സുഗന്ധീ…
മറയൂരിന്‍ ചന്ദനക്കാടുകളിന്‍
സുഗന്ധം നിറച്ചൊരാ
മനസിന്‍ സ്ഥൈര്യത്തെ
നിശ്ചയദാര്‍ഢത്തെ
നിസ്സഹായതയെ
ഞങ്ങളറിയുന്നു.
സുഗന്ധീ…
നീയൊരു കണ്ണകി
നിന്‍ കോവലന്
ശിക്ഷ വിധിച്ചൊരാ
ആണധികാരത്തെ
ഒറ്റയ്ക്ക് നേരിട്ട്
ധര്‍മത്തെ കാത്തവള്‍.
സുഗന്ധീ…
പ്രാണപ്രിയനു-മൊത്തൊരു
പ്രണയസുരഭിലകാലം
നീ കൊതിച്ചതും
അവന്‍തന്‍
കുഞ്ഞിനമ്മ-യാകുന്നതും
നീ പകര്‍ന്നു നല്‍കും
ഉണ്‍മയിലവനൊരു
സ്നേഹക്കടലാ-
കുന്നതും
നീ കണ്ട സ്വപ്നങ്ങളൊരുദിനം
തകര്‍ക്കപ്പെട്ടതും
ഞങ്ങളറിയുന്നു-
ണ്ടായിരുന്നു.
സുഗന്ധീ…
നീ പ്രതീക്ഷിച്ചൊരു നീതി
നിന്നെ കൈ വിട്ടതില്‍
എന്തത്ഭുതം!
നീതി ദേവത തന്‍
കണ്ണുകള്‍ മൂടപ്പെട്ടതല്ലേ!
എങ്കിലുമവള്‍
അറിയുന്നുണ്ടാവണം
തന്‍ കയ്യില്‍ തൂങ്ങും
തുലാസിലൊരു ഭാഗം
കനം വയ്ക്കുന്ന
സമ്പത്തധികാരത്തെ!
സുഗന്ധീ…
ഭരണകൂടവ്യവസ്ഥ-
യ്ക്കെതിരെ
ഒറ്റയ്ക്കു പൊരുതിതോറ്റ
ഇളോം ശര്‍മിളയായില്ല നീ
സ്വയം കോടതിയായി
ശിക്ഷ വിധിച്ചവള്‍
നിന്‍ പ്രിയനെ
കാലപുരിയ്ക്കയച്ചവന്
അതേ വഴി കാട്ടിക്കൊടുത്തു നീ
ആരാച്ചാരുമായി.
സുഗന്ധീ…
നീയിന്നേതോ
തടവറയില്‍
നിന്‍ നഷ്ടസ്വപ്നങ്ങളുമായ്
കഴിയുന്നുണ്ടാവാം!
പക്ഷേ നീയറിയണം
അധികാരപ്രമത്തതതന്‍
കോട്ടകൊത്തളങ്ങളെ
തകര്‍ത്ത്
മധുരയെ
ചുട്ടെരിച്ചൊരു
കണ്ണകി തന്‍
ശക്തിയായ്
സുഗന്ധമായ്
നീ പടര്‍ന്നത്
ഞങ്ങളിലേക്കാണെന്ന്.
(ഇത് സംഭവിച്ചത്..
അടുത്ത കാലത്ത് വന്ന ചെറിയൊരു പത്രവാര്‍ത്ത…
മറയൂരിലാണ് നടന്നത്.
സുന്ധിയുടെ ഭര്‍ത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്ന ഘാതകനെ കോടതി വെറുതെ വിട്ടപ്പോള്‍ വഴിയില്‍ കാത്തുനിന്ന് അവള്‍ അയാളെ
കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു)