മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് PSC ഇതുവരെ കൈ കൊണ്ടതെന്നും സാങ്കേതിക പ്രയാസങ്ങള്‍ മാത്രമാണ് ചോദ്യങ്ങള്‍ മലയാളത്തിലാക്കാനുള്ള ഏക തടസ്സമായി നില്‍ക്കുന്നതെന്നുമാണല്ലോ PSC യുടെ ഭാഗത്തു നിന്നും പുറത്തു വന്നു കൊണ്ടിരിക്കുന്ന വാദങ്ങള്‍ .
ബിരുദം യോഗ്യതയായി നടത്തുന്ന പരീക്ഷകളിലാണ് ഇംഗ്ലീഷില്‍ മാത്രം ചോദ്യങ്ങളുള്ളത്. (അതുകൂടി മലയാളത്തിലും ന്യൂനപക്ഷ ഭാഷയിലും കൂടി നടത്തണം എന്നാണ് സമരസമിതിയുടെ ആവശ്യം.)+2 യോഗ്യതയായി നടത്തപ്പെടുന്ന പരീക്ഷകള്‍ PSC തന്നെ, മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും നിലവില്‍ നടത്തുന്നുണ്ട്. ഇംഗ്ലീഷല്ലാത്ത ഭാഷകളില്‍ പരീക്ഷ നടത്തുമ്പോള്‍ , വിവര്‍ത്തനം ചെയ്യേണ്ടി വരുമ്പോള്‍ +2 യോഗ്യതയായ പരീക്ഷാ ചോദ്യങ്ങള്‍ ചോരുമെന്ന് PSC യോ പൊതുജനമോ ഉന്നയിച്ചിട്ടില്ല, ഇതു വരെ.ഇപ്പോള്‍ , ബിരുദം യോഗ്യതയായ പരീക്ഷകള്‍ ചോരും എന്ന് ഭയക്കുന്നത്, നിലവിലുള്ള PSC പരീക്ഷകളെ ആ സ്ഥാപനത്തിന് തന്നെ വിശ്വാസമില്ലെന്ന് അംഗീകരിക്കുന്നതിന് തുല്യമാണ്. സ്വന്തം പ്രവൃത്തിയെ സ്വയം നിഷേധിച്ച്, അതു തന്നെ ഒരു തടസ്സവാദമായി മുന്നോട്ട് വച്ച് നിര്‍വൃതിയടയുന്ന വിചിത്ര വാദത്തെയാണ് മലയാളികള്‍ ക്കു മുന്നില്‍ PSC ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
KAS നടപ്പിലാക്കുക എന്നത് LDF സര്‍ക്കാറിന്റേതു പോലെ, ജനാധിപത്യവിശ്വാസികളുടേയും വലിയൊരു ആഗ്രഹമാണ്. നാടിനെ കുറേക്കൂടി അടുത്തറിയുന്ന തദ്ദേശീയര്‍ വിവിധ വകുപ്പുകളുടെ ചുമതല നിര്‍വഹിക്കുന്നത് കുറേക്കൂടി കാര്യക്ഷമമായ, ജനങ്ങളോട് ഉത്തരവാദിത്തം കൂടുതലുള്ള ഗവേര്‍ണന്‍സ് സാധ്യമാക്കുന്നത് നവകേരള സൃഷ്ടിയില്‍ സുപ്രധാനമാണ്. എന്നാല്‍, KAS ന്റെ രൂപരേഖ തയ്യാറാക്കുമ്പോള്‍ തന്നെ ശരിയായ ദിശയില്‍, ജനായത്തം അര്‍ത്ഥപൂര്‍ണമാക്കുന്നതിനായുള്ള നിയമങ്ങള്‍ അതില്‍ എഴുതിച്ചേര്‍ക്കേണ്ടതുണ്ട്. കേരളത്തില്‍ മാത്രമായി നിയമിക്കാനുദ്ദേശിക്കുന്ന KAS പരീക്ഷയില്‍ ഇംഗ്ലീഷിനു പുറമേ മലയാളത്തില്‍ കൂടി ചോദ്യങ്ങള്‍ ഉണ്ടാവുക എന്നത് എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ ക്കൊള്ളാന്‍ അതിനെ പ്രാപ്തമാക്കും.കേരളീയ പൊതു സമൂഹത്തിന്റെ ഒരു പരിഛേദം തന്നെ നമ്മുടെ ഉന്നത ഭരണതലങ്ങളിലെത്തുമ്പോഴാണ് അത് എല്ലാ താല്പര്യങ്ങളുടേയും ഒരു സമ്മിശ്രമാവുക. തീര്‍ച്ചയായും ഭാഷ പ്രസക്തമാവുന്നത് അതുകൊണ്ടാണ്. അടിസ്ഥാന ജനതയുടെയും സാധാരണക്കാരുടേയും ഉയര്‍ന്ന തൊഴില്‍ തേടാനുള്ള സാധ്യതയെയും സ്വപ്നങ്ങളെത്തന്നെയും പാടെ അടയ്ക്കുകയാണ്, ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ മാത്രമെന്ന മൗലികവാദം ഉന്നയിക്കുക വഴി P S C ചെയ്യുന്നത്.ഭരണഘടനാപരമായ മാതൃഭാഷാ മൗലികാവകാശത്തെത്തന്നെയും നിസാരമായ സാങ്കേതികവാദങ്ങള്‍ നിരത്തി നിര്‍ദ്ദയം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിലൂടെ ജനതയുടെ ഭാഷാവകാശത്തെ ഇല്ലാതാക്കുന്ന ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തുക കൂടിയാണ് കേരള P S C ചെയ്ത് കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് മാത്രമേ ചോദ്യങ്ങള്‍ ചോദിക്കാനുള്ള ക്ഷമത ആര്‍ജിച്ചിട്ടുള്ളൂ എന്ന മട്ടില്‍ ഏക ഭാഷയില്‍ മാത്രമേ ഞങ്ങള്‍ പരീക്ഷ നടത്തൂ എന്ന ദുര്‍വാശിയാണ് യഥാര്‍ത്ഥ മൗലികവാദമെന്നത് ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.മലയാളത്തിനോ, കന്നടക്കോ, തമിഴിനോ ചോദ്യങ്ങള്‍ രൂപപ്പെടുത്താനുള്ള അക്ഷരബലമില്ലെന്ന വാദം മുന്‍വിധികൊണ്ട് മാത്രം ഉണ്ടാവുന്നതാണ്. അതിന്റെ കൊളോണിയല്‍ വിധേയത്വമാര്‍ന്ന പശ്ചാത്തലം ഇപ്പോള്‍ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
മലയാളത്തില്‍ ബിരുദതലത്തിലുള്ള പുസ്തകങ്ങളില്ല എന്നാണ് മലയാളത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനുള്ള മറ്റൊരു തടസ്സമായി PSC പറയുന്നത്. ഒരേയൊരു വാദം കൊണ്ട് ഇത് ഖണ്ഡിക്കാം. തമിഴിലും കന്നടയിലും എഞ്ചിനീയറിംഗ് ബിരുദത്തിനുള്‍ പ്പെടെ വിജ്ഞാന ശാഖയിലെല്ലാം മാതൃഭാഷാ പാഠപുസ്തകങ്ങളുമുണ്ട്. ന്യൂനപക്ഷ ഭാഷകളിലും പരീക്ഷ നടത്തുക എന്നത് സമരസമിതിയുടെ പ്രധാന ആവശ്യവുമാണ്. ബിരുദതലത്തിലും മാതൃഭാഷാപാഠപുസ്തകങ്ങളുള്ള ഭാഷകളായതിനാല്‍, ന്യൂനപക്ഷ ഭാഷകളില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അപ്പോള്‍ ഇനി PSC തടസ്സം പറയരുത്. കേരളത്തിലെ 3 ശതമാനം വരുന്ന ഭാഷാ ന്യൂനപക്ഷങ്ങള്‍ ക്കെങ്കിലും ഭാഷാവകാശം ലഭ്യമാവട്ടെ. തമിഴ്നാടിലും കര്‍ണാടകയിലും KAS ന് തുല്യമായ പരീക്ഷകള്‍ ഉള്‍ പ്പെടെ ബിരുദം യോഗ്യതയായ എല്ലാ പരീക്ഷകളും മാതൃഭാഷയിലും ഇംഗ്ലീഷിലും ഇപ്പോള്‍ നടക്കുന്നുണ്ട്.അപ്പോള്‍ PSC ഉന്നയിച്ച വാദം തന്നെ അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും കന്നടയിലും തമിഴിലും ചോദ്യപേപ്പറുകള്‍ ഇപ്പോള്‍ തന്നെ PSC യ്ക്ക് തയ്യാറാക്കാന്‍ കഴിയും. അത്രയും അംഗീകരിക്കുക. ഇനി, മലയാളം വിവര്‍ത്തനം മാത്രമല്ലേ ഒരു തടസ്സമായി നില്‍ക്കുന്നത്? അതിനും വഴികളുണ്ട്.
ദേശീയ അന്തര്‍ദേശീയ മാതൃകകള്‍ പരിശോധിച്ചാണല്ലോ KAS പരീക്ഷയുടെ നിയമാവലി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.ഇന്ത്യയിലെ ബിരുദം യോഗ്യതയായതും അല്ലാത്തതുമായ ഒട്ടുമിക്ക പരീക്ഷകളും ദ്വിഭാഷയിലാണ് നടത്തപ്പെടുന്നത്. അല്ലെന്ന് തെളിയിക്കാന്‍ PSC യെ വെല്ലുവിളിക്കുകയാണ്. രണ്ട് ഭാഷയില്‍ തയ്യാറാക്കുമ്പോള്‍ ചോരുമെന്ന വാദത്തില്‍ ഒരു കഴമ്പുമില്ലെന്ന് ഏതൊരു ഇന്ത്യന്‍ പരീക്ഷാ മാതൃക പരിശോധിച്ചാലും നിങ്ങള്‍ ക്ക് മനസ്സിലാവും. നീറ്റ് പരീക്ഷ മലയാളത്തിലും വേണമെന്ന ആവശ്യവുമായി കേരള സര്‍ക്കാര്‍ തന്നെ സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയെപ്പോലും ദുര്‍ബലപ്പെടുത്തുന്നതാണ് കേരള PSC യുടെ വാദങ്ങള്‍ .കോടതി ഭാഷ മലയാളമാക്കുന്നതിന് നിയമപഠനം മലയാളമാക്കുന്നതു വരെ കാത്തിരിക്കേണ്ടതില്ലെന്ന ജ.നരേന്ദ്രന്‍ കമ്മീഷന്റെ തീര്‍പ്പ് ഇക്കാര്യത്തിലും ബാധകമാണ്. സാങ്കേതിക പദാവലിയുടെ മലയാളത്തിന്റെ സമ്പന്നതയെ സംബന്ധിച്ച് PSC ക്കും സംശയങ്ങളുണ്ട്. എല്ലാ ഭാഷയും വ്യായാമം ചെയ്താണ് സാര്‍ പേശീബലം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ വ്യായാമത്തിന്റെ കളത്തില്‍ നിന്ന് തന്നെ മലയാളത്തെ പുറത്താക്കിയാല്‍ പിന്നെങ്ങനെ പേശീബലമുണ്ടാവാനാണ്?
നീറ്റ് പരീക്ഷയുടെ തുടക്കത്തില്‍ വിവിധ ഭാഷകളില്‍ എഴുതപ്പെട്ടാല്‍ ചോരുമെന്ന ആശങ്ക ആരൊക്കെ പ്രകടിപ്പിച്ചാലും, അതിനെയെല്ലാം മറികടന്ന് വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഇന്ന്, നീറ്റ് പരീക്ഷയെഴുതാന്‍ കഴിയുന്നു. അധികാരികളുടെ നിര്‍വഹണ സൗകര്യത്തേക്കാള്‍ ജനങ്ങള്‍ ക്ക് നീതി ലഭ്യമാവണമെന്ന അവബോധത്തിന് മുന്‍തൂക്കമുള്ള ഏതൊരു ഇച്ഛാശക്തിയുള്ള ഭരണകൂടത്തിനും നടപ്പിലാക്കാവുന്ന തീരുമാനം മാത്രമാണ് ഇപ്പോള്‍ PSC ക്ക് മുന്നിലുമുള്ളത്. ചരിത്രത്തില്‍ മലയാളത്തെ ഉള്‍ക്കൊണ്ട ഭരണാധികാരിയായി രേഖപ്പെടുത്തണോ അതോ നിസ്സാര കാര്യങ്ങളെ സങ്കീര്‍ണമാക്കിയ നീതി നിഷേധിച്ച ഭരണാധികാരിയാവണോ എന്നത് PSC ബോര്‍ഡും ചെയര്‍മാനുമാണ് തീരുമാനമെടുക്കേണ്ടത്.
ദ്വിഭാഷയില്‍ നടക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ പരീക്ഷാ ചോദ്യപേപ്പര്‍ മാതൃകകള്‍ ഞങ്ങളുടെ കൈവശമുണ്ട്. അവിടെയാരും ഇക്കാരണം കൊണ്ട് പരീക്ഷ ചോരുന്നതായി പരാതി പറഞ്ഞിട്ടില്ല. വാളയാര്‍ ചുരം കടന്നാല്‍ മാത്രമുള്ള വാദമാണ് ദ്വിഭാഷയിലായാല്‍ പരീക്ഷ ചോരുമെന്ന വിചിത്രവാദം. ഇതിനെ കളിയാക്കിയാണ് എന്‍.എസ്.മാധവന്‍, മുടന്തന്‍ ന്യായത്തിന് ഒളിമ്പിക്സില്‍ ഒരു മത്സരമുണ്ടായാല്‍ സ്വര്‍ണം കേരള PSC യ്ക്കു തന്നെ എന്ന് പരിഹസിച്ചത്. ഇതുവരെയില്ലാതിരുന്ന ശീലമായതുകൊണ്ടാണ് PSC യ്ക്ക് ഒരു മടിയെന്നാണ് PSCയ്ക്കകത്തു തന്നെയുള്ള ഒരു ശ്രുതി. വെറുതെ തൊട്ടിട്ട് എന്തിന് കുഴപ്പമാക്കണം എന്ന ലൈന്‍.മലയാളത്തിന് വേണ്ടി ആ ദുര്‍ബലാശങ്ക നമുക്ക് മാറ്റിവെയ്ക്കാന്‍ കഴിയേണ്ടതുണ്ട്, PSC യിലെ സുഹൃത്തുക്കളേ.
UPSC നടത്തുന്ന തൊഴില്‍ പരീക്ഷകളിലും JEE, NEET, NET തുടങ്ങിയ മത്സര പരീക്ഷകളിലും ഇംഗ്ലീഷില്‍ പതിനായിരക്കണക്കിന് ചോദ്യങ്ങള്‍ ഓരോ വിഷയത്തിലും തയ്യാറാക്കുകയാണ് ആദ്യം ചെയ്യുക. ആ ചോദ്യ ബാങ്കിലെ മുഴുവന്‍ ചോദ്യങ്ങളും പിന്നീട് വിവര്‍ത്തനം ചെയ്യിക്കും. ഒരേ ക്രമനമ്പറില്‍ കംപ്യൂട്ടര്‍ സാങ്കേതികത ഉപയോഗിച്ച് തയ്യാറാക്കുന്ന പൂളില്‍ നിന്നും പിന്നീട് തിരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ ഏതെന്ന് ആരുമറിയില്ല. PSC ചെയര്‍മാന്‍ പോലും.ലക്ഷക്കണക്കിന് വിവര്‍ത്തനം ചെയ്യപ്പെട്ട ചോദ്യങ്ങളാല്‍ വര്‍ഷാവര്‍ഷം പുതുക്കപ്പെടുകയും ചെയ്യുന്നുണ്ട് ഈ ക്വസ്റ്റ്യന്‍ പൂളുകള്‍ .
കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അറേബ്യ, സിംഗപ്പൂര്‍, അമേരിക്ക ,ഇംഗ്ലണ്ട്,തുടങ്ങിയിടത്തെല്ലാം ദ്വിഭാഷ (അതിലധികവും) പരീക്ഷകളുണ്ട്. IAS ല്‍ തന്നെയും ദ്വിഭാഷയില്‍ ചോദ്യങ്ങളുണ്ടല്ലോ. ഇംഗ്ലീഷല്ലാതെ മറ്റൊരു ഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ ചോദ്യങ്ങള്‍ ചോരുമെന്ന വാദം ലോകത്ത് തന്നെ കേരള PSC മാത്രം ഉന്നയിക്കുന്ന ഒറ്റപ്പെട്ട ഒരു വാദമാണ്. അതിനാല്‍, വസ്തുതകളും ലോക യാഥാര്‍ത്ഥ്യങ്ങളുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല, കേരള PSC യുടെ വാദം.
What are the 5 main personality traits? എന്ന ഇംഗ്ലീഷില്‍ മാത്രമുള്ള ചോദ്യത്തില്‍ Traits എന്ന വാക്ക് അത്രയ്ക്ക് സാധാരണമല്ലാത്തതിനാല്‍, മലയാളം മീഡിയത്തില്‍ പഠിച്ചു വന്ന കുട്ടി (അവന്/അവള്‍ ക്ക് ഇംഗ്ലീഷില്‍ സാമാന്യവിജ്ഞാനമൊക്കെയുണ്ടാവും) ഒന്ന് പകച്ചു പോവും.മലയാളത്തില്‍ എഴുതാന്‍ മാത്രം അവസരമുണ്ടായിട്ടെന്ത് കാര്യം! ചോദ്യം കൃത്യമായി മനസ്സിലായില്ലെങ്കില്‍. വാക്കിന്റെ അര്‍ത്ഥം ശങ്കിച്ച് നഷ്ടപ്പെടുന്ന സമയമത്രയും അവനെ / അവളെ പ്രതീക്ഷിതതൊഴിലില്‍ നിന്ന് അകറ്റുകയേയുള്ളൂ.അവന്/അവള്‍ ക്ക് കൃത്യമായി അറിയാവുന്ന ഉത്തരമായിട്ടും ചോദ്യത്തിന്റെ ഭാഷയാണ് അവനില്‍ / അവളില്‍ നിന്നും ആ മാര്‍ക്ക് തട്ടിപ്പറിച്ചത്. ഇതിനെയാണ് ഭാഷാ വിവേചനം എന്ന് അറിവുള്ളവര്‍ അഭിസംബോധന ചെയ്യുന്നത്.മലയാളത്തിന്റെ സാങ്കേതിക പദങ്ങളെച്ചൊല്ലി വിലപിക്കുന്നവര്‍ ഒരിക്കലും ഇംഗ്ലീഷുണ്ടാക്കുന്ന മതിലിനെ കാണുന്നുമില്ല.അത് കൊണ്ടാണ് ചോദ്യങ്ങളാണ് പ്രധാനം എന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നതും, ഉത്തരം മലയാളത്തിലെഴുതിക്കോളൂ എന്ന ഔദാര്യം അവര്‍ വച്ചുനീട്ടുന്നതും.!
ചോദ്യകര്‍ത്താക്കളേ,
മലയാളത്തോടുള്ള നിങ്ങളുടെ അവഗണനയ്ക്കെതിരെ, നീതി നിഷേധത്തിനെതിരെ ചോദ്യങ്ങള്‍ ഉയരുക തന്നെയാണ്. ഉത്തരമെഴുതിച്ചു മാത്രം ശീലിച്ചവര്‍ ഒരു നാള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.