Arun A S

പ്രണയപര്‍വ്വം

പാര്‍ക്കിലെ ഊഞ്ഞാലില്‍ എന്തൊക്കെയോ ആലോചിച്ചുകൊണ്ട്‌ ഇരിക്കുകയായിരുന്നു ചിന്നു. പെട്ടെന്ന് ആരോ വിളിക്കുന്ന പോലെ തോന്നിയപ്പോള്‍ അവള്‍ തല ഉയര്‍ത്തി നോക്കി, തന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന രാഹുല്‍ ആണ്, കൂടെ അവന്‍റെ അമ്മയും ഉണ്ട്, അവര്‍ തന്റെ നേരെ നടന്നുവരുന്നത് കണ്ടപ്പോള്‍ അവള്‍ ഒന്നുകൂടി നിവര്‍ന്നിരുന്നു. അവളുടെ ഒരു സുഹൃത്തും ക്ലാസ്സ്മേറ്റും ആണ് രാഹുല്‍. അവളിപ്പോള്‍ പഠിക്കുന്നത് രണ്ടാം ക്ലാസ്സിലാണ്. കുറച്ചു നാള്‍ മുന്‍പ് പുതിയതായി അഡ്മിഷന്‍ കിട്ടി വന്നതാണ്‌ രാഹുല്‍. അവള്‍ അവന്‍റെ അമ്മയെ നോക്കി കാണാന്‍ നല്ല ചന്ദമൊക്കെ ഉണ്ട്, അവളപ്പോള്‍ സ്വന്തം അമ്മയെക്കുറിചാലോചിച്ചു. എന്‍റെ അമ്മയും ഇതുപോലെ സുന്ദരി ആയിരിക്കുമോ? അതൊക്കെ ആലോചിക്കുന്നതിന്‍റെ ഇടയില്‍ അവര്‍ അടുതെത്തി. അവള്‍ പറഞ്ഞു

ഹായ് രാഹുല്‍, ഹായ് ആന്റി

രാഹുല്‍ അവളെ അമ്മക്ക് പരിചയപ്പെടുത്തി കൊടുത്തു, അപ്പോള്‍ അവര്‍ ചോദിച്ചു,

മോളെന്താ ഒറ്റക്കിരിക്കുന്നേ?

അച്ഛന്‍ ഐസ്ക്രീം വാങ്ങാന്‍ പോയേക്കുവാ, അച്ഛനേം നോക്കി ഇരിക്കുന്നതാ

മം നിങ്ങള്‍ സ്ഥിരം വരാറുണ്ടോ ഈ പാര്‍ക്കില്‍?

ഏയ്‌ ഇല്ല, അച്ഛന് തിരക്കില്ലെങ്കില്‍ വീകെന്‍ടില്‍ വരാറുണ്ട്.

ഓഹോ, അച്ഛന്റെ കൂടെയാണോ കറക്കമൊക്കെ? അമ്മയെയും കൂട്ടി വന്നാലെന്താ?

ആ ചോദ്യത്തിന് മറുപടി കൊടുത്തത് രാഹുല്‍ ആണ്.

ചിന്നുമോള്‍ക്ക് അമ്മ ഇല്ല

അയ്യോ മോളെ സോറീട്ടോ, മോള്‍ക്ക്‌ വിഷമായോ?

“ഏയ്‌ ഇല്ലാ, ദേ എന്റെ അച്ഛന്‍ വരുന്നുണ്ട്.

അതും പറഞ്ഞു അവള്‍ ഓടിപ്പോയി അച്ഛനെ കെട്ടിപ്പിടിച്ചു, അച്ഛന്റെ കയ്യില്‍ നിന്നും ഐസ്ക്രീം വാങ്ങി, അതിന്‍റെ തൊണ്ട് WRAPPER പൊളിക്കാന്‍ തുടങ്ങി, അതോടോപ്പം അവള്‍ രാഹുലിനെ പരിചയപ്പെടുത്താന്‍ തുടങ്ങി.

“അച്ഛാ ഇത് രാഹുല്‍,ഞാന്‍ പറയാറില്ലേ ആ രാഹുല്‍, ഇത് രാഹുലിന്‍റെ അമ്മ.”

അത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ അവള്‍ അച്ഛന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവള്‍ കണ്ടത് അച്ഛന്‍ അമ്പരപ്പോടെ രാഹുലിന്‍റെ അമ്മയെ നോക്കി നില്‍ക്കുന്നതാണ്, രാഹുലിന്റെ അമ്മയുടെ മുഖത്തും ഒരു പ്രത്യേക ഭാവം, ഇത്രനേരം മുഖത്തുണ്ടായിരുന്ന ചിരിയൊക്കെ എങ്ങോപോയിമറഞ്ഞിരിക്കുന്നു.

“വാ മോളെ നമുക്ക് പോകാം നേരം ഒരുപാട് വൈകി.”

സാധാരണ പോകാറുള്ള സമയം ആകുന്നതിനു മുന്‍പേ അച്ഛനെന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് അവള്‍ക്കു മനസ്സിലായില്ല.

“സൂരജ്, നീയെന്താ ഇവിടെ?

നിനക്ക് എങ്ങനെ ഈ പ്രായത്തിലുള്ള ഒരു മകള്‍?”

ചോദിക്കുന്നത് രാഹുലിന്റെ അമ്മയാണ് ഇവര്‍ക്കെങ്ങനെ എന്റെ അച്ഛന്റെ പേരറിയാം? അവള്‍ക്കാകെ സംശയം ആയി.

കറങ്ങിത്തിരിഞ്ഞ്‌ ഇവിടെ എത്തിപ്പെട്ടു, ഞങ്ങള്‍ പോകട്ടെ സമയം ഒരുപാടായി”

എന്നും പറഞ്ഞുകൊണ്ട് അവളുടെ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ട് അച്ഛന്‍ വേഗത്തില്‍ നടക്കാന്‍ തുടങ്ങി, അവള്‍ ബൈ പറയാനായി രാഹുലിനെ തിരിഞ്ഞുനോക്കി , അവന്‍റെ മുഖം കണ്ടപ്പോള്‍ തന്നെപ്പോലെതന്നെ അവനും ഒന്നും മനസ്സിലായിട്ടില്ല എന്നവള്‍ക്ക് മനസ്സിലായി, അവന്‍റെ അമ്മയാണെങ്കില്‍ ഇപ്പൊ കരയും എന്നൊരു ഭാവത്തിലാണ്, നടക്കുന്നതിനിടയില്‍ അവള്‍ അച്ഛന്റെ മുഖത്തേക്ക് ഒന്നെത്തി നോക്കി അവിടെ മുന്‍പെങ്ങും കാണാത്ത ഒരു ഭാവം.

അച്ചനെന്തു പറ്റി?,, ആ സ്ത്രീ ആരാ? അവര്‍ക്ക് അച്ഛനെ എങ്ങനെ അറിയാം? അങ്ങനെ ചോദ്യങ്ങള്‍ ഒരുപാട് അവളുടെ മനസ്സില്‍ നിറഞ്ഞു, എത്തും പിടിയും കിട്ടാത്ത കുറെ ചോദ്യങ്ങള്‍.

അപ്പോള്‍ അവളുടെ കയ്യിലിരുന്ന ഐസ്ക്രീം ഉരുകിയൊലിച്ച് ഉടുപ്പില്‍ വ്യക്തമല്ലാത്ത കുറെ ഭൂപടങ്ങള്‍ വരച്ചുതുടങ്ങിയിരുന്നു.