Poornima C C

താക്കോല്‍
പതിവായി വീടു പൂട്ടി
ചവിട്ടിക്കടിയിലാണ് ഒളിപ്പിച്ചു വയ്ക്കാറ്.
നിങ്ങളുടെ കാലുകളിലെ അഴുക്കുകള്‍
നക്കിത്തുടച്ചും
നിങ്ങളുടെ ചവിട്ടുകള്‍
നിരന്തരമേറ്റു വാങ്ങിയും
പിഞ്ഞിത്തുടങ്ങിയ ചവിട്ടിക്കടിയില്‍.
അതിനടിയില്‍
ഞാനേറെ സുരക്ഷിതത്വമനുഭവിക്കുന്നെന്ന്
മറ്റാരും കാണാത്ത ഇരുട്ടിനുള്ളില്‍
ശാന്തമായി ഒളിച്ചിരിക്കുന്നെന്ന്
നിങ്ങള്‍ കരുതി.
തിരിച്ചു വന്നാല്‍ പതിവായി
വാതില്‍ തുറക്കാന്‍
ഞാനവിടെ കാണുമെന്ന്
നിങ്ങളുറപ്പിച്ചു.

എന്നിട്ടോ?
വാതിലുകള്‍ മലര്‍ക്കെത്തുറന്നു കഴിഞ്ഞാല്‍
നിങ്ങളെന്നെയൊരേറാണ്
കിടക്കയിലേക്ക്
കസേരയിലേക്ക്
തറയിലേക്ക്
പേരറിയാത്ത എവിടേക്കൊക്കെയോ
ഒന്നു പോയാല്‍ മറ്റൊന്നുണ്ടല്ലോ
എന്നു നിങ്ങളാശ്വസിച്ചു.
ഞാനോ?
വൃഥാ
ഞാനില്ലെങ്കില്‍ നിങ്ങള്‍ക്കെങ്ങോട്ടും
പോകാനാവില്ലെന്ന് കരുതി
ഊറ്റം കൊണ്ടു
ആ ഊറ്റത്തില്‍
താക്കോല്‍ദ്വാരത്തിലൂടെ കാണുന്ന
അകക്കാഴ്ചകളെ മറച്ചു പിടിച്ചു കൊണ്ട്
പുറത്തു നിന്നു വരുന്ന വെളിച്ചത്തെ
കടത്തിവിടാതിരുന്ന് കൊണ്ട്
പതിവായി നിങ്ങളുടെ വാതിലില്‍
വിശ്രമിച്ചു കൊണ്ടിരുന്നു.
ആരും പറഞ്ഞു തന്നില്ല
താക്കോല്‍ദ്വാരം അടച്ചു പിടിച്ചാല്‍
വെളിച്ചമില്ലാതാവുന്നില്ല എന്ന്.