അഭിമുഖം - നിലമ്പൂര്‍ ആയിഷ / വി എസ് ബിന്ദു
കെ .ടി മുഹമ്മദിന്‍റെ നാടകത്തിലെ ആ പാട്ട് ഒരിക്കല്‍ക്കൂടി അവരുടെ ചുണ്ടില്‍ നിറഞ്ഞപ്പോള്‍ അറിയാതെ നെഞ്ചില്‍ കൈ വച്ചുപോയി .കാലം അതിന്‍റെ സര്‍വ്വ ശക്തിയുമെടുത്ത് തിളങ്ങുന്ന കണ്ണുകളിലൂടെ ഇതാ തിരിച്ചു വരുന്നു .ചുളിവുകള്‍ വീഴാത്ത ചിരിയില്‍ .ഇടറാത്ത ഒച്ചയില്‍ .ആളുന്ന മനസ്സില്‍ കനലുകളുടെ ചുവപ്പ് കൂടുന്ന ഒരുച്ച .അത് "ആയിഷാത്തയായിരുന്നു .നിലമ്പൂര്‍ ആയിഷ എന്ന് കേരളം ആവേശ ത്തോടെ വിളിക്കുന്ന വിപ്ലവ വനിത.വാക്കുകള്‍ക്കു നേരെ ജ്വലിച്ച സൂര്യന്‍റെ ചൂടില്‍ സ്വയം ദഹിച്ചു പോകാതിരിക്കാന്‍ നന്നേ പണിപ്പെടേണ്ടി വരുന്ന ഇളം തലമുറയുടെ ആരാധനാ പാത്രം .
അഭിവാദ്യങ്ങള്‍ ആയിഷാ ത്താ ..
അഭിവാദ്യങ്ങള്‍ ..[ചിരിക്കുന്നു]
ഒന്ന് ഇളകിയിരുന്ന് അഭിമുഖത്തിനു തയാറായി .
എന്നോട് വര്‍ത്തമാനം പറയാന്‍ മടിക്കേണ്ട .ഞാനിങ്ങനെ തോരാതെ പറഞ്ഞു കൊണ്ടിരിക്കുകയല്ലേ ..
എങ്കിലും ആ തൊണ്ട ഒന്നിടറിയോ ?മേശ പ്പുറത്തിരുന്ന വെള്ളം എടുത്തു നീട്ടി ."വേണ്ട ,വേണ്ട ..ഒക്കേം ചോദിച്ചോളൂ
ചോദ്യങ്ങള്‍ ഉണ്ടായില്ല.ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു തൊടുക്കും വിധം ആ ഓര്‍മ്മകള്‍ നീണ്ടു വന്നു .
അന്‍പതുകളിലാണ് ഞാന്‍ നാടക രംഗ ത്തേക്കു വരുന്നത് .
മുസ്ലിം പെണ്‍കുട്ടികള്‍ വീട് വിട്ട് പുറത്തിറങ്ങാത്ത കാലമാണത്.എങ്കിലും അന്നത്തെ അറിയപ്പെടുന്ന ആളുകള്‍ ഒക്കെ വന്നു നാടകത്തില്‍ അഭിനയിക്കാമോ എന്ന് ചോദിക്കുമ്പോള്‍ "വരാം "അങ്ങനെ പറയാനാണ് തോന്നിയത് .ഇന്നോളം അത് നന്നായെന്നേ തോന്നിയിട്ടുള്ളൂ .
ഡയലോഗ് പഠിക്കലും പെട്ടിയും തൂക്കിയുള്ള യാത്രയും റിഹേര്‍സലും എന്നും തുടര്‍ന്നു .ഒരാള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ജീവിത വിദ്യാഭ്യാസമാണ് അന്നെനിക്ക് ലഭിച്ചത് .ജീവിതം അങ്ങനെ ചുട്ടെടുത്തതിനാല്‍ ഇന്നും പൊട്ടിപ്പോയില്ല.
ഓരോ ഗ്രാമത്തിലും എങ്ങനെയാവും കമ്മ്യുണിസ്റ്റ് നാടകങ്ങളെ സ്വീകരിക്കുക എന്ന് ആശങ്കയുണ്ടായിരുന്നു .തലേ ദിനമേ എത്തുന്നതിനാല്‍ ചുറ്റുപാടുമായി പരിചയപ്പെടാന്‍ നല്ല സൌകര്യമായിരുന്നു .
ഇന്നത്തെ പ്പോലെ മനുഷ്യന്‍ മനുഷ്യനെ ഏറ്റവും കൂടുതല്‍ ഭയക്കുന്ന കാലം അല്ലായിരുന്നു വല്ലോ അത്
അതെ ,നമ്മോടൊപ്പം ഉള്ളവര്‍ ദേഷ്യപ്പെടുകയും ഒക്കെ ചെയ്യും .പക്ഷെ സ്ഥിരമായ കാലുഷ്യമെന്നത് ആര്‍ക്കും ഉണ്ടായിരുന്നില്ല.അങ്ങനെ സമത്വം എന്താണെന്ന് പഠിച്ചു .
ഭൂമിക്കും അന്ന് സൌന്ദര്യ മുണ്ടായിരുന്നല്ലോ ?
[എന്തോ ആലോചിച്ച പോലെ]മനോഹരമായ നെല്‍പ്പാടവും പുഴകളും വയലുകളും കുട്ടികളുടെ കളിയും മുതിന്നവരുടെ സ്വീകരണ വും ,അതായിരുന്നു ജീവിതത്തെയും നാടകത്തെയും മുന്നോട്ടു നയിച്ചത്
ഒരാല്‍മരം ഉണ്ടാകും .ശുദ്ധ വായുവിനു ഇനി മറ്റു വല്ലതും വേണോ?അവിടെയെത്തുന്ന സ്ത്രീകളോട് ഞങ്ങള്‍ പറയുമായിരുന്നു .ഈ ആലിന്‍ ചുവടു നല്ല സംവാദങ്ങള്‍ക്കുള്ള ഇടമായി മാറ്റണം എന്ന് .വായന ശാല കളില്‍ നിന്ന് പുസ്തകങ്ങള്‍ എടുക്കണം എന്നൊക്കെ.എന്തിനു,അവതരിപ്പിക്കാന്‍ പോകുന്ന നാടകത്തിനു അങ്ങനെ ആശയപരമായി ഒരു നല്ല സപ്പോര്‍ട്ട് ഉണ്ടാക്കി എടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു [പൊട്ടിച്ചിരിക്കുന്നു ] ഒരര്‍ഥ ത്തില്‍ നാടകമെന്നത് നാട് തന്നെ ആയിരുന്നു .
മത മേധാവികള്‍ എനിക്ക് നേരെയും വാളോങ്ങി .ഉമ്മ എല്ലാറ്റിനും ഒപ്പം നിന്നു.വെടിയേറ്റിട്ടും മരിക്കാത്തവള്‍ .ജീവിച്ചിരിക്കുന്ന രക്ത സാക്ഷി യാണ് ഞാന്‍
ഇന്നിപ്പോള്‍ ബാല്യ വിവാഹം വല്യ പ്രശ്നമായിരിക്കുകയല്ലേ?
അത് പ്രശ്ന മാകണ്ടേ?ഞാന്‍ അതിന്‍റെ ഒരു ഇരയാണ്13..വയസ്സില്‍ കല്യാണം എന്ന വിപത്ത് തലയില്‍ വന്നു വീണു .മൂന്നിരട്ടിയില്‍ കൂടുതല്‍ പ്രായമുള്ള ആളായിരുന്നു വരന്‍ .ശാരീരികവും മാനസ്സികവുമായ പീഡനം .ഒടുവില്‍"ഇറങ്ങിപ്പോടോ "എന്ന് അയാളോട് പറയേണ്ടി വന്നു.
ഇന്നിപ്പോള്‍..[ഒന്ന് കണ്ണടച്ച് ]ഇതേ വിഷയം നമ്മുടെ ചര്‍ച്ചവരുന്നു എന്നത് പോലും പരിതാപകരമാണ് .കുട്ടികള്‍ അവരായിത്തന്നെ ജീവിക്കേണ്ടതുണ്ട് .ഒരു മതത്തിലും കുട്ടികളെ വിവാഹംചെയ്യിച്ചു കൊല്ലണം എന്ന് എഴുതി വച്ചിട്ടില്ല.
ഈ നൂറ്റാണ്ടില്‍ പ്പോലും ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കുവാന്‍ ആളുകള്‍ക്ക് കഴിയണമെങ്കില്‍ പോയ നൂറ്റാണ്ടില്‍ എത്ര ഭീകരമാകും അവസ്ഥ
അതേ ..നാടകം കളിച്ചു കൊണ്ടിരുന്നപ്പോള്‍ അപവാദങ്ങളുടെ മുറിവുകള്‍ ഏറെ വലുതായിരുന്നു .ഇന്നും നടികളുടെ അനുഭവം വ്യത്യസ്തമാണ് നടന്‍മാരുടേതില്‍ നിന്നും .അന്നത്തെ രാഷ്ട്രീയ ശിക്ഷണം വലിയ ഒരു സംഗതിയായിരുന്നു .മുദ്രാ വാക്യങ്ങള്‍ മുഴക്കിയാണ് ഞങ്ങള്‍ എവിടെയും സ്വീകരിക്കപ്പെടുക .ഒരു തരത്തിലുമുള്ള അടിമത്ത ബോധം അലട്ടിയിരുന്നില്ല .ഇന്ന് മൂല്യങ്ങള്‍ തിരിച്ചു പിടിക്കുക എന്ന് കേള്‍ക്കുമ്പോള്‍ "മോഡിയുടെ മൂല്യങ്ങള്‍ തിരിച്ചു പിടിക്കുക എന്നാണു ആളുകള്‍ കരുതുന്നുവെന്ന് തോന്നുന്നു .
നാടക പ്രസ്ഥാന ത്തിനു വന്നു ചേര്‍ന്നിട്ടുള്ള പ്രതിസന്ധി തക്ക സമയത്തുള്ള സാംസ്കാരിക ഇടപെടലിന്‍റെ അഭാവം ഉണ്ടാക്കുന്നു .സംവാദങ്ങളുടെ കാലം അസ്തമിച്ചിരിക്കുന്നുവെന്നും പറയേണ്ടതുണ്ട് .ഇ .എം എസ്സും കെ .പി ആറും ഒളപ്പമണ്ണയുമൊക്കെ ചേര്‍ന്ന ഒരു ധീര നിര ഞങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നു .സദസ്സില്‍ മുന്‍നിരയില്‍ അവരെയൊക്കെ കാണുമ്പോള്‍ വല്ലാത്ത ഊര്‍ജ്ജം തോന്നും .ജന്മിത്തത്തിനെതിരെ സ്ത്രീ പീഡനത്തിനെതിരെ പോരാളികളുടെ ഭാഷയില്‍ ഞങ്ങള്‍ സംസാരിക്കും .കലയും രാഷ്ട്രീയവും ചേര്‍ന്ന് നിര്‍ണ്ണയിച്ച സംസ്കാരമാണ് കേരളത്തെ നവോത്ഥാ നത്തി ലേക്ക് നയിച്ചത് .
സിനിമ കൂടുതല്‍ സൌകര്യ ങ്ങള്‍ തരുന്ന മാധ്യമമാണല്ലോ ?എന്നിട്ടും.....
സിനിമ പണം തരും..സത്യമാണ് .പക്ഷെ പണം എന്ത് തരും?ഒരു മനുഷ്യന് ജീവിക്കാന്‍ അത്യാവശ്യമായതു പോരെ? നാടകം തരുന്ന സംതൃപ്തി സിനിമയില്‍ നിന്ന് കിട്ടില്ല.ഞാന്‍ രണ്ടു മാധ്യമത്തിലും ഇടപെട്ട വ്യക്തിയാണല്ലോ . 'കരിങ്കുരങ്ങ്' സംസ്ഥാന അവാര്‍ഡ് സമ്മാനിച്ചു .പിന്നെ 'കുട്ടിക്കുപ്പായം '.ഒടുവില്‍ പുതുക്കക്കാരോടൊപ്പം ' അമ്മക്കിളിക്കൂട് ' .' മകള്‍ക്ക് ..' അങ്ങനെ ചിലത് . സിനിമ നവ കാലത്തിന്‍റെ മാധ്യമമല്ലേ . എങ്കിലുംഇപ്പോഴും നാടകവുമായി അരങ്ങിലെത്താന്‍ അതിയായ ആഗ്രഹം ഉണ്ട് .അവസരം വന്നു ചേരുമെന്ന് തന്നെ കരുതുന്നു .
വായന ?
ഇപ്പോഴും വായന സജീവമാണ് .എമിലി സോളയുടെ" നാന" എന്ന കൃതിയൊക്കെ അന്ന് വായിക്കുമ്പോള്‍ പുതിയ ആകാശ ങ്ങള്‍ തേടി വന്നു .പ്രതിഭയും ഭാവനയും കൊണ്ട് നമ്മുടെ എഴുത്തുകാര്‍ ജീവിതങ്ങളുടെ ആവിഷ്ക്കാരം സത്യ സന്ധമായി നിര്‍വഹിച്ചിരിക്കുന്നു .ഏതുഉള്‍നാടന്‍ ഗ്രാമമായാലും അവിടെ ചെല്ലുമ്പോള്‍ വായനശാലയെക്കുറിച്ചാണ് ആദ്യം അന്വേഷിച്ചിരുന്നത് .[ചുണ്ടില്‍ വീണ്ടും ഏതോ നാടകഗാനം വന്നു തിരയടിച്ചു }
അധ്യാപകരോട് എനിക്ക് പരാതിയുണ്ട് .[എന്നെ നോക്കി പുഞ്ചിരിക്കുന്നു ]സീരിയലുകളെ കുറ്റം പറയുന്നുവെങ്കിലും അവരും അതിന്‍റെ യൊപ്പം പുലരുന്നു എന്നതിന് അനുഭവമുണ്ട് .അവര്‍ക്കിടയിലും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഇത്തരം വിഷയങ്ങളാണ്.സാമൂഹിക പ്രതി ബദ്ധത യുള്ളവര്‍ ഇല്ലെന്നല്ല .അവരെ മാറ്റി നിര്‍ത്തിയാണ് പറയുന്നത് .കാരണം നമ്മുടെ വിദ്യാഭ്യാസ രീതി കരുത്തുറ്റതായെങ്കില്‍ മാത്രമേ തിന്മകള്‍ക്കെതിരെ സമര സജ്ജരാകാന്‍ ലോകത്തിനു കഴിയൂ
ഇപ്പോഴത്തെ സ്ത്രീ യവസ്ഥ?
ഹൊ..മതവും പ്രതിലോമ രാഷ്ട്രീയവും കമ്പോളവും ചേര്‍ന്ന് ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്ന വര്‍ഗമാണ് സ്ത്രീ എന്ന് തോന്നിപ്പോകുന്നു മതത്തിന്റെ പേരില്‍ ഇതിനൊക്കെ ചിലര്‍ കുട പിടിക്കുകയും ചെയ്യുന്നു .
വാസ്തവത്തില്‍ മതമെന്നത് വ്യക്തിപരമല്ലേ? മറ്റുള്ളവരുടെ വിശ്വാസങ്ങളെ മാനിക്കുക എന്നത് ഒരു സംസ്കാരമാണ് . ഇന്നതല്ല. എന്തിനും ഏതിനും മതത്തിന്‍റെ തള്ളിക്കയറ്റം . പര്‍ദ്ദ എന്ന വസ്ത്രം തന്നെ നോക്കൂ . മതപരമെങ്കില്‍ , ഇന്ന് ധരിക്കുന്നത്ര ഫാഷനബിള്‍ ആയി അത് ഉപയോഗിക്കണമെന്ന് എങ്ങും ആരും പറഞ്ഞിട്ടില്ല. തിളങ്ങുന്ന കല്ലുകളും ഉടല്‍ വടിവ് വ്യക്തമാക്കുന്ന തുന്നലുമായി ലോകത്തെ നമ്പര്‍ ഒണ്‍ ഫാഷന്‍ വസ്ത്രമായി അത് മാറിയിരിക്കുന്നു . പര്‍ദ്ദയ്ക്കടിയില്‍ ചിലരെങ്കിലും ധരിക്കുന്ന വസ്ത്രങ്ങളുടെ വൃത്തിയിലും സംശയമുണ്ട് . ശരീര ശുചിത്വവും പര്‍ദ്ദയും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടുന്നു എന്നത് ആരോഗ്യപരങ്ങളായ കാരണങ്ങളായി പരിഗണിച്ചു പഠിക്കേണ്ടതുണ്ട് .
ഇപ്പോഴും മനസ്സിനെ പുതുക്കുന്ന ആഗ്രഹങ്ങള്‍ ?
ധാരാളം .ശാന്ത സുന്ദരമായ ലോകമുണ്ടാകണം എന്നത് തന്നെ മുഖ്യം.കുടുംബങ്ങളെ അപ്പാടെ ദുരിതത്തിലേക്ക് തള്ളി വിടുന്ന മദ്യവും മയക്കു മരുന്നും അവസാനിപ്പിക്കണം .അവയ്ക്കെതിരെയുള്ള ബോധ വല്‍ക്കരണത്തില്‍ കൂടുതല്‍ പങ്കാളിത്തം വേണം .സ്വയം സ്നേഹിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെട്ട ഒരു ലോകമാണ് മുന്നില്‍ .അന്തസ്സ് എന്ന പദത്തിനു ഞാന്‍ ഊന്നല്‍ നല്‍കുന്നു .[മനസ്സിലായോ എന്ന് കണ്ണുകള്‍ കൊണ്ടു ചോദ്യം ]
ഇപ്പോള്‍ കടന്നു വന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ?
ഞാന്‍ പറഞ്ഞല്ലോ .ഏതെങ്കിലും അടുക്കളയില്‍ എരിഞ്ഞു തീരേണ്ട എന്‍റെ ജീവിതം ഇങ്ങനെ യായി ത്തീര്‍ന്നത് എനിക്ക് എന്‍റെ ഉള്ളിലുള്ള സ്ത്രീയെ കണ്ടെടുക്കാന്‍ കഴിഞ്ഞതിനാലാണ് .അന്തസ്സ് ,ആത്മാഭിമാനം എന്നിവയ്ക്ക് സ്ത്രീയുടെ ജീവിതത്തില്‍ സ്വന്തം എന്ന് കൂടി അര്‍ഥ മുണ്ട് .ഇപ്പോള്‍ നോക്കൂ . ജസീറ എന്ന സ്ത്രീ നടത്തുന്ന സമരം .ഒറ്റയ്ക്ക് അവള്‍ എതിരിടുന്നത് മണല്‍ മാഫിയയോടാണ് .അതും പിഞ്ചു കുട്ടികള്‍ക്കൊപ്പം .ഒറ്റയാള്‍ സമരം എന്നതിലുപരി സമരത്തിന്‍റെ ലക്ഷ്യത്തിനാണ് ഇവിടെ പ്രസക്തി .അവരെ പിന്തുണയ്ക്കുന്നത് സ്ത്രീകളോടുള്ള ഐക്യ പ്പെടലാണ് .
ചെയ്തു പോയ തെറ്റുകള്‍ തിരുത്തി വരാന്‍ സമയമുണ്ട് എന്ന് ചിലരൊക്കെ എന്നോട് പറയാറുണ്ട് ഇപ്പോഴും .ആ തെറ്റുകള്‍ എന്താണെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല .നാടക ജീവിതത്തിനിടയില്‍ പല അസ്വാരസ്യ ങ്ങളും നേരിട്ടിട്ടുണ്ട് .അതൊന്നും അഭിനയ ജീവിതത്തെ ഇല്ലാതാക്കിയിട്ടില്ല .[ഇടയ്ക്ക് നടി സീനത്തിന്റെ കാര്യം പരാമര്‍ശിച്ചു] ശാന്തേടത്തിയും നിലമ്പൂര്‍ ബാലനും നാടകത്തിലേക്ക് കൂട്ടി ക്കൊണ്ടു വന്ന ഗായകന്‍ ഇ.കെ അയ്മുവും ...ഓര്‍മ്മകളുടെ ഓളങ്ങളില്‍ പ്പെട്ടു ആ മനസ്സ് ഒന്നുലഞ്ഞു .അന്‍പതുകളിലെ അരങ്ങിലെ തിരിവെട്ടം ആ മുഖത്ത് തെളിഞ്ഞു .വിപ്ലവ ഗീതികളില്‍ ചുണ്ട് പിന്നെയും അനങ്ങി .
കേട്ടിരിക്കുന്നവര്‍ക്കും ആ ഉറച്ച ശബ്ദത്തോട് അണി ചേരാതിരിക്കാന്‍ ആവില്ല .
"കൈകാലുകള്‍ പിടയ്ക്കണ
കൈകളുണ്ടുയരണ്
...........................
കറുത്തോരടുക്കള
വിട്ടു പടയ്ക്കിറങ്ങണ്"..