Adv K R Deepa

പോരാട്ടങ്ങള്‍ ഓര്‍മ്മിക്കാന്‍ ; തുടരാനും

ഇന്റര്‍ നെറ്റില്‍ വനിതാദിന സന്ദേശങ്ങള്‍ പടര്‍ന്നു തുടങ്ങി. ഈ ദിനം തങ്ങളുടെ ഉല്‍ പ്പന്നത്തിനൊപ്പം എന്ന പരസ്യവുമായി കാര്‍ നിര്‍ മ്മാതാക്കള്‍ മുതല്‍ സോപ്പ് കമ്പനിക്കാര്‍ വരെയുള്ളവരുമുണ്ട് .അത്തരം നനുത്ത ആശംസകളിലും വിപണിയുടെ ആരവങ്ങളിലും അടക്കം ചെയ്യാവുന്നതല്ല ഈ ദിനം.ഇത് ഒരു സ്ത്രീപോരാട്ടത്തിന്റെ ഓര്‍മ്മദിനമാണ്. വര്‍ഗബോധത്തൊടെ തെരുവിലിറങ്ങിയ സ്ത്രീതൊഴിലാളികളുടെ സമരദിനം.

1857 മാര്‍ ച്ച് എട്ടിന് ന്യുയോര്‍ ക്കില്‍ തെരുവിലിറങ്ങിയത് തുണിമില്‍ തൊഴിലാളികളായ സ്ത്രീകളായിരുന്നു.ശമ്പളം കൂട്ടികിട്ടാനും മണിക്കൂറുകര്‍ നീളുന്ന തൊഴില്‍ നേരം കുറച്ചുകിട്ടാനുമായിരുന്നു സമരം.ഒപ്പം മുതലാളിത്തത്തിനെതിരായ മുദ്രാവാക്യങ്ങളും അവര്‍ ഉയര്‍ത്തി.സോഷ്യലിസ്റ്റ് ആശയങ്ങള്‍ പോലും ശക്തമാകും മുമ്പ് നടന്ന ഈ സ്ത്രീ പോരാട്ടദിനം പിന്നീട് ലോകത്താകെ ആചരിക്കുന്ന സ്ഥിതി വന്നു. ഇന്ന് ഇത് തൊഴിലാളികളുടെ മാത്രം ദിനമല്ല.സ്ത്രീ എന്ന അവസ്ഥ കൊണ്ട് മാത്രം രണ്ടാം തരക്കാരാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന എല്ലാസ്ത്രീകളുടെയും ദിനമാണ് .

കേരളത്തില്‍ അടുത്തിടെ പുറത്തുവന്ന രണ്ട് സംഭവങ്ങള്‍ സമൂഹത്തിലെ പൊതു ഇടങ്ങളിലൊന്നും സ്ത്രീ സുരക്ഷിതയല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി പണിയെടുത്തിരുന്ന കോണ്‍ഗ്രസ് ഓഫീസിലാണ് നിലമ്പൂരിലെ രാധയെ ബലാത്സംഗം ചെയ്തു കൊന്നത്. ആശ്രമാധിപതിയുടെ ഏറ്റവും അടുത്ത സഹായിയും സന്യാസിനിയും ആയിരിക്കുമ്പോഴാണ് ഗെയില്‍ ട്രെഡ്‌വര്‍ ( അമൃത പ്രാണാനന്ദ) വള്ളിക്കാവിലെ ആശ്രമത്തില്‍ തന്നെ ബലാത്സംഗം ചെയ്യപ്പെട്ടത് .

സ്ത്രീ എന്ന 'പദവി' കൊണ്ടുമാത്രം നേരിടേണ്ടിറ്വരുന്ന ഇത്തരം ക്രൂരതകള്‍ക്കൊപ്പം തൊഴിലാളി എന്ന നിലയില്‍ സ്ത്രീ അനുഭവിക്കുന്ന ദുരിതങ്ങളും പെരുകുന്നു . കൂടിവരുന്ന കരാര്‍ തൊഴിലുകളില്‍ പണിയെടുക്കുന്നവരില്‍ സ്ത്രീകള്‍ ഏറെയാണ് . തൊഴില്‍ സുരക്ഷിതത്വവും തുല്യ വേതനവും ഇവര്‍ക്കില്ല. ശുചീകരണ തൊഴിലാളി മുതല്‍ ഐ ടി രംഗത്തെ ജീവനക്കാര്‍ വരെ ഈ പ്രശ്നം നേരിടുന്നു. ഇങ്ങനെ സ്ത്രീ നേരിടുന്ന ഇരട്ട ചൂഷണം തന്നെയാണ് ഈ വനിതാദിനത്തിലും ചര്‍ച്ചയാകുന്നത് .

സ്ത്രീരക്ഷാ നിയമനിർമ്മാണ രംഗത്ത് ചില മുന്നേറ്റങ്ങള്‍ കണ്ട വര്‍ഷമായിരുന്നു 2013. രാജ്യത്തെ നടുക്കിയ കൊടും പീഡനങ്ങളെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളുടെ ഒടുവില്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണങ്ങള്‍ക്ക് നിര്‍ബ്ബന്ധിതരാകുക ആയിരുന്നു. എന്നാല്‍ നീണ്ട പോരാട്ടങ്ങള്‍ക്കു ശേഷവും വനിതാസംവരണ ബില്‍ ഇനിയും ലോക് സഭയില്‍ അവതരിപ്പിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അധികാര സംവിധാനത്തിലേക്ക് സ്ത്രീ കടന്നുവരാതിരിക്കാന്‍ ഭരണശക്തികള്‍ പുലര്‍ത്തുന്ന കടുത്ത ജാഗ്രത പ്രകടമാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ആത്മാര്‍ഥമായ നിലപാടെടുക്കുന്നത്.

ഇക്കൊല്ലം ഐക്യരാഷ്ട്ര സംഘടനയുടെ വനിതാദിന മുദ്രാവാക്യം; 'സ്ത്രീകള്‍ക്ക് തുല്യതയെന്നാല്‍ എല്ലാവര്‍ക്കും പുരോഗതി' (Equality for Women is Progress for All) എന്നാണ് . പുരോഗമന ചിന്താഗതിക്കാര്‍ക്കെല്ലാം അംഗീകരിക്കാവുന്ന ഈ മുദ്രാവാക്യം തന്നെയാകട്ടെ ഈ വര്‍ഷത്തെ വനിതാദിന സന്ദേശം.