ലോക ആരോഗ്യ സംഘടന 2003 മുതല്‍ സെപ്തംബര്‍10 ആത്മഹത്യാ പ്രതിരോധദിനമായി ആചരിച്ചു വരുന്നു. ലോകമെമ്പാടുമുള്ള മനുഷ്യരുടെ മരണകാരണങ്ങളില്‍ ആത്മഹത്യ ഒരു പ്രധാന കാരണമായി മാറുന്നു. എന്നാല്‍ ഇത് ഒഴിവാക്കാന്‍ സാധിയ്ക്കുന്ന ഒന്നാണ്. പ്രസ്തുത സന്ദേശം പ്രചരിപ്പിയ്ക്കുന്നതിനും ബോധവത്ക്കരണ ശ്രമങ്ങള്‍ സംഘടിപ്പിയ്ക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള ആചരണപ്രവര്‍ത്തനങ്ങളാണ് സെപ്തംബര്‍10 ന് ലോകമെമ്പാടും നടക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ പരിശോധിയ്ക്കുമ്പോള്‍ കേരളം ആത്മഹത്യാ നിരക്കില്‍ ഏറെ മുന്‍പിലാണ്. കൂട്ട ആത്മഹത്യകളുടെ എണ്ണത്തിലും സംസ്ഥാനം മുന്നിട്ടുനില്‍ ക്കുന്നു.
ഒരാത്മഹത്യ നടക്കുമ്പോള്‍ പതിനഞ്ച് മുതല്‍ ഇരുപത് വരെപ്പേര്‍ ആത്മഹത്യാശ്രമങ്ങളില്‍ നിന്നും രക്ഷനേടുന്നു എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ ബന്ധപ്പെട്ടവര്‍ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. ഇവരായാണ് പലപ്പോഴും തുടര്‍ന്ന് ആത്മഹത്യയിലേയ്ക്ക് നീങ്ങാന്‍ സാധ്യത കൂടുതലുള്ളവര്‍.
ആത്മഹത്യ വര്‍ദ്ധിയ്ക്കുന്നതിന് വിവിധങ്ങളായ കാരണങ്ങളുണ്ട്. മാനസികാരോഗ്യത്തിന്റെ കുറവ്, വിഷാദരോഗം, ചിത്തഭ്രമം, ബൈപോളാര്‍ഡിസോര്‍ഡര്‍, മദ്യപാനാസക്തി, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയവയെല്ലാം ഇതിനു കാരണമാകുന്നവയാണ്. വിഷാദരോഗം ആത്മഹത്യയിലേയ്ക്കു നയിയ്ക്കുന്ന മുന്‍നിര കാരണങ്ങളിലൊന്നാണ്. ശരിയായ ശ്രദ്ധ, ചികിത്സ എന്നിവ യഥാസമയം ലഭ്യമായാല്‍ ഇത് തടയാനാകും.
സാഹചര്യങ്ങള്‍ നിര്‍മ്മിയ്ക്കുന്ന സമ്മര്‍ദ്ദങ്ങളുമായി പൊരുത്തപ്പെട്ടുപോകാനാകാത്തതും പ്രശനങ്ങളില്‍ ഒന്നാണ്. ലഘുവായ പരാജയങ്ങള്‍, ദാമ്പത്യത്തിലെ / വ്യക്തിബന്ധങ്ങളിലെ പൊരുത്തക്കേടുകള്‍, പ്രണയനൈരാശ്യം തുടങ്ങിയവയെല്ലാം പലപ്പോഴും ആത്മഹത്യ ചെയ്യുന്നതിനുള്ള അടിയന്തിര കാരണങ്ങളായി മാറുന്നു. അണുകുടുംബ വ്യവസ്ഥ പലപ്പോഴും ആത്മഹത്യാ സാഹചര്യങ്ങള്‍ക്ക് സഹായകരമാകുന്ന സ്ഥിതിയുണ്ട്. കൂട്ടുകുടുംബം നിലനിന്നിരുന്ന കാലഘട്ടങ്ങളിലെ സുരക്ഷിതത്വവും പരസ്പ്പര സഹായവും അണുകുടുംബങ്ങളില്‍ അന്യമാണ്. ഇത് വ്യക്തികളില്‍ സൃഷ്ടിയ്ക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ വലുതാണ്.
ഉപഭോഗ സംസ്ക്കാരവും പൊതുജീവിതത്തിലെ മൂല്യരാഹിത്യവും പലപ്പോഴും വ്യക്തിജീവിതത്തിലേയ്ക്ക് പ്രശ്നങ്ങള്‍ ക്ഷണിച്ചു കൊണ്ടുവരുന്നു. ആത്മഹത്യാ പ്രതിരോധം സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണ്. കുടുംബാംഗം, സുഹൃത്ത്, അയല്‍ക്കാരന്‍ അങ്ങിനെ പരിചയം / വിദൂരപരിചയം ഉള്ളവര്‍ ആരുമാകട്ടെ, ആത്മഹത്യവുമായി ബന്ധപ്പെട്ട അപകടകരങ്ങളായ സൂചനകള്‍ പ്രകടിപ്പിയ്ക്കുന്നുവെങ്കില്‍ ഒട്ടും സങ്കോചമില്ലാതെ ബന്ധപ്പെട്ടവരോട് ആത്മഹത്യയെക്കുറിച്ച് ആലോചിയ്ക്കുന്നുവോ എന്ന് ചോദിച്ച് ആശയവിനിമയം ആരംഭിയ്ക്കാവുന്നതാണ്. അശേഷം മുന്‍വിധിയില്ലാത്ത ഇടപെടല്‍ , കേള്‍ക്കല്‍ , വര്‍ത്തമാനം, സഹായിയ്ക്കുമെന്ന ഉറപ്പ് ഇവയെല്ലാം ആത്മഹത്യയില്‍ നിന്നും ബന്ധപ്പെട്ടവരെ പുനര്‍ചിന്തനത്തിനു പ്രേരിപ്പിയ്ക്കുക തന്നെ ചെയ്യും. ആത്മഹത്യ ചെയ്യണമെന്ന തീരുമാനമെടുത്തു നില്‍ക്കുന്നവരുടെ തുടര്‍നീക്കങ്ങള്‍ ഒരു നല്ല സുഹൃത്തിന്റെ വിദൂരതയില്‍ നിന്നുള്ള ഫോണ്‍ സംഭാഷണത്തിലൂടെ പോലും മാറ്റിമറിയ്ക്കുന്നതിനാകും. മരുന്നുകളും കീടനാശിനികളും ഉത്തരവാദിത്വപ്പെട്ട കുറിപ്പടികളിലൂടെ മാത്രം ലഭ്യമാകുന്നു എന്നുറപ്പുവരുത്തലും ഇത് ലംഘിയ്ക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷയുറപ്പാക്കലും പ്രതിരോധ മാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ്.
ആത്മഹത്യാ പ്രവണതയുള്ളവര്‍സാധാരണയായി പ്രകടിപ്പിയ്ക്കുന്ന ചില സ്വഭാവസവിശേഷതകളുണ്ട്.
തീരുമാനമെടുക്കുന്നതിലുള്ള ആശയ അവ്യക്തത.
മരണം / ആത്മഹത്യ എന്നിവ സംബന്ധിച്ച വര്‍ത്തമാനം.
അന്ത്യാഭിലാഷങ്ങളെ സംബന്ധിച്ച ആശയവിനിമയം
ആത്മഹത്യാകുറിപ്പുകള്‍
പെട്ടെന്നുള്ള പെരുമാറ്റ വ്യതാസങ്ങള്‍
ലഹരിവസ്തുക്കളുടെ അമിതമായ ഉപഭോഗം
സുഹൃത്തുക്കള്‍, കുടുംബം, കൂട്ടായ്മകള്‍ എന്നിവകളില്‍ നിന്നുള്ള ഉള്‍വലിയല്‍ .
അമിത ക്ഷീണം, ഉറക്കക്കുറവ്, ഉത്സാഹമില്ലായ്മ തുടങ്ങിയ വിഷാദ ലക്ഷണങ്ങള്‍
ജീവിതത്തില്‍ ആശയ്‌ക്കോ ആരാലുമുള്ള സഹായത്തിനോ വകയില്ലെന്നുമുള്ള തോന്നല്‍.
തുടങ്ങിയവയെല്ലാം പ്രവണതാ സവിശേഷതകളാണ്.
ജീവിതം ഒന്നുമാത്രമാണുള്ളത്. അത് ആസ്വദിച്ച് അനുഭവിയ്ക്കുന്നതിനുള്ളതാണ്. വിലപ്പെട്ട ജീവനെ നിമിഷമൊന്നിലെ അവിവേകത്താല്‍ മായ്ച്ചു കളയാതിരിയ്ക്കാം. കാരണം എന്തുതന്നെയായാലും നഷ്ടമാകുന്നത് അവനവനു മാത്രമാണ്. അവനവനു മാത്രം.