Alif Shaah

കവിജന്മം

അനിഷ്ട സത്യങ്ങളോട്

തെരുവ് തെണ്ടി പറയും തെറിയാണ് കവിത

പകലിനോട് രാവു ചെയ്യും ഭീകരതക്ക്

നിലാവിന്റെ ചെറുത്തു നില്പ്പാണ്‌ കവിത

മനസ്സ് തൊടാത്ത വാക്കുകളെ ഉടുപ്പണിയിച്ച്

വില്‍പ്പനച്ചരക്കാക്കുകയാണ് നിങ്ങളുടെ കവിതകള്‍

വെളുത്ത മാലാഖമാര്‍

അദൃശ്യമായ ആകാശങ്ങളില്‍ നിന്ന്

അമൃത കുംഭം ചൊരിയുന്ന വാക്കുകളാണെന്ന്

നിങ്ങള്‍ അതിനെ കളവു പറയുന്നു

യവന ചരിതങ്ങളിലെ മോഷ്ട്ടിക്കപ്പെട്ട അഗ്നിയാണ് കവിത

പെരുവിരലില്ലാതെയും വില്ലുകുലക്കാന്‍ കഴിയുന്ന ബോധം

ഭാവനയുടെ താഴ്വാരങ്ങളില്‍

ഉന്മത്തരായി അലയുന്ന സ്വപ്ന ജീവികള്‍

നിറം പുരട്ടുന്ന വാക്കുകളല്ലെനിക്ക് കവിത

നേരിനായ് ഉടല്‍ കൊടുത്ത്,

അധികാര സ്വര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച്,

ഇരുളിന്‍ തടവറയില്‍

ചങ്ങലത്തഴമ്പുകളില്‍ തഴുകി

വേദനയുടെ പൂക്കള്‍ വിരിയിക്കുമ്പോള്‍

ദൈവ ഹൃദയം തുറന്നെന്നില്‍ ചൊരിയുന്ന

വെളിച്ചത്തിന്‍ മുദ്രകളാണെനിക്ക് കവിത

അവ വായിക്കപ്പെടാതെയും

തലമുറകളിലേക്ക്,

പോരാളികളുടെ മനസ്സുകളിലേക്ക്

ചിന്തയിലൂടെ പടര്‍ന്നു കയറും

ഒടുവിലെ യുദ്ധത്തിനും

അത് ആത്മാവിനെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കും

എന്റെ ജീവിതം മറ്റൊരാള്‍ക്ക് വെളിച്ചമാകുമെങ്കില്‍

എനിക്ക് എന്റെ വാക്കുകള്‍ വെളിച്ചമാകുന്ന

ഒരു മെഴുതിരിയായാല്‍ മതി

ഒരു കവിതപോല്‍ ഒടുങ്ങിയാല്‍ മതി