Jyothi Tagore

ജീവിതം എന്ന നിശ്ചിതനേരം

നിറയെ പുതുമകള്‍ അവതരിപ്പിക്കാനും, കഴിഞ്ഞില്ലെങ്കില്‍ പഴയ വീഞ്ഞ് തന്നെ പുതിയ കുപ്പിയിലാക്കി വില്‍ക്കാനും ശ്രമിക്കുന്ന കാലമാണിത്. പുതുമ എന്നത് പലപ്പോഴും പാളിപ്പോകാവുന്ന പരസ്യവാചകമാണ് -സിനിമയിലാണെങ്കില്‍ പ്രത്യേകിച്ചും. ആശയത്തിലോ അവതരണത്തിലോ പുതുമ ആവിഷ്ക്കരിക്കുന്ന ചലച്ചിത്രകാരന് താനുദേശിക്കുന്ന അര്‍ത്ഥത്തില്‍ അത് അനുവാചകരിലേയ്ക്ക് പകരാന്‍ കഴിയണമെന്നില്ല. ചിലപ്പോള്‍ കലാകാരന്‍ വിനിമയം ചെയ്യാനാഗ്രഹിച്ചതിലുമധികം സ്വാധീനം പ്രേക്ഷകനില്‍ ചെലുത്തിയെന്നും വരാം. പരസ്പര വിരുദ്ധമായ ഈ രണ്ട് കാര്യങ്ങളും പ്രേക്ഷകന്റെ ദൃശ്യബോധത്തെയും സാമൂഹ്യ നിലപാടുകളെയും ആശ്രയിച്ചിരിക്കുന്നു.

അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകന്റെ കന്നി സംരംഭമായ നേരം പുതുമകളൊന്നും അവകാശപ്പെടാതിരിക്കുക വഴി നൂതനമായൊരു പരസ്യവാചകം മുന്നോട്ട് വയ്ക്കുന്ന സിനിമയാണ്. ജീവിച്ച് പുതുമയല്ലാതായ ദൃശ്യങ്ങള്‍ പകര്‍ത്തി വയ്ക്കുന്പോള്‍ മറ്റെന്ത് പറയാനാണെന്ന് കരുതിയതാകാനും മതി.

പ്രാരാബ്ദങ്ങളുടെ മാറാപ്പുമായി നിസ്സഹായനായി പ്രത്യക്ഷപ്പെടുന്നയാളെ നായകനെന്ന് വിളിക്കേണ്ടി വരുന്നത് ജനപ്രിയ സിനിമ പകര്‍ന്ന തന്ന ശീലഗുണം. അയാള്‍ നായകന്‍ പോയിട്ട് കര്‍ത്താവ് പോലുമല്ലെന്ന് സിനിമ സ്പഷ്ടമാക്കുന്നുണ്ട്. നാം അനുഷ്ടിക്കേണ്ട കര്‍മ്മത്തെ നമ്മില്‍ നിന്ന് വേര്‍പെടുത്തി അന്യവല്‍ക്കരിക്കാന്‍ കഴിയുന്ന ശക്തികള്‍ നമ്മുടെ ജീവിതം എന്തെന്ന് തീരുമാനിക്കുന്ന ലോകത്ത് അത് ഒരുതരം ഗതികെട്ട അനിവാര്യതയുമാണ്. സിനിമയില്‍ ആവര്‍ത്തിച്ച് കാണിക്കുന്ന ദൃശ്യം ഓട്ടമാണ്. ജീവിതത്തിന് നെടുകെയും കുറുകെയും അര്‍ത്ഥശൂന്യമായി ഓടാന്‍ വിധിക്കപ്പെടുന്നവരുടെ കഥയാണ് നേരം. അവര്‍ക്ക് നല്ലനേരവും ചീത്തനേരവുമുണ്ട്. പക്ഷേ നല്ല-ചീത്ത നേരം തെരഞ്ഞടുക്കുവാനോ തീരുമാനിക്കുവാനോ അവകാശമില്ല എന്ന് മാത്രം. ജീവിതപ്രശ്നങ്ങള്‍ നിമിത്തം ഓട്ടം തുടരുന്നവരും സിനിമയില്‍ അവര്‍ക്ക് ദുരിതം സൃഷ്ടിക്കുന്നവരും ഭയക്കുന്നത് ഒരേ ഉത്തമര്‍ണ്ണരെ തന്നെയാണെന്നത് യാദൃശ്ചികമല്ല. അത്തരമൊരു ശക്തിയുടെ ഇല്ലായ്മ തല്കാലത്തേയ്ക്കെങ്കിലും അവരുടെ ജീവിതഭാരം കുറച്ചേയ്ക്കാം. പക്ഷേ അവിടെയും മാത്യ( നിവിന്‍ പോളി)വും മൂന്ന് കള്ളന്‍മാരും പരസ്പരം പൊരുതി ഹതാശരാകുന്ന കാഴ്ചയേ കാണുന്നുള്ളു. അവര്‍ക്ക് പൊതുശത്രുവിനെ തിരിച്ചറിഞ്ഞ് എതിര്‍ക്കാനാകുന്നില്ല. കാരണം അത് ദൃശ്യമാകുന്ന ഒന്നല്ല. വട്ടിക്ക് പണം കടം കൊടുക്കുന്ന രാജ അല്ലെങ്കില്‍ മറ്റൊരാള്‍-ബ്ളേഡ് മാഫിയ അല്ലെങ്കില്‍ മറ്റൊന്ന്. ഇങ്ങനെ പ്രകടമാകുന്ന വ്യവസ്ഥിതിയുടെ പുണ്ണുകള്‍ മാത്രമാണിന്ന് ശരാശരി മലയാളിയുടെ ജീവിതത്തെ കലുഷിതമാക്കുന്നത്- അല്ലാതെ കലാപങ്ങളല്ല.

സിനിമയില്‍ കാണുന്ന രൂപത്തിലല്ലാതെയും ഇവ ജീവിതത്തിലേയ്ക്ക് കടന്ന് വരാം. ഇമ്മാനുവേല്‍, റെഡ് വൈന്‍ എന്നീ ചിത്രങ്ങളിലും അല്പ്പം ചില മാറ്റങ്ങളോടെ സമാന അവസ്ഥകളുടെ ദൃശ്യവത്കരണം കാണാം. ഈ മൂന്ന് ചിത്രങ്ങളുടെയും കഥാഗതി പരിശോധിച്ചാല്‍ നേരം മാറുന്നതില്‍ വ്യക്തികള്‍ക്കോ ( ദൈവങ്ങള്‍ ഉള്‍പ്പെടെ) പ്രയത്നങ്ങള്‍ക്കോ വലിയ പങ്കില്ല എന്ന് കാണാം. അതുകൊണ്ട് ഇമ്മാനുവലും മാത്യവും ഓടുന്ന വ്യര്‍ത്ഥമായ ഓട്ടം അധുനിക ജീവിതത്തിന്റെ ബിംബമായി തീരുന്നു. ഇവര്‍ പലപ്പോഴും വിജയപ്രതീതി പ്രേക്ഷകനില്‍ സൃഷ്ടിക്കുന്നുണ്ട്. പുതിയ സാഹചര്യങ്ങളില്‍ നിന്ന് സ്വയം ബഹിഷ്കൃതനായിക്കൊണ്ട് ഇമ്മാനുവലും നല്ല നേരം വരുന്പോള്‍ മാത്യവും മറ്റൊരു സാഹചര്യത്തിലേയ്ക്ക് ജീവിതത്തെ പറിച്ച് നടുന്നു. അത് ഒരു മുതലാളിയുടെ കീഴില്‍ നിന്ന് മറ്റൊരു മുതലാളിയുടെ കീഴിലേയ്ക്ക് ആകുന്നു എന്നതാണ് സമാനത. സിനിമയുടെ തുടക്കത്തില്‍ പറയുന്നത് പോലെ , ഇംഗ്ളണ്ടിലോ അമേരിക്കയിലോ ആരെങ്കിലും കീഴ്ശ്വാസം വിട്ടാല്‍ നിവൃത്തി കെട്ട് പോകാവുന്ന മറ്റൊരു ജീവിതത്തിലേയ്ക്കുള്ള പലായനം. ജീവിതം എന്ന നിശ്ചിത നേരത്തിന്റെ ഉടമസ്ഥത പോലും സ്വന്തമായില്ലാത്തവരുടെ വിങ്ങലുകളാണ് രണ്ട് ചിത്രങ്ങളുടെയും ആശയങ്ങളെ തമ്മിലിണക്കുന്ന കണ്ണി. സ്വയം കത്തിയെരിഞ്ഞ് മറ്റ് ജീവിതങ്ങള്‍ക്ക് വെളിച്ചമായിത്തീരുന്ന അനൂപ് (റെഡ് വൈന്‍)മാര്‍ ഇല്ലാതെ പോകുന്ന നടപ്പ് ലോകത്ത് THERE IS NO ALTERNATIVE എന്ന മുദ്രാവാക്യത്തിന്റെ ക്രൌര്യം ഭീതിപ്പെടുത്തുന്ന ഒന്നാണ്.

ഒടുവില്‍ എല്ലാത്തിനും ശേഷം മാത്യവിന് പക വീട്ടാന്‍ അവസരമൊരുക്കി തീര്‍ന്ന് പോകുന്ന സിനിമ പരസ്യവാചകത്തോട് നീതി പുലര്‍ത്തുന്നു- പുതുമകളില്ലാത്ത സിനിമ. സിനിമയിലായാലും ജീവിതത്തിലായാലും വ്യാജവിജയങ്ങള്‍ക്ക് എന്ത് പുതുമയാണുള്ളത് ? ?

ആദ്യസംരംഭത്തെ അര്‍ത്ഥവത്തായ ശ്രമമാക്കിയ അല്‍ഫോണ്‍സ് പുത്രന് പ്രേക്ഷകര്‍ അര്‍ത്ഥം തിരിച്ച് നല്‍കുന്ന കാഴ്ച തീയ്യറ്ററുകളെ നിറയ്ക്കുന്നു. 22 വയസ്സ് മാത്രം പ്രായമുള്ള ഛായാഗ്രാഹകന്‍ മലയാള സിനിമയുടെ സന്തോഷമായി മാറുന്നു. നിവിന്‍ പോളിയുടെ ലാളിത്യവും നസ്രിയയുടെ ഓമനത്തവും. കണ്ട് കണ്ടങ്ങിരിക്കാന്‍ തോന്നും. പ്രധാന വില്ലനായി തകര്‍ത്തഭിനയിച്ച നടന്‍ മുതല്‍ മൂന്ന് കള്ളന്മാര്‍ വരെ എല്ലാവരും മികച്ച പ്രകടനമാണ് നടത്തിയത്. മനോജ് കെ ജയന്‍ പതിവ് പോലെ മനോഹരം. ഷമ്മി തിലകന്റെ ഊക്കന്‍ ടിന്റു ചിരിയുണര്‍ത്തിയ സന്ദര്‍ഭങ്ങള്‍ അനവധി. കാമപ്പേക്കൂത്തുകളുടെ ബ്രാന്റിംഗ് മാത്രമല്ല ന്യൂജനറേഷന്‍ സിനിമകള്‍ എന്ന് വിളിച്ച് പറയുന്ന സൃഷ്ടികളും ചലച്ചിത്രകാരന്മാരും കടന്ന് വരുന്നിടത്ത് മലയാളസിനിമയ്ക്കിത് നല്ല നേരം തന്നെ.