D Yesudas

ആള്‍ക്കൂട്ടം
അതിനു ശേഷം
ആള്‍ക്കൂട്ടം പിരിഞ്ഞു പോയി
അതിന്റെ ജാതികളിലേക്ക്
മതങ്ങളിലേക്ക്
കടങ്ങളിലേക്ക്
അടച്ചുറപ്പുകളിലേക്ക്
സുഖങ്ങളിലേക്ക്
ദു:ഖങ്ങളിലേക്ക്
വലിയവന്‍
വലുതെന്ന പോലെ
ചെറിയവന്‍
ചെറുതെന്ന പോലെ

ആള്‍ക്കൂട്ടം
അതിന്റെ
ഭയാനകമായ നിശബ്ദതയിലേക്ക്
പിരിഞ്ഞുപോയ്

ആരും ഒന്നിനും
ഉത്തരവാദികളായില്ല
സാക്ഷികളുമായില്ല

ഇപ്പോള്‍ നാം കാണുന്നത്
തല തകര്‍ന്ന്
വരിയുടഞ്ഞു ചതഞ്ഞ്
ചോരയില്‍ കിടക്കുന്ന
ഒരു ഇരുണ്ട ശരീരം

നമ്മുടെ സംസ്കാരം അതിനെ
എത്ര വേഗത്തിലാണ്
സംസ്കരിക്കുക !

എങ്കിലും
അവിടെത്തന്നെ കിടക്കുന്ന
അപ്പിടച്ചിലില്‍ ചവുട്ടി നാം നടന്നുകൊണ്ടേയിരിക്കുന്നു
അല്ലേ?