കുട്ടികള്‍ കഥകേള്‍ക്കാനും പാട വരമ്പത്തൂടെ ഓടി നടക്കാനും കൊതിക്കാതെ ടിവി യുടെയും കംപ്യൂട്ടര്‍ ഗയിമിന്റെയും മുന്നിലിരിക്കുകയാണ് എന്ന് വേവലാതിപ്പെടുന്നവരാണെങ്കിലും സ്വപ്നം കാണാനും ഓടിക്കളിക്കാനും അവര്‍ക്ക് അവസരം ഉണ്ടാക്കി കൊടുക്കാത്തത് നമ്മള് തന്നെയല്ലേ എന്ന് തോന്നിപ്പിക്കും ചില ദിവസങ്ങള്‍ അവര്‍ക്കൊപ്പം പങ്കിടുമ്പോള്‍ . ചേച്ചിയുടെ വീടിലേക്കുള്ള യാത്രകള്‍ ഏറെ പ്രിയങ്കരമാക്കുന്നതും അത് തന്നെയാണ്...വേമ്പനാട്ടു കായലിന്റെ തീരം(കുമരകം )..കായല്‍ കാറ്റു കൊണ്ട് ചുട്ടു പൊള്ളുന്ന വേനലിനേയും വീശി തരുന്ന ലോകം എന്ന് വിളിക്കാം. പാടം കൊയ്ത്തു കഴിഞ്ഞു കിടക്കുകയാണ് . കുട്ടികള്‍ ധാരാളമുണ്ട് അവിടുള്ള വീടുകളില്‍ . അവരുമൊത്ത് ഇറങ്ങും പാട വരമ്പത്ത് കൂടെ.
അടുത്തുള്ള കുളത്തില്‍ പോയാല്‍ മീന്‍ പിടിക്കാം.വരാലും കരിമീനും ഒക്കെ.അവ ചൂണ്ടയില്‍ കിടന്നു പിടയുന്നത് കാണണ്ടല്ലോ എന്ന് കരുതി ആ ഉദ്യമം മാറ്റി വെക്കുകയാണ് പതിവ്. എന്നാല്‍ പിന്നെ കാട്ടിലേക്കൊരു യാത്രയായാലോ (സങ്കല്പ്പികമായ യാത്രയാണ് അത്). നെല്പാടാതെ കാടായി സങ്കല്പ്പിച്ചു .കാട്ടിലെ കഥളൊക്കെ പറഞ്ഞും ചെടികളെ തിരിച്ചറിയാന്‍ പഠിപ്പിച്ചും കുട്ടികളെ രസിപ്പിച്ചു നടക്കും . അവര്‍ കഥകളിലൂടെ ആണ് പഠിക്കേണ്ടത്.ആനയും കടുവയും അവിടെ ഉണ്ടെന്നു സങ്കല്പ്പിച്ചു ഞങ്ങള്‍ നടന്നു .സിംഹം വരുന്നു എന്ന് പറഞ്ഞ് മരത്തിന്റെ പിറകില്‍ ഒളിച്ചു.ഒരു അഭിനയ കളരി കൂടിയാണ് കുട്ടികള്‍ക്ക് കളികള്‍ . മരങ്ങളെ കാട്ടിലെ വൃക്ഷങ്ങളുടെ പേരിട്ടു വിളിക്കുകയാണ് കഥകളിലൂടെ .
വരമ്പത്തൂടെ നടക്കുമ്പോള്‍ കാണാം നെല്ല് തിന്നാന്‍ വരുന്ന ആമകളെ തകര പാട്ടയില്‍ പിടിച്ചു വെച്ചിരിക്കുന്നത് .മനുഷ്യര്‍ അങ്ങനെയാണ് മറ്റു ജീവജാലങ്ങളെ മറന്നു പോകുന്നവരാണ്. കൊയ്ത്ത് കഴിഞ്ഞാലും അവയെ തുറന്നു വിടില്ല.തകരപാട്ടയില്‍ വെള്ളവും ഭക്ഷണവും ഇല്ലാതെ അവ ഉപേക്ഷിക്കപ്പെടും.ആരെങ്കിലും കൊണ്ടോയി തിന്നാലോ എന്ന ഭയവും ഞങ്ങക്കുള്ണ്ട് . ആമകളെ എല്ലാം ആരുമറിയാതെ തുറന്നു വിടുകയാണ് ഈ യാത്രയുടെ ഉദ്യമം. ആമയെ പുറത്തെടുത്തു വെച്ചിട്ട് ഒച്ചയുണ്ടാകാതെ നില്ക്കും.സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ ശേഷമേ അവ ചലിച്ച് തുടങ്ങു..ചിലതൊക്കെ അവശരായിട്ടുണ്ടാവും.അവ പോകുന്നത് കണ്ടു നില്ക്കാന് കൗതുകത്തോടെ കുട്ടികള്‍ക്കൊപ്പം കൂടും.
ധാരാളം ദേശാടന പക്ഷികളെ കാണാം എന്നൊരു ഉദേശവും ഈ യാത്രയ്ക്കുണ്ട്.നടക്കുന്നതിനിടയില്‍ മാവിന്റെ ഇല പറിച്ചു അമ്മു ഓരോന്ന് ഉണ്ടാക്കി തുടങ്ങി . അമ്മു എട്ടു വയസ്സുകാരിയാണ്. ഇത് കണ്ടോ ചേച്ചി 'ബാഗ്' ആണ് .അത്ഭുതം തോന്നി ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതൊക്കെ അറിയാമോ ഉണ്ടാക്കാന്‍ .മാവില പറിച്ചു ഒരു ചെറിയ കാറ്റാടി ഉണ്ടാക്കി ഈക്കിര്ലും കുത്തി കൊടുത്തപ്പോള്‍ കണ്ണന് എന്ന നാല് വയസ്സുകാരന് അത്ഭുതം.അവന് ആദ്യമായി കാണുകയാണ് പമ്പരം.സന്തോഷം കൊണ്ടവന് പൊങ്ങി ചാടാന്‍ തുടങ്ങി.അതും കൈയ്യില്‍ പിടിച്ചു വീട്ടിലേക്കു നടന്നെത്തിയപ്പോള്‍ .എന്തിനാ മാവില തെങ്ങോലകള്‍ കൊണ്ട് ഉണ്ടാക്കു എന്നായി അച്ഛന് . ഏട്ടന് അടുത്തുള്ള തെങ്ങില്‍ നിന്നും തെങ്ങോലകള്‍ ശേഖരിച്ചു .ബാല്യത്തിലേക്ക് തിരിച്ചു പോവാന്‍ ആര്‍ക്കാണിഷ്ടമില്ലാത്തത്.അച്ഛനും അമ്മയ്ക്കും ചേച്ചിക്കും എല്ലാം വലിയ താല്പര്യമായി.ഞാനും മറന്നു പോയിരുന്നു ഓലകൊണ്ട് കാറ്റാടി ഉണ്ടാക്കാന്‍ . പിന്നെ ഉണ്ടാക്കിയും കുട്ടികള്‍ക്കൊപ്പം കളിച്ചും സമയം കളഞ്ഞപ്പോള്‍ കൗതുകം തോന്നിയത് കുട്ടികളെക്കാള്‍ അച്ചനിലും അമ്മയിലുംഉണ്ടാക്കിയ ഉത്സാഹമാണ്. കാറ്റാടി കറങ്ങി തുടങ്ങിയപ്പോള്‍ കണ്ണന് സന്തോഷം സഹിക്കാനായില്ല..സന്തോഷം കൊണ്ട് 'അയ്യോ..... അയ്യോ ....എന്റെതും കറങ്ങുന്നുണ്ടേ' എന്ന് വീളിച്ചു പറഞ്ഞു അവന് .പോരുമ്പോള്‍ തോന്നി ഒരു ബാല്യത്തിന്റെ മതില് വീണ്ടും ചാടി കടന്നാണ് പോരുന്നതെന്ന്.കൂടെ ബാല്യങ്ങള്‍ക്ക് കുറെ സ്വപ്നങ്ങള്‍ കൊടുത്തിട്ടുമാണെന്ന്.