K G Suraj

ദില്ലി ഓര്‍മ്മപ്പെടുത്തുന്നത്

ഡിസംമ്പര്‍ 16

തണുപ്പു പുതച്ച ദക്ഷിണ ദില്ലിയിലെ മുനിര്‍ക്കയില്‍ നിന്നും സിനിമക്കു ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു അവര്‍ . ഒരാള്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി, ഒപ്പമുള്ളത് കൂട്ടുകാരന്‍. ആദ്യം കണ്ട സ്വകാര്യ ബസ്സിലാണവര്‍ കയറിയത്. ഡ്രൈവറടക്കം ആറുപേരുണ്ടവര്‍. രാത്രികളില്‍ സ്ത്രീകള്‍ സഞ്ചരിക്കുന്നത് അവരെ വല്ലാതെ അസ്വസ്ഥരാക്കിയെന്നു തോന്നുന്നു. സഹയാത്രികന്‍ കൂട്ടുകാരനാണെന്നറിഞ്ഞതോടെ അവരുടെ മട്ടും ഭാവവും മാറിത്തുടങ്ങി. പല്ലുകള്‍ തേറ്റകളായി. സുഹൃത്തിനൊപ്പം യാത്ര ചെയ്തതാണ് അവരെ പ്രകോപിപ്പിച്ചതത്രേ അപഹാസങ്ങളിലും കുത്തുവാക്കുകളിലും ആരംഭിച്ച് അത് അവഹേളനങ്ങളിലേക്കു വളര്‍ന്നു . കാരണങ്ങളൊന്നുമില്ലാതെ ഇരുമ്പുദണ്ടിനാല്‍ അവര്‍ അവളെ ആക്ക്രമിക്കാന്‍ തുടങ്ങി.പ്രതിരോധിക്കാന്‍ ശ്രമിച്ച കൂട്ടുകാരനെയും അവര്‍ തല്ലിവീഴ്ത്തി. സഞ്ചരിക്കുന്ന ബസ്സില്‍ അവരാറു പേര്‍ ചേര്‍ന്നവളിലേക്ക് തുളഞ്ഞു കയറാന്‍ തുടങ്ങി. അലറിക്കരയാന്‍, എങ്ങോട്ടെന്നില്ലാതെ ഓടിരക്ഷപ്പെടാന്‍ അവള്‍ക്കാകുമായിരുന്നില്ല. കൈകാലുകള്‍ ഒടിഞ്ഞു പോയിരുന്നു. എല്ലാം തകര്‍ന്നു പോയിരുന്നു. പതിനൊന്നോടെയാണ് ദില്ലി പോലീസ് കണ്ട്രോള്‍ റൂമിലേക്ക് ഏതോ വഴിയാത്രികന്റെ സന്ദേശമെത്തുന്നത്. മേല്‍പ്പാതക്കരികിലായി അര്‍ദ്ധനഗ്നരായ ജോടികള്‍ അബോധാവസ്ഥയില്‍ കിടക്കുന്നുവത്രേ . ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ അതിവേഗതയില്‍ നടന്ന തുടര്‍ ശസ്ത്രക്രിയകള്‍. ഇരുമ്പു ദണ്ടിനാല്‍ അടിവയറിനേറ്റ ഭേദമാക്കാനാകാത്ത ആഴമുള്ള ക്ഷതങ്ങള്‍.. ആമാശയവും അടിവയറും യഥാസ്ഥാനങ്ങളില്‍ നിന്നും മാറിപ്പോയിരിക്കുന്നു. ഇപ്പോള്‍ ആ കുഞ്ഞു ശ്വാസം വെന്റിലേറ്ററിന്റെ ട്രപ്പീസിലാണ് . .. ഞരങ്ങുന്നതെങ്കിലും അത് നമ്മുടെ (കപട)സദാചാര സങ്കല്‍പ്പങ്ങള്‍ക്കും വ്യവസ്ഥാപിത ബോധ്യങ്ങള്‍ക്കും ആഘോഷിത മൂല്യങ്ങള്‍ക്കും നിര്‍മ്മിതമായ ആണധികാരങ്ങള്‍ക്കും മീതെ തുരു തുരെ വെടിയുയര്‍ത്തുന്നു. തിരകളാല്‍ ആടയാഭരണങ്ങളുടെ നെഞ്ചു തുളയട്ടെ.. മനസ്സുകളില്‍ ചോരയും ..ആകാശത്തിലേക്കു നോക്കൂ.. സിങ്കപ്പൂരിലേക്കു പറക്കുന്ന വിമാനമാണത്. ചിന്ന ഭിന്നമാക്കപ്പെട്ട ഒരുടലുണ്ടത്തില്‍, മനസ്സും..ഉറങ്ങുന്ന ഭരണകൂടം, വിദഗ്ധ ചികിത്സക്കായ് അവളെ യാത്രയാക്കിയിരിക്കുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍.

ഡിസംബര്‍ 28: സിങ്കപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രി :

തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതം ആശുപത്രി അധികൃതര്‍ സ്ഥിതീകരിച്ചു. ഹൃദയാഘാതത്തിനു മുന്‍പു തന്നെ ഉദരത്തിലും ശ്വാസകോശത്തിലുമായുണ്ടായ അണുബാധയാണ്‌ ആരോഗ്യസ്ഥിതി ഗുരുതരമാകുന്നതിനുള്ള പ്രധാന കാരണം

ഡിസംബര്‍ 29: 2.15 am

അത് സംഭവിച്ചിരിക്കുന്നു. ആസക്തി അടക്കാനാകാത്തവര്‍ക്ക് തുടിപ്പകന്ന ആ പിഞ്ചു ശരീരത്തില്‍ ഇഷ്ടം ഇനി പോലെ ബലാല്‍ക്കാരം നടത്താം. അവള്‍ ഒന്നും അറിയില്ലല്ലോ തലസ്ഥാനം യുദ്ധ സന്നാഹങ്ങളിലാണ് . 29 കമ്പനി സി ആര്‍ പി എഫിനെ വിന്യസിച്ചു കഴിഞ്ഞു. ഇന്ത്യാ ഗേറ്റിലേക്കുള്ള എല്ലാ പാതകളും, 9 മെട്രോ സ്റ്റേഷനുകളും അടച്ചു പൂട്ടപ്പെട്ടു. സംയമനം ശീലിക്കണമെന്ന് ദില്ലിയിലെ കാക്കിപ്പട ആഹ്വാനിച്ചിട്ടുണ്ട്. ചത്തവള്‍ പോയി ; ചാകാത്തവര്‍ ഉറങ്ങൂ എന്നതാകണം ആഹ്വാനത്തിന്റെ ഉള്ളടക്കം

സുഖകരമല്ലാത്ത ചില സംശയങ്ങള്‍

മറ്റൊരിടത്തേക്കും മാറ്റാന്‍ കഴിയാത്ത അവസ്ഥയിലും ഡോക്ടര്‍മ്മാരുടെ നിര്‍ദ്ദേശമില്ലാതിരുന്നിട്ടും വിദഗ്ധ ചികിത്സ എന്ന ധാരണ സൃഷ്ടിക്കാന്‍ ഷീലാ ദീക്ഷിത്തിന്റെ രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി കുട്ടിയെ സിങ്കപ്പൂരിലേക്കു കൊണ്ടുപോകുകയായിരുന്നു എന്ന നിലയിലെ ആക്ഷേപങ്ങള്‍ എന്തുകൊണ്ടാകും സജീവമാകുന്നത് ? വിമാനത്തില്‍ പെണ്‍കുട്ടിയുടെ രക്തസമ്മര്‍ദ്ദം അപകടകരമാം വിധം കുറഞ്ഞതായ് വെളിവാക്കപ്പെടുന്ന റിപ്പോര്‍ട്ടുകളോട് എന്തുകൊണ്ടാകും ആരും പ്രതികരിക്കാത്തത് ?

30,000 അടി ഉയരത്തില്‍ സഞ്ചരിക്കുന്ന വിമാനത്തിലായിരുന്ന പെണ്‍കുട്ടിയുടെ രക്തസമ്മര്‍ദ്ദം അപ്പപ്പോള്‍ തന്നെ അറിയുന്ന സംവിധാനം ഉപയോഗിക്കുകയും സാധാരണ നിലയിലാക്കാന്‍ തുടര്‍ച്ചയായ വൈദ്യ സഹായം നല്‍കുകയുമാണ് ചെയ്തതത്രേ.രക്തത്തിലും ശരീരത്തിലും അണുബാധയേറ്റ നിലയില്‍ ഇത്ര ദൂരം സഞ്ചരിച്ച് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകാനെടുത്ത തീരുമാനം ബുദ്ധിശൂന്യമായിരുന്നുവെന്ന് ദല്‍ഹിയിലെ ഗംഗാറാം ആശുപത്രി അധികൃതര്‍ പ്രതികരിക്കുന്നു. ഉദരത്തിലെ അവയവമാറ്റത്തിനായി കുട്ടി സജ്ജയാകണമെങ്കില്‍ ദിവസങ്ങള്‍ നിരവധി വേണ്ടിയിരുന്നു. അണുബാധ ഭേദമാകാതെ അവയവമാറ്റം സാധ്യമാകുമായിരുന്നില്ല. എന്നിട്ടും ധ്രുതിയില്‍ ഇത്രയും ദൂരം 'വിദഗ്ധ ചികിത്സക്കായി' കൊണ്ടു പോയതിന്റെ സാങ്കത്യം മനസ്സിലാകുന്നില്ലെന്ന് അവയവ മാറ്റരംഗത്തെ വിദഗ്ധനായ ഡോ സമരിന്‍നന്ദി പറയുന്നു. വൈദ്യശാസ്ത്ര മേഖലയില്‍ നിന്നും ഇത്തരമൊരു തീരുമാനം ഉണ്ടാകില്ലെന്നും രാഷ്ട്രീയ തീരുമാനമാകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ മനസ്സ് വെന്റിലേറ്ററിലൂടെ കടന്നു പോയ പിന്നിട്ട 13 ദിനങ്ങള്‍.. പൊതുസമൂഹം അറിഞ്ഞതും അറിയാത്തതുമായ ആലോചനകള്‍... തീരുമാനങ്ങള്‍ .. എല്ലാം ഉഷാറാകട്ടെ. ബലേഭേഷ്

ഭരണം നീണാള്‍ വീഴട്ടെ

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കടന്നാക്ക്രമണങ്ങള്‍ മുന്‍പൊന്നുമില്ലാത്ത വിധം രാജ്യമാസകലം കുതിച്ചുയരുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ അനുസ്യൂതം വര്‍ദ്ധിക്കുന്നതായാണ് വനിതാ ശിശു വികസന സഹമന്ത്രി കൃഷ്ണ തീരഥ് രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. 2009 ല്‍ 2,03,804 സ്ത്രീകള്‍ അതിക്രമത്തിനിരയായി. തൊട്ടടുത്ത വര്‍ഷം ഇത് 2,13,585 ആയും 2011 ല്‍ കുറ്റകൃത്യത്തിനിരയായ സ്ത്രീകളുടെ എണ്ണം 2,28,650 ആയും വര്‍ദ്ധിച്ചു. കുറ്റകൃത്യത്തിനിരയായ കുട്ടികളുടെ എണ്ണം 2009 ല്‍ 24,201 ആയിരുന്നു. 2010 ല്‍ 26,694 ആയും 2011 ല്‍ 33,098 ആയും ഇതുയര്‍ന്നു . കഴിഞ്ഞ ഒന്നരവര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് 15,372 സ്ത്രീപീഡനക്കേസുകളാണുണ്ടായത്. 1661 ബലാല്‍സംഗക്കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. പതിനൊന്നു മാസത്തിനിടെ 371 സ്ത്രീകളാണ് കൊലചെയ്യപ്പെട്ടത്. പ്രായപൂര്‍ത്തിയായ 199 പെണ്‍കുട്ടികളും പീഡനത്തിനിരയായി.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും സമാധാനവും തുലാസിലാടുന്ന അത്യന്തം സങ്കീര്‍ണ്ണമായ സാമൂഹ്യാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. കുറ്റവാളികള്‍ക്കെതിരായ ഫലപ്രദവും കര്‍ശ്ശനവുമായ നടപടികള്‍ ഉറപ്പാക്കേണ്ട ഭരണകൂടം തികഞ്ഞ നിസ്സംഗതയിലാണ്. സാംസ്ക്കാരികമായ അധപ്പതനമെന്ന പതിവു ‘ക്ലിഷേ’ യില്‍ അഭയം കണ്ടവര്‍ കൂര്‍ക്കംവലി സജീവമാക്കുന്നു. ‘ദില്ലി’, ഒരു പാഠമാണ്. വെന്റിലേറ്ററില്‍ താഴ്‌ന്നു പൊങ്ങുന്ന കുഞ്ഞു ശ്വാസം നാമോരോരുത്തരോടും ഉറക്കെച്ചോദിക്കുന്നത് ; സുരക്ഷയെക്കുറിച്ചാണ്; പുരുഷന്റെ ലജ്ജിപ്പിക്കുന്ന മൃഗതൃഷ്ണകളെക്കുറിച്ചാണ്. മൊട്ടുസൂചികളും , പെപ്പെര്‍സപ്രേകളും , കഠാരകളും, കൈത്തോക്കും ഒപ്പമില്ലാതെ സ്വതന്ത്രവും ധീരവുമായി പൊതു / സ്വകാര്യ ഇടങ്ങളില്‍ ഇടപെടാന്‍ സ്ത്രീകള്‍ക്ക് എന്നാണിനി കഴിയുക.

സ്വശരീരം അവനവനു തന്നെ ഭാരമാകുന്ന മാനസിക നിലയെ, വിലയിരുത്താനാകണമെങ്കില്‍ ഒരു നിമിഷമെങ്കിലും സ്ത്രീയാകേണ്ടതുണ്ട്. ക്രോമോസോമുകളുടെ ആനുകൂല്യങ്ങളില്‍ ആണുങ്ങള്‍ ആണുങ്ങളെപ്പോലെ ഉയര്‍ത്തിപ്പിടിച്ചു നടക്കുബോള്‍ സ്വയമോര്‍ക്കാം അമ്മ / ദേവി/ തായ് വല്‍ക്കരിച്ചു 'അകങ്ങളില്‍ ' സൂക്ഷിക്കുന്ന ശരീരങ്ങളിലും മണ്ണു പറ്റിത്തുടങ്ങിയിരിക്കുന്നു. വ്യക്തിത്വത്തിനും സ്വകാര്യതക്കും ആത്മാഭിമാനത്തിനും ക്ഷതമേല്ക്കുന്നതറിയാന്‍ ഒരു ലഘു വ്യായാമം അനുവര്‍ത്തിക്കാം . തലോടുന്ന ആണടയാളങ്ങളെ അല്പനേരം ഒളിപ്പിച്ചു നിര്‍ത്താം. പെണ്ണാകാം. ചേലകളില്‍, ചേഷ്ടകളില്‍, നടപ്പില്‍, ഇരിപ്പില്‍ , നോട്ടത്തില്‍ അങ്ങിനെ എല്ലാറ്റിലും . ബസ്സില്‍ ഏറ്റവും പിറകില്‍ നിന്നു നോക്കാം .ഒറ്റക്കൊന്നു നടന്നു നോക്കാം . കടല്‍ത്തീരം , സിനിമാ കൊട്ടക അങ്ങിനെ എല്ലാവരും ഉള്ളിടത്തും ആരാരും ഇല്ലാത്തിടത്തും കൂസലുകളില്ലാതെ ആണിനെപ്പോലെ വിഹരിക്കാം. ശരീരം പോറിയോ ? ആരോ പിച്ചി നോവിച്ചോ? വിരലില്‍? മാറിടങ്ങളില്‍ ..അവിടെ..ഇവിടെ..

സ്ത്രീകളും കുട്ടികളും നിരന്തം കടന്നാക്ക്രമിക്കപ്പെടുബോള്‍ ഭരണകൂടം തികഞ്ഞ സുഖശീതളിമകളിലാണ്. ജനഹിതത്തിന്റെ ചുറ്റികപ്രഹരമേറ്റ് രാജ്യ തലസ്ഥാനം വിങ്ങിവിറങ്ങലിക്കുബോഴും മുഖ്യമന്ത്രീജി ഷീലാ ദീക്ഷിത്ത് ഹിമാചലിലെ തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസ് നിരീക്ഷകയായി നാടു ചുറ്റുന്നു. അലംഭാവത്തിന്റേയും നിരുത്തരവാദിതത്വത്തിന്റെയും പ്രതിബിംബമായി കോണ്‍ഗ്രസ് നേത്രുത്വം നല്‍കുന്ന യു പി എ സര്‍ക്കാര്‍ മാറുന്നു. ജനത ഭീതിയിലാണ്. അസ്വസ്ഥരാണ്. കുട്ടികള്‍ / സ്ത്രീകള്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ മടിക്കുന്നു. ഭയം ഒരു ചെന്നായയെപ്പോലെ മനസ്സുകളിലേക്ക് കടന്നു കയറുന്നു. സ്ത്രീകളുടെ സാമൂഹ്യ പദവി സംവാദങ്ങള്‍ക്കും ഗീര്‍വാണങ്ങള്‍ക്കും അശേഷം കുറവുകലില്ല.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം ഇരട്ടിയോളമായതായി. 2002 ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 1.31 ലക്ഷമായിരുന്നത് 2011 ല്‍ 2.19 ലക്ഷമായി. ബലാല്‍സംഗക്കേസുകളിലെ വര്‍ധന 47.84 ശതമാനമാണ്. 2011 ല്‍ ഏറ്റവുമധികം ബലാല്‍സംഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് മധ്യപ്രദേശിലാണ്. 3,406 എണ്ണം. രാജ്യത്താകെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ബലാല്‍സംഗക്കേസുകളുടെ 14.1 ശതമാനം ആണിത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 7.55 ശതമാനമുള്ള ബംഗാളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ രാജ്യത്താകെ രജിസ്റ്റര്‍ ചെയ്യുന്നതിന്റെ 12.7 ശതമാനമാണ്. ഏഴു ശതമാനം ജനസംഘ്യയുള്ള ആന്ധ്രയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ രാജ്യത്താകെ സംഭവിക്കുന്നതിന്റെ 12.4 ശതമാനമാണ്. തലസ്ഥാനമായ ദില്ലി തന്നെയാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മുന്നില്‍.രാജ്യത്തിന്റെ റേപ്പ് ക്യാപിറ്റലാകുന്നതിനുള്ള കനത്ത മത്സരത്തില്‍ ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, (പ്രബുദ്ധ)കേരളം, ബംഗാള്‍, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ തൊട്ടു പിറകിലായുണ്ട്.

ദില്ലി ഒരു പാഠമാണ് ; എപ്പോഴും എവിടെയും സംഭവിക്കാവുന്നത്

അനുദിനം അരക്ഷിതവും അരാജകവുമാകുന്ന പ്രസ്തുത സാഹചര്യത്തിലാണ് ദില്ലിയിലെ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ മുഴുവന്‍ കുറ്റവാളികള്‍കള്‍ക്കും കാലവിളംബമില്ലാതെ ഉചിതമായ ശിക്ഷ നല്‍കുക, സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന സ്ത്രീപീഡനങ്ങളിലെ പ്രതികളെ അടിയന്തിരമായി അറസ്റ്റ് ചെയ്യുക, സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയും സ്വൈര്യ ജീവിതവും ഉറപ്പുവരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉടനടി ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും ദില്ലിയിലെ ജനകീയ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും രാജ്യമാസകലം ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്നത്. എന്നാല്‍ ഒരുവിധ തത്ത്വദീക്ഷയുമില്ലാതെ തികഞ്ഞ മുന്‍ധാരണകളോടെ പോരാട്ടങ്ങളെയാകെ കായികമായി അടിച്ചമര്‍ത്തുന്നതിനുള്ള പരിശ്രമങ്ങളാണ് പോലീസിനെ ആയുധമാക്കി മന്‍മോഹന്‍സിങ്ങ് -സോണിയാ അച്ചുതണ്ട് നടപ്പിലാക്കാന്‍ ശ്രമിച്ചത്. അവയെയാകെ അതിജീവിക്കുന്ന താരതമ്യങ്ങളില്ലാത്ത സഹന സമരങ്ങള്‍ക്കാണ് നവമധ്യമങ്ങളെയടക്കം പ്രയോജനപ്പെടുത്തിക്കൊണ്ട് പൊതുസമൂഹം നേതൃത്വം നല്‍കിയത്. പ്രസ്തുത പ്രക്ഷോഭങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും നേത്രുത്വം നല്‍കുന്നതിനും പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.

ധനമൂലധന ശക്തികള്‍ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തികാധികാരങ്ങള്‍ കയ്യാളുന്ന ഭരണകൂട വ്യവസ്ഥിതികളിലെല്ലാം സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയും സ്വൈര്യ ജീവിതവും നിരന്തരം വിലപേശലിനു വിധേയമായിട്ടുണ്ട് .രാജ്യത്തെ സ്ത്രീകളുടേയും കുട്ടികളുടേയും സ്വസ്ഥവും സമാധാനപൂര്‍ണ്ണവുമായ ജീവിതം ഉറപ്പുവരുത്തുന്നതിനായുള്ള വിവിധ നിലകളില്‍ ജനകീയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. കക്ഷിരാഷ്ട്രീയത്തിനും മത/ വര്‍ഗ്ഗ / വര്‍ണ്ണ / വംശ വ്യത്യാനങ്ങള്‍ക്കതീതമായ ഇത്തരം ഐക്യപ്പെടലുകള്‍ മനുഷ്യസ്നേഹത്തില്‍ വിശ്വാസമര്‍പ്പിക്കലാണ്, വര്‍ഗ്ഗസമരത്തില്‍ അണിചേരലാണ് . ചോര്‍ന്നു പോകാത്ത മനുഷ്യത്വത്തിന്റെ താരതമ്യങ്ങളില്ലാത്ത സ്നേഹപ്പെടലായി ഓരോ കൂട്ടായ്മയും മാറേണ്ടതുണ്ട് . അവസരസമത്വത്തിനും തുല്യനീതിക്കും സമാധാനപൂര്‍ണ്ണമായ ജീവിതത്തിനുമായുള്ള തുടര്‍ സമരങ്ങള്‍ പൊതു സമൂഹം നിരന്തരം ആവശ്യപ്പെടുന്നു. കാരണം ദില്ലി ഒരു പാഠമാണ് ; എപ്പോഴും എവിടെയും സംഭവിക്കാവുന്നത് .കാന്റില്‍ വെളിച്ചം പകരമാകാത്തത്.