Haja Moinudeen

കിക്ക്

കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു ഒരു രക്ഷയുമില്ല തുറക്കുന്നില്ല. എന്റെ ആവശ്യമായിപ്പോയില്ലെ ഒരു വിധത്തില്‍ തുറന്നു. കണ്ണുകളില്‍ ചിലന്തി കൂടു കെട്ടിയതായി തോന്നി പോയി ഒന്നും വ്യക്തമല്ല. കണ്ണില്‍ ഇറുക്കി തിരുമി ഫാന്‍ കറങ്ങുന്നുണ്ട്... അതൊയെന്റെ തലയൊ.. രണ്ടും കറങ്ങുന്നുണ്ട്. രാവിലെ തുടങ്ങിയതല്ലെ... സഹകുടിയന്മാര്‍ ദാണ്ടെ പോത്ത് പോലെ കിടന്നുറങ്ങുന്നു. ദേഹത്ത് ഒരു തുണിപോലുമില്ല. എ മോഡല്‍ കിടപ്പ്. സമയം വൈകി വൈകികിട്ടത്തെ ട്രയിനില്‍ വീട്ടിലേക്ക് പോവേണ്ടതാ ബാക്കി ബോട്ടില്‍ മോര്‍ഫിസ് ബ്രാന്‍ഡിയും... ഏതാണ്ട് ഒരു മൂന്നു ലാര്‍ജ്ജ് കഷ്ടി. നീല ചടയന്റെ കൊത്തും പോക്കറ്റിലാക്കി ബാഗും തൂക്കി റോഡിലൂടെ നടന്നു. വൈകുന്നേരത്തെ ഇളം വെയിലേറ്റിട്ടും തല പൊട്ടുന്നത് പോലെ. മൈഗ്രേനുണ്ടെന്നു തീര്‍ച്ച. ഡോക്ടറെ കാണണം. ഇപ്പോഴല്ലേ തിരികെ വന്നിട്ട് നല്ലൊരു ലേഡി ഡോക്ടറെ തന്നെ കാണണം.


വെള്ളമടിച്ചതിന്റെ കിക്ക് കൊടുമുടിയില്‍ നില്‍ക്കയാണ്. മുള്ളിനെ മുള്ള് കൊണ്ടെടുക്കണം അങ്ങയൊണല്ലോ പഴമൊഴി. തമ്പാനൂര്‍ കമ്പര്‍ട്ട്മെന്റ് സ്റേഷില്‍ കയറി പെപ്സിയില്‍ മോര്‍ഫിസ് ബ്രാന്‍ഡി മിക്സാക്കി. നീല തിരുകി സിഗററ്റിനുള്ളിലാക്കി. നടുറോഡില്‍ നിന്നു കൊണ്ട് പുകച്ചു തള്ളി. പെപ്സി കുപ്പി വായില്‍ തിരുകി പകുതിയും ഒറ്റ വലിക്ക് കുടിച്ചു. നീലന്‍ അറ്റം പറ്റി. കാലി കുപ്പിയെ റോഡില്‍ തന്നെ വലിച്ചെറിഞ്ഞു.


കുറച്ച് കഴിഞ്ഞില്ല ഉള്ളില്‍ ചെന്നവന്‍മാര്‍ വിദേശിയും സ്വദേശിയും കളി തുടങ്ങി മിക്സ്ട് ഡബിള്‍സിലെ ലിയാന്‍ഡര്‍ പെയ്സ് മാര്‍ട്ടി വരത്ലോവ പോലെ ഒരാള്‍ മൂന്നാളാവുകയും, മൂന്നാള്‍ ഒരാളാവുകയും ചെയ്യുന്ന പ്രക്രിയ. പറക്കുകയാണെന്ന് തോന്നുന്നു... നടന്നു.... നടന്നു.... ചോളബാറിന്റെ മുന്നിലെത്തി വാതിലിലൂടെ അകത്തേക്ക് നോക്കി ദാവൂദ് ഇബ്രാഹിമും ചോട്ടാ ഷക്കീലും ബാര്‍ കൌണ്ടറില്‍ നിന്ന് നില്‍പ്പനടിക്കുന്നു. ഇരുവരുടേയും കക്ഷത്ത് കവറുകള്‍. കവറുകളില്‍ ജോലി തുണിയായിരിക്കും. നില്‍പ്പനടിക്കുമ്പോഴും ദാവൂദിന്റെ മുഖത്ത് കൂളിംഗ് ഗ്ളാസുണ്ട്. കുടി കഴിഞ്ഞ് രണ്ടുപേരും എട്ട് കാലില്‍ എന്റെയടുത്തെത്തി.


ശശിധരന്‍ സാറിന്റെ മോനല്ലേ...? ദാവൂദ് ഇബ്രാഹിം ചോദിച്ചു. ഓ... അച്ഛനെ അറിയൊ...?


പിന്നെ... മ്മുടെ സാറല്ലേ.... എന്റെ തോളില്‍ തട്ടി ദാവൂദ് ഇബ്രഹീമും ചോട്ടാഷക്കീലും നാഗര്‍ കോവില്‍ ബസില്‍ കേറിപോയി.


കുറെ നേരം ചോളാ ബാറിന്റെ പടിക്കലിരുന്നു. നേരെ എതിര്‍വശത്തെ വൈദ്യന്‍ തൈക്കാട് കൃഷ്ണന്‍ മൂസിന്റെ ഒറ്റമുറി വൈദ്യശാല കണ്ണില്‍പെട്ടു. കണ്‍സള്‍ട്ടേഷും, ഫാര്‍മസിയും, ഒറ്റമുറിയില്‍ തന്നെ. ഫാര്‍മസിയില്‍ പേരിനു രണ്ട് മൂന്ന് കഷായ കുപ്പികള്‍. കണ്ണ് കറങ്ങി താഴെ പോവുന്നു അതിന്റെ കൂടെ തലയും കൈ കൊണ്ട് തലയെ നിവര്‍ത്തിയിരുത്തി നേരെയാക്കിയപ്പോള്‍ വൈദ്യര്‍ കൃഷ്ണന്‍ മൂസ് ഷാരൂഖ്ഖാന്റെ കാലില്‍ കൊട്ടം ചുക്കാതി തൈലമിട്ട് തിരുമുന്നു. ഞാന്‍ റോഡ് ക്രോസ് ചെയ്ത് വൈദ്യരുടെ വൈദ്യശാലയിലെത്തി. ഷാറൂഖ്ഖാന്‍ ആരാധയോടെ നോക്കി.


ഗൌരിയും... പിള്ളേര്‍ക്കും സുഖമാണോ... ഞാന്‍ ചോദിച്ചു. ആ... പരമ സുഖം എന്തുപറ്റി ഷാരൂഖെ... കാലില്‍?


വാദക്കൂറാ... ഷാറൂഖ് ഖാന്‍ തടവുന്ന വേദന കടിച്ച് പിടിച്ചു പറഞ്ഞു. എന്തൊക്കെ കാണണം. എന്റെ ഭഗവാനേ . സ്വയം പറഞ്ഞ് സലാം നല്‍കി വീണ്ടും നടന്നു.


തമ്പാനൂര്‍ പോലീസ് സ്റ്റേഷന്റെ മുന്നിലൊരാള്‍ക്കൂട്ടം. വെളിയില്‍ തമ്പാനൂര്‍ കൌണ്‍സിലറും ബരാക് ഒബാമയും എന്തൊക്കെയോ സംസാരിക്കുന്നു. ഞാന്‍ കൂടി നിന്നവരെ വകഞ്ഞുമാറ്റി മുന്നിലെത്തി. പോലീസ് സ്റ്റേഷന്റെ ഉള്ളില്‍ നിന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുട്ടിന്‍ തമ്പാനൂര്‍ എസ്.ഐ കൂടി എന്തൊക്കെയോ സംസാരിച്ച് കൊണ്ട് ഇറങ്ങിവരുന്നു.


എഡ്വേര്‍ഡ് സ്നോഡറെ വിട്ടു തരത്തില്ല... ഓബാമക്ക് പോവാം.. എസ്.ഐ. രൂക്ഷ ഭാഷയില്‍ പറഞ്ഞു.


പുട്ടിനും ഒബാമയും മാറിനിന്ന് വീണ്ടും കുറെ നേരം സംസാരിച്ചു. അവസാനം കാലിയായി വന്ന ഓട്ടോറിക്ഷയില്‍ ഒബാമയെ പുട്ടിന്‍ കയറ്റി വിട്ടു. പിന്നില്‍ നിന്നു വന്ന വേറൊരു ഓട്ടോയില്‍ പുട്ടിനും സ്ഥലം വിട്ടു. എല്ലാം പേരും പോയി ഞാന്‍ മാത്രം വീണ്ടും തിച്ചവിടെ നിന്നു.


കാഴ്ചകളൊക്കെ കണ്ട് പൊരിവെയിലത്ത് നടന്നതു കൊണ്ടാവണം നല്ല വിശപ്പ്. അവിടെ കണ്ട പുളിശ്ശേരികടയെന്ന നാടന്‍ ഹോട്ടലില്‍ കയറി. ഊണിനു പറഞ്ഞു.


ഊണിന് വേറൊന്നും വേണ്ട പുളിശ്ശേരിമാത്രം മതി. അതും നല്ല മാമ്പഴം അല്ല പൈനാപ്പിള്‍ പുളിശ്ശേരി. ഈ വൈകുന്നേരത്തും ഗംഭീര തിരിക്കാ... ഊണ് കിട്ടിയത് ഭാഗ്യം മേശപ്പുറത്തുവച്ചിരുന്ന പുളിശ്ശേരി ചട്ടിയില്‍ പുളിശ്ശേരി ഒട്ടുമില്ല. മുന്നിലിരിക്കുന്ന പഹയന്‍ മുഴുവും മോരില്‍ കുഴച്ചടിക്കയാണ്.


ആരെടാ... ഈ പുളിശ്ശേരി ഭ്രാന്തന്‍?


ശ്രദ്ധിച്ചു നോക്കിയപ്പോള്‍... എന്റെമ്മോ .. മുന്നില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍? പുളിശ്ശേരി പ്രസിദ്ധമായ മുറി മീശയില്‍ പറ്റിപ്പിടിച്ചിരിപ്പാണ്. ചെറിയൊരു കറിവേപ്പിലയും കൂട്ടിനുണ്ട്.


ഫ്യൂഹറര്‍... കറിവേപ്പില? ഞാന്‍ കുറച്ചു ഭയത്തോടെ പറഞ്ഞു.


എവിടെ...?


ചുണ്ടിന്റെ മകളില്‍......


ഹിറ്റ്ലര്‍ മീശയില്‍ പറ്റിയിരുന്ന കറിവേപ്പില തുടച്ചു മാറ്റി കഴിച്ച് ഇലയുമെടുത്ത് വാഷ് ബെയ്സിനിലേക്ക് കൈ കഴുകാന്‍ ചെല്ലുന്നതിനു മുമ്പ് എന്റെ നേര്‍ക്ക് 'ഡാങ്കെ' യെന്ന് ജര്‍മന്‍ ഭാഷയില്‍ നന്ദി പറഞ്ഞു.


ഊണ് കഴിഞ്ഞ് പൈസ കൊടുക്കാന്‍ നേരം ഹിറ്റ്ലര്‍ എന്റെ ഊണിന്റെ കാശു കൂടി കൊടുത്തു പോയികഴിഞ്ഞിരുന്നു.


എത്ര നല്ല മുനുഷ്യന്‍.... മനസില്‍ കരുതി.ലഹരിയുടെ വീര്യം കുറയുന്നുവെന്ന് എനിക്കു മസ്സിലായി. പിടിത്തം വിടാന്‍ പാടില്ല. നീറി... .നീറി.. നില്‍ക്കണം ... ഓടി ചോളാബാറില്‍ കയറി രണ്ട് 90 മോര്‍ഫ്യൂസിന്‍ അകത്താക്കി. നിമിഷങ്ങള്‍ക്കകം അവന്‍ പണിതുടങ്ങി. ഞാന്‍ വീണ്ടും ചാര്‍ജ്ജായി. സമയം അഞ്ചായി. പോവേണ്ട ട്രെയിന്‍ പോയി കഴിഞ്ഞിരുന്നു. ട്രയിന്‍ കാത്ത് ഞാന്‍ നിന്നത് കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍ഡിലായിരുന്നു അതുകൊണ്ടായിരിക്കണം ട്രയിന്‍ മിസായത്.


ഇനി ഏതായാലും ബസില്‍ വീട്ടിലെത്താം കാത്തിരിപ്പിനൊടുവില്‍ ഒഴിഞ്ഞൊരു സീറ്റുകിട്ടി. യാത്ര ആരംഭിച്ചു.


രണ്ട് മണിക്കൂറുകള്‍ക്കകം ബസ് നാട്ടിലെത്തി. സ്റ്റോപ്പില്‍ നിന്നും കുറച്ചു നടന്നാല്‍ വീടായി . വീണ്ടും നടന്നു വഴിവക്കത്ത് വച്ചു തൊണ്ടയില്‍ കൈ വച്ചും ചര്‍ദ്ദിക്കാന്‍ നോക്കി. ശ്രമം വിജയിച്ചു. പക്ഷേ അവശനായിപ്പോയി. പുറം തടവിത്തരാന്‍ ഒറ്റ മനുഷ്യരില്ല. ലഹരി വിട്ടകലുന്ന ലക്ഷണമില്ല. കുളത്തില്‍ കുളിച്ചാല്‍ മാറുമായിരിക്കും. പാന്റും ബിയു അഴിച്ചു ബാഗും കുളത്തിന്റെ പടിക്കെട്ടില്‍ വച്ചു ഒറ്റ ചാട്ടം.


രാത്രി കുളമാകെ ഞാന്‍ വല വച്ചു. ഫ്രന്റ് സ്ട്രോക്, ബാക് സ്ട്രോക്ക്, ബട്ടര്‍ ഫ്ളൈ സ്ട്രോക്ക് അങ്ങ പല മ്പരുകള്‍.


കുളികഴിഞ്ഞു നല്ല പോലെ തല തുടച്ചു. തോര്‍ത്തിന്റെ, അറ്റം ചുരുട്ടി... കൂര്‍പ്പിച്ച് ചെവിയിലിട്ടു. എന്താ സുഖം...


തെങ്ങിന്‍ തോപ്പിന്റെ ഇടയിലൂടെ നടന്നു. ചൂട്ടിന്‍ തീയും കത്തിച്ച് സ: ഫിഡല്‍ കാസ്ട്രേ മുണ്ടും മടക്കി കുത്തി എതിരെ ടന്നുവരുന്നു. കമ്മ്യൂണിസ്റ് പച്ചതൊപ്പി തലയിലുണ്ട്. ചുണ്ടില്‍ വലിയ ക്യൂബന്‍ ചുരുട്ടും. എവിടുന്ന് വരുന്നെടാ ഈ രാത്രിയില്‍? കുറച്ചു ഗൌരവത്തില്‍ സഖാവ് എന്നോട് ചോദിച്ചു.


ജോലി കഴിഞ്ഞു വരുന്നതാ.. ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.


വാ. ഞാന്‍ കൊണ്ടാക്കി തരാം


മുന്നില്‍ സ.ഫീഡല്‍ കാസ്ട്രോ ചൂട്ടനക്കി അനക്കി, നടന്നു. ഞാന്‍ സഖാവിനെ അനുഗമിച്ചു ... വീടെത്തി വാതില്‍ക്കല്‍ മുട്ടി.. രണ്ടു മൂന്നുതവണ... വാതില്‍ തുറക്കപ്പെടുന്നതിനു മുമ്പ്... കള്ളിന്റെ നാറ്റമുണ്ടായെന്ന് സ്വയം പരിശോധന നടത്തി. ധൈര്യത്തിന് കൈയിലിരുന്ന ബബിള്‍ഗം വായിലിട്ടു... വാതില്‍ തുറക്കപ്പെട്ടു.


ശശിധരന്‍ നായരല്ലേ... ഞാനച്ഛാനോട് ചോദിച്ചു.


അതേടാ... നിന്റെ അമ്മ ഇന്ദിരയെ കെട്ടിയ ശശിധരന്‍ നായര് തന്നെ... കയറി വാ... വീട്ടില്‍ കയറി ഞാന്‍ കതകടച്ചു. കതകടക്കുന്നതിനു മുമ്പ് വെളിയിലോട്ട് നോക്കി . സഖാവിന്റെ ചൂട്ടിന്റെ വെട്ടം തെങ്ങിന്‍ തോപ്പിലൂടെ മിന്നിക്കൊണ്ടിരുന്നു.