Dr M K Chandraj

2013-ലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല ബില്‍ പിന്‍വലിക്കുക.

നമ്മുടെ സംസ്ഥാനത്ത് മാതൃഭാഷയ്ക്കായി ഒരു സര്‍വകലാശാല തുടങ്ങുവാന്‍വേണ്ടി വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2012 നവം.1ന് തിരൂരില്‍ മലയാളസര്‍വകലാശാല തുടങ്ങുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് 2013-ലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല ബില്‍ കേരളനിയമസഭ ചര്‍ച്ച ചെയ്യുന്നത്.


കെ.ജയകുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലും ഇപ്പോഴത്തെ ബില്ലിലും താഴെ ചേര്‍ത്തിരിക്കുന്ന കാര്യങ്ങള്‍ക്കാണ് പ്രാധാന്യം:


1. എം എ മലയാളം കവിത, എം എ മലയാളം നോവല്‍, എം എ മലയാളം നാടകം ഇത്യാദി ബിരുദാനന്തര ബിരുദകോഴ്സുകളും മറ്റുമാണ് ഇതില്‍ വിഭാവനം ചെയ്തിരിക്കുന്നത്.


2. മലയാളഭാഷ, സാഹിത്യം, കലകള്‍ എന്നിവയാണ് പാഠ്യവിഷയങ്ങള്‍.


3. പലേടത്തായി 100 ഏക്കര്‍ സ്ഥലം സര്‍വകലാശാലയ്ക്കായി കണ്ടുവച്ചിട്ടുണ്ടത്രെ. അതും നിലവില്‍ നാലു സര്‍വകലാശാലകള്‍ സ്ഥിതി ചെയ്യുന്ന മലപ്പുറത്താണ്.എന്നാല്‍ മലയാളസര്‍വകലാശാലയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് പ്രസ്തുത റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് ഖേദപൂര്‍വം ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു.


തിരുവിതാംകൂര്‍ സര്‍വകലാശാല 1937-ല്‍ സ്ഥാപിതമായപ്പോള്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടത് മലയാളഭാഷയുടെയും സംസ്കാരത്തിന്റെയും ഉന്നമനമായിരുന്നു. അതിന്റെ ജൃലമായഹലല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:Conservation, promotion and development of Kerala Art and Culture and the Malayalam language and the gradual change of the medium of instruction into Malayalam in all the educational instititons in the state as well as the provision of grater facilities for the post graduate study and original research in all branches of learning by establishing centeres of post graduate study and original research in different parts of the state.

ഇതേ ആമുഖം തന്നെയാണ് 1957 ല്‍ കേരള സര്‍വകലാശാലയും സ്വീകരിച്ചത്. കൊളോണിയല്‍ കാലഘട്ടത്തില്‍ രൂപം പ്രാപിച്ച സര്‍വകലാശാലയുടെ ശില്‍പ്പികള്‍ക്കുപോലും നാട്ടുഭാഷയിലൂടെയുള്ള വിജ്ഞാനവിതരണം മാത്രമേ നാടിന്റെ വികസനസ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കൂ എന്ന തിരിച്ചറിവുണ്ടായിരുന്നു. എന്നാല്‍ സ്വതന്ത്രകേരളത്തിലെ ഭരണകര്‍ത്താക്കളില്‍ എത്രപേര്‍ക്ക് ആ തിരിച്ചറിവുണ്ടായിരുന്നു? ആര്‍ക്കെങ്കിലും അതുണ്ടായിരുന്നെങ്കില്‍ അധികാരം കൈയാളാനും സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള പല സ്ഥാപനങ്ങളില്‍ ഒന്നുമാത്രമായി സര്‍വകലാശാലാസങ്കല്‍പ്പത്തെ വെട്ടിച്ചുരുക്കുമായിരുന്നില്ല. മുകളില്‍ സൂചിപ്പിച്ച പ്രിആംബ്ളില്‍ ഊന്നിപ്പറയുന്ന മൌലികഗവേഷണവും അതുവഴിയുള്ള വിജ്ഞാനോല്‍പ്പാദനവും നമുക്കന്യമാകുമായിരുന്നില്ല


മാതൃഭാഷയുടെ കാര്യത്തില്‍ നിലവിലുള്ള സര്‍വകലാശാലകള്‍ മുഖംതിരിച്ചതു കൊണ്ടാണ് പതിറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ കേരളത്തില്‍ മലയാളസര്‍വകലാശാല തുടങ്ങണമെന്ന ആവശ്യം ഭാഷാസ്നേഹികളും മലയാളസമിതി ഉള്‍പ്പെടെയുള്ള സംഘടനകളും ഉന്നയിച്ചത്. നിയമനിര്‍മാണസഭയില്‍ പലവട്ടം ഈ വിഷയം ചര്‍ച്ചയ്ക്കു വന്നെങ്കിലും അധികാരകേന്ദ്രങ്ങള്‍ അനുകൂലനിലപാടെടുക്കുവാന്‍ തയ്യാറായില്ല. അയല്‍ സംസ്ഥാനങ്ങള്‍ പലതും ഭാഷാസര്‍വകലാശാലകള്‍ തുടങ്ങി ഭാഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടും അധികാരികളുടെ മൌനം തുടര്‍ന്നതേയുള്ളൂ. മാത്രമല്ല, പഠന-ഭരണതലങ്ങളില്‍ ഭാഷയെ യഥാസ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ വിമുഖത കാട്ടുകയും ചെയ്തു. ഇന്ത്യയിലെ ഒട്ടെല്ലാ സംസ്ഥാനങ്ങളിലും തദ്ദേശഭാഷയെ ഏക ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. പഠനതലത്തില്‍ നാട്ടുഭാഷയ്ക്ക് ഒന്നാം ഭാഷാപദവി നല്‍കുന്നതില്‍ ആ സംസ്ഥാനങ്ങള്‍ക്കു യാതൊരു പ്രയാസവും നേരിട്ടില്ല. കോടതികളിലാകട്ടെ, തദ്ദേശഭാഷയില്‍ത്തന്നെയാണ് വ്യവഹാരങ്ങള്‍ നടത്തുന്നതും വിധി പ്രസ്താവിക്കുന്നതും. എന്നാല്‍ ഇക്കാര്യങ്ങളിലൊക്കെത്തന്നെ കേരളം കുറ്റകരമായ അനാസ്ഥയാണ് തുടര്‍ന്നുപോരുന്നത്.


ഇതുകൊണ്ടാണ് സര്‍വകലാശാലാബില്‍ കേരളസമൂഹത്തില്‍ പ്രസക്തമാകുന്നതും ഏറെ ചര്‍ച്ചചെയ്യപ്പെടുന്നതും. മലയാളത്തിനോ മലയാളിക്കോ കേരളവികസനത്തിനോ ഒന്നും പ്രത്യേകിച്ച് സംഭാവന ചെയ്യാത്ത, ഉന്നത ഉദ്യോഗസ്ഥ-ഭരണവര്‍ഗത്തിനു മാത്രം പ്രയോജനം കിട്ടാവുന്ന ഒന്നാണ് ഈ ശീലാവതി സര്‍വകലാശാല.


1. എം എ മലയാളം കവിത, എം എ മലയാളം നോവല്‍, എം എ മലയാളം നാടകം ഇത്യാദി ബിരുദാനന്തര ബിരുദകോഴ്സുകള്‍ നിലവിലുള്ള ഏതു കോളെജിലും പഠിപ്പിക്കാം. നാട്ടിലെ പൌരന്മാരുടെ നികുതിപ്പണം ഇത്തരം സ്ഥാപനത്തിനു ധൂര്‍ത്തടിക്കാനുള്ളതല്ല.


2. ഭാഷ വികസിക്കണമെങ്കില്‍ ശാസ്ത്രസാങ്കേതികവിഷയങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിജ്ഞാനശാഖകളും ആ ഭാഷയിലൂടെ വിതരണം ചെയ്യപ്പെടണം. അത്തരം പാഠ്യപദ്ധതികള്‍ ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. ഭാഷാവികസനത്തിലൂടെ നമ്മുടെ നാടിന്റെ വികസനവും നിര്‍ദിഷ്ട സര്‍വകലാശാലയുടെ ലക്ഷ്യമാകണം. പല കോണുകളില്‍ നിന്നും അവഗണന നേരിടുന്ന ഭാഷയെ ശക്തിമത്താക്കുവാന്‍ ഭാഷയെ എല്ലാ വ്യവഹാരത്തിനും പറ്റിയ മാധ്യമമാക്കി പുനര്‍നിര്‍മിക്കണമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഏതു ഭാഷയും അത്തരത്തില്‍ മാത്രമേ വികാസം പ്രാപിക്കുകയുള്ളൂ. മലയാളഭാഷയും സാഹിത്യവിഷയങ്ങളിലെന്നതുപോലെ തന്നെ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയാവണം. നിയമത്തിന്റെ, സാമ്പത്തികശാസ്ത്രത്തിന്റെ, തത്ത്വചിന്തയുടെ ഒക്കെ മാധ്യമമായി ഉയരണം. മലയാളികളുടെ ജീവിതത്തില്‍, അപ്പോള്‍ മാത്രമേ, മലയാളത്തിന് നിര്‍ണായകസ്വാധീനം ചെലുത്താനാവൂ. മലയാളിയുടെ സ്വത്വം പൊളിച്ചെഴുതാന്‍ അപ്പോഴേ മലയാളഭാഷയ്ക്കു കഴിവുൂണ്ടാവൂ. അതുവഴി സ്വാഭാവികമായും മലയാളിയുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള ചാലകശക്തിയായി മലയാളഭാഷ പ്രാപ്തമാകുമെന്നതില്‍ തര്‍ക്കമില്ല.(18-ാം നൂറ്റാണ്ടു വരെ മൃതഭാഷയായിരുന്ന ഹീബ്രുവിനെ ജീവല്‍ഭാഷയാക്കിയതിനു പിന്നില്‍ ഹീബ്രൂ സര്‍വകലാശാലയുടെ ഇത്തരം പ്രവര്‍ത്തനങ്ങളാണ്.)


3. 1000 ഏക്കറെങ്കിലും വിസ്തൃതിയുള്ള വിശാല കാമ്പസ് സമുച്ചയം നമ്മുടെ മാതൃഭാഷയുടെ പേരിലുള്ള സര്‍വകലാശാലയ്ക്കുണ്ടാവണം. അലിഗഢ് സര്‍വകലാശാലയ്ക്ക് 400 ഏക്കറും കേന്ദ്രസര്‍വകലാശാലയ്ക്ക് ഏതാണ്ട് അത്രത്തോളം തന്നെയും സ്ഥലം കേരളത്തില്‍ അനുവദിച്ചിട്ടുണ്ട്. അതിനാല്‍ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഏതു ജില്ലയിലും സര്‍വകലാശാല ആരംഭിക്കാവുന്നതാണ്.


4. മലയാളഭാഷ പല രംഗങ്ങളിലും ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയ്ക്ക് പരിഹാരമായിത്തീരണം മലയാളസര്‍വകലാശാല; ഇതിനെതിരെയുള്ള പ്രതിരോധം തീര്‍ക്കാനും സര്‍വകലാശാലയുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയണം. ഹീബ്രൂ, തമിഴ്, കന്നട, പഞ്ചാബി തുടങ്ങിയ ഭാഷാസര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ പഠിച്ച് പാഠ്യപദ്ധതികള്‍ക്ക് രൂപം നല്‍കണം. പ്രസ്തുത സര്‍വകലാശാലകള്‍ ഏതെങ്കിലും വ്യക്തിയുടെ പേരിലല്ല സ്ഥാപിക്കപ്പെട്ടത്. നമ്മുടെ ഭാഷയ്ക്ക് വേണ്ടിയുള്ള സര്‍വകലാശാലയുടെ പേര് മലയാളസര്‍വകലാശാല എന്ന് ആകുന്നതാണ് ഉചിതം. നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതുപോലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല എന്ന പേര് കാലക്രമേണ ഠ ഋ ങ സര്‍വകലാശാല എന്ന് ആംഗലവല്‍ക്കരിക്കപ്പെടാനാണ് സാധ്യത. മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് അിറയപ്പെടുന്നത് ങ ഏ സര്‍വകലാശാല എന്നാണല്ലോ.


5. അക്കാദമിക് പാണ്ഡിത്യവും കൂടാതെ സര്‍വകലാശാലാസംവിധാനത്തില്‍ പ്രൊഫസറായി പത്തുവര്‍ഷത്തെ പരിചയമോ അല്ലെങ്കില്‍ അക്കാദമിക് ഭരണനിര്‍വഹണസമിതികളില്‍ പത്തുവര്‍ഷം തത്തുല്യമായ പദവിയിലിരുന്ന പരിചയമോ വൈസ് ചാന്‍സലറായി നിയമിക്കപ്പെടുന്നയാള്‍ക്ക് ഉണ്ടാവണം എന്നതാണ് യു ജി സി നിഷ്കര്‍ഷിക്കുന്ന നിബന്ധന. അത്തരം യോഗ്യതയുള്ളയാളെ മാത്രമേ മലയാളസര്‍വകലാശാലയിലെ വി സിയായി നിയമിക്കാന്‍ പാടുള്ളൂ.


6. ഇംഗ്ളീഷോ മറ്റു ഭാഷകളോ പഠിക്കാനുള്ള അവസരം ഇവിടെയുണ്ടാവണം.


7. 14.8.2011ല്‍ മലയാളസര്‍വകലാശാലയെപ്പറ്റി ഐക്യമലയാളപ്രസ്ഥാനം സര്‍ക്കാരിനു സമര്‍പ്പിച്ച കേരളവികസനവും മലയാളസര്‍വകലാശാലയും എന്ന രൂപരേഖയിലെ നിര്‍ദേശങ്ങള്‍ പാടേ അവഗണിക്കപ്പെട്ടു.


ഇക്കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പ്രസ്തുത ബില്‍ കേരളത്തെ പിറകോട്ടൂ നയിക്കുന്നതാണെന്നു കാണാന്‍ കഴിയും. ഈ ബില്‍ പിന്‍വലിച്ച് കേരളവികസനത്തെയും ഭാഷാപുരോഗതിയെയും വിഭാവനം ചെയ്യുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള പുതിയൊരു ബില്‍ ഭാഷാപ്രവര്‍ത്തകരുടെയും പണ്ഡിതന്മാരുടെയും നിര്‍ദേശങ്ങള്‍ പരിഗണിച്ച് കേരളനിയമസഭയില്‍ ചര്‍ച്ച ചെയ്തു നിയമമാക്കേണ്ടതാണ്. തിടുക്കത്തില്‍ ഒരു സ്ഥാപനമുണ്ടാക്കി മലയാളത്തിനും ഉണ്ടൊരു സര്‍വകലാശാല എന്ന് മേനിനടിച്ചതുകൊണ്ട് ഇവിടത്തെ നികുതിദായകന് എന്തു നേട്ടം; കേരളത്തിനെന്ത് പുരോഗതി?


 
എം എ മലയാളം കവിത, എം എ മലയാളം നോവല്‍ , എം എ മലയാളം നാടകം


ശീലാവതി സര്‍വകലാശാല


വേണ്ടേ വേണ്ട


തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല ബില്‍ പിന്‍വലിക്കുക.


യു ജി സി യോഗ്യതയുള്ള വ്യക്തിയെ മലയാളസര്‍വകലാശാലാ വി സിയായി നിയമിക്കുക


കേരളത്തെ പിറകോട്ടൂ നയിക്കുന്ന ബില്‍പിന്‍വലിക്കുക.


ഠ ഋ ങ സര്‍വകലാശാല വേണ്ട മലയാളസര്‍വകലാശാല വേണം


വിശാല കാമ്പസ് സമുച്ചയം വേണം


കേരളവികസനം മലയാളസര്‍വകലാശാലയുടെ ലക്ഷ്യമാകണം


പൌരന്മാരുടെ നികുതിപ്പണം ശീലാവതി സര്‍വകലാശാലയ്ക്കായി ധൂര്‍ത്തടിക്കരുത്