ക്രിസ്ത്യാനി മുസ്ലീമിന് തല തോര്‍ത്തി കൊടുക്കുന്ന്, നാമം ജപിയ്ക്കുന്ന സാന്തക്ലോസ്, ഒരുമിച്ച് ഒരു സൈക്കിളില്‍ പോകുന്ന ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും, ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ മതേതരത്വത്തെ നിര്‍വചിക്കുന്ന ഈ കാലഘട്ടത്തെ നാം ഭയപ്പെടേണ്ടതുണ്ടോ. അഭിനവ മതേതരത്വ ഫോട്ടോസും സ്റ്റാറ്റ്‌സുകളും നിറഞ്ഞോടുന്ന ഈ കാലത്തു യഥാര്‍ഥത്തില്‍ നമ്മള്‍ സമൂഹത്തിലേക്ക് പങ്കുവെക്കുന്നത് മതേതരത്വം എന്ന ആശയം തന്നെ ആണോ.
മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ നിങ്ങള്‍ക്ക് അസാധാരണമായി ആയി തോന്നുണ്ടോ? എങ്കില്‍ ഇത് വരെ നാം അഭിമാനത്തോടെ ഉയര്‍ത്തി പിടിച്ച മലയാളിയുടെ മതേതരത്വം അതിന്റെ അന്ത്യ നാളുകളിലാണ്, നാം ഭയപ്പെടേണ്ടിയിരിക്കുന്നു! എന്നാണ് സാന്റാക്ലോസ് ക്രിസ്ത്യാനിയുടെ മാത്രം ആയത്? വിളക്ക് വെക്കുന്നതും പ്രാര്‍ഥിക്കുന്നതും ഹിന്ദുവിന്റേത് മാത്രം ആയി കഴിഞ്ഞോ മലയാളിക്ക്? വ്യത്യസ്ത മത വിശ്വാസികള്‍ ഒരുമിച്ചു സഞ്ചരിക്കുന്നത് നമുക്ക് ഒരു ഒറ്റപ്പെട്ട സംഭവം ആയി മാറിയോ കേരളത്തില്‍? ഇതിലെല്ലാം അപഹസ്യമായത് ഇവരെ ഒക്കെ പ്രത്യേക വേഷവിധാനങ്ങളോടെ ഓരോ മതത്തിലേക്കും നാം ബ്രാന്‍ഡ് ചെയുന്നു എന്നുള്ളത് ആണ്! നമ്മുടെ പ്രധാനമന്ത്രി ഈയിടെ ഒരു പ്രസങ്ങത്തില്‍ അക്രമകരികളെ അവരുടെ വേഷം കൊണ്ട് തിരിച്ചറിയാം എന്ന പറഞ്ഞപ്പോള്‍ നമ്മള്‍ എല്ലാരും അതിനെ അതിശക്തമായി വിമര്‍ശിക്കുകയുണ്ടായി അല്ലെ? ശരിക്കും ഈ കൃത്രിമ മതേതരത്വത്തിലൂടെ നമ്മളും ഇവിടെയും ഓരോ വേഷങ്ങള്‍ ഓരോ മതസ്ഥനും ബ്രാന്‍ഡ് ചെയ്യിക്കുകയല്ലേ? അതിലൂടെ മതം എന്ന ആശയത്തെ വീണ്ടും ഊതി വീര്‍പ്പിക്കുകയല്ലേ? അപ്പോള്‍ അദ്ദേഹത്തിന്റെയും നമ്മുടെയും ഉള്ളില്‍ ഉള്ള ചിന്ത രണ്ടാണോ.
കഴിഞ്ഞ ദിവസം ഒരു ഉമ്മയുടെ മടിയില്‍ ക്ഷീണിച്ചു ഉറങ്ങുന്ന മാളികപ്പുറത്തിന്റെ ഫോട്ടോ നമുക്ക് എല്ലാര്‍ക്കും പരിചിതമാണ്. നമ്മുടെ മതേതരത്വം ഉയര്‍ത്തി കാണിക്കാനായി എല്ലാവരും ആ ഫോട്ടോ ഉപയോഗിക്കുകയും ഉണ്ടായി, അത് തെറ്റല്ല പക്ഷെ അത് ഒരു പ്രശ്നമാകുന്നത് ഒരു പ്രമുഖ പത്രത്തിന്റെ വാര്‍ത്തയായി ആ ഫോട്ടോ പ്രസിദ്ധീകരിക്കപ്പെടുന്നു എന്ന് കാണുമ്പോള്‍ ആണ്! അതിലൂടെ തന്നെ മതേതരത്വം എന്ന ആശയം എത്രത്തോളം മലയാളിക്കു നിരര്‍ത്ഥകമാകുന്നു എന്നു കാണിച്ചു തരുന്നു കാരണം കുറച്ചു നാള് മുന്‍പ് വരെ അത് യാത്ര ചെയ്ത് ക്ഷീണിച്ച ഒരു കുട്ടി സഹായത്രികയായ ഒരു അമ്മയുടെ മടിയില്‍ വിശ്രമിക്കുന്ന ഒരു സാധാരണ സംഭവം മാത്രം ആയിരുന്നു! ഇതൊക്കെ ഈ കലഘട്ടത്തില്‍ മതേതരത്വത്തെ നിര്‍വചിക്കുമ്പോള്‍ മതേതരത്വം എന്ന ആശയം എത്രത്തോളം ഭീഷണി നേരിരുന്നു എന്ന് മനസിലാകുന്നില്ലേ.
ഇന്ന് രാമനും മുഹമ്മദും വര്‍ഗീസിന്റെ വീട്ടില്‍ പോയി ക്രിസ്മസ് ഭക്ഷണം കഴിക്കുമ്പോള്‍ അത് മതേതരത്വം! ഇങ്ങനെ ഉള്ള ഒത്തുകൂടലുകള്‍ ഇന്ന് നമുക്ക് ഒരു അത്ഭുതമായി തോന്നുന്നു, അത് സ്റ്റേറ്സുകളിലും സ്റ്റോറികളിലും മതേതരത്വത്തിന്റ് നേര്‍ചിത്രമായി മാറുന്നു! കുറച്ചു നാളുകള്‍ മുന്‍പ് വരെ അത് കൂട്ടുകാര്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന ഒരു സാധാരണ നിമിഷം മാത്രം ആയിരുന്നു!
അരവണ പായസം ഇന്ന് മതേതരത്വത്തിന്റെ ലേബല്‍ ആണ് ഇന്ന്,അത് ഒരു ‘ഹിന്ദു ചങ്ക്’ കൊണ്ടുവരുന്ന ഒരു അസാധാരണ പദര്‍ത്ഥം ആയി കഴിഞ്ഞു! കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂട്ടുകാര്‍ ഒരുമിച്ച് ആര്‍ത്തിയോടെ വാരി കഴിക്കുന്ന സ്വാദിഷ്ടമായ ശബരിമല പായസം മാത്രം ആയിരുന്നു!
ഇതൊന്നും സംഭവിക്കാന്‍ പാടില്ല, അല്ലെങ്കില്‍ വളരെ ചുരുക്കം മാത്രം സംഭിവിക്കാന്‍ സാധ്യത ഉള്ള കാര്യങ്ങള്‍ ആയി നാം അതിനെ ചിത്രീകരിക്കുമ്പോള്‍ ആണ് ഇതില്‍ മതേതരത്വം ലേബല്‍ ചെയ്യപ്പെടുന്നത്! ഇന്ന് മലയാളിക്ക് മതേതരത്വം മാര്‍ക്കറ്റ് ചെയ്യണമെങ്കില്‍ ഈ സാധാരണ സംഭവങ്ങളെ അസാധരണമാക്കി കാണിക്കേണ്ട ഗതികേടില്‍ എത്തി എന്നല്ലേ മനസിലാക്കേണ്ടത്.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മലയാളിക്ക് ഒരു അത്ഭുതമായി മാറുന്ന കാലഘട്ടത്തില്‍ അല്ലേ ശരിക്കും മതം എന്ന വിചാരം നമ്മളെ എത്രതോളം കീഴ്‌പ്പെടുത്തി എന്ന മനസിലാക്കേണ്ടത്? കുറച്ചു നാളുകള്‍ മുന്‍പേ ഇതൊന്നും ഒരു വാര്‍ത്തയെ അല്ലായിരുന്നു! ഇന്ന് അതൊക്കെ മലയാളിയുടെ മതേതരത്വത്തെ ഉയര്‍ത്തക്കണിക്കുന്ന വാര്‍ത്തകളും വിഷയങ്ങളും ആയി! എന്തൊക്കെയോ ഉണ്ട് എന്ന് കാണിക്കുന്നതല്ലാ മറിച്ച് യാതൊന്നും ഇല്ല എന്നു കാണിക്കുന്നതല്ലേ യഥാര്‍ഥ മതേതരത്വം? നമ്മളൊക്കെ ആരുടെയൊക്കെയോ അജണ്ടകളില്‍ വീണ് പോകുകയാണ്.
നമ്മുടെ നവോഥാന നായകര്‍ നുമുക്കുള്ളില്‍ തന്നെ ഇനിയും പൊട്ടി മുളക്കരുത് എന്നു കരുതി കുഴിച്ചുമൂടി ഇട്ട മതത്തിന്റെ വിത്തുകള്‍ നാം അറിയാതെ തന്നെ നമ്മളില്‍ വളര്‍ന്നു വരുന്നു എന്നത് തന്നെയാണ് ഇതൊക്കെ ഒരു വര്‍ത്തയാക്കുന്നതിലൂടെ സംഭവിക്കുന്നത്!
മതം എന്നത് വളരെ വ്യതിപരമാകുമ്പോള്‍ മാത്രം ആണ് യഥാര്‍ഥ മതേതരത്വം ഉടലെടുക്കുന്നത് അല്ലാതെ കൃത്രിമമായി സൃഷ്ട്ടിച്ചെടുക്കുന്ന ചില ചിത്രങ്ങളിലൂടെയും രംഗങ്ങളിലൂടെയും പുറത്തു വരുന്നത് നമുക്കുള്ളിലെ മതവാദി തന്നെയാണ്! നമ്മുടെ രാഷ്ട്രീയവും മതെതരത്വവും കാണിക്കാന്‍ മലയാളിയും അത്തരത്തിലുള്ള കൃത്രിമത്വങ്ങളെ ആശ്രയിച്ചു തുടങ്ങി എന്നത് തന്നെ ഒരു ഒരു വലിയ വിപത്തിന്റെ ആദ്യ സൂചന ആണ്!
CAA യുടെയുംNRC യുടെ കാലഘട്ടത്തില്‍ ആണല്ലോ നമ്മള്‍. ഇതേ മതേതരത്വ ആശയത്തെ ആണ് തന്നെയാണ് CAA ഹിംസിക്കുന്നതും അതാണ്. CAA നേരിടുന്ന ഏറ്റവും വലിയ വിമര്‍ശനവും എന്തുകൊണ്ട് അത് എതിര്‍ക്കപ്പെടക്കപെടണം എന്നതും മതേതരത്വം എന്ന ഒരൊറ്റ ആശയത്തില്‍ ഊന്നി ആണ്! CAA എങ്ങനെ ഇന്ത്യ എന്ന സങ്കല്‍പ്പത്തെ ഇല്ലാതാക്കുന്നു എന്നു ചോദിച്ചാല്‍ ആ നിയമത്തിന്റെ ആദ്യ വരിയില്‍ തന്നെ അതിന്റെ ഉത്തരം ഉണ്ട്! മതാടിസ്ഥാനത്തില്‍ പൗരുത്വം നല്‍കുന്നത് നമ്മുടെ ഈ മഹാരാജ്യത്തിന്റെ ഭരണഘടന ഊട്ടിഉറപ്പിക്കുന്ന മതേതരത്വം എന്ന അടിസ്ഥാന ആശയത്തിന് എതിരാണ്. മതേതരത്വം എന്ന ആശയം ഇത്രത്തോളം വലിയ ഒരു വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ CAA ആ ആശയത്തിന് എത്രത്തോളം ഭീഷണി ആകാന്‍ പോകുന്നു എന്നത് മാത്രം ആണ് പ്രസക്തി , അതിന് ശേഷം മാത്രേ ഇത് എങ്ങനെ എപ്പോള്‍ നമ്മെ ബാധിക്കുന്നു ബാധിക്കുന്നില്ല എന്ന ചര്‍ച്ചകള്‍ക്ക് പോലും പ്രസക്തി ഉള്ളു! ഏത് കാര്യത്തെയും യുക്തിയോടെയും വിവേചനബുദ്ധിയോടെയും സമീപിക്കുന്ന പ്രബുദ്ധര്‍ എന്ന് അവകാശപ്പെടുന്ന മലയാളികള്‍ ഈ കൃത്രിമ മതേതരത്വത്തിന്റെ കെണിയില്‍ അകപ്പെട്ട് കിടന്നാല്‍, CAA പോല ഇന്ത്യയുടെ മതേതരത്വത്തെ തച്ചുടക്കുന്ന ഒരു കരിനിയമം നടപ്പിലാകുമ്പോള്‍ കയ്യും കെട്ടി അത് നോക്കി നില്‍ക്കാനേ നമ്മള്‍ക്ക് സാധിക്കു!
കൃത്രിമ മതേരത്വങ്ങളുടെ കാലഘട്ടത്തില്‍ മലയാളിക്ക് ഇനി എത്ര കാലം ഒരുമിച്ചു മുന്നോട്ട് പോകാന്‍ സാധിക്കും എന്ന് അറിയില്ല, എപ്പോഴൊക്കെയോ ഞാനുള്‍പ്പെടെ നമ്മള്‍ എല്ലാവരും ഇതിന്റെ ഭാഗവാക്കയിട്ടുയിട്ടുണ്ട്. മേല്‍പ്പറഞ്ഞ സാധരണ സംഭവങ്ങള്‍ വാര്‍ത്തയും, സ്റ്റേറ്റ്‌സുകളും ആകുന്ന ഈ കാലത്തെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം, നമുക്ക് നമ്മുടെ ശിരസ്സുകള്‍ അപമാന ഭാരത്തോടെ താഴ്ത്തിപിടിക്കാം കാരണം ഒന്നെയുള്ളൂ നമ്മള്‍ മലയാളികള്‍ ആണ്!