ലൂക്ക എന്ന ആര്‍ട്ടിസ്റ്റിന്റെ ഒരു ഇന്സ്റ്റല്ലേഷന് ബിനാലേയില്‍ കണ്ട് എന്തൊരു അബ്സേഡിറ്റിയാണത് എന്ന് ഉടക്കുന്നുണ്ട് നീഹാരിക എന്ന നായിക. പിന്നീട് മറ്റൊരു ആംഗിളില്‍ അത് മനോഹരമായ ഒരു രൂപമായി മാറുന്നത് കണ്ട് ആശ്ചര്യപ്പെടുകയും ചെയ്യുന്നു അവള്. ലൂക്കയുടെ ജീവിതത്തിന്റെ അടുക്കില്ലായ്മകളുടെ സൗന്ദര്യത്തെപ്പറ്റി ലൂക്ക തന്നെ ഒരിക്കല്‍ അവളോട് പറയുന്നത് ഇവിടെ ചേര്‍ത്ത് വായിക്കാവുന്നതാണ്. ആത്യന്തികമായി ലൂക്ക എന്ന ചലചിത്രത്തെയും നമുക്ക് ഇങ്ങനെയൊക്കെ സമീപിക്കാവുന്നതാണ് എന്ന് തോന്നുന്നു.
നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്ത, മൃദുല്‍ ജോര്‍ജ്ജും അരുണും കൂടി തിരക്കഥയെഴുതിയ ലൂക്ക എന്ന സിനിമ അതിന്റെ അടുക്കില്ലായ്മയിലും ഒരു സൗന്ദര്യം തരുന്നുണ്ട്. കുറ്റാന്വേഷണ, മന:ശാസ്ത്ര, പ്രണയ ജോണറുകളില്‍ ഏത് കളത്തില്‍ ഈ ചിത്രത്തിനെ ഒതുക്കണം എന്നത് ഒരു പക്ഷെ അര്‍ത്ഥമില്ലാത്ത ചര്‍ച്ചയാവും. ലൂക്ക എന്ന ഇന്സ്റ്റലേഷന് കലാകാരനെ, അസ്സല് പെയിന്ററെ ടൊവിനോ അയത്ന ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. അതിനൊപ്പമോ അതിനുമപ്പുറമോ നില്‍ക്കുന്നുണ്ട് അഹാനാ കൃഷ്ണകുമാറിന്റെ നീഹാരിക. ചിലയിടങ്ങളിലെങ്കിലും നസ്രിയയുടെ അംഗചലനങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ടെങ്കിലും അസാധ്യ കഥാപാത്ര അവതരണമാണ് അഹാന നടത്തുന്നത്.
അവരുടെ ആദ്യ സംഭാഷണ രംഗങ്ങളില്‍ നിന്ന് തന്നെ തുടങ്ങുന്നുണ്ട് അബ്സേഡിറ്റിയുടെ മനോഹര കെമിസ്ട്രി. അത് കേവല കാല്പനികതയ്ക്കപ്പുറം സുന്ദരമായി നിലനിര്‍ത്താന്‍ സംവിധായകന് കഴിയുന്നുണ്ട്. അതിന് സമാന്തരമായി നീങ്ങുന്ന കുറ്റാന്വേഷണ സീക്വന്സുകള്ക്ക് സിനിമയിലുടനീളം മഴ പശ്ചാത്തലമാകുന്നുണ്ട്. രണ്ട് കൈവഴികളിലൂടെ നീങ്ങുന്ന കഥയ്ക്ക് പ്രത്യേക കളര്‍ ടോൺ തന്നെ തെരഞ്ഞെടുത്തിരിക്കുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.
ഒരേപോലെ, വിഷം അകത്ത് ചെന്ന്, വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ വച്ച് മരിയ്ക്കുന്ന നായകന്റേയും നായികയുടേയും മരണ കാരണം ചുരുളഴിയ്ക്കുന്നതാണ് കഥ. നായികയുടെ ഡയറിയിലൂടെയാണ് കഥ മുക്കാലും നമ്മളറിയുന്നത്.
അടുക്കില്ലായ്മയുടെ സൗന്ദര്യത്തില്‍ ജീവിക്കുന്ന ലൂക്കയിലേയ്ക്കാണ് അടുക്കും ചിട്ടയും ആഗ്രഹിക്കുന്ന, എന്നാല്‍ തകര്‍ന്ന മനസ്സും ജീവിത സാഹചര്യങ്ങളുമുള്ള നീഹാരിക വന്ന് ഇടിച്ചിറങ്ങുന്നത്, ഒരു നാള്. പിന്നീടങ്ങോട്ട് അവരുടെ ബന്ധം സ്വാഭാവിക വളര്‍ച്ച പ്രാപിക്കുന്നു. ഏറ്റവും അധികം പരസ്പരം മനസ്സിലാക്കുന്ന ഇണകളായി അവര്‍ എത്രയും പെട്ടെന്ന് മാറുന്നതിലുമുണ്ട് ഒരു ചാരുത. ലൂക്ക-നീഹാരിക ബന്ധത്തിന്റെ വേരില്ലായ്മയും ഉറപ്പും ഒരേ സമയം ഫീല്‍ ചെയ്യിക്കുന്നതില്‍ തിരക്കഥ വിജയിച്ചിട്ടുണ്ട്.
നിഖില്‍ വേണുവിന്റെ എഡിറ്റിങ്ങും നിമിഷ് രവിയുടെ ഛായയും നല്ലത്. സൂരജ് എസ് കുറുപ്പ് പാട്ടിലും പശ്ചാത്തല സംഗീതത്തിലും ഒപ്പം ഒരു പ്രധാന കഥാപാത്രത്തിലും തിളങ്ങുന്നു. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ ഘടകം അനീസ് നാടോടിയുടെ കലാസംവിധാനമാണ്.
കലാകാരനും നെക്രോഫോബിക്കുമായ ലൂക്ക എന്ന കഥാപാത്രം സ്ഥിരം അരാജക-കലാകാര- ജീവിത വാര്‍പ്പ് മാതൃകയില്‍ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രമാണ്. നീഹാരികയാവട്ടെ തിക്തമായ ഒരു ഭൂത-വര്‍ത്തമാനകാലം പേറുന്നവളുമാണ്. സിനിമയുടെ പല വഴികളിലും പത്മരാജനെ മധുരപൂര്‍വ്വം ഓര്‍മ്മിപ്പിക്കുമ്പോഴും ലൂക്ക എന്ന സിനിമയ്ക്ക് സ്വന്തമായ ഒരു ഐഡന്റിറ്റി ഉണ്ടെന്നതില്‍ തര്‍ക്കമില്ല.
സമാന്തര കുറ്റാന്വേഷണ കഥാപാത്രങ്ങളില്‍ ആഴത്തിലുള്ള ജീവിത മുറിവുകള്‍ പ്രകടമാവുമ്പോഴും അവരുടെ പ്രകടനം പല ക്ലോസപ്പ് ഷോട്ടുകളിലും ഉയരത്തില്‍ എത്താതെ പോവുന്നത് ഒരു ന്യൂനതയാണ്.
പക്ഷെ, ആത്യന്തികമായി ലൂക്ക ഒരു സ്ക്രാപ്പ്/ഇന്സ്റ്റലേഷന് കലാകാരനെക്കുറിച്ചും അവന്റെ ജീവിതത്തിലേയ്ക്ക് വരുന്ന നീഹാരികയെക്കുറിച്ചും അവരുടെ ബന്ധത്തെക്കുറിച്ചുമാണല്ലോ പറയുന്നത്. അതു കൊണ്ട് തന്നെ മറ്റ് കഥാപാത്രങ്ങളുടെ കരിങ്കല്‍ പശ്ചാത്തലത്തില്‍ ലൂക്കയുടേയും നീഹാരികയുടേയും മനോഹര പ്രണയവും പ്രകടനവും മിഴിവു കൂടുതലുള്ളവയാവുന്നുണ്ടെങ്കില് അതല്ലേ കലയുടെ വിജയം?
ലൂക്ക മനോഹരമായ, പല ലെയറുകളുള്ള ഒരു അബ്സേഡ് ഇന്സ്റ്റല്ലേഷന് ആവുന്നത് അങ്ങനെയൊക്കെ കൂടിയാണെന്ന് പറയേണ്ടി വരും.