ചില്ലക്ഷരങ്ങൾ
ൻ, ൽ, ർ,ൾ
കത്തികുത്തി നിർത്തിയ പോലെ
തേൾ വാലു തീണ്ടാനൊരുങ്ങുന്ന പോലെ
ഭയപ്പെടുത്തുന്ന, മുനയുള്ള അക്ഷരങ്ങൾ
തൂലിക തുമ്പിൽ നിന്നും എന്നന്നേക്കുമായി
മാറ്റി നിർത്തപ്പെട്ട അക്ഷരങ്ങൾ
വാക്കുകൾ
മുഴുമിപ്പിക്കും മുമ്പേ
തൊണ്ടയിൽ കനത്ത് നീറാൻ തുടങ്ങും
മുനയില്ലാതെ, മുറിഞ്ഞുപോകുന്ന അക്ഷരങ്ങളെ കൂട്ടുപിടിച്ചത് അങ്ങനാവണം
മന:പാഠം പഠിച്ച
മധുവൂറും വാക്കുകൾ അകന്നുപോയിട്ടും
വിട്ടു പോവാതെ
ചില്ലക്ഷര ഭയം
നടപ്പാതയിൽ ആരോ തച്ചുടച്ച ചില്ലു പാത്രത്തുണ്ട്,
കാലിൽ തീർത്ത വ്രണം,
ഇടക്കിടെ നീറ്റലായ്
ചില്ലക്ഷരങ്ങൾ
തച്ചുടച്ചാലും, വലിച്ചെറിഞ്ഞാലും, മുനയൊട്ടുമൊടിയാതെ, വീര്യമേതും ചോർന്നു പോവാതെ
വീണ്ടുമെത്തുന്ന ചില്ലക്ഷരങ്ങൾ...
ഒറ്റ്
എന്നിരുന്നാലും നിനക്ക്
മൂന്നാം നാൾ ഉയർത്തെഴുന്നേറ്റെ
പറ്റൂ......
വിഷാദത്തിൻ്റെ കയ്പുനീർ '
എണ്ണം പറഞ്ഞ് കുടിപ്പിച്ച്
പകുതി വച്ചങ്ങ് പിരിഞ്ഞു
പോയതാണ്......
പിന്നീടാണ് നീ നടന്ന
വഴികളിലെ തണലിലേക്കായ്
ഞാൻ തുനിഞ്ഞിറങ്ങുകയും,
വീണ്ടും നിൻ്റെ സ്നേഹങ്ങളിലേക്ക് ഒറ്റുകൊടുക്കപ്പെട്ടതും
ഓർത്തെടുക്കാൻ
പഴയ വീഞ്ഞിൻ്റെ മണങ്ങളും,
നിനക്ക് നോക്കിയാൽ മാത്രം
കാണുന്ന കുരിശു രൂപങ്ങളുമുള്ള
നീണ്ട വരാന്തയിലാണ്
ഏത് നേരവും ഞാൻ
പിന്നെയും എത്തിപ്പെടുന്നത്.....
നീ എപ്പഴും വലിച്ചടക്കാറുള്ള
ജനാല കൊരുത്തിൻ്റെ
ശബ്ദങ്ങളിലാവണം ഇപ്പഴും
എവിടെയോ ഒരപ്പകഷണം
ബാക്കി വെച്ചിട്ടുണ്ടാവണമെന്ന
തിരിച്ചറിവുണ്ടായതും
തീർച്ചയാണത്
ഒരു കുമ്പസാരക്കൂട്ടിലെ
ഒരു വശത്ത് പറഞ്ഞു തീരാത്ത സ്നേഹങ്ങളെണ്ണിയെണ്ണി ഉയിർത്തെഴുന്നേൽക്കാൻ
നീ തയ്യാറായി കൊണ്ടിരിക്കുന്നത് ...