തിരുവനന്തപുരം നഗരത്തിലെ തൈക്കാടിനടുത്തുള്ള സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ജംഗ്ഷന്‍. ശാന്തമ്മയെന്ന അമ്മച്ചിയുടെ ഒരു ദിവസം ആരംഭിക്കുന്നത് ഇവിടെയാണ്. ചായ, വട, പഴംപൊരി, ഉണ്ണിയപ്പം പിന്നെ ഇഞ്ചി-കറിവേപ്പിലയുപ്പു സമം ചേര്‍ത്ത സ്പെഷ്യല്‍ സംഭാരവുമെല്ലാമായി നീണ്ട ഇരുപത്തിരണ്ടു കൊല്ലങ്ങള്‍ പിന്നിടുകയാണ് എഴുപതിനോടടുക്കുന്ന ഈ അമ്മച്ചി. സഹായത്തിന് മക്കളും മരുമക്കളുമടക്കം ഇരു കൈമറന്ന് ഒപ്പമുണ്ട്. പ്രതിസന്ധികളോടും പ്രതികൂലജീവിത സാഹചര്യങ്ങളോടും മല്ലടിച്ച് സ്വയം പര്യാപ്തതയിലേക്കുയര്‍ന്ന നിരവധിയായ ശാന്തമ്മമാര്‍ നമുക്കിടയിലുണ്ട്.ചിലരെയെങ്കിലും അടുത്തറിയുകയും ചെയ്യാം.രുചിയുള്ള ചായയ്ക്കും ഗുണമുള്ള സംഭാരത്തിനുമപ്പുറം ശാന്തമ്മച്ചി വ്യത്യസ്തയാകുന്നത് ഹരിതസമൃദ്ധമായൊരു പൂന്തോട്ട നിര്‍മ്മിതിയിലൂടെയാണ്.
നമുക്ക് പൂന്തോട്ടങ്ങള്‍ വീട്ടുമുറ്റങ്ങളിലെ മതില്‍ കെട്ടുകള്‍ക്കുള്ളില്‍ തികച്ചും സ്വകാര്യമായി പരിലാളിക്കപ്പെടുന്ന ഗാര്‍ഹികാനന്ദമോ, പൊതു-സ്വകാര്യ ഉടമസ്ഥതകളിലെ വിനോദസംവിധാനങ്ങളോ (പാര്‍ക്കുകള്‍) ഒക്കെയാണ്. എന്നാല്‍ അമ്മച്ചിയുടെ പൂന്തോട്ടം, പരികല്‍പ്പനകളുടെ പതിവുകളെയെല്ലാം സ്വയമതിലംഘിച്ച് വിഭിന്നമായൊരു അനുഭവപരിസരത്തിലേക്ക് വാത്സല്യത്തോടെ വിരല്‍ പിടിക്കുന്നു.
തന്‍റെ തട്ടുകടക്കുമുന്നിലെ പൊതുനിരത്തിന്‍റെ ഒത്ത നടുവില്‍ പലതരം വണ്ടികള്‍ വലംചുറ്റുന്നൊരു ട്രാഫിക്ക് ഐലന്‍റില്‍ അമ്മച്ചി ചെറുതല്ലാത്തൊരു ഹരിത വിപ്ലവത്തിന് വിത്തു പാകിയിരിക്കുന്നു. ആരാനും വേണ്ടാത്ത ഉപകാരങ്ങള്‍ ആരും ചെയ്യാത്തൊരിക്കാലത്ത് പകലന്തിയോളം ചായ കാച്ചി അപരന്‍റെ തൊണ്ട നനച്ചുണ്ണുന്ന ഈ എഴുപതുകാരിക്ക് ഇതെന്തിന്‍റെ കേടെന്ന '(അ) സ്വഭാവിക'സംശയങ്ങളെ അന്നു പൂത്ത പൂക്കള്‍ കാട്ടി പുഞ്ചിരിയോടെ അമ്മച്ചി അതിജീവിക്കുമ്പോള്‍ അത് ആരവാഘോഷങ്ങളില്ലാതെ മണ്ണില്‍നിന്നും മുളപൊട്ടുമൊരു വിത്തിന്‍റെ സ്വാഭാവികതയെ ഏറ്റവും നിഷ്കളങ്കമായി അനുഭവസ്ഥമാക്കുന്നു.
ചായ കൂട്ടലിന്‍റെ കുഞ്ഞിടവേളയില്‍ വേനലുരുക്കിയ ടാര്‍ വഴി മുറ്റത്തെ ട്രാഫിക്ക് ഐലന്‍റില്‍, ഞാന്‍ മുന്‍പേ ഞാന്‍ മുന്‍പേ എന്നോണം പടര്‍ന്നു പന്തലിക്കാന്‍ കാത്തു നില്‍ക്കുന്ന തന്‍റെ ഓമനച്ചെടികള്‍ക്കരികില്‍ വെയിലു കൂസാതെ അമ്മച്ചി ചേര്‍ന്നിരിക്കുകയാണ്. കൈകളില്‍ അപ്പിടി മണ്ണു പുരണ്ടിരിക്കുന്നു. പുതിയ തൈകള്‍ വെച്ചു പിടിപ്പിക്കുന്ന തിരക്കുകളിലെങ്കിലും പായ്ക്കപ്പല്‍ പോലൊരു കറിവേപ്പിലക്കഷണം അതിവേഗം ഓടിക്കളിക്കുന്ന പെരുത്തു വലിയൊരു സ്റ്റീല്‍ ഗ്ലാസ്സില്‍, ഉള്ളു കുളിര്‍പ്പിക്കുമൊരു സംഭാരം പകര്‍ന്ന് മാതൃതുല്യമായ സംതൃപ്തിയോടെ ചെടിക്കുഞ്ഞുങ്ങളെ നോക്കി, അമ്മച്ചി തന്‍റെ കഥ പറഞ്ഞു; പൂന്തോട്ടത്തിന്‍റെയും..
ഇരുപത്തിരണ്ട് വര്‍ഷങ്ങളാകുന്നു ചായക്കച്ചവടം തുടങ്ങിയിട്ട്. ഭര്‍ത്താവിനോടൊപ്പമായിരുന്നു നടത്തിയിരുന്നത്. അദ്ദേഹത്തിന്‍റെ മരണശേഷം ഒറ്റയ്ക്കാണ്. രാവിലെ അഞ്ചരമണിക്കു തുടങ്ങിയാല്‍ വൈകുന്നേരം ആറുമണിവരെ ഇതു തുടരും. ഞാന്‍ ഇവിടെ എത്തുന്നതിനുമുന്‍പുതന്നെ ഈ ട്രാഫിക് ഐലന്‍റ് ഇവിടെയുണ്ട്. അന്ന് ചെടികള്‍ ഒന്നുമുണ്ടായിരുന്നില്ല. കെട്ടിടപ്പണിക്കുശേഷമുള്ള കോണ്‍ക്രീറ്റ് കട്ടകള്‍ മാത്രമായിരുന്നു ഇതിനുള്ളില്‍ മുഴുവന്‍. കഴിഞ്ഞ നിരവധി നാളുകളിലായി ആരൊക്കെയോ ഇതിനുള്ളില്‍ മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങി. വലിയ പ്ലാസ്റ്റിക് ബാഗുകളില്‍ ഭക്ഷണസാധനങ്ങളുടെ ഉച്ഛിഷ്ടം മുതല്‍ നാപ്ക്കിനുകള്‍വരെ കുമിഞ്ഞുകൂടി. വല്ലാത്ത ദുര്‍ഗന്ധമായിരുന്നു. അനുബന്ധമായി ഈച്ചകള്‍ പറ്റം ചേര്‍ന്നു വന്നു. അവയുടെ മൂളലായിരുന്നു എവിടെയും. തുടര്‍ച്ചയെന്നോണം പകല്‍പോലും കൊതുകുകള്‍ വിഹരിക്കാന്‍ തുടങ്ങി. വല്ലാതെ വട്ടം തിരിഞ്ഞു പോയി. വൃത്തിയില്ലാത്ത അന്തരീക്ഷത്തില്‍ കട നടത്താനുള്ള ആത്മവിശ്വാസം പോലും നഷ്ടപ്പെട്ടു. ജോലി ചെയ്യുമ്പോള്‍ പ്രായത്തിന്‍റേതായ അസ്വസ്ഥതകള്‍ ഞാനൊട്ടും വകവെച്ചിരുന്നില്ല. എന്നാല്‍ ഇത് സഹിക്കുന്നതിലും അപ്പുറമായിരുന്നു. എങ്ങിനെയും ഇതു പരിഹരിക്കുന്നതിനുള്ള ആലോചനകളായിരുന്നു പിന്നീട്. ചിന്തകളില്‍ ഉറക്കം നഷ്ടമായ ഏതോ ഒരു ഉഷ്ണരാത്രിയിലാണ് ട്രാഫിക് ഐലന്‍റില്‍ ചെടികള്‍ വെച്ചു പിടിപ്പിക്കുന്നതിനുള്ള 'ഐഡിയ' ക്ലിക്കായത്.
നേരമുണരാന്‍ കാത്തു കിടന്നു. വെളിച്ചം കടന്നെത്തുന്നതിനു മുന്‍പേയുണര്‍ന്നു. മുറ്റത്തുണ്ടായിരുന്ന ചില തൈച്ചെടികള്‍ വേരടരാതെ ഇളക്കിയെടുത്തു. സൂക്ഷ്മം കവറുകളിലാക്കി വേഗത്തില്‍ നടന്നു. കട തുറന്ന് ചായയ്ക്കു വെള്ളം തിളപ്പിയ്ക്കാന്‍ വെച്ച ഉടനെ, ട്രാഫിക്ക് ഐലന്‍റിലേക്കു നടന്നു. ആരെല്ലാമോ ഉപേക്ഷിച്ചുപോയ മുഴുത്ത കവറുകള്‍ എന്നെ നോക്കി കണ്ണുരുട്ടി. അവയുടെ വയറുകള്‍ ചീര്‍ത്തിരുന്നു. എനിക്കു സങ്കടം വന്നു. വലിയൊരു ചാക്കില്‍ എല്ലാം എടുത്തുമാറ്റി. മണ്ണിളക്കി വെള്ളമൊഴിച്ച് ആദ്യത്തെ തൈ വെച്ചു പിടിപ്പിച്ചു. ഞാന്‍ കിതക്കുന്നുണ്ടായിരുന്നു. ചുറ്റിനും കൂടിയവര്‍ ഉറപ്പായും അത്ഭുതപ്പെടുകയും എനിക്ക് സ്ഥലകാലഭ്രമം പിടിപെട്ടിരിക്കുമെന്ന് കരുതുകയും ചെയ്തിരിക്കണം. അത് ഒരു തുടക്കമായിരുന്നു. ദിവസേന തൈകള്‍വെച്ചു പിടിപ്പിച്ചു. അവയുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. തൊട്ടടുത്താണ് ചുമട്ടിറക്കു ജോലി ചെയ്യുന്ന സി.ഐ.ടി.യു തൊഴിലാളികള്‍ ഇരിക്കുന്ന സ്ഥലം. യൂണിയനിലെ സതി കുറെ കാനച്ചെടികള്‍ കൊണ്ടുവന്നുതന്നു. അതും വെച്ചു പിടിപ്പിച്ചു. അതിനിടയിലേക്കും ഉച്ഛിഷ്ടം നിറഞ്ഞ കവറുകള്‍ എറിയപ്പെട്ടുകൊണ്ടിരുന്നു. പഴകിയ ചോറും കറികളും പച്ചക്കറിക്കഷണങ്ങളുടെ ബാക്കിയും പ്ലാസ്റ്റിക്കും എല്ലാം എന്‍റെ മുഖത്തേക്ക് വീഴുന്നതുപോലെ തോന്നി. ഞാനതൊന്നും വകവെച്ചില്ല. തൈക്കുട്ടികള്‍ക്ക് രാത്രികളില്‍ കാവലിരിക്കണമെന്നുപോലും ഉണ്ടായിരുന്നു. മക്കള്‍ അനുവദിച്ചില്ല. ഓരോ രാത്രിയും വേഗം തീരാന്‍ ആത്മാര്‍ത്ഥമായ് ആഗ്രഹിച്ചു. അങ്ങനെ ഏകദേശം ഒരു മാസം പിന്നിട്ടു. തൈകള്‍ ചെടികളായി, മൊട്ടുകള്‍ പൂക്കളായി. വെയിലും മഴയും പലകുറി വന്നുപോയ്. ഒടുവില്‍ മാലിന്യക്കവറുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു.
കെ.ജി. സൂരജ് : അമ്മച്ചിയുടെ പൂന്തോട്ടത്തില്‍ ആരാണ് മാലിന്യം തള്ളുന്നത്.
ശാന്തമ്മ : ഞാനിവിടെ എത്തും മുന്‍പേ അവര്‍ അതു ചെയ്തു പോകുന്നു. അടുത്തുള്ള ഒരാള്‍ പറഞ്ഞത് നേരം വെളുക്കുന്നതിനുമുന്‍പേ തന്നെ പലതരം കാറുകളില്‍ അവര്‍ വന്നുപോകും എന്നതാണ്. ചില്ലല്‍പ്പം താഴ്ത്തി ജനാലയിലൂടെ എറിഞ്ഞു പോകുന്നതിനാല്‍ മുഖവും അറിയാനാകാറില്ല. അവരെല്ലാം വലിയ സമ്പന്നരും, വിദ്യാഭ്യാസമുള്ളവരുമാണ്. സ്വന്തം പരിസരങ്ങളില്‍ തന്നെ ഉഛിഷ്ടം സംസ്കരിക്കാനാകുന്നവര്‍. എന്നിട്ടും ഇരുട്ടിന്‍റെ മറവില്‍ ഒളിച്ചെത്തി പൊതുഇടങ്ങളെ വൃത്തികേടാക്കുന്നു.
അമ്മച്ചിക്ക് ഇതെല്ലാം കോര്‍പ്പറേഷനിലെ ശുചീകരണത്തൊഴിലാളികളുടെ ശ്രദ്ധയില്‍പെടുത്തിയാല്‍ പോരേ. അതല്ലേ എളുപ്പവഴി.
ഈ കടയും പരിസരവും എന്‍റെ വീടല്ലെങ്കിലും ഞാന്‍ ജോലി ചെയ്യുന്ന സ്ഥലം എന്ന നിലയിലും ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നിടം എന്ന നിലയിലും എന്‍റെ വീടുപോലെ തന്നെയാണ്. ഈ ട്രാഫിക്ക് ഐലന്‍റ് എന്‍റെ മുറ്റവും. സ്വന്തം വീടിന്‍റെ മുറ്റം ആരെങ്കിലും വൃത്തികേടായിരിക്കാന്‍ ഇഷ്ടപ്പെടുമോ? പരിസര ശുചീകരണം സ്വന്തം വീട്ടില്‍ മാത്രം പോരാ. ചുറ്റുപാടും വൃത്തിയായിരിക്കണം. അത് അവരവര്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ഗുണകരമാകും. അന്തരീക്ഷ മലിനീകരണം ഒരുപാടു കുറയ്ക്കാന്‍ സാധിക്കും. ഇപ്പോള്‍ ടി.വി. വെച്ചാല്‍ കാണുന്ന സമരങ്ങളില്‍ അധികവും മാലിന്യപ്രശ്നം സംബന്ധിച്ചുള്ളവയാണല്ലോ. നഗരങ്ങളിലെ മാലിന്യങ്ങള്‍ ഗ്രാമങ്ങളിലേക്കോ പട്ടണങ്ങളിലേക്കോ കൊണ്ടു ചെന്നിടപ്പെടുന്നു. നമ്മുടെ വിളപ്പില്‍ശാലയില്‍ സംഭവിക്കുന്നതും ഇതുതന്നെയല്ലേ. അവരവരുടെ ഉപയോഗങ്ങളില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങള്‍ അവരവരുടെ ഉത്തരവാദിത്വത്തില്‍ നശിപ്പിച്ചു കളഞ്ഞിരുന്നുവെങ്കില്‍ ചിലരുടെ ഉഛിഷ്ടഭാരം മറ്റുള്ളവര്‍ ചുമക്കേണ്ടി വരുമായിരുന്നോ? നഗരസഭയിലെ ശുചീകരണത്തൊഴിലാളികള്‍ ഇവിടെ വര്‍ഷങ്ങളായി ചായ കുടിക്കാന്‍ വരുന്നവരാണ്. അവരെല്ലാം ഒരുപാട് കഷ്ടപ്പെടുന്നവര്‍. അഴുക്കിലും ദുര്‍ഗന്ധങ്ങളിലും ജീവിതം തുഴയുന്നവര്‍. നമ്മളോരോരുത്തരും അവരവരുടെ കടമകള്‍ നിര്‍വ്വഹിച്ചിരുന്നെങ്കില്‍ ഇങ്ങനെ മാലിന്യം പൊതുവഴിയില്‍ ഉപേക്ഷിക്കപ്പെടില്ലായിരുന്നു. ട്രാഫിക് ഐലന്‍റില്‍ ചവറിടുന്നത് ചെറുക്കുന്നതിനാണ് പൂന്തോട്ടം തീര്‍ക്കാന്‍ തീരുമാനിച്ചത്. ഇതൊരു സമരമൊന്നുമല്ല. വ്യക്തി എന്ന നിലയിലെ എന്‍റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാനുള്ളൊരു ചെറുശ്രമം മാത്രം. അതുകൊണ്ടുതന്നെ കോര്‍പ്പറേഷനേയോ ശുചീകരണത്തൊഴിലാളികളെയോ സമീപിക്കാന്‍ തോന്നിയതുമില്ല.
എന്തൊക്കെയാണ് അമ്മച്ചിയുടെ പൂന്തോട്ടത്തിന്‍റെ പ്രത്യേകതകള്‍.
പലതരത്തിലും നിറത്തിലുമുള്ള ഒരുപാട് പൂക്കളുണ്ടിവിടെ. ഓരോ പൂവിനും ഓരോ പേരുമുണ്ട്. ചിലര്‍ തനി നാണം കുണുങ്ങികള്‍. മറ്റു ചിലരോ ചുണക്കുട്ടികള്‍. എല്ലാവരും ചേര്‍ന്നൊരു ജോറാണിവിടെ. പറഞ്ഞാല്‍ വിശ്വസിക്കില്ല. ഇവരെല്ലാം എന്നോട് വര്‍ത്തമാനം പറയാറുണ്ട്. ആ ചെമ്പരത്തിപ്പൂ ഒരു ദിവസം വെള്ളമൊഴിക്കുന്നതിനിടെ എന്‍റെ കവിളില്‍ മെല്ലെയുരസി. സ്വന്തം മകന്‍ എന്നോട് വര്‍ത്തമാനം പറയുന്നതുപോലെ തോന്നി. അടുത്തു നിന്ന പൂവിനെ തലേന്നാള്‍ ആരോ പറിച്ചുകൊണ്ടു പോയതിനെക്കുറിച്ചാണ് എന്നോടു വേദനയോടെ പറഞ്ഞത്. ഞാനാ ചെമ്പരത്തിയെ ദുഃഖത്തോടെ നെഞ്ചു ചേര്‍ത്തു പിടിച്ചു, സമാശ്വസിപ്പിച്ചു, സാന്ത്വനിപ്പിച്ചു. പൂവിന്‍റെ തേങ്ങല്‍ നേര്‍ത്തുവന്നു.നമ്മളെ ആരു സ്നേഹിക്കുന്നുവോ അവര്‍ നമ്മളെ സ്നേഹിക്കും. പൂക്കളുടെ സ്നേഹം എനിക്കറിയാനാകുന്നു. ചിലപ്പോള്‍ കാറ്റു വീശിയതിനാലാകാം ഇതളുകള്‍ എന്നെ സ്പര്‍ശിച്ചത്. പക്ഷേ ഒരു കാര്യം സത്യമാണ്. ചെടികള്‍ മനുഷ്യരെപ്പോലെയാണ്. വേദനയും, സന്തോഷവും സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാമുള്ളവര്‍. ചായ ഉണ്ടാക്കുന്നതിന്‍റെ ഇടവേളകളില്‍ പൂക്കളില്‍ ഞാനാശ്വാസം കണ്ടെത്തുന്നു. പ്രയാസങ്ങള്‍ മറക്കുന്നു.
ഇപ്പോള്‍ ഏഴോളം ഇനങ്ങളിലായി ചെടികളുണ്ട്. എല്ലാവരും പൂത്തു നില്‍ക്കുന്നു. എനിക്ക് പൂക്കള്‍ വലിയ ഇഷ്ടമാണ്. സ്വന്തമായി വീടില്ല. വാടക വീടുകളില്‍ എവിടെയായാലും ഞാന്‍ ചെടികള്‍ നട്ടുപിടിപ്പിക്കാറുണ്ട്.
ഇതുപോലെ മാലിന്യക്കൂമ്പാരങ്ങളായ പൊതുസ്ഥലങ്ങളെ സംരക്ഷിക്കാന്‍ അമ്മച്ചിയുടെ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്.
ചവറിടുന്ന സ്ഥലങ്ങളിലെല്ലാം നാട്ടുകാര്‍ തന്നെ മുന്‍കൈ എടുത്ത് ചെടികള്‍ വെച്ചു പിടിപ്പിക്കണം. അതിന് പ്രാദേശികമായി സ്വയം സന്നദ്ധമായ സമിതികള്‍ ഉണ്ടാകണം. വ്യക്തികള്‍ / സംഘടനകള്‍/ കൂട്ടായ്മകള്‍ തുടങ്ങി കച്ചവട സ്ഥാപനങ്ങള്‍ക്കും ഇതു ചെയ്യാവുന്നതാണ്. ചെടികള്‍ നട്ടു പിടിപ്പിച്ച് പിന്നീടു തിരിഞ്ഞു നോക്കാത്ത നിലയില്‍ ആകരുത്. അവരവര്‍ ഉത്പ്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ അവരവരുടെ ഇടങ്ങളില്‍ തന്നെ ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യണം. അപ്പോള്‍ പരിസരങ്ങള്‍ മലിനീകരണ വിമുക്തമാകുകയും പുഞ്ചിരിക്കുന്ന പൂക്കള്‍ ഏവരേയും വരവേല്‍ക്കുകയും ചെയ്യും. എവിടെയും പച്ചപ്പുണ്ടാകും.
അമ്മച്ചി ചായ കൂട്ടുന്നതിനിടെ കവിതയെഴുതുമെന്നു കേട്ടിട്ടുണ്ട്, ശരിയാണോ?
പണ്ടൊക്കെ എഴുതിയിട്ടുണ്ട്. കഥയെഴുത്താണ് ഏറെയിഷ്ടം. ഇപ്പോള്‍ എന്‍റെ കഥയും കവിതയുമെല്ലാം ഈ പൂക്കളാണ്.
നേരം ആറുമണി. തട്ടുകടക്കു മുന്നിലെ ചായത്തിരക്കു കുറഞ്ഞിരിക്കുന്നു. എല്ലാം, അടുക്കോടെ കഴുകിയൊരുക്കി ചെടികളോടു കുശലം പറഞ്ഞ് അമ്മച്ചി നടന്നകലുകയാണ്. 'അവര്‍ക്കും' അമ്മച്ചിക്കുമിടയില്‍ ഒരുരാത്രിയുടെ അകലം.
ജലം, ആകാശം, ഭൂമി; ജനതയുടെ പൊതുസ്വത്ത്.
നഗരഗ്രാമഭേദമെന്യേ കേരളീയ സമൂഹം ഗുരുതരമായ നിലയില്‍ മാലിന്യ നിക്ഷേപ ഭീഷണിയില്‍പ്പെട്ടുലയുകയാണ്. പൊതു ഇടങ്ങളെന്നോ ശുദ്ധജല തടാകങ്ങളെന്നോ ഉള്ള വേര്‍തിരിവുകളില്ലാതെ രഹസ്യമായും പരസ്യമായും നടക്കുന്ന മാലിന്യനിക്ഷേപം, സര്‍വ്വസാധാരണക്കാരന്‍റെ സ്വാഭാവികാവകാശങ്ങളായ ശുദ്ധജലത്തിനും ശുദ്ധവായുവിനും മീതെ ഭീതിതമായ നിലയില്‍ ഭീഷണികളുയര്‍ത്തുന്നു. കഴിഞ്ഞ പത്തുവര്‍ഷക്കാലയളവിനുള്ളില്‍ കേട്ടുകേള്‍വിയില്ലാത്തവിധം സംസ്ഥാനത്താകെ സാംക്രമിക രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും പടര്‍ന്നു പിടിക്കുകയും ചെയ്യുകയാണ്. കൊതുകും ഈച്ചയും പരത്തുന്ന രോഗങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഒരിക്കല്‍ പ്രതിരോധിച്ച മലേറിയ അടക്കമുള്ള രോഗങ്ങള്‍ മടങ്ങിവന്നിരിക്കുന്നു. വിവിധങ്ങളായ അസുഖങ്ങളുടെ മൂലകാരണം പരിസരശുചിത്വമില്ലായ്മയിലെ അച്ചടക്കക്കുറവാണെന്ന് പലപ്പോഴായി നടന്ന പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.
ഇന്ത്യന്‍ ദാരിദ്ര്യത്തിന്‍റെ പശ്ചാത്തലത്തെക്കുറിച്ച് സവിസ്ഥരം ചര്‍ച്ച ചെയ്യുന്ന പ്രൊഫ. ദണ്ഡേക്കറുടെ പുസ്തകത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഏറെ മെച്ചപ്പെട്ട മനുഷ്യവികസന സൂചകങ്ങളാണ് കേരളത്തിന്‍റേതെന്ന് ഉദാഹരണങ്ങള്‍ സഹിതം സൂചിപ്പിക്കപ്പെടുന്നുവെങ്കിലും ഖരമാലിന്യസംസ്ക്കരണ രംഗത്ത് സംസ്ഥാനം ഏറെപ്പിറകിലാണ്. 44.7% വീടുകളിലും മാലിന്യസംസ്ക്കരണത്തിന് പ്രത്യേക രീതികള്‍ ഒന്നും അവലംബിക്കാതെ ചപ്പുചവറുകള്‍ അലസമായി വലിച്ചെറിയുന്ന സ്ഥിതിയാണുള്ളതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നു.
എത്ര വിചിത്രമായ രീതികള്‍
ചപ്പുചവറുകള്‍ പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നതിനുള്ള ന്യായീകരണങ്ങളായി ജീവിതശൈലികളിലുണ്ടായ അതിവേഗ മാറ്റങ്ങളെ ചൂണ്ടിക്കാട്ടുന്നവര്‍ വിരളമല്ല. പട്ടണങ്ങള്‍ മെട്രോകള്‍ക്ക് വഴിമാറിയതും ആഗോള ഫിനാന്‍സ് മൂലധനത്തിന്‍റെ ഇഷ്ടനിക്ഷേപ വിനിയോഗഉപാധി മണ്ണായതും അനുബന്ധമെന്നോണം ഭൂവിലയിലുണ്ടായ വര്‍ദ്ധിച്ച കുതിച്ചു കയറ്റവുമെല്ലാം ന്യായവാദങ്ങളായി തരാതരംപോലെ നിരത്തി വെയ്ക്കപ്പെടുകയും ചെയ്യുന്നു. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്ക്കരിക്കുന്നതിനുപകരം പൊതുസ്ഥലങ്ങളിലേക്ക് അലക്ഷ്യം വലിച്ചെറിയുന്ന അതി വിചിത്രമായ സ്വഭാവരീതിക്ക് അതതു കുടുംബങ്ങളുടെ പുരയിട വിസ്തീര്‍ണ്ണവുമായി ഒരുവിധ ബന്ധവുമില്ലെന്നത്, ചുരുങ്ങിയ ചുറ്റളവുകളില്‍ ലളിതവും ശാസ്ത്രീയവുമായ വിധത്തില്‍ ഖരമാലിന്യ സംസ്ക്കരണം വിജയകരമായി സാധ്യമാക്കിയ നിരവധി കുടുംബങ്ങള്‍ സാക്ഷ്യം ചെയ്യുന്നു. അതുകൊണ്ടുതന്നെ സൗകര്യങ്ങളുടെ ലഭ്യത/അക്കദാമിക മികവുകള്‍/ സാമൂഹ്യസ്ഥിതി ഇവയേക്കാളുപരി രാഷ്ട്രീയവും സാമൂഹ്യവുമായ പ്രതിബദ്ധതയും പൊതുബോധവുമാണ് മാലിന്യസംസ്ക്കരണത്തിന്‍റെ വിധങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ സവിശേഷ ഘടകങ്ങളെന്ന് നിസ്സംശയം പറയാം. ഫ്രിഡ്ജിലടക്കം ചെയ്ത ആഴ്ചകള്‍ പഴകിയ ഗോബി മഞ്ചൂരിയന്‍, ചിക്കന്‍, നാപ്ക്കിന്‍, കള്ളുകുപ്പി, ഗര്‍ഭനിരോധന ഉറകള്‍ തുടങ്ങി പഴയ തകരവും പ്ലാസ്റ്റിക്കുമെല്ലാം അടക്കം ചെയ്ത 'സൊഫെസ്റ്റിക്കേറ്റഡ്' കവറുകളുമായി എല്ലിനിടയിലെ കൊഴുപ്പുരുക്കാന്‍ നേരം പരപരാ വെളുക്കും മുന്‍പേ കവാത്തു നടത്തുന്ന നവമലയാളി; ശൂന്യമായ കൈകളാല്‍ 'തല' തെങ്ങുപോലുയര്‍ത്തി വീടുപറ്റുന്നത്, ഒളിഞ്ഞു നോട്ടക്കാരന്‍റെ കൗശലം കാട്ടി പൊതുമണ്ണിന്‍റെ ജൈവഘടനയെ താറുമാറാക്കി, പ്ലാസ്റ്റിക്ക് വിസര്‍ജ്ജിച്ചു മടക്കിക്കൊണ്ടാണ്.
അതിരുകള്‍ അപ്രസക്തമാക്കി ലോകമെമ്പാടും പരിസ്ഥിതിക സംരക്ഷണത്തിന്‍റെയവശ്യകത തിരിച്ചറിഞ്ഞ് ചെറുതും വലുതുമായ സമരങ്ങള്‍ ശക്തിപ്പെടുകയാണ്. പൊതുസമൂഹത്തെയാകെ കമ്പോളവല്‍ക്കരിച്ച് ലാഭം മാത്രം കൊയ്യുന്നതിനുള്ള ധനമൂലധന ശക്തികളുടെ സംഘടിത ശ്രമങ്ങളാണ് പാരിസ്ഥിതിക ചൂഷണങ്ങളുടെയടിസ്ഥാനം. ശാസ്ത്രസാങ്കേതിക വിദ്യയുടെ വളര്‍ച്ചയെയടക്കം തങ്ങളുടെ ഇച്ഛാനുസരണം മെരുക്കിയെടുത്ത് ചൂഷണം ശക്തിപ്പെടുത്തി അനൈതികവും അധാര്‍മ്മികവുമായ നിലയില്‍ അവര്‍ കൊള്ള നടത്തുന്നു. കോര്‍പ്പറേറ്റു ഭീകരതയുടെ ഫാഷിസ്റ്റു രൂപമാണിത്. ചെറുത്തുനില്‍പ്പുകളെ ദുര്‍ബലപ്പെടുത്തി ദിശ തെറ്റിപ്പിക്കുന്നതിനായി സാമൂഹ്യ പ്രതിബദ്ധതാ നയം (corporate social responsibility) 'ഉത്തരവാദിത്വ വികസനം' (responsible development) തുടങ്ങി ചന്തമുള്ള പൊടിക്കൈകള്‍ പ്രയോഗിക്കുകയും ചെയ്യുന്നു.
സഹനം .. സമരം .. അതിജീവനം
നഗരമാലിന്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ കേരളത്തിലങ്ങിങ്ങോളം നിരവധിയായ സമരങ്ങള്‍ നടക്കുന്നുണ്ട്. തിരുവനന്തപുരത്തെ വിളപ്പില്‍ശാല, കൊച്ചിയിലെ ബ്രഹ്മപുരം,കണ്ണൂരിലെ ചോലോറ, തലശ്ശേരിയിലെ പെട്ടിപ്പാലം തുടങ്ങി പരിസ്ഥിതിക്കായുള്ള സാധാരണക്കാരന്‍റെ പോരാട്ടങ്ങള്‍ കരുത്താര്‍ജ്ജിക്കുകയാണ്. നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ ജലമലിനീകരണത്തിനെതിരായി തൃശ്ശൂര്‍ ജില്ലയിലെ കാതിക്കുടം ഗ്രാമവാസികള്‍ നടത്തുന്ന ചെറുത്തു നില്‍പ്പുകള്‍, മണല്‍ മാഫിയക്കെതിരെ കണ്ണൂരിലെ ജസീറയുടെ സമരം, പെപ്സിക്കമ്പനിയുടെ ജലചൂഷണത്തിനെതിരായി മയിലമ്മയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍, കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച കല്ലന്‍ പൊക്കൂടാന്‍റെ ജീവിതം, പ്രദേശത്തെ നീര്‍ച്ചാലുകളുടെ സംരക്ഷണത്തിനായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വര്‍ക്കലയിലെ ഹരിഹരപുരത്തു സംഘടിപ്പിച്ച സവിശേഷമായ ഇടപെടലുകള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം , മഴവെള്ള ശേഖരണം (മഴക്കുഴികളുടെ നിര്‍മ്മാണം) സി.പി.ഐ (എം) സംസ്ഥാനത്തു സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ തുടങ്ങി, നാടെമ്പാടും മണ്ണും, ആകാശവും, പൊതുസമ്പത്തും സംരക്ഷിക്കുന്നതിനും ശുദ്ധജലത്തിനും / ശുദ്ധവായുവിനുമായുള്ള ക്രിയാത്മക സമരങ്ങള്‍ വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന നിലയില്‍ മാതൃകാപരമാംവിധം വളര്‍ന്നു വരുന്നു.
പരിസ്ഥിതി സംരക്ഷണവും മാലിന്യനിര്‍മ്മാര്‍ജ്ജനവും ലക്ഷ്യംവെയ്ക്കുന്ന ക്രിയാത്മകവും സര്‍ഗ്ഗാത്മകവുമായ ഇടപെടലുകള്‍ ചൂഷണത്തിനെതിരായ രാഷ്ട്രീയ സമരം തന്നെയാണ്. ഭൂമിയിലെ കാര്‍ബണ്‍ഡൈഓക്സൈഡിന്‍റെ അളവ് അനിയന്ത്രിതമാംവിധം വര്‍ദ്ധിപ്പിച്ചതിന്‍റെ തിക്തഫലമാണ് ആഗോളതാപനം. പ്രസ്തുത വിപത്ത് കാലാവസ്ഥാ വ്യത്യാനമായും ഭക്ഷ്യപ്രതിസന്ധിയായും പട്ടിണിയായുമെല്ലാം ആപത്ക്കരമാംവിധം പൊതുജീവിതത്തിനുമേല്‍ പ്രതിഫലിച്ചുകൊണ്ടേയിരിക്കുന്നു. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ലാഭം ലാക്കാക്കി പ്രകൃതിയ്ക്കും ഭൂമിയ്ക്കുംമേല്‍ ആഗോളവല്‍ക്കരണ ശക്തികള്‍ തുടരുന്ന കയ്യേറ്റങ്ങളാണ് ആഗോളതാപനത്തിന്‍റെ സുപ്രധാന കാരണം.
നഗരങ്ങള്‍ ഉള്ളിടത്തോളം ട്രാഫിക് ഐലന്‍റുകള്‍ ഉണ്ടാകും......
മനുഷ്യര്‍ ഉള്ളിടത്തോളം മാലിന്യങ്ങളും......
അതുകൊണ്ടുതന്നെ ചിന്തകളില്‍ പ്രതിബദ്ധതയുടെ 'പച്ചതെളിക്കാന്‍' അമ്മച്ചിമാര്‍ ഉണ്ടാകണം.
പൂത്തുനില്‍ക്കുന്ന ചെടികളും.....
(Image courtesy: Ratheesh Rohini)