Kavitha B Thengamam

'ബലികുടീരങ്ങളേ' .. അനശ്വര ഗാനത്തിന് 62 വയസ്സ്

‘ബലികുടീരങ്ങളേ…’
ഗാനത്തിനു 62വയസ്…!


മലയാളിയുടെ വിപ്ലവാഭിനിവേശത്തിനു നിറവും ചാരുതയും ആവേശവും ചാലിച്ചുനല്‍കിയ ‘ബലികുടീരങ്ങളേ…’ എന്ന ഗാനത്തിനു 2019 ആഗസ്ത് 14നു 62 വയസ് തികയുന്നു ! 1957 ആഗസ്ത് 14നാണ് ഈ ഗാനം ആദ്യമായി വേദിയില്‍ അവതരിപ്പിച്ചത്. 1957 ഏപ്രില്‍ അഞ്ചിനു അധികാരമേറ്റ പ്രഥമ ഇ എം എസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നു. അതിനൊപ്പം തിരുവനന്തപുരം പാളയം ജങ്ഷനില്‍ പണിതീര്‍ത്ത രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനവും തീരുമാനിച്ചു. ഉദ്ഘാടകന്‍ പ്രഥമ രാഷ്ട്രപതി ബാബു രാജേന്ദ്രപ്രസാദ്. ഉദ്ഘാടനസമ്മേളനം നടന്നത് തിരുവനന്തപുരം വിജെടി ഹാളില്‍. അവിടെ ആലപിക്കാന്‍ ഒരു ഗാനം വേണം.


YESUDAS-VAYALAR-DEVARAJAN


ആരെഴുതും ?
ആര് സംഗീതം നല്‍കും ?


ഒടുവില്‍ വിദ്യാഭ്യാസമന്ത്രി മുണ്ടശേരി മാഷിന്റെ നിര്‍ദ്ദേശപ്രകാരം സംഘാടകര്‍ സംഗീത സംവിധായകനായി ജി ദേവരാജനെ കണ്ടെത്തി. അദ്ദേഹത്തിന്റെ അഭിപ്രായം മാനിച്ച് ഗാനരചനയ്ക്കായി വയലാര്‍ രാമവര്‍മയെ കണ്ടെത്തി. ഒടുവില്‍ 1957 ആഗസ്ത് 10നു കോട്ടയം ബെസ്റ്റ് ഹോട്ടലിലെ ഒരു മുറിയിലിരുന്ന് വയലാര്‍ ആ ഗാനം കോറിയിട്ടു. 11, 12 തീയതികളിലായി ദേവരാജന്‍ മാസ്റ്റര്‍ ഗാനം ചിട്ടപ്പെടുത്തി. നടനും ഗായകനുമായ ജോസ് പ്രകാശും കൂട്ടരും അടങ്ങുന്ന 51 അംഗസംഘം 14നു വൈകിട്ട് വിജെടി ഹാളില്‍ ആ ഗാനം ആലപിച്ചു.


Joseph-Mundassery.jpg.image.784.410


അതോടെ, ‘ബലികുടീരങ്ങളേ…’
എന്ന ഗാനം ചരിത്രത്തിലേക്കു സംക്രമിപ്പിക്കപ്പെട്ടു.


ആ ഗാനത്തിലെ
‘നിന്നിതാ പുതിയ ചെങ്കൊടിയേന്തി…’
എന്ന വരി ഒഴിവാക്കണം എന്നു ചില ഉദ്യോഗസ്ഥര്‍ അന്നാവശ്യപ്പെട്ടു. വയലാര്‍ തലകുലുക്കി. പിന്നീട് നിങ്ങള്‍ അതൊക്കെ പാടിക്കോളൂ, ഒരു പ്രശ്നവും ഉണ്ടാകില്ല എന്നു ഗായകരോട് വയലാര്‍ പറഞ്ഞു. പാട്ട് പാടുമ്പോള്‍ രാഷ്ട്രപതി വേദിയില്‍ തൊട്ടടുത്തിരുന്ന ആളിനോടു ചോദിച്ച് അര്‍ഥം ഗ്രഹിച്ചു. പാട്ട് അവസാനിച്ചു. രാഷ്ട്രപതി എഴുന്നേറ്റുനിന്നു കയ്യടിച്ച് അഭിനന്ദിച്ചു. അതോടെ സദസ്യരുടെയിടയിലും നിലയ്ക്കാത്ത കയ്യടി.


download


അങ്ങനെ ആ ഗാനം ചരിത്രത്തിന്റെ ഭാഗമായി. പിന്നീട് കെ പി എ സി തങ്ങളുടെ നാടകങ്ങളുടെ അവതരണ ഗാനമായി സ്വീകരിച്ചു. കെപിഎസിക്കു വേണ്ടി അതു പാടിയത് കെ എസ് ജോര്‍ജും കെപിഎസി സുലോചനയും സംഘവുമാണ്. അതിനുശേഷം എച്ച്എംവി അതു റെക്കോഡിലാക്കി. അതോടെ ബലികുടീരങ്ങളേ… എന്ന ഗാനം മലയാളിയുടെ മനസില്‍ ചിരപ്രതിഷ്ഠ നേടി. വിപ്ലവ ഭൂമിയായ വയലാറില്‍ പിറന്ന രാമവര്‍മ തിരുമുല്‍പ്പാടില്‍നിന്നു അത്തരമൊരു ഗാനം പിറവി കൊണ്ടതില്‍ എന്തത്ഭുതം ! ഒടുവില്‍ 1975 ഒക്ടോബര്‍ 27നു വയലാര്‍ രക്തസാക്ഷി ദിനത്തില്‍ തന്നെ രാമവര്‍മ വിടവാങ്ങി എന്നത് ചരിത്രത്തിന്റെ നീതിയായി !!


കേരളത്തെ പുതുക്കിപ്പണിത ആ ഗാനം ഇന്നും മലയാളിയെ വിജ്രംഭിതരാക്കുന്നു. മലയാളിക്കു ചരിത്രത്തിന്റെ ഈടുവയ്പായി മാറി ആ ഗാനം. വയലാര്‍, ദേവരാജന്‍ തുടങ്ങിയ ശില്‍പ്പികളെ നമുക്ക് ഓര്‍മിക്കാം; അഭിവാദ്യം ചെയ്യാം…


‘ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമരപുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍..