്യതി വൈകുന്നേരം മുതല്‍ ഏപ്രില്‍ 13 വൈകുന്നേരം വരെ ഒരു തടവിലകപ്പെട്ടതുപോലെയായിരുന്നു. മുമ്പേ പറഞ്ഞ ഇല്ലായ്മകളുടെ തടവിലല്ലെന്നുമാത്രം. ലോഡ്ജു മാനേജര്‍ ജീവനുമായുള്ള സംഭാഷണത്തില്‍ എന്റെ നല്ലപാതി ഞാനൊരെഴുത്തുകാരനാണെന്ന് പറഞ്ഞുപോലും. എഴുത്തുകാരനെ പോലെ അവജ്ഞ കാണിക്കപ്പെടു ഒരുവര്‍ഗ്ഗം വേറെയുണ്ടാവില്ല. പക്ഷേ ശ്രീമാന്‍ ജീവന്‍ എന്നെ ആദരിക്കാന്‍ തീരുമാനിച്ചു . അദ്ദേഹത്തിന്റെ ആത്മകഥ പറഞ്ഞുകേള്‍പ്പിച്ചു.

വിവാഹിതനാണ് ജീവന്‍, കോഴിക്കോട് സ്വദേശിയുമാണ്. ഒരു മകളുണ്ട്. ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ എടുത്തുപോയി. ഭാര്യയും പോയി. മകള്‍ ഭാര്യയോടൊപ്പം പോയി. ഏഴുകൊല്ലമായി. ഭാര്യയെ വീണ്ടെടുക്കണം. അതിനു പണം വേണം. പണം സമ്പാദിക്കാന്‍വേണ്ടി എഴുതുന്നു. എഴുതിയ ഒരു നോവല്‍ എനിക്കു തന്നു, ഇംഗ്ലീഷിലാണ്.

ആത്മാവിഷ്ക്കാരമായി നോവലെഴുതുന്നവരുണ്ട്. അവനവനുവേണ്ടി മാത്രമെഴുതുന്നവരുണ്ട്. സമൂഹത്തിനു വേണ്ടിയെഴുതുന്നവരുണ്ട്. പക്ഷേ ഈ നോവല്‍ സിനിമയ്ക്ക് വേണ്ടിയാണെഴുതുന്നത്. ഏതാണ്ട് നഗ്നയായ പഴയകാല സിനിമാ നടികളാണ് ജീവന്റെ സ്ത്രീകഥാപാത്രങ്ങള്‍. ഏതെങ്കിലും സംവിധായകന്നിഷ്ടപ്പെടും. ഇഷ്ടപ്പെട്ടാല്‍സിനിമയാവും, ഏറെ പണമാവും, ഭാര്യയെയും മകളേയും തിരിച്ചുകിട്ടും.

സഹതാപാര്‍ഹമാണ് ജീവന്റെ കഥ. അതില്‍ ട്വിസ്റ്റുകളുണ്ട്, റൊമാന്‍സുണ്ട്, നല്ല മെലഡികള്‍ക്ക് സ്‌കോപ്പുണ്ട്, ജീവന്‍ എഴുതിയ കഥയല്ല, ജീവന്റെ സ്വന്തം കഥ.

ഏതാണ്ട് പിരിയാറായപ്പോള്‍ ജീവന്‍ചോദിച്ചു:

അവിടെയൊരു ബഷീറുണ്ടല്ലോ, കഥാകൃത്ത്.  ഇപ്പളും എഴുതുന്നില്ലേ?

ഉണ്ടെന്നു പറയാന്‍തോന്നി, അതെ, ബഷീര്‍സ്വര്‍ഗ്ഗത്തിലിരുന്നും എഴുതുന്നുണ്ട്.