ഭാഗികമോ പരിപൂര്‍ണ്ണമോ ആയ നിലയില്‍ അന്ധത / മാനസിക വെല്ലുവിളികള്‍ നേരിടുന്ന നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ പഠിതാക്കളായി കേരളത്തിലുള്ളത്. എണ്‍പതു ശതമാനമോ അതിലധികമോ അന്ധത / മാനസിക വെല്ലുവിളികള്‍ ബാധിച്ചവര്‍ക്കു മാത്രം ഇനി മുതല്‍ പരീക്ഷകള്‍ക്കു സഹായികളെ അനുവദിച്ചാല്‍ മതിയെന്ന സംസ്ഥാന ഹയര്‍ സെക്കന്ററി ഡയറക്ട്രേറ്റിന്റെ തീരുമാനം ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സാദ്ധ്യതകള്‍ക്കും പഠനത്തിനും വിലങ്ങുതടിയാകുകയാണ്. എസ് എസ് എല്‍ സി പരീക്ഷക്ക് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് , 2012 -13 അക്കാദമിക വര്‍ഷത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിരുന്ന അതേ ആനുകൂല്യങ്ങളാണ് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമായിരുന്നത്. മുന്‍വര്‍ഷത്തെ വിജ്ഞാപനപ്പ്രകാരം പ്രസ്തുത വിഭാഗത്തില്‍ നിലവില്‍ പ്ലസ് ടു പരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സഹായിയെ ലഭ്യമാകുമെങ്കിലും പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കന്ററി ഡയറക്ട്രേറ്റിന്റെ പുതുക്കിയ വിജ്ഞാപനപ്പ്രകാരം 'വ്യാഖ്യാതാവിനെ' മാത്രമാകും അനുവദിക്കപ്പെടുക. 40 മുതല്‍ 79 ശതമാനം വരെ അന്ധത / മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആയിരക്കണക്കിനു കുട്ടികളെയാണ് ബന്ധപ്പെട്ട തീരുമാനം പ്രതികൂലമായി ബാധിക്കുക .
1995 ല്‍ പുറപ്പെടുവിച്ച വികലാംഗ സംരക്ഷണ നിയമത്തിന്റെ ചട്ടങ്ങള്‍ പ്രകാരം അന്ധതയനുഭവിക്കുന്ന കുട്ടികള്‍ക്ക് പരീക്ഷാ സഹായിയുടെ സേവനം അവകാശമായി നിജപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ അവകാശ സംരക്ഷണം, ഭരണകൂടത്തിന്റെ നിര്‍ബന്ധിത ഉത്തരവാദിത്വമായിരിക്കേ ഹയര്‍ സെക്കന്ററി ഡയറക്ട്രേറ്റിന്റെ പുതുക്കിയ വിജ്ഞാപനം നിലവിലെ ചട്ടങ്ങള്‍ അതിലംഘിക്കുന്നതും വിദ്യാര്‍ത്ഥിവിരുദ്ധവുമായി നിലകൊള്ളുന്നു. പുതിയ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മൂന്നോടെ ആരംഭിക്കുന്ന സംസ്ഥാന ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഭിന്നശേഷിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാനാകില്ലെന്നത് പ്രശ്നത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.
ആരോഗ്യപരമായി സ്വയംപര്യാപ്തരായവരില്‍ നിന്നും വിഭിന്നമായി അന്ധരായ പഠിതാക്കള്‍ക്ക് പ്രത്യേക പരിഗണനയും പിന്തുണയും കരുതലും ആവശ്യമുണ്ട്. തുല്യനീതിയും സമഭാവനയും പുലരേണ്ട എതൊരു സാമൂഹ്യക്രമത്തിലും വിഭിന്നശേഷിതരുടെ അവകാശങ്ങള്‍ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. പൊതു സേവന സംവിധാനങ്ങളാകെ ' ആരോഗ്യ'വാന്മാരെ മാത്രം അതിസംബോധന ചെയ്യുന്ന അബദ്ധ ഘടന അനീതിയും മനുഷ്യത്വരഹിതവുമാണ്.
ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന ഹയര്‍ സെക്കന്ററി ഡയറക്ട്രേറ്റ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പിന്‍വലിച്ച് സംസ്ഥാനത്തെ അന്ധത / മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളുടേയും രക്ഷകര്‍ത്താക്കളുടേയും ആശങ്കയകറ്റുന്നതിന് വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട് . അതിനാവശ്യമായ സാമൂഹ്യവും രാഷ്ട്രീയവുമായ ഇടപെടലുകള്‍ക്ക് പൊതു ഇടങ്ങളെ സജ്ജമാക്കാം .
കെ ജി സൂരജ്
ചീഫ് എഡിറ്റര്‍