S Saraswathy

ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ ; മലയാളത്തിന്റെ പൊതുസമ്പത്ത്

മലയാളഭാഷയ്ക്കും സാഹിത്യത്തിനും സമഗ്രസംഭാവന നല്‍കിയ എഴുത്തുകാരെ ആദരിക്കാന്‍ കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എഴുത്തച്ഛന്‍ പുരസ്‌കാരം ഇക്കൊല്ലം തേടിയെത്തിയത് അക്കാദമി രംഗത്ത് ദ്രാവിഡഭാഷകളുടെ, പ്രത്യേകിച്ച് മലയാളഭാഷയുടെ, വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയ കവി, പുരോഗമന-സംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ രാഷ്ട്രീയ-സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇപ്പോഴും ഇടപെട്ടുകൊണ്ടിരിക്കുന്ന ഡോ.പുതുശ്ശേരി രാമചന്ദ്രനെയാണ് കേരളസര്‍വ്വകലാശാലയുടെ ലിങ്ഗ്വിസ്റ്റിക് വിഭാഗത്തിലും മലയാളവിഭാഗത്തിലും അദ്ധ്യക്ഷനായും, സിന്‍ഡിക്കേറ്റംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം നല്ലൊരു സംഘാടകനുമാണ്. മലയാളത്തെ വിശ്വമലയാളമാക്കിയ ആദ്യത്തെ ലോകമലയാളം സമ്മേളനത്തിന്റെ (1977 നവംബര്‍ 1-7) സംഘാടകന്‍, അഖിലേന്ത്യാദ്രാവിഡഭാഷാ സമിതിയുടെ സംഘാടക സെക്രട്ടറി, ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ദ്രാവിഡഭാഷാസമിതിയുടെ സ്ഥാപക ഡയറക്ടര്‍, ദ്രാവിഡപഠനഗവേഷണജേണലിന്റെ എഡിറ്റര്‍, സ്ഥനാമപഠനസമിതിയുടെ അദ്ധ്യക്ഷന്‍, അന്താരാഷ്ട്രകേരളപഠനകേന്ദ്രത്തിന്റെ സ്ഥാപകഡയറക്ടര്‍, അമേരിക്കയിലും സോവിയറ്റ് യൂണിയനിലും വിവിധ സര്‍വ്വകലാശാലകളിലെ വിസിറ്റിംഗ് പ്രൊഫസര്‍ എന്നീ വ്യത്യസ്തപദവികളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കുന്നതിന് ശ്രമകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.


Puthussery_Ramachandran


പോര്‍ച്ചുഗീസുകാര്‍ എത്തിയതിനുശേഷമുള്ളതാണ് മലയാളഭാഷയുടെ ചരിത്രമെന്നും, എ.ഡി. 500-ാമാണ്ടില്‍ ബ്രാഹ്മണരുടെ വരവിനുശേഷമുള്ള ചരിത്രമേ മലയാളത്തിനുള്ളു എന്നുമുള്ള വാദങ്ങളെ ഖണ്ഡിച്ച് മലയാളത്തിന് 2300 ലധികം വര്‍ഷത്തെ പഴക്കമുണ്ടെന്ന് തെളിയിക്കാന്‍ ഡോ. പുതുശ്ശേരിയുടെ അദ്ധ്യക്ഷതയിലുള്ള കമ്മറ്റിക്ക് സാധിച്ചതാണ് ശ്രേഷ്ഠഭാഷാപദവി നേടിയെടുക്കാന്‍ മലയാളത്തിന് സാധിച്ചത്. ബ.സി. 300-ാമാണ്ടില്‍ ഇവിടെയെത്തിയ ജൈനന്മാരാണ് ലിപി കൊണ്ടു വന്നത്; ഭാഷയും വ്യാകരണവും ഉണ്ടാക്കിയത്. വയനാട്ടിലൊക്കെ കാണപ്പെട്ട ലിഖിതങ്ങളാണ് അവരുടെ ഭാഷയെന്നും അവയില്‍ നിന്നാണ് കണ്ണശ്ശന്മാര്‍ ഭാഷ ഉപയോഗിച്ചതെന്നും അതുവഴിയാണ് എഴുത്തച്ഛനും ഭാഷ ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ പഠനങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞു. സാര്‍വ്വജനീന സംസ്‌ക്കാരത്തെ ഉള്‍ക്കൊള്ളുന്ന ജൈനന്മാരാണ് ഇവിടെ ആദ്യമായി സ്‌കൂളുകള്‍ സ്ഥാപിച്ച് ജാതിവ്യത്യാസമേ ഉച്ചനീചത്വമോ ഇല്ലാതെ എല്ലാവരെയും ഒരു മിച്ചിരുത്തി പഠിപ്പിച്ചത്. (പള്ളിക്കൂടം എന്ന വാക്കിലെ പള്ളി അവരുടെ ഭാഷയാണ്). അവരില്‍ നാല്പതോളം കവയത്രികളുണ്ടായിരുന്നതായും സംഘകാലകൃതികളിലെ പല പാട്ടുകളും എഴുതിയത് കുറത്തി, പാണത്തി വിഭാഗക്കാരായ സ്ത്രീകളായിരുന്നുവെന്നും അദ്ദേഹത്തിന്റെ കണ്ടെത്തലിലുണ്ട്. ആ സ്ത്രീ സ്വാതന്ത്ര്യം നഷ്ടപ്പെട്ടത് ബ്രാഹ്മണാധിപത്യത്തില്‍ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥ അടിച്ചേല്പിച്ചതോടെയാണെന്നും, വരേണ്യവിഭാഗത്തിനെ സംസ്‌കൃതം പഠിപ്പിച്ചും മറ്റുള്ളവരെ അധഃകൃതരാക്കിയുമുള്ള വ്യവസ്ഥയ്‌ക്കെതിരെയുള്ള പ്രതികരണമായിരുന്നു ഭക്തിപ്രസ്ഥാനം. ആ മൂവ്‌മെന്റിലൂടെ ഉയര്‍ന്നുവന്നവരാണ് കണ്ണശ്ശന്മാരും എഴുത്തച്ഛനും. ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്ത കണ്ണശ്ശന്മാര്‍ക്ക് ഉയര്‍ന്നുവരാന്‍ കഴിഞ്ഞില്ല; അവരുമായി സന്ധി ചെയ്ത എഴുത്തച്ഛനെപ്പോലുള്ളവര്‍ പ്രമോട്ടുചെയ്യപ്പെട്ടു എന്നും മലയാളഭാഷയുടെ ചരിത്രഗവേഷണപഠനത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ശ്രേഷ്ഠഭാഷാപദവി നേടിയതു കൊണ്ടായില്ല, അതെങ്ങനെ മലയാളഭാഷയുടെ ഉയര്‍ച്ചക്കും ജനങ്ങള്‍ക്കും പ്രയോജനപ്പെടുത്തുന്നു എന്നതാണ് പ്രധാനമെന്നും, മലയാളസര്‍വ്വകലാശാലയുടെ ഇന്നത്തെ ആ സ്ഥാനവും പ്രവര്‍ത്തനവും വിപുലമായ സാധ്യതകളെ പരിമിതപ്പെടുത്തുന്നുവെന്നും അദ്ദേഹം തുറന്നു പറയുന്നു; ഈ 87-ാം വയസ്സിലും മലയാളത്തിനുവേണ്ടി അദ്ദേഹം കര്‍മ്മരംഗത്തുണ്ട്.


degfergrg


1928 ല്‍ ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്തുള്ള വള്ളികുന്നം പഞ്ചായത്തില്‍ ജനിച്ചു. സ്‌കൂള്‍കാലഘട്ടത്തില്‍ തന്നെ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെ നേതാവായി. 16-ാം വയസ്സില്‍ പ്രസിദ്ധീകരിച്ച ''ഒന്നാന്ത്യക്കൂട്ടം'' എന്ന ആദ്യകവിത ഉള്‍പ്പെടെയുള്ള കവിതകളെ രൂപപ്പെടുത്തിയത് അദ്ദേഹം തന്റെ ചുറ്റുപാടുകളില്‍ കണ്ട ജീവിതവും സമരങ്ങളുമാണ്. സ്വാതന്ത്ര്യസമരകാലത്തും, സര്‍.സി.പി.യ്‌ക്കെതിരെയുള്ള സമരകാലഘട്ടത്തിലും ദേശാഭിമാനപ്രചോദിതമായ കവിതകള്‍ എഴുതി. മലയാളകവിതയുടെ പിങ്ക് ദശകമെന്നറിയപ്പെട്ട 1945-55 കാലഘട്ടത്തില്‍ മാക്‌സിയന്‍ ഐഡിയോളജിയില്‍ സ്വാധീനിക്കപ്പെട്ട് അതിന്റെ പ്രവര്‍ത്തകരായ നിരവധി യുവാക്കളുണ്ട്; അവരില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു പുതുശ്ശേരി. കൊല്ലം ശ്രീനാരായണകോളേജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് അറസ്റ്റിലായപ്പോള്‍ ലോക്കപ്പ് പശ്ചാത്തലത്തില്‍ എഴുതിയ ''ആവുന്നത്ര ഉച്ചത്തില്‍'' എന്ന കവിത മദ്ദിതവിഭാഗത്തിന്റെ വിലാപമായിരുന്നു.
സ്ത്രീകളുടെ അസ്വാതന്ത്ര്യം പല കവിതകളിലും വിഷയമായിട്ടുണ്ട്. സീതാദുഃഖത്തിന്റെ ആഴങ്ങളെ ഭൂമിയുടെ തന്നെ വേദനകളാക്കി പരിവര്‍ത്തിപ്പിക്കുന്ന ''പാവക്കൂത്ത്'' എന്ന കവിതയില്‍ ഈ വരികളില്‍ നമുക്ക് കാണാം:- ''പെണ്ണ് കണ്ണീരും കൊണ്ടു പിറന്നോള്‍ ഇവള്‍ക്കുണ്ടോ മണ്ണടിവോളം മണ്ണിലിത്തിരി സ്വാസ്ത്യം?'' മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയതാണ് ''കേരളചരിത്രത്തിന്റെ അടിസ്ഥാനരേഖകള്‍'' എന്ന അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗവേഷണാത്മക രചന. കണ്ണശ്ശ രാമായണം സമ്പൂര്‍ണ്ണകൃതി മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണരാമായണം പബ്‌ളിഷ് ചെയ്തതിന്റെ അവകാശി അദ്ദേഹമാണ്. ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് ഭാഷകളില്‍ നിന്ന് നിരവധി കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ആറ് കവിതാസമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.


മിക്കവാറും കവികളുടെ പേരിലുള്ള എല്ലാ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. വള്ളത്തോള്‍ അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, കുമാരനാശാന്‍ അവാര്‍ഡ്, മഹാകവി. പി. അവാര്‍ഡ്, കണ്ണശ്ശ മെസോറിയല്‍ അവാര്‍ഡ് കൂടാതെ കേരള-കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡുകള്‍, കേരളസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യഅക്കാദമിയുടെ 'ഭാഷാസമ്മാന്‍' പുരസ്‌കാരം, അബുദാബി ശക്തി തായാട്ട് അവാര്‍ഡ് എന്നിവയൊക്കെ അദ്ദേഹത്തെ തേടിയെത്തി. ഇപ്പോള്‍ ലഭിച്ച ഭാഷാപിതാവിന്റെ പേരിലുള്ള എഴുത്തച്ഛന്‍ പുരസ്‌കാരം മലയാളത്തിനുവേണ്ടി അദ്ദേഹം നടത്തിയ ഗവേഷണ-ഭാഷാചരിത്രപഠനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്.


download


പുതുശ്ശേരി രാമചന്ദ്രന്‍ എന്ന വിപ്ലവകാരിയെ അധികമാരും മനസ്സിലാക്കിയിട്ടില്ല. ശൂരനാട് സംഭവം നടന്ന 1949 ഡിസംബര്‍ 31 നുശേഷം വള്ളികുന്നം-ശൂരനാട് പ്രദേശങ്ങളില്‍ പോലീസ് ഭീകരവാഴ്ചയായിരുന്ന കാലഘട്ടം. തോപ്പില്‍ ഭാസിയും പുതുശ്ശേരിയുടെ അമ്മാവനായ പുതുപ്പള്ളി രാഘവനുള്‍പ്പെടെയുള്ള എല്ലാ സഖാക്കളും ഒളിവിലും കസ്റ്റഡിയിലുമായിരുന്നു. അപ്രതിസന്ധി ഘട്ടത്തിലാണ് കേവലം 22 വയസ്സുമാത്രം ഉണ്ടായിരുന്ന പുതുശ്ശേരിയെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ വണ്ടികുന്നം-ശൂരനാട് പ്രദേശമുള്‍ക്കൊള്ളുന്ന മേഖലയുടെ സെക്രട്ടറിയാക്കിയത്. വളരെ പ്രയാസമേറിയ 1951-56 കാലത്ത് സഖാക്കളെ കസ്റ്റഡിയില്‍ നിന്നും, കേസില്‍ നിന്നും രക്ഷിച്ചെടുക്കേണ്ട ഉത്തരവാദിത്വം പൂര്‍ണ്ണമായി നിറവേറ്റിയശേഷമാണദ്ദേഹം പഠനം  തുടരാന്‍ തീരുമാനിച്ചത്. കേരളത്തിന് നല്ലൊരു രാഷ്ട്രീയ നേതാവിനെ നഷ്ടപ്പെട്ടു എന്നുവേണമെങ്കില്‍ പറയാം; എങ്കിലും അക്കാദമിക രംഗവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് സ്വന്തം പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം തെളിയിച്ചു. എഴുത്തും ഗവേഷണവും അദ്ധ്യാപനവുമായി തുടരുമ്പോഴും മാക്‌സിസത്തിലധിഷ്ഠിതമായ മൂല്യബോധം നഷ്ടപ്പെടാതെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.