C S Rajesh

കേടായവ

ഫാനുകള്‍ കേടായ

മീനത്തീവണ്ടിയില്‍

മദ്ധ്യ വേനല്‍ത്തിരക്കില്‍

എതിരെ കാണുന്നുണ്ടൊരാള്‍ ,

ഒരാരാളോടുമൊരുവകേം മിണ്ടാന്‍ ,

ഒന്നുചിരിക്കാന്‍

തീരെ തയ്യാറാകാതെ

 

വെളിയിലെ വേനലെ

നോക്കിയിരിക്കെ, അങ്ങു

മരിച്ചു പോയതുപോലൊരജ്ഞാതന്‍

 

ഏതോതേക്കാച്ചുമരില്‍ , ചിതലുക

ളതിരുകള്‍ മായ്ച്ച പഴംഭൂപടംപോ

ലിടക്കിടെയാടി, കളറുകള്‍ മങ്ങി, ഒന്നും

വായിക്കാനേ പറ്റാതക്ഷരമൊക്കെ

പൂച്ചികള്‍ തിന്നുമൊരുത്തന്‍

 

ഇനിയിയാളെ മാന്ത്രികരാരോ

ചുണ്ടുകള്‍ പോലുമനങ്ങാവണ്ണം

ചങ്ങലചുറ്റി താഴുകള്‍ പൂട്ടി

പാലത്തീന്നു കടലിലെറിഞ്ഞേക്കുകയോ,

നിരക്ഷനായി, കണ്ണില്‍ മീനുകള്‍ കൊത്തി

കാതില്‍ പാമ്പുകള്‍ കയറി

പിടഞ്ഞു ശ്വാസം മുട്ടുകയാണോ,

 

താണുമറഞ്ഞിടുമവ്യക്തതയെ, നമ്മള്‍

കൂട്ടംകൂടിക്കുനിഞ്ഞുനോക്കി

പാലത്തില്‍ നിരനിരയായ്

നില്ക്കുകയാണോ

 

എങ്കിലുമടുത്ത സ്റ്റോപ്പില്‍

നമ്മളിറങ്ങിച്ചെല്ലെ , അങ്ങേര്‍

ചിരിച്ചുകയ്യുകളാട്ടി

പ്ലാറ്റ്ഫോമില്‍ നില്പ്പുണ്ടാമോ,

 

ഒരുശകലോം നനഞ്ഞിടാതെ, മുടിയുടെ

വകുപ്പുപോലുമുഴപ്പാതെ

എല്ലാത്താഴും ഇഴഞ്ഞ പാടുകളോടെ

ഒരുപുത്തന്‍ ഭൂപടമണമോടെ ,ആഴ

ക്കടലും തോറ്റൊരു

കൊടുമുടി പോലെ