Dr Anishia Jayadev

ആട്ടിന്‍ കുട്ടികളുടെ നിശബ്ദതയില്‍ നിന്ന് ചരിത്രത്തിലേക്ക്

ചരിത്രത്തിലേക്ക് അവര്‍ നടന്നു കയറിയത് ഇടര്‍ച്ചയില്ലാതെയായിരുന്നു
ആ അതിജീവിതയും അഞ്ചു കന്യാസ്ത്രീകളും , ഒപ്പം അവരെ പിന്തുണച്ചവരും .



“ഇത് നീതിയിലേക്കുള്ള ഒരു ആദ്യ പടിയാണ് , കുറവലങ്ങാട് മഠത്തിനു മുന്നില്‍ നിന്ന് മറ്റു കന്യാസ്ത്രീകളോടൊപ്പം ബിഷപ്പിനെതിരെ പ്രക്ഷോഭത്തിലായിരുന്ന സിസ്റ്റര്‍ അനുപമ പറയുന്നു. അവരുടെ ശബ്ദത്തിനു കയറ്റിറക്കങ്ങളില്ല, വികാര വിക്ഷുബ്ധതയില്ല . ഒരു സ്വരഭേദവുമില്ലാതെ അവര്‍ തുടരുന്നു , “ഞങ്ങള്‍ സമരം ചെയ്യുന്നത് ഫ്രാങ്കോ എന്ന ബിഷപ്പിനെതിരെ അല്ല അയാളുടെ പ്രവര്‍ത്തികള്‍ക്ക് എതിരെ ആണ് . ഇനിയും ഞങ്ങള്‍ പ്രശ്നങ്ങള്‍ ഫേസ് ചെയ്യേണ്ടിവന്നേക്കാം. “എന്നാലും ഞങ്ങള്‍ മുന്നോട്ടു തന്നെ.” സന്തോഷവും ആശങ്കയും ചിലപ്പോള്‍ മാത്രം ഒരേ പോലെ നിഴലിടുന്നുണ്ട് അവരുടെ മുഖത്ത് .എന്നാലും എങ്ങനെയാണ് ഇത്ര നിരാസത്തോടെ , അച്ചടക്കത്തോടെ സന്തോഷത്തെയോ സന്താപത്തെയോ നിയന്ത്രിക്കുന്നത് ? മനുഷ്യ സഹജമായ ക്രോധമോ ദേഷ്യമോ ഇല്ലാതെ സംസാരിക്കുന്നതു ? ഇത് അവരുടെ ബലമാണോ , ബലഹീനതയാണോ ? എന്തായാലും തങ്ങള്‍ പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്കാണ് നടക്കുന്നത് എന്ന് അവരെ ഈ 86 ദിവസത്തെ സഹനം അവരെ പഠിപ്പിച്ചുകഴിഞ്ഞു. ഒപ്പം പൊതു സമൂഹത്തെയും.


dc-Cover-6qk4dbvr7d13b4nrvp8stsf666-20180915020656.Medi


സമരത്തിനിടെ പലപ്പോഴും സിസ്റ്റര്‍ അനുപമ പറഞ്ഞിരുന്ന ഒരു പ്രസ്താവന “ഞങ്ങള്‍ സഭയ്‌ക്കോ സര്‍ക്കാരിനോ പോലീസിനോ എതിരെ അല്ല സമരം ചെയ്യുന്നത്, നീതിക്കു വേണ്ടിയാണ്” എന്നതാണ്. അതൊരു നിസ്സഹായതയുടെ പ്രസ്താവന പോലെ അനുഭവപ്പെട്ടുകൊണ്ടേയിരിക്കുന്നു. വേണ്ടത്ര ശ്രദ്ധ നല്‍കിയോ രാഷ്ട്രീയ കക്ഷികളും യുവജന സംഘടനകളും സ്ത്രീ കൂട്ടായ്മകളും എന്നത് അലട്ടുന്നുണ്ട് വല്ലാതെ .


അധികമൊന്നും മുന്നോട്ടു പോകില്ല എന്ന് സഭയുള്‍പ്പടെ പലരും കരുതിയ ഒരു സമരം. ഉടനെ ഒത്തു തീര്‍പ്പിലെത്തിക്കാന്‍ ശക്തിയുള്ള അതീവ ധനികരായ മേലാളന്മാരുടെ സ്ഥാനത്തു സഭ . അഞ്ഞൂറ് രൂപ പോക്കറ്റ് മണി മാത്രം ലഭിക്കുന്ന, സഭകളുടെ നിശബ്ദ സേവകരായ കുറച്ചു കന്യാസ്ത്രീകളും അവരുടെ ഒപ്പം ആദ്യം ചില വൈദികരും സഭയിലെ തിരുത്തല്‍ വാദികളും ചേര്‍ന്നു . സേവ് അവര്‍ സിസ്റ്റേഴ്സ് എന്ന അവരുടെ സമരം മുന്നോട്ടു പോകുമ്പോള്‍ ആദ്യം ഒറ്റയ്ക്കും തെറ്റയ്ക്കും , പിന്നെ കൂട്ടമായും സമാനമനസ്കര്‍ സമരപ്പന്തലിലേക്കു ഒഴുകി വന്നു. അവര്‍ക്കു വലിയ മേല്‍വിലാസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പുറത്തു സമൂഹത്തും സഭയ്ക്കുള്ളിലും യാഥാസ്ഥിക വിശ്വാസികള്‍ക്കുള്ളിലും ഉണ്ടായ ചര്‍ച്ചകളും സംഘര്‍ഷങ്ങളും ഒക്കെ ആ കന്യാസ്ത്രീയെയും അവരുടെ കൂട്ടാളികളെയും തങ്ങളുടെ സഹനത്തില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. അവര്‍ മുന്നോട്ടു പോയ്കൊണ്ടേ ഇരുന്നു. അവരെ ചിതറിച്ചു കളയാന്‍ ഒന്നിനും സാധിച്ചില്ല, അവസാന പടിയായി “ഇര ” എന്ന് പലരും, നിയമവും “അതിജീവിത “എന്ന് പൊതുജീവിതവും നോക്കി കണ്ട ആ സിസ്റ്ററുടെ ചിത്രം ഉള്‍പ്പെടെ ഒരു അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടു സഭ എന്ന വ്യവസ്ഥാപിത പിതൃദായകത്വ സ്ഥാപനം അവരെ നാണം കെടുത്താന്‍ ശ്രമിച്ചു.


ഒരാളെ എത്ര തവണ ബലാസംഗം ചെയ്യാം. അഥവാ മൂന്നാമൊതൊ നാലാമതോ പതിമൂന്നാമതോ ഉള്ള ഭോഗം എങ്ങനെ ബലാത്‌സംഗമാകും.


1-1537870550


ഉഭയ സമ്മത പ്രകാരമുള്ള ബന്ധങ്ങളില്‍ പോലും സമ്മതമില്ല എങ്കില്‍ ശാരീരിക ബന്ധം ബലാത്‌സംഗമായി മാറാം എന്ന സാമാന്യ തത്വത്തെ അംഗീകരിക്കാത്ത സമൂഹവും വ്യക്തികളും ചോദിച്ച ചോദ്യമാണ് ഇത്. ഒരു ജനപ്രതിനിധി ആരോപിച്ചത് 12 തവണ “അവര്‍”അത് ആസ്വദിച്ചിട്ടു, പതിമൂന്നാം തവണ പരാതിപെടുന്നതിന്റെ സാംഗത്യമാണ്. അത് പൊതുസമൂഹവും പല ഭാഷകളില്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഈ ഒരു ചോദ്യം ചോദിക്കുമ്പോള്‍ പൊതുസമൂഹത്തിനും, ബിഷപ്പിന്റെ സ്ഥാനത്തിരുന്നു സ്ത്രീ പീഡനം നടത്തിയ വ്യക്തിക്കും ജനപ്രതിനിധിക്കും ഒരു സ്വരമായിരുന്നു, ഭാവമായിരുന്നു. അത് പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ പൊതു ചോദ്യമാണ് എന്നത് ചര്‍ച്ചകളില്‍ സ്ഥിരീകരിക്കപ്പെട്ടു. തീയില്ലാതെ പുകയുണ്ടാകുമോ ? എന്ന പതിവ് ചോദ്യങ്ങളില്‍ നിന്ന് എന്നാല്‍ പൊതു സമൂഹം, പതിയെ പിന്‍വാങ്ങി. തീയുടെയും പുകയുടെയും കാര്യകാരണങ്ങളിലേക്കു വസ്തു നിഷ്ഠമായ വിലയിരുത്തലിലേക്കു പതിയെ നടന്നു നീങ്ങി.


കന്യാമഠം എന്ന സ്ഥാപനം അഥവാ നണ്ണറി എന്ന കന്യാസ്ത്രീ മഠം


ആദ്യകാലത്തെ സഭയിലെ വനിതകള്‍


കന്യാസ്ത്രീകള്‍ എന്ന് പൊതുവെ അറിയപ്പെട്ടിരുന്നില്ലെങ്കിലും ചരിത്രത്തില്‍ അവരെ സംബന്ധിച്ച ആദ്യ പരാമര്‍ശം കാണാന്‍ സാധിക്കുക സെയ്ന്റ് പോള്‍ എന്ന അപ്പോസ്തലന്‍ (ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരില്‍ പെട്ടവനല്ല ) പല ആദിമ സഭകള്‍ക്കും അയച്ച കത്തുകളില്‍ നിന്നാണ്. (എ, ഡി അഞ്ചു കാലഘട്ടം ). സുവിശേഷ പ്രവര്‍ത്തനത്തിനായി കുടുംബ ജീവിതം മാറ്റിവച്ച കന്യകകളെക്കുറിച്ചു , അവരുടെ സേവനത്തെ കുറിച്ച് അവിടെ പല പരാമര്‍ശങ്ങളും ഉണ്ട്. അത് പോലെ തന്നെ മധ്യ കാലഘട്ടത്തില്‍ (അഞ്ചാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെ ) നിലവില്‍ വന്നതാണ് കന്യാമഠങ്ങള്‍ എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അവ പാട്രിയാര്‍ക്കല്‍ ഇന്സ്ടിട്യൂഷന്‍സ് ആണ് എന്ന് തിരിച്ചറിയാന്‍ അത്ര പ്രയാസമില്ല . കാരണം കന്യാ സ്ത്രീ ആവുക എന്നത് അവിടെ ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ തീരുമാനമായിരുന്നു എന്ന് സൂചിപ്പിക്കുന്ന നിരവധി തെളിവുകള്‍ കാണാം . പെണ്‍കുട്ടികളെ ദൈവ വേലയ്ക്കു ഉഴിഞ്ഞു വച്ചതു അവര്‍ സ്വയം തന്നെയായിരുന്നില്ല എന്നും, നണ്ണറി (nunnery ) കള്‍ ആദ്യ കാലഘട്ടങ്ങളില്‍ ധനികരുടെ പെണ്മക്കളെ അവര്‍ക്കു സ്ത്രീധനത്തിന് തുല്യമായ ഒരു കരുതല്‍ നിക്ഷേപത്തോടെ ഏറ്റെടുത്തു. അന്നും ധനം കൈവശമാക്കുക സഭയ്ക്ക് അനിവാര്യമായ ഒരു രീതിയായിരുന്നു എന്നും സൂചനകളുണ്ട് . കുടുംബത്തിന് ചേരാത്ത യുവാക്കളുമായി പ്രണയ ബന്ധത്തില്‍ പെട്ടുപോകുന്ന പെണ്‍കുട്ടികളെ നണ്ണറികളില്‍ ജീവപര്യന്തം തടവിലാക്കിയതും അവരുടെ മനോഹരമായ കാര്‍കൂന്തല്‍ മുറിച്ചു വികൃതമാക്കിയതുമൊക്കെ സാഹത്യകാരന്മാരുടെ രചനാ വൈഭവത്തിലൂടെ നമ്മുടെ കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ടല്ലോ .


bishop-mulakkal-india


എന്നാല്‍ നണ്ണറിയെ എന്ന വാക്കിന്റെ ആദ്യ ഉപയോഗം വായിച്ചാല്‍ ക്രൈസ്തവ സമൂഹം മാത്രമല്ല അക്രൈസ്തവരും ഞെട്ടിപ്പോകാതിരിക്ക അസാധ്യം .ഓസ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറി പരിശോധിച്ചാല്‍ ലണ്ടനില്‍ 1593 ല്‍പ്രസിദ്ധീകരിച്ച Christs Teares over Jerusalem. Whereunto is annexed a comparative admonition to London എന്ന പുസ്തകത്തില്‍ ഈ വിശുദ്ധ സന്യാസ ഇടത്തെ വേശ്യാലയമെന്നാണ്(ബ്രോത്തല്‍) ഗ്രാമ്യ ഭാഷയില്‍ (സ്ലാങ്)ഉപയോഗിക്കപ്പെടുന്നതായ് അടയാളപ്പെടുത്തിയിരിക്കുന്നതു.പുസ്തകം ഇപ്പോഴും ലണ്ടനില്‍ ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ ലഭ്യമാണ്. അത്തരം പരാമര്‍ശം വെളിവാക്കുന്ന വാചകം എഴുത്തുകാരന്‍ തോമസ് നാഷ് ആണ് എഴുതിയത് (1597–1601). വേശ്യാവൃത്തി നയിക്കുന്നവര്‍ അവരുടെ കന്യാഗൃഹത്തില്‍ പുര്‍ഷന്മാര്‍ക്ക് സൗജന്യമായി കൊടുക്കുന്നു (‘give free privilege’ to gentlemen in ‘theyr Nunnery ) എന്നതാണ് ആ വാചകം .


images


കാരാഗ്രഹത്തിനു തുല്ല്യമായ കന്യകാമഠങ്ങളെക്കുറിച്ചും സംസാരിച്ചു പോയ novitate (സന്യാസിനി സമൂഹത്തിലെ ആചാരങ്ങള്‍ പിന്തുടര്‍ന്ന് പഠിക്കുന്ന കാലയളവ്) എന്ന സിനിമയില്‍ പറയുന്നത് പോലെ അമ്മയുടെ താത്പര്യം, കുടുംബ പാരമ്പര്യം , തങ്ങള്‍ക്കു ലഭിച്ച ദൈവിക കൃപയ്ക്കു ആദരവായി ഒരു കുഞ്ഞിനെയെങ്കിലും ദൈവത്തിനു “ജീവബലി”യര്‍പ്പിക്കല്‍ എന്ന അമ്മയുടേയോ അച്ഛന്റെയോ തീരുമാനം, എന്നിവ അല്ലാതെ ദൈവ വിളിയാണ് സന്യാസത്തിനു നിദാനം എന്ന് പറയുന്നവര്‍ ചുരുക്കം. എത്രയോ ലക്ഷം കന്യാസ്ത്രീകള്‍ മൊണാസ്ട്രികള്‍ വിട്ടു പോയിട്ടുള്ളത് നമ്മള്‍ അറിയാത്തതു , ചരിത്രം തമസ്കരിക്കാനും നമ്മെ കബിളിപ്പിക്കാനുമുള്ള സഭയെന്ന ബ്രഹദ്സ്ഥാപനത്തിന്റെ ഭൗതിക ഇടപെടലുകള്‍ കൊണ്ട് മാത്രമാണ്. കന്യാസ്ത്രീയാകുന്നതിനു എപ്പോഴും സാധിക്കും സാങ്കേതികമായി. എന്നാല്‍ നമ്മുടെ നാട്ടില്‍ കൗമാരത്തിന്റെ അന്ത്യത്തിലാണ് ഇത് സംഭവിക്കുക. നേരത്തെ ഉഴിഞ്ഞു വച്ച പെണ്‍കുട്ടിയെ,അല്ലെങ്കില്‍ ദൈവ വിളി ലഭിച്ച പെണ്‍കുട്ടിയെ മഠത്തിലേക്ക് വിടുന്നു. പലതരം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കടന്നു പോയി അവള്‍ക്കു കഠിനമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന ബോധ്യമുണ്ടാകുന്ന സഭ അവളുടെ സ്ത്രീ/കുമാരി സഹജമായ എല്ലാ സന്തോഷങ്ങളും അവളില്‍ നിന്ന് പറിച്ചെടുക്കുന്നു.കഠിന വ്രതത്താല്‍ അവളെ പരിപാകപ്പെടുത്തുന്നു .പിന്നെ അവള്‍ തിരിച്ചു പോകാം എന്ന് കരുതിയാലും ഉറപ്പായും കൈവിടും എന്ന് അവള്‍ക്കു ബോധ്യമുള്ള കുടുംബത്തിലേക്ക് തിരിച്ചു പോകാന്‍ മടിക്കുമെന്നത് സാമാന്യേന ആര്‍ക്കും മനസിലാക്കാം.


CNS-India arrest c


കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ പലപ്പോഴും ദാരിദ്ര്യത്തില്‍ നിന്നും കുടുംബത്തില്‍ എടുക്കുന്ന പൊതു തീരുമാനങ്ങളില്‍ നിന്നുമിക്കെയാണ് കന്യാസ്ത്രീകള്‍ ഉണ്ടാകുന്നത് . സ്വന്തമായി താത്പര്യപ്പെടുന്നവര്‍ എത്രെയോ വിരളം. ഒരു തരത്തില്‍ പറഞ്ഞാല്‍ മരണം വരെയുള്ള ഒരു നിറം കെട്ട ജീവിതത്തിന്റെ തെരഞ്ഞെടുപ്പില്‍ ഒരു സന്യാസിനിക്ക് വലിയ പങ്കൊന്നും ഉള്ളതായി കാണുന്നില്ല. സ്വയം തെരെഞ്ഞെടുക്കുന്നവര്‍ക്കാകട്ടെ, അവര്‍ ചെന്ന് ചേരുന്ന ചുറ്റുപാടുകളും കടന്നു ചെല്ലേണ്ട വഴികളെയും കുറിച്ച് പൂര്‍ണ ബോധ്യവും ഉണ്ടാവാറില്ല എന്നതിനെക്കുറിച്ചും തര്‍ക്കം വേണ്ട. കന്യാസ്ത്രീ ആയിക്കഴിഞ്ഞാല്‍ അവര്‍ ഏതൊരു സഭയിലാണോ (congregation)ചേരുന്നത് അതിന്റെ ഭാഗമായി തീര്‍ന്നു അവര്‍ സ്വന്തം പേര് ഉപേക്ഷിക്കുന്നു , പുതിയ പേര് സ്വീകരിക്കുന്നു . കുടുംബത്തില്‍ മരണങ്ങള്‍ നടക്കുമ്പോള്‍ മാത്രം അവര്‍ ചെല്ലുന്നു, വിവാഹത്തിന് പോകാറില്ല. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒന്നോ രണ്ടോ തവണ വീട്ടില്‍ പോകുന്ന പതിവും ഉണ്ട്, ചെറിയ ഒഴിവുകാലം ചിലവഴിക്കാന്‍ . കടുത്ത ചട്ടക്കൂടുകള്‍ക്കുള്ളില്‍ , എല്ലാ വൈകാരികതകളും കര്‍ത്താവില്‍ ഭരമേല്പിച്ചു, അവനവനില്‍ നിക്ഷിപ്തമായ കടമകള്‍ ചെയ്യുന്നു.


images (1)


ഏറ്റവും സ്ത്രൈണമായ ജോലികളിലേക്കുതകുന്ന വിദ്യാഭ്യാസമാണ് സഭ അവര്‍ക്കു കൊടുക്കുക. അധ്യാപനത്തിന്റെ വിവിധ മേഖലകള്‍, നഴ്സിംഗ് , ആതുര ശുശ്രൂഷയുടെ മറ്റു മേഖലകള്‍ എന്നിവയിലാണ് അവരെ കൂടുതല്‍ കാണാന്‍ സാധിക്കുക. ‘അമ്മ എന്നും സഹോദരി എന്നുമൊക്കെയല്ലേ നമ്മള്‍ അവരെ വിളിക്കാറ് . നമ്മളില്‍ എത്രയോ പേരുടെ വിദ്യാഭ്യാസം തുടങ്ങിയതും , ശിശുപരിപാലനവും, പരിരക്ഷയും ഒക്കെ അവര്‍ നടത്തുന്ന നഴ്‌സറികളില്‍ ആയിരുന്നു. അല്ലെ ?


മൂന്നു മഹാ വ്രതങ്ങള്‍


കത്തോലിക്കാ സഭാ സന്യാസിനികളാകാന്‍ മൂന്നു മഹാ വ്രതങ്ങള്‍ ഒരു സ്ത്രീ എടുക്കേണ്ടതുണ്ട്‌.


സ്ഥിരത- vow of stability (സഭയില്‍ തന്നെ നിലനില്‍ക്കും എന്ന പ്രതിജ്ഞ ),


അനുസരണ – vow of obedience (ക്രിസ്‌തീയ മഠാധ്യക്ഷയോടോ കന്യാമഠാധിപയോടോ ),


ജീവിതത്തിന്റെ പുനഃക്രമീകരണം –


(vow of conversion of life ) (ദാരിദ്ര്യം ബ്രഹ്മചര്യവ്രതം എന്നിവ ശീലിക്കും എന്ന പ്രതിജ്ഞ ).


അവനവനെ ത്യജിച്ചു ക്രിസ്തുവിനെ സ്വീകരിക്കാന്‍ ഈ മൂന്നു പ്രതിജ്ഞയും ധരിച്ചാണ് അവര്‍ കന്യാസ്ത്രീയാവുക .


images (2)


നണ്‍ എന്നും സിസ്റ്റര്‍ എന്നും ഒരുപോലെ അവരെ വിളിക്കുമെങ്കിലും ഈ രണ്ടു പദങ്ങളും തമ്മില്‍ അര്‍ഥവത്യാസമുണ്ട് ക്രൈസ്തവ സഭയില്‍ . ആദ്യ പരാമര്‍ശിക്കപ്പെട്ട വാക്കു തികച്ചും ഒറ്റപ്പെട്ടു കഠിന വ്രതത്തില്‍ ക്രിസ്തു ഭജനത്തില്‍ കഴിയുന്ന ഏകാന്തവാസികളായ സന്യാസിനിമാരെ കുറിക്കുമ്പോള്‍ രണ്ടാമത്തേത് കുറച്ചുകൂടി സ്വാതന്ത്ര്യത്തോടെ , സഭയുടെ ചട്ടക്കൂടുകള്‍ക്കു വിധേയപ്പെട്ട ജീവിതം നയിക്കുന്നവരെ സൂചിപ്പിക്കുന്നു. ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന സന്യാസിനി സമൂഹം രണ്ടാമത്തെ രീതിയില്‍ ഉള്ളവരാണ്.


ദാരിദ്ര്യത്തിന്റെ വ്രതമെടുത്തിട്ടുള്ളതിനാല്‍ അവര്‍ സമ്പാദിക്കുന്നത് അവര്‍ ആയിരിക്കുന്ന മൊണാസ്ട്രയിലേക്ക് അല്ലെങ്കില്‍ അംഗമായിരുന്ന സഭാവിഭാഗത്തിലേക്കു മുതല്‍ക്കൂട്ടുകയും ഒരു ചെറിയ പോക്കറ്റ്മണി (കുറവിലങ്ങാട് കോണ്‍വെന്റില്‍ അത് അഞ്ഞൂറ് രൂപയാണ് എന്നറിയാന്‍ കഴിഞ്ഞു ) സ്വന്തം ചെലവിലേയ്ക്കായി അവര്‍ക്കു ലഭിക്കയും ചെയ്യുന്നു . മനുഷ്യ സഹജമായ ആവശ്യങ്ങള്‍ ഇല്ലാത്തവരാണ്, എന്നത്കൊണ്ടല്ല അത് നിയന്ത്രിച്ചാണ് അവര്‍ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് .ഒട്ടുമേ എളുപ്പമല്ല ആ ജീവിതം . അതിനുള്ളില്‍ നിന്നാണ് അഞ്ചു സന്യാസിനിമാര്‍ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നേരെയുണ്ടായ നീതി നിഷേധം ചോദ്യംചെയ്തത്, തെല്ലു കാത്തിരുന്നെങ്കിലും ഫ്രാങ്കോ അറസ്റിലായതും.


വിജയത്തിന്റെ കണ്ണീരോ.


മകളെ പുണര്‍ന്നു കരയുന്ന അച്ഛന്‍. അനുപമ സിസ്റ്ററുടെയും അച്ഛന്റെയും ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നു . എന്തിനാവും ആ അച്ഛന്‍ കരയുന്നതു ? മകളെ ഈ ദുഃഖക്കയത്തിലേക്കു വിടേണ്ടിയിരുന്നില്ല എന്ന തിരിച്ചറിവോ, പൊരുതി ജയത്തിലേക്കടുക്കുന്ന മകളുടെ ആര്‍ജ്ജവത്തെ കുറിച്ചുള്ള സ്നേഹവായ്പുകൊണ്ടോ ? തന്റെ മകള്‍ അനുഭവിക്കുന്ന ജീവിത കാഠിന്യത്തിന്റെ വേദനയാലോ ? അത് പൊതുസമൂഹത്തിന്റെ ചര്‍ച്ചയ്ക്കു വിടുന്നു. ഇവിടെ , നാലുവര്‍ഷം മുന്‍പ് പീഡനത്തിന് വിധേയപ്പെട്ടു തനിക്കാകെ ആശ്രയമായ സഭയില്‍ പരാതികൊടുത്ത സന്യാസിനി അനുഭവിച്ച നീതികേടിന്റെയും സഭയ്ക്കുള്ളിലും പുറത്തും നേരിടേണ്ടി വന്ന ലിംഗ വിവേചനത്തിന്റെ നേര്‍ക്കാഴ്ച്ചയും പഠനവുമാണ് ചിന്ത്യം. അത് തന്നെയാണ് ചര്‍ച്ചചെയ്യപ്പെടേണ്ടതും.


41942306_503715040100036_2350076035581607936_n


പുറം ലോകത്തെന്നതിനേക്കാള്‍ വലിയ ലിംഗ ഭേദമാണ് കത്തോലിക്കാ സഭയ്ക്കകത്തുള്ളത് . പുരോഹിതനും സന്യാസിയും കൈയാളുന്ന അവകാശങ്ങളും അധികാരങ്ങളും തികച്ചും വിഭിന്നമാണ്‌. പുറത്തെന്നപോലെ പൗരോഹിത്യമുള്ളവര്‍ ശ്രേഷ്ഠന്മാരും സന്യാസിനിമാര്‍ അവര്‍ക്കു വേണ്ടി ജോലി ചെയ്യുന്ന കീഴാളരും ആണ്. പ്രത്യേകിച്ചും ജലന്ധര്‍ ബിഷോപിനു കീഴിലുള്ള സന്യാസിനി സമൂഹമായ മിഷനറീസ് ഓഫ് ജീസസ് എന്തിനും ഏതിനും ആശ്രയിക്കേണ്ടത് ജലന്ധര്‍ അതിരൂപതയെയാണ്. അവരുടെ നിലനില്‍പ് അവിടെനിന്നുള്ള സഹായവും. അതിനാല്‍ തന്നെ 2014 -16 കാലഘട്ടത്തില്‍ നടന്ന ഈ പീഡനം ആദ്യം സന്യാസിനി അറിയിച്ചത് അവരുടെ സുപ്പീരിയറിനെ തന്നെയാണ്. പിതൃദായകത്വ വ്യവസ്ഥിതിയുടെ അനുവാചകര്‍ തന്നെയായ ആ മേലധ്യക്ഷ തികച്ചും നീതി രഹിതമായി അവരോടു പ്രതികരിച്ചു . ഈ മത വ്യവസ്ഥിതിയില്‍ ബിഷപ്പ് വിചാരിച്ചാല്‍ ഏതൊരു കന്യാസ്ത്രീയെയും നരകിപ്പിക്കാം. അത് അയാള്‍ പല തവണ ചെയ്തിരിക്കുന്നു. കുപ്പായമൂരി വീട്ടില്‍ പോകുന്നത് മരണത്തേക്കാള്‍ ഭയാനകമെന്നിരിക്കെ, എത്രമാത്രം നിസ്സഹായതയോടെയാണ് ഈ കന്യാസ്ത്രീകള്‍ സഭ എന്ന ബ്രഹത്സ്ഥാപനത്തിന്റെ കെട്ടുകള്‍ ഭേദിച്ച് നാട്ടിലെ നിയമവ്യവസ്ഥയോടു ഞങ്ങളെ സഹായിക്കണേ എന്ന് അപേക്ഷിച്ചത്. സമരത്തിന്റെ നാള്‍വഴികള്‍ പിന്നിട്ടു മുന്നോട്ടുപോകുമ്പോള്‍ അവര്‍ നടത്തിയ തുറന്നു പറച്ചിലുകള്‍ ഭയം ജനിപ്പിക്കുന്നവയല്ലേ ? ഇടയനോടൊപ്പം ഒരു ദിവസം എന്ന ബിഷപ്പ് കന്യാസ്ത്രീമാര്‍ക്കുമാത്രമായി നിജപ്പെടുത്തി നടത്തിയ പരിപാടി സംബന്ധിച്ച് പരാതി സഭയ്ക്കുള്ളില്‍ അടിച്ചമര്‍ത്തപ്പെട്ടതും പരാതിപ്പെട്ട വൈദികരും കന്യാസ്ത്രീമാരും അച്ചടക്കനടപടിക്കള്‍ക്കു വിധേയമായതും ഇപ്പോഴാണ് പൊതു ജനം അറിയുന്നത്. ഈ ബിഷപ്പില്‍നിന്നു, മിഷണറീസ് ഓഫ് ജീസസില്‍ സംഭവിച്ച ലൈംഗികവും ശാരീരികവും മാനസികവുമായ പീഢനങ്ങളില്‍ നിന്നുംസഭാ വസ്ത്രമുപേക്ഷിച്ച് രക്ഷപ്പെട്ടു പോയത് 20 കന്യാസ്ത്രീകളാണെന്നാണ് അറിയാന്‍ സാധിച്ചത്. വളരെ കുറച്ചു കോണ്‍വെന്റുകള്‍ മാത്രമുള്ള ഈ കോണ്‍ഗ്രിഗേഷനില്‍ ഇത്ര കൊഴിഞ്ഞുപോക്കോ, ഇത് നിയമവ്യവസ്ഥ അന്വേഷിക്കേണ്ടതല്ലേ ?


download


മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കൂടിയായ സിസ്റ്റര്‍ അമല ആണധികാരപ്രവണതയുടെ അപ്പൊസ്‌തലയായി ബലാത്സംഗത്തിനു വിധേയയാകേണ്ടിവന്ന കന്യാസ്ത്രീയെ അവഹേളിക്കുകയും പരാതിക്കാരിയുടെ ചിത്രം ഉള്‍പ്പടെ പരസ്യപ്പെടുത്തി അവരെ അപകീര്‍ത്തിപ്പെടുത്തുകയും , ഫ്രാങ്കോയെ ന്യായീകരിക്കയും ചെയ്തുകൊണ്ടേയിരിക്കുന്നു. നിയമപ്രകാരം നടപടികള്‍ ഉണ്ടാകുമ്പോള്‍ അവര്‍ ജയിലിനകത്തേക്കു പോകുമെന്ന് പ്രതീക്ഷിക്കാം . ഏതൊരു സഭയുടെയും അധികാര ഘടന ആണധികാരത്തിന്റേതായിരിക്കെ , അതിനുള്ളിലെ സ്ത്രീയും പുരുഷനും അതിനു കീഴടങ്ങിയിരിക്കും . അവരെ അതില്‍ നിന്ന് പുറത്തു കൊണ്ടുവരേണ്ടത് പൊതു സമൂഹവും കുടുംബവുമാണ്. അവിടെ ആ സംവിധാനത്തിനുള്ളില്‍ സ്വാഭാവികമായി അത് സംഭവിക്കുക എന്നാല്‍ അത്ര എളുപ്പവുമല്ല. വിശ്വാസവും വിധേയത്വവും ഇന്നും ലിംഗനീതിക്കു ഒരു കീറാമുട്ടി തന്നെയാണ് .


മതം മയക്കുന്നുണ്ടിപ്പോഴും


“ഇപ്പോള്‍ തങ്ങള്‍ക്ക് ഭയമില്ല. ഇനി എന്ത് പ്രശ്നം വന്നാലും നേരിടും. ആരേയും ഭയക്കുന്നില്ല. സംരക്ഷിക്കേണ്ട സഭയാണ് തങ്ങളെ തള്ളിപ്പറഞ്ഞത്. സമരത്തിന്റെ പേരില്‍ സഭയുടെ ഭാഗത്ത് നിന്ന് എന്ത് നടപടി വന്നാലും നേരിടും. അത്തരമൊരു ധൈര്യത്തിലാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. മരിക്കേണ്ടി വന്നാലും സത്യം വെടിയരുതെന്നാണ് ബൈബിളില്‍ പറയുന്നത്. ആ വിശുദ്ധ ഗ്രന്ഥം നല്‍കിയ കരുത്തിലാണ് ഇത്രയും നാള്‍ പിടിച്ചു നിന്നത്.” കന്യാസ്ത്രീകള്‍ക്ക് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമയുടെ വാക്കുകള്‍.


download (1)


പിന്നെയും ഭയവും നിരാസവും തന്നെയല്ലേ ഈ വാക്കുകളില്‍ കാണാനാവുക ? കാള്‍ മാര്‍ക്സ് പറഞ്ഞത് പോലെ അടിച്ചമര്‍ത്തപ്പെട്ടവന്‍റെ നെടുവീര്‍പ്പ് , ഹൃദയമില്ലാത്ത ലോകത്തെ ഹൃദയം ഒക്കെയായി അവനെ തളച്ചിടുന്ന ഒന്ന് തന്നെ മതം. അതില്‍ നിന്ന് , അതിന്റെ തിന്മകളില്‍ നിന്ന് പുറത്തു കടക്കാന്‍ ഇനിയും നാളുകള്‍ ഏറെ വേണം എന്നത് സംശയമില്ല . സഭ എടുക്കുന്ന ഏതു നടപടിയും നേരിടും എന്നല്ല അതിനു വിധേയപ്പെടും എന്നാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. എത്ര മേല്‍ ശാക്തീകരണവും സ്വാതന്ത്ര്യാവബോധവും വേണ്ടിവരും അവര്‍ക്കു സഭയ്ക്കുള്ളില്‍ നീതിയ്ക്കായി പോരാടാന്‍. ഉള്ളില്‍ നിന്ന് തിരുത്തലുകള്‍ നടക്കണമെങ്കില്‍ ബാഹ്യമായ പരിരക്ഷ അത്യാവശ്യമാണ്. ഇടപെടല്‍ അത്യാവശ്യമാണ്. അത് ആര് ചെയ്യും , നമ്മളല്ലാതെ ?


ആരൊക്കെയാണ് ഈ സമരത്തെ പിന്തുണച്ചത് . ആര്‍ക്കെതിരെയായിരുന്നു ഈ സമരം.


എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ ആരംഭിച്ച സമരം ഈ സമരം സഭയ്ക്കെതിരെയായിരുന്നോ ? സര്‍ക്കാരിനോ അന്വേഷണ സംവിധാനത്തിനോ എതിരെ ആയിരുന്നോ ? കന്യാസ്ത്രികള്‍ നടത്തി വന്ന സമരത്തില്‍ പിന്തുണയേകിയത് ആരാണ്? ഒരു കണക്കെടുപ്പിനു സമയമായിരിക്കുന്നു. വിവിധ കൂട്ടായ്മകളാണ് , സഭയില്‍ നിന്നു തന്നെയുള്ള പുരോഹിതരും കന്യാസ്ത്രീകളുമുണ്ട്. അല്‍മായരും അല്‍മായ സംഘടനകളുമുണ്ട്. ചില രാഷ്ട്രീയപ്പാര്‍ട്ടികളുണ്ട്. വിവിധ മതസംഘടനകളുണ്ട്, സാംസ്‌കാരിക-സാമൂഹിക സംഘടനകളുണ്ട്, വ്യക്തിത്വങ്ങളുണ്ട്, സാധാരണക്കാരുണ്ട്. എന്നാല്‍ പ്രബല രാഷ്ട്രീയ പാര്‍ട്ടികള്‍ കക്ഷി ഭേദമെന്യേ ഈ സമരം കണ്ടില്ലെന്നു നടിച്ചു. പ്രമുഖ വനിതാ സംഘടനകളും നേതാക്കളും അപ്രകാരം തന്നെ ചെയ്തു. യുവജനപ്രസ്ഥാനങ്ങള്‍ അന്ധതയിലമര്‍ന്നു. രാഷ്ട്രീയ സംഘടനകള്‍ സഭയെ പരോക്ഷമായി പോലും കുറ്റപ്പെടുത്താതെ ശ്രദ്ധിച്ചു പ്രസ്താവനകള്‍ ഇറക്കി. സമരം വിജയിക്കും എന്ന ഉത്തമ ബോധ്യം വന്നപ്പോള്‍ സമരപന്തലില്‍ എത്തിയ ചില വനിതാ നേതാക്കള്‍ കത്തോലിക്കാ സഭ ചരിത്രത്തില്‍ ചെയ്ത മഹനീയ സംഭവങ്ങള്‍ ശ്ലാഖിച്ചു. സഭ ഏറ്റവും ശക്തമായി കുറ്റവാളിയോട് ചേര്‍ന്ന് നിന്ന് സമരക്കാരെ വെല്ലുവിളിക്കുകയും അധിക്ഷേപിക്കയും ചെയ്തു. ചാനല്‍ ചര്‍ച്ചകളില്‍ കേരള കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ എന്ന കെസിബിസി സമരം കത്തോലിക്ക സഭയ്‌ക്കെതിരേയുള്ള ഗൂഢാലോചന എന്നാരോപിക്കയും “അടങ്ങിയിരുന്നില്ലെങ്കില്‍ സമരക്കാരായ കന്യാസ്ത്രീകളെ സഭയും എന്തിനു വീട്ടുകാരും തള്ളിക്കളയും ” എന്നും ഉറക്കെ പറയുകയും ചെയ്തു. കര്‍ത്താവിന്റ വേല ചെയ്യാന്‍ പ്രതിജ്ഞയെടുത്ത അവരെ സഭാ മേലാളന്മാരുടെ വേല ചെയ്യാന്‍ നിര്ബന്ധിതരാക്കി എന്നത് എതിര്‍ക്കുന്ന സഭാഅംഗങ്ങള്‍ പോലും ചുരുക്കമാണ്. നിസ്വരായാണ് ഓരോ കന്യാസ്ത്രീയുടേയും ജീവിതം എന്നിരിക്കെ, അതെ വ്രതമെടുത്തു ദൈവ വേല ചെയ്യുന്ന പുരോഹിതന്മാരുടെ ശക്തിയും സ്വാധീനവും വളരെ വലുതാണ്, ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ സ്വയം ദൈവമാവുകയും നടത്തുന്ന സ്ഥാപനങ്ങളുടെ തലവരിപ്പണം കൊണ്ട് രാജകീയ ജീവിതം നയിക്കയുകയും ചെയ്യുന്നു.


download


എന്നാല്‍ ഒന്ന് പറയേണ്ടതുണ്ട്. ഈ അനധികാരപ്രമത്തതയില്‍ നിന്ന് രക്ഷപ്പെടാനല്ല കന്യാസ്ത്രീകളുടെ പോരാട്ടം , ആ ചട്ടക്കൂടുകള്‍ക്കുള്ളില്‍ ചേര്‍ന്ന് നിന്ന് തന്നെ അധിക്ഷേപിക്കപ്പെടാതെ ആത്മാഭിമാനത്തോടെ ജീവിക്കാനാണ്. അവര്‍ വ്യവസ്ഥാപിത അടിമത്തത്തെ നേരിടാന്‍ പഠിക്കണമെങ്കില്‍ , നമ്മള്‍, മുഖ്യധാരയില്‍ ലിംഗനീതിയെക്കുറിച്ചു നിലവിളിക്കുന്നവര്‍ ഒറ്റക്കെട്ടായി അവരോടൊപ്പം നില്‍ക്കണം. അതിനു കുറുക്കുവഴികളൊന്നും ഇല്ല .


പി സി ജോര്‍ജിനോട് ഒന്നും പറയാനില്ല , പക്ഷെ പൊതുസമൂഹമേ , നിങ്ങളും.


മ്ലേച്ഛത മാത്രം തുപ്പി നടക്കുന്ന മനുഷ്യ ഗുണങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു ജനപ്രതിനിധി. ആ സിസ്റ്റര്‍ ഒരു വേശ്യയാണെന്ന് പറഞ്ഞിട്ടും പ്രതികരണ ശേഷി നഷ്ടപെട്ട കേരളത്തിന്റെയും വനിതാ സംഘടനകളുടെയും മറ്റു പലരുടെയും കഠിനഹൃദയത്വം കാരണം ആരോഗ്യാവാനായി നാളുകള്‍ തള്ളി നീക്കുന്നു, വമനേച്ഛ ജനിപ്പിക്കുന്ന ലിംഗഅതിക്രമങ്ങള്‍ മാത്രം തട്ടിമൂളിക്കാനായി. ഇയാള്‍ ഒരു നിയമസഭാ സാമാജികനാണോ ? ഇയാള്‍ ചെയ്യുന്നത് ചട്ടങ്ങളുടെയോ സത്യപ്രതിജ്ഞയുടെയോ ലംഘനം ആണോ എന്ന് ഇന്ന് വരെ തെളിയിക്കപ്പെട്ടിട്ടില്ല. ദേശീയ മാധ്യമത്തില്‍ എവിടെയോ അയാളുടെ വായെ പോട്ടി(കുട്ടികളുടെ വിസര്‍ജ്യം സ്വീകരിക്കുന്ന ഒരു പ്ലാസ്റ്റിക് പാത്രം ) മൗത് എന്ന് വിശേഷിപ്പിച്ചിരുന്നതായി കണ്ടു.


pc-george_1 (1)


അയാളുടെ വായ തുറന്ന ശവക്കുഴിയല്ലേ? ബലാത്‌സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീയെ അയാള്‍ വിശേഷിപ്പിച്ചതു ഏറ്റവും നികൃഷ്ടമായാണ്. പതിമൂന്നു തവണ ഉപദ്രവിക്കപ്പെട്ടിട്ടു വര്ഷങ്ങള്ക്കു ശേഷമാണോ പരാതിപറയുന്നതു എന്ന് പ്രബുദ്ധരെന്നു അവകാശപ്പെടുന്നവര്‍ പോലും ചോദിക്കുന്നു. അവരോടു ഒന്നേ പറയാനുള്ളൂ. നിങ്ങളുടെയോക്കെ വീട്ടിലും കുടുംബത്തിലും അയല്പക്കത്തിലും ഒക്കെ നിരന്തരം അരങ്ങേറുന്നുണ്ട് ഈ ബലാത്സംഗ മഹാമഹം. ഭര്‍ത്താവ് എന്നോ കാമുകന്‍ എന്നോ ഒക്കെയുള്ള ലേബലുകള്‍ സഹിക്കയും ഇത് ഞങ്ങള്‍ അനുഭവിക്കേണ്ടതാണ് എന്ന പെണ്‍ബോധവുമൊക്കെയാണ് അത്തരം ബലാത്‌സംഗികളെ പുറം ലോകമറിയാതിരിക്കാന്‍ കാരണം. പുരുഷന്‍ ഒരു അധികാര കേന്ദ്രമാണ്. അത് കുടുംബത്തിലും , രാഷ്ട്രീയത്തിലും , സഭയിലും , മറ്റു ഔദ്യോഗിക ഇടങ്ങളിലും അങ്ങനെ തന്നെ . ആ താന്‍പ്രമാണിത്തം അംഗീകരിച്ചു കൊടുക്കാത്തവര്‍ വേശ്യാസ്ത്രീകള്‍ എങ്കില്‍, പെണ്‍കുട്ടികളെ , സ്ത്രീകളെ , നമുക്ക് അതാകാം. ബോധം നഷ്ടപെട്ടിട്ടില്ലാത്തവരെയും കൂട്ടി, അവര്‍ ഏതു ലിംഗത്തില്‍ പെട്ടവരായാലും സാരമില്ല നമുക്ക് കന്യാസ്ത്രീകളുടെ തുടര്‍പ്രവര്‍ത്തനത്തില്‍ അവരോടു ചേര്‍ന്ന് നില്‍ക്കാം. അത് നമ്മള്‍ അടുത്ത തലമുറയോടും കൂടി ചെയ്യുന്ന നീതിയായിരിക്കും. അതുകൊണ്ടുതന്നെ , സമൂഹം ചേര്‍ന്ന് നില്‍ക്കേണ്ടത് ചരിത്രത്തിലേക്ക് നടന്ന ആ നിസ്വരോടൊപ്പമാണ്. അവരെ ചേര്‍ത്ത് പിടിച്ചു, കൂടെക്കൂട്ടി നീതി നിഷേധത്തിന്റെ ഇരുട്ടറകളില്‍ നിന്ന് പുറത്തെ വെളിച്ചത്തിലേയ്ക്കു നടക്കാന്‍ ക്ഷണിക്കേണ്ടത് ഉത്തരവാദിത്വമുള്ള ഒരു പൊതു സമൂഹമാണ്, നമ്മളാണ് .