Dr Sobha Satheesh

പ്രളയകാലത്തെ മൃഗസംരക്ഷണം ഓര്‍ക്കേണ്ടതും; ഓര്‍മ്മിപ്പിയ്ക്കേണ്ടതും.

2019ല്‍ പ്രളയം ആവര്‍ത്തിക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. പ്രളയം കര്‍ഷകര്‍ക്ക് നല്‍കുന്ന ദുരിതം ചെറുതല്ല. എന്നാലും ആരോഗ്യത്തിനാണ് പ്രസ്തുത സമയം പ്രാധാന്യം നൽകേണ്ടത്. പ്രളയ സമയത്തും അതിനു ശേഷവും ഒരുപക്ഷേ മാസങ്ങളോളവും വിവിധ രോഗങ്ങളെ ചെറുക്കേണ്ടിയിരിക്കുന്നു.


വെള്ളപ്പൊക്കത്തില്‍ മൃഗങ്ങള്‍ക്ക് വിവിധതരം തൊലിപ്പുറത്തുള്ള അസുഖങ്ങളും തണുപ്പും മൂലം വിവിധ ശ്വാസകോശ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ പലതരത്തിലുള്ള മുറിവുകളും ഷോക്കേറ്റുള്ള പരിക്കുകളും ഉണ്ടാകാനിടയുണ്ട്.


68756177_10158179358397502_5052918771933511680_n


1. വളര്‍ത്തു മൃഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയാല്‍ അവയുടെ ആരോഗ്യം ആദ്യം പരിശോധിക്കണം.


2. പരിക്കുകളോ എന്തെങ്കിലും രോഗ ലക്ഷണങ്ങളോ കണ്ടാല്‍ വെറ്റിനറി ഡോക്ടറുടെ സഹായത്തോടെ ചികിത്സ ചെയ്യേണ്ടതാണ്.


3. വൃത്തിയുള്ളതും, പൂപ്പലടിക്കാത്തതുമായ ഭക്ഷണസാധനങ്ങള്‍ നല്‍കുക. തണുപ്പ് മൂലം ന്യൂമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ചുമ,ശ്വാസതടസ്സം, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക.


4. വെള്ളപ്പൊക്കത്തില്‍ വിവിധതരം പാമ്പുകളുടെ ഉപദ്രവം ഉണ്ടാകാനിടയുള്ളതിനാല്‍ പാമ്പുകടിയേറ്റു എന്ന് സംശയം തോന്നിയാല്‍ ഉടനടി ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്.


5. മഴക്കാലം കഴിയുമ്പോഴേക്കും വിവിധതരം ഈച്ചകളും കൊതുകുകളും ചെള്ളുകളും പെറ്റുപെരുകുന്നതിനാല്‍ അവ പകര്‍ത്തുന്ന സാംക്രമിക രോഗങ്ങളെ കുറിച്ച് ബോധവാന്‍മാരാകേണ്ടതുണ്ട്. അതിനാല്‍ അവ പെറ്റുപെരുകുന്നത് തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്.


6. വെള്ളപ്പൊക്കത്തില്‍ ചത്ത മൃഗാദികളെ കൈകാര്യം ചെയ്യുമ്പോള്‍ മാസ്കും ബൂട്ട്സും കൈയുറകളും ധരിക്കണം. മൂന്നാല് മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് കുമ്മായമിട്ട് മറവു ചെയ്യാം അല്ലെങ്കില്‍ മരം കൊണ്ട് തട്ട് നിര്‍മ്മിച്ച് അതില്‍ ദഹിപ്പിക്കാം.


67954520_10158179358617502_9037544547306962944_n


പ്രളയാനന്തരം വിവിധ ജന്തുജന്യരോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്, എങ്കിലും ഏറ്റവും പ്രധാനം എലിപ്പനി തന്നെയാണ് ലെപ്റ്റോസ്പൈറ ഇനത്തില്‍പ്പെട്ട ബാക്ടീരിയ ഉണ്ടാക്കുന്നതാണ് ലെപ്റ്റോസ്പൈറോസിസ് അഥവാ എലിപ്പനി. അന്തരീക്ഷത്തിലെ ഈര്‍പ്പമാണ് ലെപ്റ്റോസ്പൈറ ഇനത്തില്‍പ്പെട്ട ബാക്ടീരിയയെ നിയന്ത്രിക്കുന്ന പ്രധാന ഘടകം എന്നുള്ളതുകൊണ്ട് ഈ രോഗം മഴക്കാലത്ത് കൂടുതലായി പടര്‍ന്നുപിടിക്കുന്നു. കണ്ണ്,മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ ശ്ളേഷ്മ സ്തരങ്ങളിലൂടെ ഈ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗബാധിതരായ മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്യവസ്തുക്കള്‍ കലര്‍ന്ന മണ്ണ്, വെള്ളം, ആഹാരപദാര്‍ഥങ്ങള്‍ എന്നിവ വഴിയും രോഗസംക്രമണം നടക്കാം.


68251357_10158179358947502_6819153059424239616_n


ഉയര്‍ന്ന പനി, ശരീര വേദന, നടക്കാനുള്ള ബുദ്ധിമുട്ട്, അകിടുവീക്കം, അബോര്‍ഷന്‍, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍, ചോര നിറമുള്ള മൂത്രം എന്നീ വിവിധ ലക്ഷണങ്ങള്‍ മൃഗങ്ങളില്‍ കാണാവുന്നതാണ്.
വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുക. ശരിയായ മാലിന്യ സംസ്കരണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കുക.