Madathara Sugathan

അടിയന്തരാവസ്ഥ ഒരു രാഷ്ട്രീയ സംഭവമാണ്

അടിയന്തരാവസ്ഥ ഒരു രാഷ്ട്രീയ സംഭവമാണ്. വെള്ളപ്പൊക്കം പോലെയോഅഗ്നിപര്‍വ്വതസ്ഫോടനം പോലെയോ ഒരു പ്രകൃതി പ്രതിഭാസം അല്ല. ഇന്ത്യയെപ്പോലെ മതേതര ജനാധിപത്യ വ്യവസ്ഥയുള്ള ഒരു വികസ്വര രാജ്യത്ത് സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കുന്നതിനു ഒരു രാഷ്ട്രീയ പശ്ചാത്തലം തീര്‍ച്ചയായും ഉണ്ടാകും.



1959ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ്‌റ പ്രസിഡണ്ടായ ഇന്ദിര ഗാന്ധിക്ക് മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളുടെയും പിന്തുണയില്ലായിരുന്നു. 1966ല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് ശേഷം കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ മൊറാര്‍ജി ദേശായിയെ തോല്‍പ്പിച്ച് പ്രധാനമന്ത്രിയായ ശ്രീമതി ഗാന്ധി, 1967ലെ തെരഞ്ഞെടുപ്പില്‍ ചെറു ഭൂരിപക്ഷത്തോടെ വീണ്ടും പ്രധാനമന്ത്രിയായി. 69 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നീലം സഞ്ജീവ റെഡ്ഡിയെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ അതില്‍ വിയോജിച്ച് വിവി ഗിരിയെ മത്സരിപ്പിച്ചു് പ്രസിഡണ്ടാക്കി. അതിന് ഇടതുപക്ഷത്തിന്റെ പിന്തുണയും അവര്‍ക്ക് ലഭിച്ചു. അവര്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു. രാജാക്കന്മാരുടെ പ്രിവിപഴ്സ് നിര്‍ത്തലാക്കി അതൊക്കെയും പാര്‍ട്ടിയിലും ഭരണത്തിലും അവരുടെ മേധാവിത്വം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ആ ഭിന്നിപ്പ് കോണ്‍ഗ്രസിനെ പിളര്‍ത്തി. കോണ്‍ഗ്രസ് ഇന്‍ഡിക്കേറ്റും സിന്‍ഡിക്കേറ്റും എന്ന് രണ്ടായി.. കോണ്‍ഗ്രസിലെ ഭൂരിപക്ഷത്തെയും തന്‍റെ ഭാഗത്ത് നിര്‍ത്തി 1971 ലെ തെരഞ്ഞെടുപ്പില്‍ “ഗരീബി ഹഠാവോ” എന്ന മുദ്രാവാക്യമുയര്‍ത്തി, ഗ്രാമത്തിലൊരു വ്യവസായശാല, വീട്ടിലൊരാള്‍ക്ക് തൊഴില്‍, ഒരു പശു എന്നിങ്ങനെ വാഗ്ദാനങ്ങള്‍ നല്‍കി, അതു നടപ്പാക്കാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം തരൂ എന്നാവശ്യപ്പെട്ടു കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ട് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു.



ആ പിന്തുണ അവരെ അമിത അധികാരത്തിലേക്കു നയിച്ചു . ബാഹ്യശക്തികള്‍ ആയി മാറിയ അവരുടെ മകന്‍ സഞ്ജയ് ഗാന്ധിയും ധീരേന്ദ്ര ബ്രഹ്മചാരിയും പറക്കും സ്വാമിയും അമിതാധികാര കേന്ദ്രങ്ങളായി. രാജ്യത്തെ സ്വര്‍ഗ്ഗം ആക്കാന്‍ ഇരുപതിന പരിപാടി പ്രഖ്യാപിച്ചു. സഞ്ജയന്‍റെ അഞ്ചിനപരിപാടിയിലെ നിര്‍ബന്ധിത വന്ധ്യംകരണവും ചേരി നിര്‍മ്മാര്‍ജനവും ജനങ്ങളുടെമേല്‍ വന്‍ ദുരിതങ്ങള്‍ നല്‍കി. തുര്‍ക്ക്മാന്‍ ഗേറ്റ് ബുള്‍ഡോസറുകള്‍ ഇടിച്ചു നിരത്തി…(അവിടെ ബുള്‍ഡോസറിനടിയില്‍ ചതഞ്ഞരഞ്ഞുമരിച്ച പെണ്‍കുട്ടിയുടെ ചോരപുരണ്ട വസ്ത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ. ജ്യോതിര്‍മയി ബസു പാര്‍ലിമെന്റില്‍ കൊടുംക്രൂരതകള്‍ വിവരിച്ചു. ലോകമാദ്ധ്യമങ്ങള്‍ അത് വാര്‍ത്തയാക്കി. ആയിരക്കണക്കിന് പുരുഷന്മാരെ പിടിച്ചു കെട്ടി വന്ധ്യംകരിച്ച് ഉദ്യോഗസ്ഥര്‍ ക്വോട്ട തികച്ചു.1974 ആയപ്പോഴേക്ക് സ്ഥിതി വഷളായി. ഗുജറാത്തിലും ബീഹാറിലും വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ശ്രീമതി ഗാന്ധി തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചു എന്നു വ്യക്തമാക്കിക്കൊണ്ടും തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടും ആറുവര്‍ഷത്തേക്ക് അവര്‍ മത്സരിക്കാന്‍ പാടില്ലെന്നുമുള്ള അലഹാബാദ് കോടതി വിധി വന്നു. ശ്രീമതി ഗാന്ധിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രാജ്യമാകെ വന്‍ പ്രക്ഷോഭങ്ങള്‍ നടന്നു . ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ക്കെതിരെ, അഴിമതിക്കും ദുര്‍ ഭരണത്തിനുമെതിരെ ഉയര്‍ന്ന വന്‍ ജനരോഷം നേരിടാന്‍ ശ്രീമതി ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരത്തിത്തൊള്ളായിരത്തി 1975 ജൂണ്‍ ഇരുപത്തിയഞ്ചാം തീയതി. രാജ്യസുരക്ഷയ്ക്ക് വേണ്ടി, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍വേണ്ടി, വികസനത്തിനുവേണ്ടി, ജനാധിപത്യത്തിനുവേണ്ടി, എന്നായിരുന്നു പ്രചാരണം. അവര്‍ ഭരണഘടന സസ്പെന്‍ഡ് ചെയ്തു. മിസ ഡി ഐ ആര്‍ പോലുള്ള കരി , കരുതല്‍തടങ്കല്‍ നിയമങ്ങള്‍ കൊണ്ടു വന്നു . പ്രസ്സ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി.( ദേശീയപത്രങ്ങള്‍ മുഖപ്രസംഗങ്ങള്‍ എഴുതാതെ അവിടം ശൂന്യമായിട്ടും ദേശാഭിമാനി പോലുള്ള പത്രങ്ങള്‍ ആകോളം കറുത്തചായം അടിച്ചും പ്രതിഷേധിച്ചു ). പ്രകടനങ്ങള്‍ പാടില്ല. യോഗങ്ങള്‍ പാടില്ല,സമരങ്ങള്‍ പാടില്ല , യൂണിയന്‍ പ്രവര്‍ത്തനം പാടില്ല, രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ല എന്നു പ്രഖ്യാപിച്ചു. “നാവടക്കൂ പണിയെടുക്കൂ” എന്നായി മുദ്രാവാക്യം. ഭരണകൂടത്തിന്‍റെ പ്രചാരണ ഘോഷങ്ങള്‍ക്കും പ്രസ്താവങ്ങള്‍ക്കും അപ്പുറം അടിയന്തരാവസ്ഥയില്‍ സത്യത്തില്‍ എന്ത് നടന്നു എന്ന് ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടിലും “ഇന്ദിര തളര്‍ച്ചയും തകര്‍ച്ചയും” “ജീവിച്ചിടുന്നു സ്മൃതിയില്‍” തുടങ്ങിയ നിരവധി പുസ്തകങ്ങളിലും വിവരിക്കുന്നു.



കേരളത്തിലെ അടിയന്തരാവസ്ഥ:


ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രി സി അച്യുതമേനോന്‍ ആയിരുന്നു. ആഭ്യന്തരമന്ത്രി കെ കരുണാകരന്‍ ശ്രീമതി ഗാന്ധിയുടെ അന്ത:പ്പുര ബന്ധുവായിരുന്നു. കോണ്‍ഗ്രസിന്‍റെ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍മാരായിരുന്ന വയലാര്‍ രവിയും എ കെ ആന്‍റണിയും അംബിക സോണിയും പ്രിയരഞ്ജന്‍ദാസ് മുന്‍ഷിയും പോലുള്ള നേതാക്കളോടൊപ്പം അധികാരത്തില്‍ ആര്‍മാദിച്ച കരുണാകരന്‍ അറസ്റ്റുകളും റെയ്ഡുകളും നടത്തി മാര്‍ക്സിറ്റുകളെ ജയിലിലാക്കി. പ്രകടനങ്ങളെയും യോഗങ്ങളെയും ലാത്തിച്ചാര്‍ജ് ചെയ്തു. തോട്ടം.കയര്‍, കശുവണ്ടി, ബീഡി മേഖലകളില്‍ മുതലാളിമാരും കങ്കാണിമാരും ഐഎന്‍ടിയുസി നേതാക്കന്മാരും കരാറുകള്‍ കാറ്റില്‍ പറത്തി. എത്ര കൊടിയ അനീതിയും ചൂഷണവു അക്രമവും നടത്തി മനുഷ്യനെ പച്ചക്കു തിന്നുന്ന വിളയാട്ടം നടത്തി. തിന്നുന്ന രാജാവിനു കൊല്ലുന്ന മന്ത്രിയെന്ന നിലയില്‍ പോലീസ് തേര്‍വാഴ്ച നടത്തി. നാട്ടിലെ ഛോട്ടാ നേതാക്കന്മാര്‍ പോലീസ് ജീപ്പിന് മുന്‍സീറ്റില്‍ ഇരുന്ന് നാട്ടിടവഴികളിലൂടെ സഞ്ചരിച്ച ജനങ്ങളെ വിരട്ടി അവനെപ്പിടി ഇവനെപ്പടി എന്നു പറഞ്ഞു അറസ്റ്റുചെയ്യുകയും മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.



നാടാകെ ഭയാനക ഭീകരവാഴ്ചയുടെ അന്തരീക്ഷം സൃഷ്ടിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതല്ലാതെ മറ്റൊന്നും നാട്ടില്‍ നടക്കരുത് എന്ന മട്ടിലായിരുന്നു നേതാക്കന്മാരുടെ പോക്ക്. അഴിമതിയും പണംപിടുങ്ങലും ഉപകാരങ്ങള്‍ക്ക് സ്ത്രീശരീരമാവശ്യപ്പെടലും സര്‍വ്വസാധാരണമായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ട്രാന്‍സ്ഫറും പ്രൊമോഷനും എല്ലാം കോണ്‍ഗ്രസുകാര്‍ നിനയ്ക്കുന്ന വിധത്തിലായി. സഹകരണ ബാങ്കുകളും പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ബോര്‍ഡുകളും കോണ്‍ഗ്രസുകാരാല്‍ കുത്തിനിറക്കപ്പെട്ടു. പത്രങ്ങളും റേഡിയോയും അടിയന്തിരാവസ്ഥയുടെ പ്രകീര്‍ത്തനങ്ങളാല്‍ നിറഞ്ഞു. ഇരുപതിനപരിപാടയിലെ ഐആര്‍ഡിപി ലോണ്‍ എടുത്ത കമലാക്ഷി വാങ്ങിയ കോഴികള്‍ ദിവസവും വലിയ മുട്ടകളിട്ട് ടീയാള്‍ ലക്ഷപ്രഭുവായെന്ന് ശബ്ദരേഖകള്‍ നിത്യവും… കരുണാകരനിഷ്ടപ്പെടാത്ത പാട്ടുപാടിയ കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജിലെ ആര്‍ രാജന്‍ എന്ന വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് കക്കയം ക്യാമ്പില്‍ വെച്ചു ഉരുട്ടി ക്കൊന്ന് ഡാമിന്‍റെ കയത്തില്‍ കല്ലുകെട്ടി താഴ്ത്തി.



വര്‍ക്കല വിജയന്‍ നാദാപുരം കണ്ണന്‍ തുടങ്ങിയ എത്രയോപേര്‍ ഇത്തരം പോലീസ് ക്യാമ്പുകളില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു, കൊല്ലപ്പെട്ടു .പോസ്റ്ററൊട്ടിച്ച് എന്നോ, മുദ്രാവാക്യം മുഴക്കി എന്നോ, പാലം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്നോ, ബോംബുണ്ടാക്കാന്‍ ശ്രമിച്ചെന്നോ, പോലീസ് വണ്ടി അട്ടിമറിക്കാന്‍ പ്ലാനിട്ടെന്നോ കള്ളക്കേസുണ്ടാക്കിയാണ് അറസ്റ്റുകള്‍. എന്നോടൊപ്പം ജയിലിലുണ്ടായിരുന്ന കുന്നിക്കോട്ടെ സഖാക്കള്‍ക്കെതിരെയെടുത്ത കേസ് കല്ലടയാറ്റിന് തീവച്ചൂ എന്നായിരുന്നുപോലും!. എന്നെപ്പോലുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ വ്യവസ്ഥാപിതമായ ഇന്ത്യന്‍ ഭരണഘടന അട്ടിമറിക്കാനും രാജ്യത്ത് സായുധ കലാപമുണ്ടാക്കാനും ഗൂഢാലോചന നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്തു എന്നാണ് കേസ്. വടക്കേ ഇന്ത്യയിലെ കിരാതവാഴ്ച യെക്കുറിച്ച് വിശദീകരിക്കുന്നില്ല എങ്കിലും ഐഎഎസ്കാരുടെ വീടുകളില്‍പോലും കടന്നുകയറിയ യൂത്ത് കോണ്‍ഗ്രസ് , ചത്രപരിഷത്ത് ഗുണ്ടകള്‍ കൈത്‌തോക്കു ചൂണ്ടി അവരുടെ പെണ്മക്കളെ പിടിച്ചിറക്കി ബലാല്‍സംഗം ചെയ്തതും അവരുടെ അലമാരകളിലെ പണവും സ്വര്‍ണവും കവര്‍ന്നതും ബംഗാളില്‍ മാവോയിസ്റ്റ് എന്ന് മുദ്രകുത്തി പതിനായിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകരെ നിരത്തിനിര്‍ത്തി വെടിവച്ച് കൊന്നതും പില്‍ക്കാലത്ത് വെളിപ്പെട്ടതാണ്.



അടിയന്തരാവസ്ഥയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍:- ദേശീയതലത്തില്‍ ഇടതുപക്ഷക്കാരും ജനാധിപത്യ കക്ഷികളും പുരോഗമനവാദികളും ഉല്‍പതിഷ്ണുക്കളും ചെറുതും വലുതുമായ കൂട്ടായ്മകള്‍ സൃഷ്ടിച്ച് ഏകാധിപത്യത്തിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടു കേരളത്തില്‍ സിപിഎം അതിന്‍റെ സംഘടനാ സംവിധാനങ്ങള്‍ പുനസംഘടിപ്പിച്ചും ഒളിവില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു കരുത്താര്‍ജ്ജിച്ചും ഏകാധിപത്യത്തിനെതിരായ സന്ദേശം ജനങ്ങളില്‍ എത്തിക്കാനും അമിതാധികാര വാഴ്ചയുടെ ഭീകരത ബോധ്യപ്പെടുത്താനും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കുന്ന പാര്‍ട്ടി രേഖകളും കത്തുകളും സര്‍ക്കുലറുകളും മുകള്‍ തട്ടില്‍ നിന്ന് താഴെത്തട്ടിലുള്ള ഘടകങ്ങള്‍ക്കും സഖാക്കള്‍ക്കും എത്തിച്ചുകൊടുക്കും . അത്തരം കത്തുകളിലൂടെയും യോഗ ങ്ങളിലൂടെയും പാര്‍ട്ടി സഖാക്കളും പോസ്റ്ററുകളിലൂടെ സാധാരണ ജനങ്ങളും ഇക്കാര്യങ്ങള്‍ അറിഞ്ഞു. തുര്‍ക്ക്മാന്‍ ഗേറ്റിലെ ബുള്‍ഡോസര്‍ തേര്‍വാഴ്ച്ചയും പശ്ചിമബംഗാളിലെ അര്‍ദ്ധ ഫാസിസ്റ്റ് ഭീകരവാഴ്ചയും ബാംഗ്ലൂരിലെ തെരുവിലൂടെ നഗ്നയായി വലിച്ചിഴയ്ക്കപ്പെട്ട സ്നേഹലത റെഡ്ഡിയുടെ അറസ്റ്റും രാജന്‍ vijayan കണ്ണന്‍ മാരുടെ കൊലയും തൊഴിലാളികള്‍ക്കും യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെയുണ്ടായ കൊടിയ മര്‍ദ്ദനങ്ങളും കിരാത ആക്രമണങ്ങളും .ജനങ്ങള്‍ അങ്ങനെയാണ് അറിഞ്ഞത്. ഓരോ ഘടകങ്ങളുടെ രഹസ്യ യോഗം ചേരുക അടിയന്തരാവസ്ഥയ്ക്ക് എതിരായ ചെറുത്തുനില്‍പ്പ് ശക്തമാക്കാനും ശക്തമായ ചെറുത്തുനില്‍പ് ഉണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും അവരില്‍ ആത്മവിശ്വാസം വളര്‍ത്താനും പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കേണ്ടത് ഉണ്ടായിരുന്നു. അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്ന മുദ്രാവാക്യം നാടു മുഴുവന്‍ മുഴങ്ങി കേള്‍ക്കണം അതിന് കൊച്ചുകൊച്ചു പ്രകടനങ്ങളും യോഗങ്ങളും നടത്തണം പോസ്റ്ററുകള്‍ പതിക്കണം. ഭീഷണിയും മര്‍ദ്ദനവും കള്ളക്കേസുകളും കൊണ്ട് പ്രതിപക്ഷത്തെ ഒതുക്കി എന്ന് അഹങ്കരിക്കുന്ന ഒറ്റുകാരെയും പോലീസിനെയും വെട്ടിച്ചുകൊണ്ട് നാടൊട്ടുക്ക് ആ പ്രവര്‍ത്തനങ്ങള്‍ നടന്നു. അതുമാത്രമല്ല, വായനശാലകള്‍ കലാ സാംസ്കാരിക സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍, സാമൂഹ്യ സമുദായ ചടങ്ങുകളില്‍ എല്ലാം സജീവമായി ഇടപെട്ടുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഇടതുപക്ഷം കീഴടങ്ങാതെ രംഗത്തു തന്നെ നില്‍ക്കുന്നു എന്ന് ബോദ്ധ്യപ്പെടുത്തി.



പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് ഒളിവില്‍ പ്രവര്‍ത്തിച്ചത് ദേശീയ-സംസ്ഥാന നേതാക്കള്‍ മുതല്‍ പ്രാദേശിക പ്രവര്‍ത്തകര്‍ വരെ വിദൂരസ്ഥലങ്ങളില്‍, ബന്ധുവീടുകളില്‍, പാര്‍ട്ടി സഖാക്കളുടെ വീടുകളില്‍ പേരുമാറിയും രൂപം മാറിയും ഒളിവില്‍ കഴിഞ്ഞു. അവരെ സംരക്ഷിക്കാന്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. ലക്ഷക്കണക്കിനാളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ലോക്കപ്പില്‍ അടയ്ക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്തു. അവര്‍ ശാരീരികമായും മാനസികമായും സാമ്പത്തികമായും കുടുംബപരമായും സാമൂഹ്യമായും വലിയ വിഷമങ്ങള്‍ അനുഭവിച്ചു. അവരെയൊക്കെ സഹായിക്കാനും തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനും പാര്‍ട്ടി വളരെയേറെ ക്ലേശിച്ചു. അടിയന്തരാവസ്ഥ എത്രയോ ആയിരങ്ങളുടെ വിദ്യാഭ്യാസം തകര്‍ത്തു. തൊഴിലും ഭാവിയും ഇല്ലാതാക്കി. എത്രയോ ആയിരങ്ങളുടെ ആരോഗ്യം തകര്‍ത്തു .


തുടര്‍ന്നു 1977ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലെ സാധാരണ മനുഷ്യര്‍ ഏകാധിപത്യ വാഴ്ചയെ കടപുഴക്കിയെറിഞ്ഞു. വടക്കേ ഇന്ത്യയില്‍ ആകെ കോണ്‍ഗ്രസിന് കിട്ടിയത് 18 സീറ്റുകളാണ്. അത്ഭുതമെന്നു പറയട്ടെ കേരളത്തിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫിനാണ് ലഭിച്ചത്.