D Saraswathi Amma

അമ്മാവനെ തേടി

ജീവിതത്തിന്റെ കാര്യപരിപാടിയില്‍ സ്വത്വാന്വേഷണങ്ങളിലോ അസ്തിത്വ സമസ്യകളിലോ അന്തര്‍ഭവിക്കാതെ പങ്കാളിക്കും മക്കള്‍ക്കും സുന്ദരവും സുര ക്ഷിതവുമായ വീടായി തീര്‍ന്ന അമ്മ. കഥകള്‍ വായിച്ചോ എഴുതിയോ പരിചയമില്ലാത്ത, 84 വയസ്സുകാരിയായ ഈ അമ്മ കോവിഡ് ബാധിച്ച ഒരു സായാഹ്നത്തില്‍ കണ്ട സ്വപ്നത്തിന് അക്ഷരങ്ങള്‍ കൊണ്ട് സാക്ഷാത്കാരം നല്‍കിയിരിക്കുന്നു. ഈ വയോജനദിനത്തില്‍ അക്ഷരം ഓണ്‍ലൈന്‍ ഈ കഥ പ്രസിദ്ധീകരിക്കുന്നു.


കുറേക്കാലമായി കാണാനില്ലാത്ത അമ്മാവന്‍. ആര്‍ക്കും ഒരു പ്രതീക്ഷയുമില്ലാതെ അന്വേഷണം നിര്‍ത്തിവച്ചു. ഒരു ദിവസം ഞാന്‍ ആരും അറിയാതെ അന്വേഷിച്ചു പുറപ്പെട്ടു. നടന്നുനടന്ന് ആരും ഇല്ലാത്ത ഒരു ചെളിപ്രദേശത്ത് പണ്ട് ആരോ ആറ്റിലെ ചെളി വാരി കരപിടിപ്പിച്ച ഒരു സ്ഥലമാണെന്ന് തോന്നുന്നു. വലിയ ചെളിക്കെട്ടും ചെറിയ ചെളിക്കെട്ടുമായി ഒരുപോലെ ഉള്ള രണ്ടുമൂന്നു വീടുകള്‍. അവിടെ ആ ചെളിയുടെ നിറത്തിലുള്ള എട്ട്-പത്ത് ആള്‍ക്കാര്‍. അവര്‍ എന്നെക്കണ്ടപ്പോള്‍ പേടിച്ച് സംസാരിക്കാന്‍ ധൈര്യമില്ലാതെ നില്‍ക്കുന്നു. ഞാന്‍ സ്‌നേഹത്തോടെ അവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അവര്‍ എന്നോടു അവിടെ കിടക്കാനും അവരുടെ കഞ്ഞി കുടിക്കാനും നിര്‍ബന്ധിച്ചു. അവരുടെ ആഹാരം സ്വീകരിക്കാതെ രാത്രി അവരുടെ കുടെ ചിലവഴിച്ചു. കുറേദൂരം നടന്നാല്‍ രണ്ടുമൂന്നു കടകള്‍ ഉണ്ടെന്നും അതിന്റെ അടുത്ത് നല്ല ഒഴുക്കുള്ള നദിയുണ്ടെന്നും അവര്‍ പറഞ്ഞു. ഞാന്‍ അത് ലക്ഷ്യംവച്ച് നടന്നു.

 

എന്റെ കയ്യില്‍ അത്യാവശ്യം പൈസയും അത്യാവശ്യ സാധനങ്ങളുമായി ഒരു തോള്‍സഞ്ചിയുണ്ടായിരുന്നു. ആദ്യം കണ്ട കടയില്‍ കയറി ഒരു പാക്കറ്റ് ബിസ്‌കറ്റും ഒരു കുപ്പിവെള്ളവും വാങ്ങി. അതില്‍ നിന്നു കുറച്ചു കഴിച്ചിട്ടു പിന്നേയും നടക്കാന്‍ ഇറങ്ങി. ആറ്റിന്റെ തീരത്തുകൂടി തണുത്ത കാറ്റും ഏറ്റ് നടന്നതുകൊണ്ട് അല്പവും ക്ഷീണം തോന്നിയില്ല. നടന്നു അകലുംതോറും നദിയുടെ വീതി കുറഞ്ഞ് ആള്‍ത്താമസമുള്ള സ്ഥലത്ത് എത്തി. അവിടെ കൊള്ളാമെന്ന് തോന്നിയ വീട്ടില്‍ കയറി. നേരം സന്ധ്യയോടു അടുക്കുന്നു. വേണ്ടത്ര ആഹാരം ചെല്ലാത്ത ക്ഷീണവുമുണ്ട്. അവരോടു അതുവരെയുള്ള കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ആഹാരവും അവിടെ തങ്ങാനുള്ള സൗകര്യവും തന്നു. അവര്‍ അടുത്തകാലത്തുവന്ന് താമസം തുടങ്ങിയതാണെന്നും അത്യാവശ്യ കൃഷി ഒക്കെ ചെയ്താണ് ജീവിക്കുന്നത് എന്നും പറഞ്ഞു. അവര്‍ എവിടെ നിന്ന് വന്നവരാണെന്ന് ഞാന്‍ ചോദിച്ചില്ല. ഞാന്‍ എവിടെ നിന്നാണ് വന്നത് എന്നു അവരും ചോദിച്ചില്ല.

 

നേരം പുലര്‍ന്നപ്പോള്‍ പ്രഭാതകര്‍മങ്ങള്‍ നടത്തി അവരുടെ പ്രഭാതസല്‍ക്കാരവും കഴിഞ്ഞ് യാത്ര ആരംഭിച്ചു. അവര്‍ക്ക് എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടാവാം ഉടനെ പോകേണ്ടന്ന് വളരെ അധികം നിര്‍ബന്ധിച്ചു. അവരുടെ നല്ല മനസ്സിന് നന്ദി പറഞ്ഞ് പിന്നീട് വരാമെന്നു പറഞ്ഞ് യാത്ര ആയി. പിന്നേയും യാത്ര തുടങ്ങി. ആള്‍ത്തിരക്കും കടകളും വാഹനങ്ങളും എന്ന് വേണ്ട തിരക്കോടുതിരക്ക്. ഞാന്‍ അതിനെ ഒന്നും വകവയ്ക്കാതെ നടത്തം തുടര്‍ന്നു. പെട്ടെന്ന് എന്റെ അരികില്‍ ഒരു വണ്ടി വന്നുനിന്നു. അതു വേറെ ആരുമല്ല, എന്റെ മക്കള്‍. അവര്‍ എന്നെ ശകാരിച്ചും സങ്കടപ്പെട്ടും വണ്ടിയില്‍ കയറാന്‍ നിര്‍ബന്ധിച്ചു. ഞാന്‍ അതില്‍ ഒന്നും വീണില്ല. ഞാന്‍ എന്റെ ലക്ഷ്യം സാധിച്ചിട്ട് അടുത്തുതന്നെ ചെല്ലുമെന്ന് ഉറപ്പുകൊടുത്തു. അവരെ സമാധാനപ്പെടുത്തി റ്റാറ്റാ പറഞ്ഞ് യാത്രയാക്കി. ഉടനെ ഒരു ബസ് വന്നു അടുത്തുനിന്നു. ഒന്നും ആലോചിക്കാതെ അതില്‍ കയറി. അത് എന്റെ ലക്ഷ്യത്തിന് ഒരു നിമിത്തമായിരിക്കുമെന്ന് കരുതി.

 

കണ്ടക്ടര്‍ അടുത്തുവന്ന് ടിക്കറ്റ് ആവശ്യപ്പെട്ടു. ഒരു ലക്ഷ്യബോധമില്ലാത്തതുകൊണ്ട് സ്ഥലത്തിന്റെ പേര്‍ ഓര്‍മവരുന്നില്ലെന്നു പറഞ്ഞ് 100 രൂപയെടുത്തുകൊടുത്തിട്ട് അതിനുള്ള ടിക്കറ്റു തരാന്‍ പറഞ്ഞു. ടിക്കറ്റ് തന്നിട്ട് അയാള്‍ എന്നെ ഇടയ്‌ക്കൊക്കെ സൂക്ഷിച്ചു നോക്കുന്നതു ഞാന്‍ കണ്ടു. സംസാരശേഷി ഇല്ലാത്ത ആളെപ്പോലെ അടുത്തിരുന്ന ആളുകളോടു പെരുമാറി. നൂറു രൂപയുടെ ദൂരം തീര്‍ന്നപ്പോള്‍ എന്നോടു ഇറങ്ങാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ ഇറങ്ങി. ബസ് പോയ വഴിക്കുതന്നെ കുറേ ദുരം നടന്നു. ചെറുതും വലുതുമായ വീടുകളില്‍ കുറേ ദിവസം താമസിച്ചു. അവരോടൊക്കെ ആര്‍ക്കും സംശയം തോന്നാത്ത രീതിയിലും അടുപ്പം തോന്നത്തക്ക തരത്തിലും സംസാരിച്ച് അവരെയൊക്കെ കയ്യിലെടുത്തിരുന്നു. എല്ലാ സ്ഥലത്തുനിന്നു ഇറങ്ങുമ്പോഴും അവര്‍ക്കും എനിക്കും ഒരു ആത്മബന്ധമുള്ള പോലെതോന്നി. അതില്‍ ആരൊക്കെയോ എന്റെ കഴിഞ്ഞ ജന്മത്തില്‍ ആരെങ്കിലും ആയിരുന്നിരിക്കും. അതിനെപ്പറ്റി ഇനി കൂടുതല്‍ ആലോചിക്കേണ്ടെന്ന് കരുതി യാത്ര തുടര്‍ന്നു. അങ്ങനെ പോകുമ്പോള്‍ വലിയ കോമ്പാണ്ട് ഉള്ള ഒരു ബംഗ്ലാവ് കാണാനിടയായി. എന്തുംവരട്ടെ എന്നുകരുതി അവിടേക്കു കയറി. പൂമുഖത്തു തൊണ്ണുറുവയസ്സ് തോന്നിക്കുന്ന ഒരു അമ്മൂമ്മ ഇരിക്കുന്നു. കണ്ണിനു നേരിയ കാഴ്ചക്കുറവ് ഉണ്ടെങ്കിലും നല്ല ഐശ്വര്യമുണ്ട്. അലക്കിയെടുത്ത നല്ല പുളിയിലക്കരയന്‍ സെറ്റ് ആണ് ഉടുത്തിരിക്കുന്നത്. എന്റെ ഡ്രസ് കുറച്ച് ഉടഞ്ഞതാണെങ്കിലും അത്ര മോശവുമല്ല. എന്തായാലും അമ്മുമ്മ എന്നെ അടുത്തിരുത്തി കഥകള്‍ പറയാന്‍ തുടങ്ങി. നൂറു വയസ്സ് ആകാറായിക്കാണും അപ്പൂപ്പന്. കൂടാതെ മകനെപ്പോലെ സ്നേഹത്തോടെ നില്‍ക്കുന്ന എഴുപതില്‍ കൂടുതല്‍ കാണുമെന്നു തോന്നുന്ന ഒരു മനുഷ്യനേയും കണ്ടു. കൂടാതെ പെണ്ണും ആണുമായി നാലഞ്ചു ജോലിക്കാരുമുണ്ട്.

 

അമ്മൂമ്മ കഥ പറഞ്ഞപ്പോഴാണ് അറിയുന്നത്, അവിടെ കണ്ട ആ നല്ല മനുഷ്യന്‍ അവരുടെ മകന്‍ അല്ലെന്നും അവരുടെ മകന്‍ പത്തിരുപതു വയസ്സുള്ളപ്പോള്‍ കൂട്ടുകാരോടൊപ്പം ആറ്റില്‍ കുളിക്കാന്‍ പോയപ്പോള്‍ മരണപ്പെട്ടെന്നും അങ്ങനെ ദു:ഖിച്ചിരുന്ന സമയത്ത് ദൈവം അയാളെ കൊണ്ടുതന്നതാണെന്നുമൊക്കെ. ഞങ്ങള്‍ അവനെ പൊന്നപ്പന്‍ എന്നാണ് വിളിക്കുന്നത്. ആരുകണ്ടാലും പൊന്നപ്പന്‍ അവരുടെ മകന്‍ അല്ലെന്നു പറയുകയില്ല. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ യാത്രാ ഉദ്ദേശം അമ്മയെ അറിയിച്ചു. ഞാന്‍ അമ്മുമ്മയെ കണ്ടതുമുതല്‍ അമ്മ എന്നാണ് വി ളിച്ചിരുന്നത്. അതു അവര്‍ക്കു ഇഷ്ടപ്പെടുകയും ചെയ്തു. കഥ എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അവര്‍ക്കൊരു സംശയം, പൊന്നപ്പന്‍ ആയിരിക്കും ഞാന്‍ തേടുന്ന എന്റെ അമ്മാവന്‍ എന്ന്. അവിടെ ചെന്നപ്പോള്‍ മുതല്‍ ജോലിക്കാരൊക്കെ ചോദിക്കുന്നുണ്ട്, പൊന്നപ്പന്‍ ചേട്ടന്റെ ആരാണ് എന്ന്. എനിക്ക് അതിശയം തോന്നി, ആ ചോദ്യം കേട്ടിട്ട്. അത് എന്താണ് അങ്ങനെ ചോദിക്കുന്നത് എന്നു ചോദിച്ചപ്പോള്‍, എന്തോ പൊന്നപ്പന്‍ ചേട്ടന്റെ ഛായ എനിക്കുണ്ടെന്നാണ്. എനിക്ക് സന്തോഷവും ധൈര്യവും തോന്നി.

 

ഞാന്‍ എല്ലാവരുമായി കൂടുതല്‍ അടുക്കാന്‍ തുടങ്ങി. പൊന്നപ്പന്‍ ചേട്ടന്‍ എന്നെ കുഞ്ഞേ എന്ന് വിളിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. ഞാന്‍ എന്റെ സംശയം നേരിട്ട് ചോദിക്കണ്ട എന്ന് തീരുമാനിച്ചു. അമ്മ ഈ കഥ പറയട്ടെ എന്നു കരുതിയിരുന്നപ്പോള്‍ അമ്മ തന്നെ പൊന്നപ്പന്‍ ചേട്ടനോട് വിവരങ്ങള്‍ പറഞ്ഞു. പൊന്നപ്പന് നാട്ടില്‍ അമ്മയും ഒരു പെങ്ങളുമാണ് ഉണ്ടായിരുന്നത് എന്നും അയാള്‍ ഇരുപതുവയസ്സില്‍ വീടുവിട്ട പല സ്ഥലങ്ങളിലും പോയിട്ട് ഇവിടെ എത്തിയതാണെന്നും ഇപ്പോള്‍ അവിടെ ആരൊക്കെ ഉണ്ടെന്നറിഞ്ഞുകൂടാ എന്നും പറയുകയുണ്ടായി. അപ്പോള്‍ ഞാന്‍ ഇടപെട്ടു. ഇപ്പോള്‍ ഞാനും എന്റെ മക്കളും മാത്രമാണ് അമ്മാവനുള്ളത് എന്നുപ റഞ്ഞപ്പോള്‍ അമ്മാവന്‍ മോളെ... എന്നു പറഞ്ഞു കെട്ടിപ്പിടിച്ചു. അമ്മാവനും അമ്മയ്ക്കും എനിക്കും കണ്ടുനിന്ന അവിടുത്തെ മറ്റുള്ളവരും സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു. അമ്മാവന്‍ അമ്മയോടായി പറഞ്ഞു: എനിക്ക് ആരും ഉണ്ടെന്ന് വിചാരിച്ചിരുന്നില്ല. ഇത്രയും കഷ്ടപ്പെട്ട് എന്നെ അന്വേഷിച്ചു വന്ന മോളെ വീട്ടിലാക്കി, കൊച്ചുമക്കളെ കണ്ടിട്ടു വരാം... ഞങ്ങള്‍ പുറപ്പെടാന്‍ തയ്യാറായി. കാറും ഡ്രൈവറുമായി പോയിവരൂ എന്നു പറഞ്ഞുകൊണ്ട് അമ്മ ഞങ്ങളെ യാത്രയാക്കി.