മഴയും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ നേരിട്ടുള്ള അനുഭവമാണ് മഴക്കാലത്തുള്ള യാത്രകള്‍ . സുഹൃത്ത് കെ എ ഷാജിയുടെ ആശയത്തില്‍ ഫേസ്ബുക് സുഹൃത്തുക്കള്‍ കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച മഴയാത്രയില്‍പങ്കെടുക്കാനാവാത്തതു ഒരു നഷ്ട്ടമായിരുന്നു. ആ വിഷമം യാത്രാംഗങ്ങളില്‍ഒരാളായിരുന്ന പ്രശസ്ത ബ്ലോഗര്‍ നിരക്ഷരന്‍ എന്ന മനോജ്ന്റെ വിവരണം വായിച്ചപ്പോള്‍ ഇരട്ടിച്ചിരുന്നു. അതുകൊണ്ടു ഇത്തവണ പോകണമെന്നു തന്നെ കരുതി. അതും നെല്ലിയാമ്പതി എന്ന് കേട്ടപ്പോള്‍ ആവേശമായി. എനിക്കൊരുപാട് ഇഷ്ടമുള്ള സ്ഥലം. വീണ്ടും വീണ്ടും മാടിവിളിക്കുന്ന മലനിരകളും താഴ്വരയും. മൂന്നാറില്‍നിന്നും വ്യത്യസ്തമായി ആരവവുമില്ലാതെ മനസ്സ് കുളിര്‍പ്പിക്കുന്ന ഇടം. ആധുനികസൗകര്യങ്ങളൊന്നുമില്ലാതെ നമ്മളെ പ്രകൃതിയോട് ചേര്‍ത്തു നിര്‍ത്തുന്ന ഇടമാണ് നെല്ലിയാമ്പതി.
ഇടയ്ക്കിടെ ഫേസ്ബുക്കില്‍നിന്നും മുങ്ങുന്ന അസുഖം കാരണം പക്ഷെ ഇത്തവണയും യാത്രയെക്കുറിച്ചറിഞ്ഞപ്പോള്‍ വൈകിപ്പോയി. എന്നിട്ടും എങ്ങനെയൊക്കെയോ മൂന്ന് ടിക്കറ്റ് സംഘടിപ്പിച്ചു വെള്ളിയാഴ്ച രാത്രി 12.30 ന്റെ നിസാമുദ്ധീന്‍എക്സ് പ്രസ്സില്‍ഞാനും വിനോദും സിദ്ദുവും രാവിലെ 6ന് തൃശൂര്‍ എത്തി. തൃശൂര്‍ സ്റ്റേഷനിലെ കുടുംബശ്രീ നടത്തുന്ന വെയ്റ്റിംഗ് റൂമില്‍കയറി പ്രഭാതകൃത്യങ്ങളൊക്കെ നടത്തി. ഈ വെയ്റ്റിംഗ് റൂം എന്തൊരു അനുഗ്രഹമാണ്!! ഒരു മണിക്കൂറിനു ഒരാള്‍ ക്കു 20 രൂപ. വൃത്തിയുള്ള ടോയ്ലറ്റും സൗകര്യങ്ങളും. കുളിക്കാം, ഉറങ്ങാം.. എല്ലാം കൊണ്ട് വളരെ വളരെ മികച്ചത്. എല്ലാ സ്റ്റേഷനുകളിലും ഇത്തരം സൗകര്യം ഉണ്ടായിരുന്നെങ്കില്‍എന്നാഗ്രഹിച്ചു പോയി. യാത്രാംഗങ്ങളില്‍ഒരാളായ അജിത് സാറിനെ സ്റ്റേഷനില്‍വച്ച് കണ്ടു. രാജേഷിനെ വിളിച്ചപ്പോള്‍ അവിടെനിന്നു അടുത്തുള്ള KSRTC സ്റ്റാന്‍ഡിനു എതിരെയുള്ള ഹോട്ടലിലേക്ക് വരാന്‍പറഞ്ഞു. അവിടെച്ചെന്നപ്പോള്‍ ആണ് സഹയാത്രികരെ കാണുന്നത്. മനോജ്, സന്ദീപ്, റിഞ്ചു, ദുര്‍ഗ ഇവരൊക്കെ ഉണ്ടാകുമെന്നു അറിയാമായിരുന്നു. പക്ഷെ സിജുവിനെയും മോചിതയെയും കണ്ടത് അത്ഭുതമായി. മോചിതയെ tv യില്‍കണ്ടും സുഹൃത്തുക്കള്‍ പറഞ്ഞും അറിയുമായിരുന്നെങ്കിലും നേരില്‍പരിചയപ്പെടുന്നത് ആദ്യമായിരുന്നു.
രാജേഷിന്റെ മകന്‍ ആദി, നീത, സിബി, അഖില്‍, സലീഷ്, ഗോവിന്ദ്, രാജേഷ്, ജോയ് ഇവരെയൊക്കെ ആദ്യമായി കണ്ടു, വഴിയേ എല്ലാവരുമായും കൂട്ടായി. തൃശൂര്‍ നിന്നും ഞങ്ങള്‍ വണ്ടി വിട്ടു. വടക്കാഞ്ചേരിയില്‍നിന്നും ഷാജി കയറി. സഹദേവന്‍സാറും പുഷ്പാന്റിയും മകള്‍ ചാരുവും നെന്മാറയില്‍നിന്നും ഒരുമിച്ചു. കൂടെ ശ്യാമും. അങ്ങനെ 24 അംഗ സംഘം ചുരം കേറാന്‍തുടങ്ങി.
പോത്തുണ്ടി ഡാമില്‍ ഇറങ്ങി അതിന്റെ ഭംഗി ആസ്വദിച്ചും സമീപത്തെ തട്ട് കടയില്‍നിന്ന് ഉപ്പുമാങ്ങയും നെല്ലിക്കയും രുചിച്ചു. ഒപ്പം നല്ല ചൂട് കപ്പയും ഡാമില്‍നിന്നും പിടിച്ച പിടയ്ക്കുന്നമീന്‍പൊരിച്ചതും. രുചിചു മതിയാവാത്ത പലരും അത് പൊതിഞ്ഞു വാങ്ങി.മഴ പെയ്തില്ലെങ്കില്‍ഈ മഴയാത്രയെ എന്ത് പേരില്‍വിളിക്കുമെന്ന് ആശങ്കപ്പെട്ടു പലരും. പക്ഷെ മുകളിലേക്ക് കയറും തോറും ആകാശം ഇരുണ്ടുവന്നു. ഇടയ്ക്കൊരു വ്യൂപോയിന്റ്ല്‍ഇറങ്ങി കോടമഞ്ഞിന്റെ ഭംഗി ആസ്വദിക്കുന്നതിനിടയില്‍മഴത്തുള്ളികള്‍ പൊഴിയാന്‍തുടങ്ങി. മഴ നനയാന്‍കൊതിയഉണ്ടായിരുന്നെങ്കിലും വന്മഴയ്ക്കു മുമ്പ് നെല്ലിയമ്പതിയില്‍എത്തേണ്ടതുണ്ട് എന്നതിനാല്‍എല്ലാവരും വണ്ടിയില്‍കയറി. യാത്ര തുടര്‍ന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴയും കാറ്റും വന്നും പോയുമിരിക്കുന്ന കോടമഞ്ഞിന്റെ ആവരണവും ഭേദിച്ച് ഞങ്ങള്‍ നെല്ലിയാമ്പതിയില്‍എത്തി.
സര്‍ക്കാരിന്റെ പഴം പച്ചക്കറി തോട്ടങ്ങളില്‍നിന്നുള്ള സ്ക്വാഷ്, ജാമ്, അച്ചാറുകള്‍ എന്നിവയൊക്കെ വാങ്ങാനുള്ള സൗകര്യം ഇവിടെയുണ്ട്, ഇവിടുത്തെ പാഷന്‍ഫ്രൂട്ട് സ്‌ക്വാഷും ജാമും പ്രശസ്തമാണ്. മടക്കയാത്ര യില്‍വാങ്ങാനൊത്തില്ലെങ്കിലോ എന്ന് കരുതി പലരും അവയൊക്കെ വാങ്ങിക്കൂട്ടി. ഇവിടെ നിന്നും 14 കിലോമീറ്റര് ഉള്ളിലുള്ള മിസ്റ്റിവാലി റിസോര്‍ട്ടാണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനം ഇനി ഫോര്‍ വീല്‍ജീപ്പിലെ പോകാനാവൂ. പക്ഷെ റോഡ് പണി നടക്കുന്നതിനാല്‍20 കിലോമീറ്റര് ചുറ്റിവളഞ്ഞേ പോകാനാവൂ എന്ന് ഡ്രൈവര്‍. മൂന്നു ജീപ്പിലായി ഞങ്ങള്‍ മിസ്റ്റിവാലിയിലേക്കു യാത്രയായി.
ഭ്രമരം സിനിമയില്‍ മോഹന്‍ലാല്‍ യാത്ര ചെയ്ത പോലൊരു യാത്ര. ഉരുളന്‍കല്ലുകളും വന്‍കുഴികളും ചെളിയും ഒക്കെ നിറഞ്ഞ പാത. ജീപ്പില്‍പൊങ്ങിയും ചാടിയും ഇടയ്ക്കു തല ജീപ്പിനു മുകളിടിച്ചും യാത്ര തുടര്‍ന്നു. കുന്നുകളും മലകളും കൊക്കകളും വെള്ളച്ചാട്ടങ്ങളുമൊക്കെ മഴ നനയുന്നതും കണ്ട് രണ്ടു ജീപ്പ് മാറി കയറി ഞങ്ങള്‍ മിസ്റ്റിവാലിയില്‍എത്തി. അപ്പോഴേയ്ക്കും മൊബൈല്‍നെറ്റ്‌വര്‍ക്ക് പൂര്‍ണ്ണമായി ഇല്ലാതായി. കാട്ടിനു നടുവിലായി കാപ്പി ഓറഞ്ച് തോട്ടങ്ങള്‍ ക്കിടയില്‍ചെറിയ മൂന്നാലു കോട്ടേജുകള്‍ . ഒരു വശത്തായി മുളയും ഓലയുമൊക്കെ കൊണ്ടുള്ള അടുക്കളയും ഊണുപ്പുരയും. വൈദ്യുതിയ്ക്കായി ജനറേറ്ററും സൗരോര്‍ജ്ജവും മാത്രം ആശ്രയം.
മഴ ചറപറാ ചാറിക്കൊണ്ടേയിരുന്നു. അതീവ രുചികരമായ ഉച്ചഭക്ഷണം കഴിഞ്ഞു ചിലര്‍ ഉറങ്ങാനും ചിലര്‍ ഉലാത്താനും പോയി, അപ്പോഴാണ് റിഞ്ചു ഏര്‍പ്പാട് ചെയ്ത രണ്ടു ചക്കകള്‍ അവിടെ എത്തിയത്. അതിന്മേലായി അടുത്ത മല്പിടിത്തം. മനോജിന് ആനന്ദാതിരേകം! ദുര്‍ഗ്ഗയുടെ കുസൃതികളും റിഞ്ചുവിന്റെ പാട്ടും സന്ദീപിന്റെ ഗിറ്റാറും ഒക്കെ മഴയുടെ സംഗീതത്തിന് അകമ്പടിയായി. ചായയ്ക്ക് ശേഷം ഞങ്ങള്‍ കാട്ടിലേക്ക് നടന്നു. കുറച്ചു നടന്നാല്‍ഈ റിസോര്‍ട്ടിന്റെ തന്റെ ഭാഗമായ കരടി ബംഗ്ലാവില്‍എത്താം. അതീവ സുന്ദരമായ കെട്ടിടവും പരിസരവുമാണവിടെ. യാത്രികര്‍ക്ക് അവിടെ തങ്ങാനുള്ള സൗകര്യവുമുണ്ട്. ഓറഞ്ചു മരത്തില്‍നിന്നും മധുരവും പുളിയുമുള്ള ഓറഞ്ച് പറിച്ചു തിന്നും, അട്ടകടിയേറ്റും തമാശകള്‍ പറഞ്ഞും ഉറക്കെ കൂവിയും കളിയാക്കിയും ഞങ്ങള്‍ പരിസരം മറന്നു. അട്ടയുടെ പ്രിയങ്കരനായ മനോജ് ഉണ്ടായിരുന്നതുകൊണ്ട് ബാക്കിയുള്ളവരെയൊക്കെ അട്ടകള്‍ അല്പം പുച്ഛത്തോടെയാണ് വീക്ഷിച്ചത്. എന്നിട്ടും ഷൂസും സോക്സും കടന്നു രണ്ടു കടി എനിക്കും കിട്ടി. രണ്ടു മണിക്കൂറോളം കാട്ടില്‍കൂടി നടന്നു മഴനഞ്ഞു ഞങ്ങള്‍ കോട്ടജില്‍ തിരിച്ചെത്തി. മൊബൈൽഫോണുകള്‍ പ്രവര്‍ത്തനശൂന്യമായതിനാല്‍ എല്ലാവരും പരസ്പരം മുഖത്ത് നോക്കി ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ ലോകത്ത് ഈ 24 പേര്‍ മാത്രമേ ഇപ്പോള്‍ ഉള്ളൂ എന്നൊരു തോന്നല്‍. മറ്റൊന്നിനെക്കുറിച്ചും ആവലാതിയില്ലാതെ പരസ്പരം മിണ്ടിയും പറഞ്ഞും അനുഭവങ്ങള്‍ പങ്കു വച്ചു. മുന്‍പരിചയമില്ലെങ്കിലും എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുന്ന മാനുഷികവികാരങ്ങള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
രാത്രി ഭക്ഷണം കഴിഞ്ഞു നൈറ്റ് സഫാരിയ്യ്ക്ക് തയ്യാറായി. മൂന്നു ജീപ്പിലായി ഞങ്ങള്‍ കാട്ടിലേക്കിറങ്ങി. ഹെഡ്ലൈയറ്റ് ഓഫ് ചെയ്തു, ഒരു കയ്യില്‍സ്റ്റിയറിങ്ങും മറുകയ്യില്‍ഫ്ളാഷ്‌ലൈറ്റുമായി ഡ്രൈവര്‍. മ്ലാവുകള്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടു. ഉള്ളിലേക്ക് പോകുന്തോറും വഴികള്‍ ചെറുതായിക്കൊണ്ടിരുന്നു. അല്പം ഭീതി തോന്നാതിരുന്നില്ല. ആന വന്നാലെന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഒന്നും ചെയ്യണ്ട, ലൈറ്റ് അണച്ച് മിണ്ടാതെ ഒന്ന് രണ്ടു മണിക്കൂര്‍ ഇരുന്നാല്‍മതിയെന്ന് ഡ്രൈവര്‍. സിദ്ദു പേടിച്ചു എന്നോട് ചേര്‍ന്നിരുന്നു. കുറേ ചെന്നപ്പോള്‍ അതാ ഒരു കാട്ടുപോത്തിന്‍കൂട്ടം. കൂറ്റന്‍കാട്ടുപോത്തുകള്‍ . ഒന്നിന് 1500 കിലോയെങ്കിലും വരുമെന്ന് ഡ്രൈവര്‍. കടുവ തന്റെ അതിര്‍ത്തി അടയാളപ്പെടുത്താനായി മാന്തിയ മരത്തിലെ പാടുകള്‍ കാട്ടിത്തന്നു ഡ്രൈവര്‍. മഴ ചാറിക്കൊണ്ടേയിരുന്നു. തണുത്ത കാറ്റു വീശിയടിച്ചു. മടങ്ങിയെത്തിയപ്പോള്‍ നല്ല ചൂട് ചപ്പാത്തിയും കോഴിക്കറിയും കുറുമയും റെഡി. ഉറങ്ങാന്‍പോവുമ്പോഴും രാത്രിമഴ ഭ്രാന്തിയെപ്പോലെ പെയ്യന്നുണ്ടായിരുന്നു. അപ്പുറത്തെ മുറിയില്‍ദുര്‍ഗയെ തുറക്കാനായി റിഞ്ചു പാടിയ ‘പാട്ടു പാടി ഉറക്കാം ‘ എന്നതും കേട്ട് കരിമ്പടത്തിനുള്ളിലേയ്ക്ക് ചുരുണ്ടുകൂടി.
രാവിലെ സന്ദീപിന്റെ ഗിറ്റാറിന്റെ സംഗീതമാണ് വിളിച്ചുണര്‍ത്തിയത്. സമയം നോക്കുമ്പോള്‍ 6 .45 . 7 മണിക്ക് ട്രെക്കിങ്ങിനു പോകേണ്ടതാണല്ലോ എന്നോര്‍ത്തു വിനോദിനേം സിദ്ദുനേം ബഹളം വച്ചുണര്‍ത്തി. തണുപ്പ് അരിച്ചുകേറുന്നുണ്ടായിരുന്നു. ചായ കുടിച്ച് റെഡിയായപ്പോഴാണ് .വരയാട്ടു മൊട്ട എന്ന നെല്ലിയാമ്പതിയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തേക്ക് ട്രെക്കിംഗിന് കൊണ്ടുപോകാമെന്നേറ്റ തദ്ദേശീയര്‍ വന്നു പറയുന്നത് ഇന്നലെ രാത്രി മുതല്‍ പരിസരത്ത് ഒരു ഒറ്റയാന്‍ കറങ്ങിനടക്കുന്നുണ്ട്, കാട്ടിലേയ്ക്ക് പോകുന്നത് റിസ്കാണെന്ന്. കാടിനെ അറിയുന്ന, മൃഗങ്ങളെ അറിയുന്ന അവരെ ധിക്കരിക്കാന്‍ തോന്നിയില്ല. ഉള്‍ ക്കാട്ടിലേയ്ക്കുള്ള യാത്ര വേണ്ടെന്നു വച്ച് ഞങ്ങള്‍ നിരാശ ഒഴിവാക്കാന്‍ ഞങ്ങള്‍ എതിര്‍ദിശയിലേയ്ക്ക് നടന്നു. ചാരുവിന്റെ വേപ്പെണ്ണയും ഉപ്പുവെള്ളവുമൊക്കെ അട്ടയ്ക്കെതിരേ ആയുധമായി കരുതി ഞങ്ങള്‍ പുറപ്പെട്ടു. മഴ ചിനുക്കാന്‍ തുടങ്ങി. പ്രകൃതി ആര്‍ദ്രയായിനില്‍ക്കുന്നു. തണുത്ത കാറ്റും പക്ഷികളുടെ സംഗീതവും. ശരിക്കും കാടിന്റെ സംഗീതം തന്നെ. മൂന്നു കിലോമീറ്റര് നടന്നു കാരാസുരി അമ്മാന്‍കോവില്‍വരെ ചെന്ന്. അട്ടകള്‍ ഞങ്ങളെ അകമ്പടി സേവിച്ചു. മലമുകളില്‍വച്ച് ഞങ്ങള്‍ മോചിതയുടെ പിറന്നാളും ആഘോഷിച്ചു, പിറന്നാള്‍ സമ്മാനമായി ഭര്‍ത്താവ് മോചിതയ്ക്കു നല്കിയതാണത്രേ മഴയാത്ര. ഇതിലും സ്‌നേഹാര്‍ദ്രമായ ഒരു സമ്മാനം മറ്റെന്തെങ്കിലുമുണ്ടോ എന്ന് ഞങ്ങള്‍ ഓരോരുത്തരും അത്ഭുതം കൂറി!! കയറ്റം കയറി ക്ഷീണിച്ച ഞങ്ങളെ കാറ്റും മഴയും കോടമഞ്ഞുമൊക്കെ മാറി മാറി സാന്ത്വനിപ്പിച്ചു. തിരികെ എത്തി പ്രാതല്‍കഴിച്ചുകഴിഞ്ഞപ്പോള്‍ പുരുഷന്മാര്‍ക്കൊക്കെ ഒറ്റയാന്‍ഭീഷണി നേരിട്ടായാലും വരയാട്ടു മൊട്ട വരെ പോകണമെന്നായി. ധൈര്യശാലികളായവര്‍ അങ്ങോട്ടേയ്ക്ക്. ബാക്കിയായ ഞങ്ങള്‍ റിസോര്‍ട്ടില്‍പാട്ടുപാടിയും സൊറപറഞ്ഞും ഒത്തുചേര്‍ന്നു. പോയി വന്നവരുടെ വിവരണങ്ങളും ചിത്രങ്ങളും ഞങ്ങളില്‍നഷ്ടബോധം ഉണര്‍ത്താന്‍പോന്നവയായിരുന്നു.
ഉച്ച ഭക്ഷണം കഴിഞ്ഞു മടക്കയാത്രയ്ക്ക് ഒരുങ്ങുമ്പോഴും മഴ പെയ്തുകൊണ്ടേയിരുന്നു. മനം തണുപ്പിക്കുന്ന സൗഹൃദത്തിന്റെ, സ്നേഹത്തിന്റെ മഴത്തുള്ളികള്‍ അകത്തും ശരീരം തണുപ്പിക്കുന്ന പ്രകൃതിയുടെ മഴത്തുള്ളികള്‍ പുറത്തും. ഇവയൊരിക്കലും പെയ്തൊഴിയരുതേ എന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നുണ്ടായിരുന്നു.