ഫിലിം സൊസൈറ്റി പ്രസ്ഥാനം അതിന്റെ ഏറ്റവും ആഴത്തിലുള്ള പ്രതിസന്ധിയുലൂടെ കടന്നു പോകുന്ന കാലഘട്ടത്തിലാണ് സുരേഷ് ബാബു ആ പ്രസ്ഥാനത്തില്‍ സജീവമാകുന്നത്. പ്രസ്ഥാനത്തിന്റെ ഉച്ചസ്ഥായി (1970-80കള്‍) കഴിഞ്ഞിരുന്നു, ടെലിവിഷന്‍ നിത്യജീവിതത്തിലേക്ക് കടന്നുവരികയും സിനിമകാണല്‍ ഗാര്ഹികവല്ക്കരിക്കപ്പെട്ടു തുടങ്ങുകയും ചെയ്തിരുന്നു. ഡിജിറ്റല്‍ കാലത്തിന്റെ സിനിമാലഭ്യതയും പ്രദര്ശനസൌകര്യങ്ങളും എത്തിക്കഴിഞ്ഞിരുന്നതുമില്ല. ധാരാളം കത്തിടപാടുകളും ഏകോപനബാധ്യതകളുമുള്ള ആ സമയത്താണ് സുരേഷ് ബാബു സജീവമായി അതിലേക്ക് പ്രവേശിക്കുന്നത്. തന്റെ നിശബ്ദവും സൗമ്യവുമായ പ്രവര്‍ത്തനത്തിലൂടെ സുരേഷ് ബാബു കേരളത്തിലങ്ങോളമിങ്ങോളമുള്ള ഫിലിം സൊസൈറ്റികളെ ഏകോപിപ്പിച്ചു. കേരളമാകെ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ സൌഹൃദവലയം വികസിപ്പിച്ചെടുത്തു. ഇത്രയും സൌഹാര്‍ദ്ദപരമായും അനൌപചാരികവുമായി സംഘടനാപ്രവര്‍ത്തനങ്ങള്‍ നടത്താം എന്ന് തെളിയിച്ചു. നീലന് പറഞ്ഞതുപോലെ സുരേഷ് ബാബുവിനെപ്പോലുള്ള എത്രയോ നിസ്വാര്ഥപ്രവര്ത്തകരുടെ ഫലമാണ് ഇന്ന് കേരളത്തില്‍ ഉണ്ടെന്നു കരുതുന്ന ഉയര്‍ന്ന സിനിമാവബോധം.
വലിയ പരിപാടികള്‍ സംഘടിപ്പിക്കുമ്പോഴും വലിയ പരിപാടികളില്‍ (ഐ എഫ് എഫ് കെ പോലുള്ളവ) പങ്കെടുക്കുമ്പോഴും തന്റെ നിലപാടുകളിലും ലാളിത്യത്തിലും നിര്മ്മമതയിലും സുരേഷ് ബാബു ഉറച്ചുനിന്നു; തന്റെ ദൌത്യത്തെ നിതാന്തം പിന്തുടര്ന്നു. സംഘാടനം ഒരു ലഹരിയായിരുന്നിരിക്കണം അയാള്‍ക്ക്. അല്ലെങ്കില്‍ ഇത്രയും കാലം ഒരു ഒറ്റയാള്സേനയായി (ആ ഒറ്റയില്‍ എന്നും വാസുദേവന്‍ ഭട്ടതിരിയും ഉണ്ടായിരുന്നു) റഷ്യന്‍ കള്‍ച്ചറല്‍ സെന്റടിലെ സിനിമാപ്രദര്‍ശനങ്ങള്‍ അയാള്‍ക്ക് തുടരാനാവുമായിരുന്നില്ല.
പ്രദര്‍ശനങ്ങളുടെയും മേളകളുടേയും ഓപ്പന്‍ ഫോറം തുടങ്ങിയ ഉത്തരവാദിത്തത്തിന്റേയും ഭാഗമായി പലവട്ടം പലകാര്യങ്ങള്‍ക്കായി സുരേഷ് ബാബുവിന്റെ വിളികള്‍ വരും, പലതും ചെയ്തു കൊടുക്കാന്‍ കഴിഞ്ഞു, പലതും ഞാന്‍ ഉഴപ്പിയിട്ടുമുണ്ട്. പക്ഷെ സുരേഷ് ബാബുവിന് അതില്‍ ഒരു പരാതിയുമുണ്ടായിരുന്നില്ല, മാത്രമല്ല അടുത്ത ആവശ്യം വരുമ്പോള്‍ മുന്‍ വീഴ്ച്ച ഒരു തമാശയിലൂടെ സൂചിപ്പിച്ച് പുതിയ ആവശ്യം ഉന്നയിക്കുകയും ചെയ്യും. ഒരു തവണ കരെന്‍ ഷക്നസറോവിന്റെ ചിത്രങ്ങളുടെ ഒരു മേള ബാബു സംഘടിപ്പിക്കുകയുണ്ടായി; ആ ചിത്രങ്ങള്‍ പരിചയപ്പെടുത്തുവാനായി എന്നെ ക്ഷണിച്ചു. ഞാന്‍ പിറ്റേ ദിവസം ഷക്നസറോവിനെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ചില നിലപാടുകളില്‍ വിയോജിപ്പ് (പ്രത്യേകിച്ചു റഷ്യയുടെ ചെച്നിയന്‍ ആക്രമണത്തെ ന്യായീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളും മറ്റും) തോന്നിയതു കൊണ്ട് സുരേഷ്ബാബുവിനെ പിറ്റേന്ന് വിളിച്ച് എന്നെ പരിപാടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു. സ്വതസിദ്ധമായ ചിരിയോടെ സുരേഷ്ബാബു അതിന് സമ്മതിച്ചു. മേള നന്നായി നടക്കുകയും ചെയ്തു.
അടുത്ത ദിവസം രാവിലെ എന്നെ ഫോൺ ചെയ്ത സുരേഷ്ബാബുവിന്റെ വാക്കുകള്‍ അയാള്‍ക്ക് മാത്രം പറയാന്‍ കഴിയുന്നതായിരുന്നു: “എന്താണ് സുഖമല്ലേ? ഷക്നസറോവിന്റെ മേള നന്നായി നടന്നു. ചെച്നിയക്ക് ഒന്നും സംഭവിച്ചിട്ടില്ല, റഷ്യയും സുഖമായിരിക്കുന്നു. വെങ്കിടിക്ക് സുഖമല്ലേ എന്ന് അന്വേഷിക്കാനാണ് വിളിച്ചത്”.. അത്തരം വിളികള്‍ ഇനി വരില്ല.. സിനിമാസംബന്ധിയായ ഏതു പരിപാടിയായാലും അത് ആരു നടത്തിയാലും ഉണ്ടാവാറുള്ള ആ മനുഷ്യന്റെ സൗമ്യസാന്നിദ്ധ്യവും ഇനിയുണ്ടാവില്ല.
അതോര്‍ക്കുമ്പോള്‍ നമ്മുടെ ലോകം പെട്ടെന്ന് കൂടുതല്‍ ചെറുതും ഇരുണ്ടതും മനുഷ്യപ്പറ്റില്ലാത്തുതും ആയതുപോലെ…