കേരള മന്ത്രിസഭയില്‍ ഭരണമികവുകൊണ്ടും വീക്ഷണംകൊണ്ടും ജനഹൃദയങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയ മന്ത്രിയാണ് കെ.കെ. ശൈലജ ടീച്ചര്‍. കേരളത്തിന്റെ ആരോഗ്യമേഖല ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. സംസ്ഥാനം രൂപീകൃതമായി കുറഞ്ഞനാള്‍ കൊണ്ടുതന്നെ ശിശുമരണനിരക്ക് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു എന്നു മാത്രമല്ല, ഏറ്റവും അത്യാധുനികമായ ആശുപത്രികള്‍ നിര്‍മ്മിച്ചുകൊണ്ടും നവീനമായ ചികിത്സാരീതികള്‍ ഏറ്റവും സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമാക്കിക്കൊണ്ടും ആരോഗ്യമേഖലയെ മികച്ചതാക്കി മാറ്റിത്തീര്‍ക്കുവാനും കേരളത്തിന് സാധിച്ചിട്ടുണ്ട്.
ശിശു – വനിതാക്ഷേമത്തിന്റെ കാര്യത്തിലാണെങ്കിലും കേരളം മാതൃക തന്നെയാണ്. ഏറ്റവും നന്നായി അംഗനവാടികള്‍ പ്രവര്‍ത്തിക്കുകയും കുട്ടികളുടെയും കൗമാരക്കാരുടെയും വയോധികരുടെയും മാനസികവും ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ പരിപാലിക്കുകയും ചെയ്യുന്ന ഏക സംസ്ഥാനവും കേരളമാണ്. ചുരുക്കത്തില്‍ , കേരളത്തിന്റെ ആരോഗ്യമന്ത്രിയാവുക, സാമൂഹ്യ-വനിതാ-ശിശുക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യുക എന്നത് വലിയ വെല്ലുവിളിതന്നെയാണ്. ഇനിയുമിനിയും മികച്ചതാക്കുക എന്നതല്ലാതെ മറ്റൊരു ഓപ്ഷനും ഈ വകുപ്പ് കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് മുന്നിലില്ല. ഈ വെല്ലുവിളിയാണ് ഷൈലജ ടീച്ചര്‍ ഏറ്റെടുക്കുന്നത്.
അധികാരത്തിലേറി ഏറെ നാള്‍ കഴിയുന്നതിന് മുമ്പുതന്നെ ആരോഗ്യമേഖലയില്‍ ടീച്ചര്‍ നടത്തിയ ഇടപെടലുകള്‍ അവരുടെ ഭരണമികവ് വിളിച്ചോതുന്നതായിരുന്നു. 2018 മെയ് മാസത്തില്‍ ഉണ്ടായ മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് വളരെയെളുപ്പത്തില്‍ പടരുന്ന നിപ്പാ (ചശുമവ) എന്ന പേരിലുള്ള മാരകരോഗത്തെ ടീച്ചറുടെ നേതൃത്വത്തില്‍ കീഴടക്കിയത് അവരുടെ ഭരണമികവ് വ്യക്തമാക്കുന്ന മികച്ച ഉദാഹരണമാണ്. നിപ്പ കേരളത്തെയാകെ ഭീതിയിലാഴ്ത്തിയപ്പോള്‍, മുന്‍പരിചയങ്ങളൊന്നും ഇല്ലാതിരുന്നിട്ടും കൂടുതല്‍ മനുഷ്യജീവനുകള്‍ അടര്‍ന്നുപോകാതിരിക്കാന്‍ ഒട്ടുമേ പതറാതെ ടീച്ചര്‍ പ്രവര്‍ത്തിച്ചു. തങ്ങള്‍ക്കും അസുഖം പകര്‍ന്നേക്കാമെങ്കിലും അതിനെപ്പോലും വകവെക്കാതെ ജോലിചെയ്ത ആരോഗ്യമേഖലയിലെ സകല ജീവനക്കാര്‍ക്കും ധൈര്യവും ആത്മവിശ്വാസവും പകരുന്നതായിരുന്നു ടീച്ചറുടെ ഇടപെടലുകള്‍ എന്ന് അതിന്റെ ഭാഗഭാക്കായവരുടെ അനുഭവസാക്ഷ്യങ്ങള്‍ തെളിയിക്കുന്നു. കേരളം നിപ്പയെന്ന മഹാമാരിയെ പിടിച്ചുകെട്ടിയ രീതി ലോകപ്രശംസ പിടിച്ചു പറ്റി. ആഗോളമാധ്യമങ്ങളില്‍ ഇത് പ്രധാനപ്പെട്ട വാര്‍ത്തയും ചര്‍ച്ചയുമായി. അമേരിക്കയിലെ ബള്‍ട്ടിമോറി സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി കേരളം നിപ്പയെ അതിജീവിച്ച രീതി കണക്കിലെടുത്ത് ശൈലജ ടീച്ചറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ആദരിക്കുകയുണ്ടായി.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അവതരിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ക്കുപോലും അടിയന്തിരമായ ഇടപെടലുകള്‍ ഉണ്ടാകുകയും പരിഹാരം കാണുകയും ചെയ്യുന്നു എന്നത് ശൈലജ ടീച്ചറെ ഏറെ ജനപ്രിയയായ മന്ത്രിയാക്കി മാറ്റി. ഇപ്പോള്‍ ചൈനയില്‍ നൂറുകണക്കിന് മനുഷ്യരുടെ ജീവനപഹരിച്ച കൊറോണയെ പ്രതിരോധിക്കാന്‍ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകള്‍ വീണ്ടും അവരെ ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നു.
മലയാളികളായ ധാരാളം വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി പോയിട്ടുണ്ടെന്നും അവരെ തിരിച്ചെത്തിക്കുകയും അവരില്‍ വൈറസ്ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടികണ്ടുതന്നെ പ്രതിരോധനടപടികള്‍ ആരംഭിക്കുകയും ചെയ്ത ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്കാകമാനം മാതൃകയായിത്തീര്‍ന്നു. കൊറോണപ്രതിരോധപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കേരളത്തെ മാതൃകയാക്കാന്‍ കേന്ദ്രംതന്നെ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായി. കൃത്യമായ മരുന്ന് കണ്ടുപിടിക്കപ്പെടാതിരുന്നിട്ടുകൂടി കേരളത്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് കേസുകളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. കൊറോണമൂലമുണ്ടാകുന്ന അനുബന്ധഅസുഖങ്ങള്‍ക്ക് മരുന്ന് ന കിയാണ് ഇത് സാധ്യമാക്കുന്നത്. അര്‍ദ്ധരാത്രികഴിഞ്ഞുപോലും യോഗം ചേര്‍ന്ന് സാഹചര്യം വിലയരുത്തുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്ന ടീച്ചറിന്റെ നേതൃത്വത്തിലുള്ള സംഘം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
എന്നാല്‍ , ഇത്രമേല്‍ അഡ്മിനിസ്‌ട്രേറ്റീവ് പവറും കര്‍മ്മശേഷിയും ആര്‍ജ്ജവവുമുള്ള ഒരു ഭരണാധികാരിയെ കുടുംബപരമായ പദാവലികള്‍ ഉപയോഗിച്ചുകൊണ്ട് വിശേഷിപ്പിക്കാനാണ് പൊതുസമൂഹത്തിന്, മാധ്യമങ്ങള്‍ക്ക് പൊതുവേ താത്പര്യം എന്നത് കൗതുകകരമാണ്. നിപ്പയ്ക്കുശേഷം പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ ‘ടീച്ചറമ്മ നമ്പര്‍ വണ്‍’ എന്നാണ് ശൈലജ ടീച്ചറുമായുള്ള അഭിമുഖത്തിന്റെ തലക്കെട്ട്. നിപ്പയെ നേരിട്ട മെഡിക്കല്‍ ടീമില്‍ അംഗമായിരുന്ന ഡോ. അനൂപ്കുമാര്‍ എ. മുതല്‍ ധാരാളം പേര്‍ ടീച്ചറമ്മ എന്ന പ്രയോഗം ഏറ്റുപിടിക്കുന്നത് കാണാം. അമ്മ, മകനോടുള്ള വാത്സല്ല്യം, മകനോടെന്ന പോലെ പെരുമാറി, അമ്മയെപ്പോലെ ആശ്വസിപ്പിച്ചു, പെങ്ങളൂട്ടി എന്നിങ്ങനെയാണ് അധികാരസ്ഥാനങ്ങളിലിരിക്കുന്ന സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ പൊതുവെ ഉപയോഗിക്കുന്നത്.
ആര്‍.എസ്.എസിന്റെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വഹിച്ച സഖാവ് അജയ്പ്രസാദിന്റെ അനുജത്തി ഫെയ്‌സ്ബുക്കി തന്റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കിക്കൊണ്ട് പോസ്റ്റ് ചെയ്ത കുറിപ്പ് ഷെയര്‍ ചെയ്ത് പല ആണ്‍പ്രൊഫൈലുകളും നല്‍കുന്ന ക്യാപ്ഷന്‍ ‘അനുജത്തിക്കുട്ടി’ എന്നാണ്. ഉറച്ചതും വ്യക്തവുമായ രാഷ്ട്രീയബോധമുള്ള ഒരു വ്യക്തിയായി അവളെ മനസ്സിലാക്കാന്‍ ആ നിലക്ക് തന്നെ അഭിവാദ്യം ചെയ്യാന്‍ എന്തുകൊണ്ടാണ് കഴിയാതെ പോകുന്നത്? എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പറയുമ്പോള്‍, തോമസ് ഐസക്കിനെക്കുറിച്ച് പറയുമ്പോള്‍ ഒന്നും തന്നെ ഞങ്ങളുടെ അച്ഛനാണ്, അച്ഛനപ്പോലെ പെരുമാറി, അച്ഛന്റെ വാത്സ ല്ല്യമാണ് ലഭിച്ചത് എന്ന് എന്തുകൊണ്ട് പറയുന്നില്ല? പ്രളയമെന്ന മഹാദുരന്തത്തെ നേരിടുന്നതില്‍ അനതിസാധാരണമായ നേതൃത്വപാടവമാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന നിലയിലും ഒരു ജനപ്രിതിനിധി എന്ന നിലയിലും കാണിച്ചത്. ഒരു രക്ഷകന്റെ, നായകന്റെ പരിവേഷമാണ് പൊതുസമൂഹവും സാമൂഹ്യമാധ്യമങ്ങളും മറ്റെല്ലാ മാധ്യമങ്ങളും അദ്ദേഹത്തിന് നല്‍കിയത്. ‘ജനനായകന്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ കേരളത്തിലൂടനീളം കാണാം. എന്തുകൊണ്ടാണ് ശൈലജ ടീച്ചറും മേഴ്‌സിക്കുട്ടിയമ്മയുമൊന്നും ‘ജനനായിക’മാരാകാത്തത്? അവരുടെ ഫോട്ടോ പതിച്ച, ജനനായിക എന്ന് വിശേഷിപ്പിച്ച ബോര്‍ഡുകള്‍ കേരളത്തിലെങ്ങും ഉയരാത്തത്?
ഭരണാധികാരി എന്ന നിലയില്‍ മികവ് പുലര്‍ത്തുന്ന സ്ത്രീകളെ നിങ്ങള്‍ അമ്മയാണ്, ഭാര്യയാണ്, അനുജത്തിയാണ്എന്നിങ്ങനെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന, അധികാരം കയ്യാളുന്ന സ്ത്രീകളോടുള്ള പുരുഷന്റെ, പുരുഷാധിപത്യസമൂഹത്തിന്റെ അസഹിഷ്ണുതയും ഭയവും കേരളത്തിന്റെ ചരിത്രത്തിലുടനീളം കാണാം. മാര്‍ത്താണ്ഡവര്‍മ്മ ആറ്റിങ്ങല്‍ റാണിമാരില്‍ നിന്നും രാജ്യം കൈക്കലാക്കി അവരെ അമ്മറാണിമാരാക്കി കൊട്ടാരമൂലയ്ക്കലിരുത്തിയ ചരിത്രം ജെ. ദേവിക’കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടാകുന്നതെങ്ങനെ?’എന്ന പുസ്തകത്തി വിവരിക്കുന്നുണ്ട്.
കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയും കാര്യശേഷിയും കര്‍മശേഷിയുമുള്ള മന്ത്രിയായിരുന്ന കെ. ആര്‍. ഗൗരി ഒരു സ്ത്രീയെന്ന നിലയില്‍ നിയമസഭയില്‍ നിരന്തരം അപമാനിക്കപ്പെടുന്നുണ്ട് എന്ന് നിയമസഭാരേഖകളെ ഉദ്ധരിച്ച് ഷിബി. കെ അഭിപ്രായപ്പെടുന്നു. 1967 ലെ റവന്യൂറിക്കവറി നിയമവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് കെ. എം.മാണി, ഗൗരിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ നടത്തുന്നത്. ഷിബിയുടെ വാക്കുകളില്‍ : ‘മന്ത്രിസഭയില്‍ വേറെ സ്ത്രീകളില്ല എന്നതുകൊണ്ടാണോ, അതല്ല നീയൊരു പെണ്ണാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നതിനായിട്ടാണോ, എങ്ങനെയാണെങ്കിലും ഇടക്കിടെ കെ.ആര്‍. ഗൗരിയെ ബില്ലവതരണവേളയില്‍ സഭാംഗങ്ങള്‍ ‘മന്ത്രിണി’യെന്ന് വിളിച്ച് പരിഹസിക്കുന്നത് കാണാം. ഒരുവേള കെ.എം. മാണി ‘മന്ത്രിണി’യെന്ന് പറഞ്ഞ് ആക്ഷേപിച്ചപ്പോള്‍ മന്ത്രിയെന്നത് കോമണ്‍ ജെന്‍ഡറാണെന്നും സ്ത്രീകളെ ‘മന്ത്രിണി’യെന്ന് പറയേണ്ട കാര്യമില്ലയെന്നും സഭയില്‍ നിന്നും അഭിപ്രായമുണ്ടായി. ഈ അവസരം മുതലെടുത്തുകൊണ്ട് കെ.എം.മാണി അടുത്ത നിമിഷംതന്നെ ബഹുമാനപ്പെട്ട റവന്യൂവകുപ്പ് മന്ത്രി ‘ശ്രീമതി ഗൗരി തോമസ്’ എന്നാണ് വിശേഷിപ്പിച്ചത്. മന്ത്രിണിയെന്ന് പരിഹസിച്ചിരുന്ന അംഗം റവന്യുവകുപ്പ് മന്ത്രിയെന്നോ കെ.ആര്‍.ഗൗരിയെന്നോ പറയാതെ പെട്ടെന്ന് ഗൗരി തോമസ് എന്ന് വിളിച്ചത് ‘നീ ആരായാലും ടി.വി.തോമസിന്റെ ഭാര്യയാണ്’ എന്ന വ്യംഗ്യാര്‍ത്ഥത്തോടെയാണ്.
‘മൂലയ്ക്കിരുത്താനാണെങ്കിലും പരിഹസിക്കാനാണെങ്കിലും ഇനി സ്‌നേഹപൂര്‍വ്വമാണെങ്കിലും ഭരണാധികാരികളായ സ്ത്രീകളെ ഈ ഭാര്യയാണെന്ന ഓര്‍മ്മപ്പെടുത്തലും അമ്മ വിളിയും പെങ്ങളൂട്ടിയും അനുജത്തിക്കുട്ടിയാക്കലുമൊക്കെ അവരെ കുടുംബത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ലക്ഷ്യം വെച്ചുള്ളതാണ്. സ്ത്രീയുടെ ഭരണമികവ് അവര്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ-സംഘടനാപ്രവര്‍ത്തനത്തിലൂടെ രൂപപ്പെടുത്തിയെടുത്തതല്ലെന്നും മറിച്ച് അവര്‍ അമ്മമാരായതുകൊണ്ടാണ് ഇതെല്ലാം സാധിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ഇത്തരം പ്രയോഗങ്ങള്‍ ഉപകരിക്കുക. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാ പുരുഷന്‍മാരായ രാഷ്ട്രീയനേതാക്കളേക്കാളും (വി.എസ്. അച്യതാനന്ദനെയും പിണറായി വിജയനെയും ഒഴിച്ച്) തീക്ഷണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ സ്ത്രീയാണ് കെ. ആര്‍.ഗൗരി എന്ന് നിസ്സംശയം പറയാവുന്നതാണ്. കേരളത്തിലെ (ഇന്ത്യയിലെ തന്നെ) കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതിന് ചോരയും നീരും നല്‍കി നെടുംതൂണായി നിന്ന സ്ത്രീയാണ്. ആധുനിക കേരളത്തെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ച സ്ത്രീയാണ്. ‘ഇവരെയാണ് നീ വല്ല്യ മന്ത്രിയാണേലും ടി.വി. തോമസിന്റെ ഭാര്യയല്ലേ എന്ന് ദ്യോതിപ്പിക്കുന്ന അഭിസംബോധന നടത്തി അപമാനിക്കുന്നത്.
ശൈലജ ടീച്ചറാണെങ്കില്‍ , വിദ്യാര്‍ത്ഥിയായിരിക്കെതന്നെ സജീവമായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ വ്യക്തിയാണ്. എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചാണ് അവര്‍ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. ഇന്ന് സി.പി.എമ്മിന്റെ കേന്ദ്രക്കമ്മറ്റി അംഗമാണ്. സ്ത്രീപ്രശ്‌നമുയര്‍ത്തി, സ്ത്രീകളുടെ അവകാശപോരാട്ടങ്ങള്‍ക്കായി, അതിക്രമങ്ങള്‍ക്കെതിരായി ദീര്‍ഘകാലം സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുണ്ട്. മൂന്ന് തവണയാണ് എം.എ . എ. ആയി തെരെഞ്ഞെടുക്കപ്പെട്ടത്. ഇത്തരത്തില്‍, വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചിട്ടയായ, ഉത്തരവാദിത്തബോധത്തോടെയുള്ള, സാമൂഹികപ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കൈവന്നതാണ് ശൈലജ ടീച്ചറുടെ ഭരണരംഗത്തെ മികവ്. അതിനെ മുഴുവന്‍ റദ്ദുചെയ്യുന്നതാണ് ഈ ‘ടീച്ചറമ്മ ഗ്ലോറിഫിക്കേഷന്‍.’ അത് സ്ത്രീകളെ നിരന്തരമായി കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളെ ഓര്‍മ്മിപ്പിക്കുകയും അതില്‍ തളച്ചിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒന്നാണ്.
പിണറായി വിജയനും വി.എസിനും കേരളത്തിന്റെയൊന്നാകെ ‘അച്ഛനാ’കാന്‍ ബാധ്യതയില്ലാത്തതുപോലെ തന്നെ ശൈലജ ടീച്ചര്‍ക്കും അമ്മയാകേണ്ട ബാധ്യതയുമില്ല. അച്ഛന്‍, അമ്മ, ഭാര്യ, പെങ്ങള്‍ ഇതൊക്കെ വ്യക്തികളുടെ തികച്ചും സ്വകാര്യമായ പദവികളും ഇടങ്ങളുമാണ്. പുരുഷന് അതെല്ലാം സ്വകാര്യമായ ഇടവും പദവികളുമാണെങ്കില്‍ സ്ത്രീക്കും അങ്ങനെത്തന്നെയാണ്. പൊതുയിടങ്ങളിലെ ഇടപെടലുകളെ, ഉത്തരവാദിത്തങ്ങളെ സ്വകാര്യ ഇടങ്ങളുമായി പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍ കൂട്ടിക്കുഴക്കുന്നത് യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ വ്യക്തി/പൗര എന്ന നിലയിലുള്ള കര്‍തൃത്വത്തിന്റെ സമ്പൂര്‍ണമായ നിരാകരണമാണ്.
ഏറെ പുരോഗമനപരവും രാഷ്ട്രീയബോധവുമുള്ള ഒരു സമൂഹമായി മനസ്സിലാക്കപ്പെടുമ്പോഴും അധികാരം കയ്യാളുന്ന സ്ത്രീകളോട് എന്തുകൊണ്ടാണ് ഇപ്പോഴും ഇത്തരത്തിലുള്ള മനോഭാവം കേരളത്തില്‍ നിലനില്‍ക്കുന്നത്? വര്‍ത്തമാനത്തിലല്ല, ഭൂതകാലത്തിലാണ് ഇതിന് ഉത്തരം തേടേണ്ടത്-ആധുനികകേരള നിര്‍മിതിയോടൊപ്പം ആധുനികസ്ത്രീയും നിര്‍മിക്കപ്പെട്ട ഭൂതകാലം. ആധുനികകേരളത്തെ രൂപപ്പെടുത്തുന്നത് നവോത്ഥാനപ്രസ്ഥാനങ്ങളാണ്. ആധുനികകേരളം എപ്രകാരമാകണമെന്നതുപോലെ തന്നെ, ആധുനിക മലയാളിസ്ത്രീ, പുരുഷന്‍, കുടുംബം, ലൈംഗികത, ദായക്രമം എന്നിവയെല്ലാം എപ്രകാരമാകണമെന്ന ചര്‍ച്ചകള്‍ അക്കാലത്ത് നടക്കുന്നുണ്ട്. ആധുനിക സ്ത്രീയെ വീട്ടമ്മയായാണ് നവോത്ഥാനം വിഭാവനം ചെയ്തത്. രാഷ്ട്രീയപ്രവര്‍ത്തനവും ഭരണാധികാരിയാകലും പോയിട്ട് സ്ത്രീകള്‍ ജോലിക്കുപോകുന്നതുപോലും അനുവദിക്കേണ്ടതാണെന്ന് കരുതാത്തവരാണ് കേരളീയ നവോത്ഥാനത്തെ നയിച്ചത്. സ്ത്രീവിമോചനാശയങ്ങളുടെ വക്താക്കളായിരിക്കുമ്പോഴും സ്ത്രീയുടെ സ്വാതന്ത്ര്യത്തേയും പൊതുമണ്ഡലത്തിലേക്കുള്ള അവളുടെ കടന്നുവരവിനെയും സംശയത്തോടെയും ഭയത്തോടെയും കൂടിയാണ് അവര്‍ നോക്കിക്കണ്ടത് എന്ന് ജെ.ദേവിക നിരീക്ഷിക്കുന്നു: ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കിറങ്ങാന്‍ സ്ത്രീകളെ സഹായിച്ച കേരളത്തിലെ സാമുദായിക പ്രസ്ഥാനങ്ങളെപ്പറ്റി നാം വളരെ കേള്‍ക്കാറുണ്ട്. പക്ഷേ സാമുദായപരിഷ്‌കര്‍ത്താക്കളില്‍ നല്ലൊരു വിഭാഗം സ്ത്രീകളെ കുടുംബത്തിന്റെ വിളക്കുകള്‍ മാത്രമായി കാണാന്‍ ആഗ്രഹിക്കുന്നവരായിരുന്നു. അധികാരത്തോടടുക്കുന്ന സ്ത്രീകളെ അവര്‍ സംശയത്തോടെ കണ്ടു. അമ്മത്തമ്പുരാട്ടികളും ത്യാഗോപമൂര്‍ത്തികളുമായ സ്ത്രീകളെ മാത്രമേ അവര്‍ അധികാരത്തിന്റെ ഉന്നതങ്ങളി അവര്‍ കണ്ടിരുന്നുള്ളു. പുരുഷന്‍മാരെപ്പോലെ അധികാരം കയ്യാളുന്ന സ്ത്രീ ദുഷ്ടയും പൗരുഷക്കാരിയുമായിരിക്കും എന്ന മുന്‍വിധി, നാമിന്ന് ആരാധിക്കുന്ന പല സമുദായ പരിഷ്‌കര്‍ത്താക്കളായ മഹാന്‍മാരും വച്ചുപുലര്‍ത്തിയിരുന്നു (2010, 61). ഇത്തരത്തില്‍, സ്വാഭാവം, സൗന്ദര്യം തുടങ്ങി ആദര്‍ശസ്ത്രീയെ രൂപപ്പെടുത്താന്‍ വേണ്ടുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ്, ശ്രമങ്ങളാണ് നവോത്ഥാനം കൂടുതലും നടത്തിയത്. വീട്ടമ്മ, മാതാവ്, പെങ്ങള്‍, ഭാര്യ തുടങ്ങിയ റോളുകള്‍ക്ക് പുറത്ത് സ്ത്രീകള്‍ ചെയ്യുന്ന എന്തിനെയും ധാര്‍ഷ്ട്യവും അഹങ്കാരവുമായി കാണുന്ന പൊതുബോധത്തെ സൃഷ്ടിക്കുകയാണ് നവോത്ഥാനം ചെയ്തത്. ഈ പൊതുബോധമാണ് ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നത്.
ഇനി, അധികാരസ്ഥാനങ്ങളില്‍ വന്നാലോ അപ്പോഴും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നല്ല ഭാര്യയാണ്, നല്ല അമ്മയാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പുരുഷനായ ഭരണാധികാരികളെ ഇപ്രകാരം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും പദാവലികളുമായി സാധാരണ കൂട്ടിച്ചേര്‍ക്കാറില്ല. നല്ല പ്രധാനമന്ത്രിയാകാന്‍, നല്ല മുഖ്യമന്ത്രിയാകാന്‍ നല്ല അച്ഛനോ ഭര്‍ത്താവോ ആകേണ്ട കാര്യമില്ല. എന്നാല്‍, സ്ത്രീകള്‍ നല്ല ഭരണാധികാരികളാകണമെങ്കില്‍ നല്ല അമ്മമാരും ഭാര്യമാരുമൊക്കെ ആയേ പറ്റൂ. അങ്ങനെ ആണെങ്കില്‍ മാത്രമേ അവര്‍ക്ക് ഭരണരംഗത്ത് മികവുള്ളവരാകാന്‍ സാധിക്കൂ. ശൈലജ ടീച്ചര്‍ നല്ല മന്ത്രിയായത് അവര്‍ നല്ല അമ്മയായതുകൊണ്ടാണ് എന്ന ബോധത്തില്‍ നിന്നാണ് ടീച്ചറമ്മ എന്ന വിശേഷണമുണ്ടാകുന്നത്. ഇത്തരം പ്രയോഗങ്ങള്‍ കുടുംബത്തിന് പുറത്ത് സ്ത്രീകള്‍ക്ക് അസ്തിത്വമില്ല എന്ന് ഉറപ്പിക്കലാണ്. അവരെ കുടുംബത്തില്‍ തളച്ചിടലാണ്. ദീര്‍ഘകാലത്തെ ഊര്‍ജസ്വലവും തീക്ഷണവുമായ ഇടപെടുലുകളെ റദ്ദുചെയ്യലാണ്. അതുകൊണ്ടുതന്നെ, ശൈലജ ടീച്ചര്‍ ടീച്ചറമ്മല്ല, അവര്‍ ടീച്ചറാണ്, മന്ത്രിയാണ്, സഖാവാണ്. അവരെ അങ്ങനെത്തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ട്.
സഹായകഗ്രന്ഥങ്ങള്‍:
ദേവിക, ജെ. 2010.കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ. തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്.
ഷിബി,കെ. 2018. കുലസ്ത്രീയല്ലാത്ത ഗൗരിയുടെ കലഹങ്ങള്‍; നിയമസഭയിലെ ആണധികാരത്തെ ചെറുത്ത ഒരു കീഴാളസ്ത്രീയുടെ പോരാട്ടം.