'ചുറ്റും കൂടിയിട്ടുള്ള തൊഴിലാളിപ്പടയുടെ ദുരിതങ്ങളെ നിഷേധിക്കുവാന്‍ മൂലധനത്തിന് തക്കതായ കാരണങ്ങളുണ്ട്; പക്ഷേ, വന്നണഞ്ഞു കൊണ്ടരിക്കുന്ന അധഃപതനവും അവസാന പതനത്തിലുണ്ടായേക്കാവുന്ന ജനശോഷണവും അതിനെ അശേഷം അലട്ടുന്നില്ല. ഒരു കാലം ഭൂമി സൂര്യനില്‍ പതിച്ചാലെന്താവുമെന്ന് ആരും ആലോചിക്കാത്തതുപോലെയാണ് മൂലധനം ഇക്കാര്യത്തില്‍ പെരുമാറുന്നത്. വ്യവസായരംഗത്ത് തകര്‍ച്ച എന്നെങ്കിലും വരുമെന്ന് അതുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം അറിയാം. പക്ഷേ, അത് അയല്‍ക്കാരന്റെ തലയില്‍ വീഴുമെന്നാണ് ഓരോ ആളും പ്രതീക്ഷിക്കുന്നത്. 'താന്‍ സ്വര്‍ണ്ണമഴ ശേഖരിച്ചു സൂക്ഷിച്ചുവെച്ചിരിക്കയാണല്ലോ' 'എനിക്ക് ശേഷം പ്രളയം' എന്നാണ് ഓരോ മുതലാളിയുടെയും ഓരോ മുതലാളിത്ത രാജ്യത്തിന്റെയും നിലപാട്. അതു കൊണ്ട് സമുദായം നിര്‍ബന്ധിക്കാത്ത പക്ഷം തൊഴിലാളിയുടെ ആരോഗ്യത്തിലോ ആയുര്‍ദൈര്‍ഘ്യത്തിലോ മൂലധനം ഒരു പരിഗണനയും കാണിക്കുന്നില്ല.'
മൂലധനം (കാള്‍ മാര്‍ക്‌സ്)
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു ചെറു രാജ്യമാണ് സെനഗല്‍. നമ്മുടെ കേരളവും തമിഴ്‌നാടും ചേര്‍ന്നുള്ള വിസ്തീര്‍ണ്ണത്തെക്കാള്‍ ഒരല്‍പ്പം കൂടുതല്‍ വരും. സെനഗലിനെ ലോകം ശ്രദ്ധിച്ചത് 2002 ലെ ഫിഫ ലോകകപ്പ് ഫുട്ബാള്‍ മുതലാണ്. അന്ന് ഉത്തര കൊറിയയിലെ കാല്‍പ്പന്ത് മൈതാനിയില്‍ സെനഗല്‍ ഒഴുക്കിയ വിയര്‍പ്പില്‍ ഒലിച്ചു പോയത് ഫ്രഞ്ച് പോരാളികള്‍ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളായിരുന്നു. ആദ്യ റൗണ്ടില്‍ തന്നെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് പുറത്തായി. ഇന്ന് കോവിഡ് 19 എന്ന മഹാമാരി ഫ്രാന്‍സിലെങ്ങും കൊലക്കളങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ആഫ്രിക്കന്‍ ഫുട്ബാളിന്റെ അതേ ചടുലതയോടും കോവിഡിനെ നേരിടുന്ന അപൂര്‍വ്വം രാജ്യങ്ങളിലൊന്നായി സെനഗല്‍.
ജനുവരി 12നാണ് സെനഗലില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചത്. പിന്നെയെല്ലാം ശീഘ്രഗതിയിലുള്ള നീക്കങ്ങള്‍. രോഗി വിദേശത്തുനിന്നെത്തിയതിനാല്‍ തലസ്ഥാനമായ ഡെക്കറിലെ ബ്ലൈസ്‌സിഗ്‌നെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. 38 ഡിഗ്രി സെന്റിഗ്രേഡിനു മുകളില്‍ ശരീരോഷ്മാവ് കണ്ടുപിടിക്കാനുള്ള ഇന്‍ഫ്രാ റെഡ് ക്യാമറകള്‍ ഘടിപ്പിച്ചു. അടുത്ത ഘട്ടത്തില്‍ ഇതു മറ്റു വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ചു. അതിര്‍ത്തി ദേശങ്ങളിലെ ബസ് ടെര്‍മിനലുകളടച്ചു. ശ്വാസകോശ രോഗ വിദഗ്ധരുടെ സേവനം ദേശസാല്‍ക്കരിച്ച ആദ്യ ആഫ്രിക്കന്‍ രാജ്യമായി സെനഗല്‍ മാറി. പൊതുവില്‍ മോശപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന ഒരു ആഫ്രിക്കന്‍ പിന്നണി രാജ്യം തന്നെയാണ് സെനഗല്‍ എങ്കിലും കോവിഡ് പ്രതിരോധത്തിനായി കേരളം സ്വീകരിച്ച നടപടികളോട് പലതിനും സാമ്യമുണ്ട്. ലോക മാദ്ധ്യമങ്ങള്‍ സെനഗലിനെ വാഴ്ത്തുന്നത് പത്തു മിനിട്ടിനുള്ളില്‍ ശ്വാസകോസ വൈറസ് പകര്‍ച്ച കണ്ടെത്തുന്നതിനുള്ള കിറ്റുകള്‍ വികസിപ്പിച്ചതിനാണ്. ചെറിയ രോഗലക്ഷണമുള്ളവരെ ഒക്കെയും കൂട്ടത്തോടെ ടെസ്റ്റിനു വിധേയമാക്കുന്ന രീതിയും അവര്‍ അനുവര്‍ത്തിച്ചു.
അപരിചിതമായ പ്രഖ്യാപനങ്ങള്‍ കേട്ടുകൊണ്ടാണ് മാര്‍ച്ച് 25ന് അയര്‍ലന്റ് ഉണര്‍ന്നത്. ഒറ്റ രാത്രികൊണ്ട് സ്വകാര്യ ആശുപത്രികളെല്ലാം ദേശസാല്‍ക്കരിച്ചു. ഒഴിപ്പിക്കലുകള്‍ നിരോധിച്ചു. വാടകത്തുകകള്‍ മരവിപ്പിച്ചു. ഗ്രാമനഗര വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് ക്ഷേമനടപടികള്‍ പ്രഖ്യാപിച്ചു. മദ്ധ്യവലതു രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരം അടക്കിവാഴുന്നത് കണ്ട് പരിചയിച്ച ഐറിഷ് ജനത കോവിഡ് 19നെതിരെയുള്ള അയര്‍ലന്റിന്റെ സോഷ്യലിസ്റ്റ് പരിഹാരങ്ങളെ കൗതുകത്തോടെയാണ് കാണുന്നത്. 1916 ലെ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ മുന്നേറ്റ കാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായോ എന്നു കരുതുന്നവരും, ഇതിനെല്ലാം പിന്നീട് കണക്കുപറയേണ്ടിവരും എന്നു സംശയത്തോടെ കാണുന്നവരും അവിടെയുണ്ട്. അയര്‍ലന്റിന്റെ ദേശീയപതാകയിലെ ത്രിവര്‍ണ്ണത്തില്‍ അരിവാള്‍ ചുറ്റിക ചേര്‍ത്തു വയ്ക്കാറായോ എന്നു രാജ്യം പൊതുവില്‍ വിസ്മയിച്ചുപോകുന്നുണ്ട്.
കാര്‍ഷിക പ്രധാന ജീവിത വ്യവസ്ഥയും ദുര്‍ബ്ബല ജനാധിപത്യസംവിധാനവുമുള്ള ആഫ്രിക്കന്‍ പിന്നണി രാജ്യമായ സെനഗലും വികസിത രാജ്യമായ അയര്‍ലന്റും പൊതു ഉടമസ്ഥതയിലേക്ക് സേവനസംവിധാനങ്ങള്‍ കൊണ്ടുവരാനുള്ള പുതിയ സാര്‍വ്വദേശീയ മാറ്റങ്ങള്‍ കോവിഡ് 19 ലോകത്തിന് നല്‍കുന്നുണ്ട്. രണ്ടാം ലോക യുദ്ധാനന്തര ശോകാത്മകതക്ക് തുല്യമായ ഒരവസ്ഥയിലേക്ക് അധികം വൈകാതെ ബ്രിട്ടന്‍ എത്തിച്ചേരും എന്ന പ്രവചനം വന്നു കഴിഞ്ഞു. താച്ചറിസത്തിന്റെ പ്രതാപകാലത്ത് സ്വകാര്യവല്‍ക്കരിച്ച ബ്രിട്ടീഷ് റെയില്‍വേ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ ഉടമകള്‍. കൊളോണിയല്‍ കൊള്ളമുതല്‍ മുഴുവന്‍ ഉപയോഗിച്ചാലും യുറോപ്യന്‍ നഗര ചത്വരങ്ങള്‍ ഡെത്ത് ഹബ്ബുകളാക്കി മാറ്റിയ മഹാമാരിയുടെ അപകടമണി മയങ്ങാന്‍ കാലമേറെയെടുക്കും. മരണ സംഖ്യയുടെ കൃത്യത അപ്രസക്തമാക്കുന്ന ഭീതിയാണ് സേവന സംവിധാനങ്ങളൊക്കെയും സ്വകാര്യവല്‍ക്കരിച്ച യൂറോപ്പിലെ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത്. ഇവിടെ മരണത്തിന് വര്‍ത്തമാന കാലമില്ല. നിശ്ചിത എണ്ണം മരണം പ്രഖ്യപിപ്പിക്കുമ്പോഴെക്കും മരണത്തിന്റെ ഗതിവേഗം ഭയാനകമായ ഭാവികാലത്തിലേക്ക് കുതിക്കുകയാണ്.
പ്രതിഫലേച്ഛ ഇല്ലാത്ത പ്രവൃത്തി എന്ന് സേവനത്തിന്റെ നിഘണ്ഡു നിര്‍വ്വചനത്തെ പ്രതിഫലത്തിനു വേണ്ടി കൊലപാതകം നടത്തുന്നതും സേവനമാക്കി മാറ്റിയ ആഗോളവല്‍ക്കരണ കാലത്തെ മുതലാളിത്തത്തോട് നടപ്പ് രാഷ്ട്രീയ ദുശ്ശാഠ്യങ്ങള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ കൂടുതല്‍ 'ബോഡി ബാഗുകള്‍'' കരുതി വെക്കണമെന്ന മുന്നറിയിപ്പാണ് റെഡ് ക്രോസ് സംഘടനയുടെ മേധാവി ടെഡ്രോസ് അധാനോ ഗെബയൂസ് നല്‍കുന്നത്. ഏപ്രില്‍ 7 ന് കോവിഡ് 19 മരണസംഖ്യ ആയിരം കടന്ന മദ്ധ്യയൂറോപ്പിലെ മോള്‍ഡോവയില്‍ അവിടത്തെ പ്രസിഡന്റ് പറഞ്ഞത് മരണം 2000 മെത്തിയാല്‍ ആശുപത്രികള്‍ അടച്ചു പൂട്ടുമെന്നാണ്. ചെറിയ പനിക്ക് കോടി ഡോളര്‍ മുടക്കുന്നതിനെ പരിഹസിച്ചയാളാണ് ബ്രസീലിലെ തീവ്രവലതുപക്ഷക്കാരനായ പ്രസിഡന്റ്. ഇവരോടൊക്കെക്കൂടിയാണ് ലോകാരോഗ്യസംഘടനയുടെ മേധാവിയുടെ മുന്നറിയിപ്പ്.
സ്ലവോക്ക് സീസക്ക് എന്ന സ്ലോവേനിയന്‍ ചിന്തകന്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് ഒട്ടും പ്രതിപത്തിയുള്ള ഒരാളല്ല. കോവിഡ് 19 ന് ഉള്ള പരിഹാരം ഗ്ലോബല്‍ കമ്മ്യൂണിസമാണ് എന്നു പറഞ്ഞതിന് പ്രതീക്ഷിച്ചതുപോലെ അദ്ദേഹം പരിഹസിക്കപ്പെട്ടു. ചൈനീസ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആണ് അദ്ദേഹം ഇതു പറഞ്ഞത്. മഹാമാരിയുടെ കാലത്ത് തോക്കുകള്‍ വാങ്ങിക്കുട്ടിയ യു. എസ് പൗരന്മാരും, മുഖാവരണവും അണുനാശിനികളും പൂഴ്ത്തിവെച്ച ഇറ്റലിയിലേയും ഫ്രാന്‍സിലെയും സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍മാരും ചൈനയില്‍ കാണില്ല. കോവിഡ് വരുമ്പോഴേക്കും ബ്രിട്ടീഷ് മാര്‍ക്കറ്റില്‍ നിന്നും അപ്രത്യക്ഷമായത് ടോയ്‌ലറ്റ് പേപ്പറുകളാണ്. യുദ്ധത്തിനാവശ്യം തോക്കുകള്‍ എന്നതു പോലെ ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളുമായി ആശുപത്രിയില്‍ അഭയം തേടുമ്പോള്‍ ആവശ്യം വെന്റിലേറ്ററുകളും ഐ.സി.യു കിറ്റുകളുമാണ്.
സ്‌റ്റേറ്റിന് സര്‍വ്വാധിപത്യവും മാനവികതയുമുള്ള പ്രത്യയശാസ്ത്രത്തിന് ഇതു കഴിയും. സര്‍ക്കാരുകള്‍ അവരുടെ എല്ലാ ശക്തിയും പുറത്തെടുക്കണമെന്ന ലോകാരോഗ്യസംഘടനാ മേധാവി പറയുന്നതിന്റെ പൊരുള്‍ ഇതാണ്. ഉപാധികളില്ലാത്ത ഐക്യധാര്‍ഢ്യവും സാര്‍വ്വദേശീയ മാനവികതയുമാണ് കമ്മ്യൂണിസ്റ്റ് ക്യൂബയും വിയറ്റ്‌നാമും ചൈനയുമിപ്പോള്‍ പ്രകടിപ്പിക്കുന്നത്. ആരോഗ്യപരമായി ദുര്‍ബ്ബലരേയും മുതിര്‍ന്നവരേയും മരണത്തിന് വിട്ടുകൊടുക്കുന്ന ഇറ്റലിയിലേയും ബ്രിട്ടനിലേയും മുതലാളിത്ത ഭരണകൂട വ്യവസ്ഥയോ, ഡോളര്‍ തിന്നു വീര്‍ത്ത് മനുഷ്യജീവന്‍ കടിച്ചു കുടഞ്ഞ് ഇറ്റിറ്റു വീഴുന്ന ചോരത്തുള്ളികളുമായി ഓരിയിടുന്ന അമേരിക്കന്‍ ഇന്‍ഷ്വറന്‍ന്‍സ് ചെന്നായ്ക്കള്‍ക്ക് അരു നില്‍ക്കുന്ന സാമ്രാജ്യത്വ ക്രൂരയുക്തിയോ കമ്മ്യൂണിസ്റ്റ് സംവിധാനത്തില്‍ ഉണ്ടാവില്ലെന്ന ഉറപ്പാണ് സ്ലവോക്ക് സീസക്ക് പങ്കുവെക്കുന്നത്.
കോവിഡ് 19 നെ ധീരമായി പ്രതിരോധിച്ച ചൈനക്കെതിരായ പ്രചാരണം ബഹുതലങ്ങളിലാണ് വളരുന്നത്. കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരം ഒരു മീന്‍ മാര്‍ക്കറ്റാണ് എന്നാണ് ലോകമെങ്ങും പ്രചരിക്കുന്നത്. മോട്ടോര്‍ സിറ്റി എന്നറിയപ്പെടുന്ന അമേരിക്കയിലെ ഡെറ്റ്രോയിറ്റ് കഴിഞ്ഞാല്‍ വാഹന വ്യവസായത്തിലെ ലോകോത്തര സംവിധാനങ്ങള്‍ നിറഞ്ഞതാണ് വുഹാന്‍. ലോകത്തിലെ ഏറ്റവും വലിയ പവര്‍ സ്‌റ്റേഷനുകളിലൊന്ന് മദ്ധ്യ ചൈനയിലെ ഈ നഗരത്തിലാണ്. 2017 ല്‍ യുനെസ്‌കോ വുഹാന്‍ നഗരത്തെ ക്രിയേറ്റീവ് സിറ്റി എന്ന് വിശേഷിപ്പിക്കുകയുണ്ടായി. 200ല്‍ പരം വിദേശ പട്ടണങ്ങളിലെ 500ലധികം സ്ഥാപനങ്ങളുടെ നിക്ഷേപവും ബുള്ളറ്റ് ട്രെയിനുകളും അനവധി അതിവേഗ റെയില്‍വേ ഹബ്ബുകളും നിറഞ്ഞ മഹാ നഗരമാണ് വുഹാന്‍. ആഫ്രിക്കയിലേയും ഏഷ്യയിലേയും ആവാസകേന്ദ്രങ്ങളിലല്ല, ഉപഭോഗത്തിന്റെ പളപളപ്പു നിറഞ്ഞതും നവംനവങ്ങളായ ചൂഷണവിദ്യകള്‍ വികസിപ്പിച്ചെടുത്ത ആഗോളമുതലാളിത്തത്തിന്റെ അങ്ങാടികളിലാണ് കോവിഡ് 19 സൃഷ്ടിച്ച ശവക്കൂനകള്‍ ഉയര്‍ന്നു പൊങ്ങുന്നത്.
ഏഴു പതിറ്റാണ്ടു മുമ്പ് ഏറ്റവും പ്രാകൃതമായ കാര്‍ഷിക രീതികള്‍ നിലനിന്നിരുന്ന ചൈന ഇന്ന് ലോകത്തിലെ വന്‍ ശക്തിയായത് സോഷ്യലിസ്റ്റ് നിര്‍മ്മാണ പ്രക്രിയയിലൂടെയാണ്. എന്നാല്‍ നൂറ്റാണ്ടു നീണ്ട മൃഗീയ കൊള്ളയാല്‍ ഖജനാവ് നിറച്ച ബ്രിട്ടനില്‍ നിന്ന് ആണ് ഏറ്റവും ദയനീയമായ കോവിഡ് മരണക്കുറിപ്പുകള്‍ പുറത്തു വരുന്നത്. ജനുവരി 31നാണ് ബ്രിട്ടനില്‍ ആദ്യ കോവിഡ് സ്ഥിരീകരിക്കുന്നത്. സാധാരണ ഗതിയില്‍ അതീവ ജാഗ്രതയോടെയുള്ള ദിനരാത്രങ്ങളിലൂടെയാണ് ബ്രിട്ടണ്‍ കടന്നു പോകേണ്ടത് എന്നാല്‍ അലസതയെന്നോ കഴിവില്ലായ്മയെന്നോ വിശേഷിപ്പിക്കാവുന്ന രണ്ടു മാസം പിന്നിടുമ്പോള്‍ ബ്രിട്ടനിലായിരങ്ങള്‍ മരിച്ച ശേഷവും വേണ്ടത്ര പി.പി.ഇ കിറ്റുകളും മാസ്‌കുകളും ലഭിക്കാത്തതിന്റെ പേരില്‍ കോവിഡ് ചികിത്സകനായ ഒരു ഡോക്ടര്‍ ബ്രിട്ടനില്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. ഞങ്ങളും മനുഷ്യരാണ്, ഞങ്ങള്‍ക്കു സുരക്ഷാ കിറ്റുകള്‍ വേണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചാണ് കര്‍മ്മനിരതനായ ആ ഡോക്ടര്‍ മരണത്തെ പുല്‍കിയത്. ബംഗ്ലാദേശ് കാരനും ബ്രിട്ടനിലെ റോം ഫോര്‍ഡ് ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലിലെ ഡോ അബ്ദുള്‍ ഹബൂദ് ചൗധരിയാണ് മാര്‍ച്ച് 18ന് ഫെയ്‌സ് ബുക്കിലൂടെ സഹായത്തിന് അഭ്യര്‍ത്ഥിച്ച് കുറിപ്പിട്ടത്. ഏപ്രില്‍ 8 ന് അദ്ദേഹം മരണത്തിന് കീഴടങ്ങി.
കോവിഡ് 19 മായുള്ള നേര്‍ക്കുനേര്‍ യുദ്ധത്തില്‍ വിജയം കണ്ടെത്തിയെന്ന് ലോകമാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ഈ കൊച്ചു കേരളത്തിലാണ്. ലോകമെങ്ങുമുള്ള മലയാളികള്‍ പ്രത്യാശയോടെ നോക്കുന്നത് നമ്മുടെ നാടിനു മുകളിലെ നീലാകാശത്തെയാണ്. ഏറ്റവും മികച്ച പൊതു ഉടമസ്ഥതയിലുള്ള ആരോഗ്യ സംവിധാനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതിന് നാം നന്ദി പറയേണ്ടത് 1956 ജൂണ്‍ 22-23-24 തിയ്യതികളില്‍ തൃശൂരില്‍ ചേര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തോടാണ്. ജനാധിപത്യപരമായ ചര്‍ച്ചചെയ്ത് സമ്മേളനം അംഗീകരിച്ച ഒരു പരിപാടിയുടെ അടിസ്ഥാനത്തിലാണ് 1957ലെ തെരഞ്ഞെടുപ്പു പ്രകടന പത്രികയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊടുത്തത്.
അതിലെ ഒരു സുപ്രധാനമായ ഒരിനമായിരുന്നു ഗ്രാമീണ ആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന്. ഉയര്‍ന്ന സാക്ഷരത, ഭൂപരിഷ്‌ക്കരണ നിയമത്തിലൂടെ ജന്മിത്വം അവസാനിപ്പിച്ച് ഗ്രാമീണ ജീവിത നിലവാരം മെച്ചപ്പെടുത്തിയത്, കുറ്റമറ്റ പൊതുവിതരണ സംവിധാനം, സാര്‍വ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം എന്നിവയെല്ലാം കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഈ മേഖലകളിലെല്ലാം മൗലികമായ സംഭാവനനല്‍കിയതും, ജനകീയ മാറ്റങ്ങള്‍ക്ക് ദിശാബോധം നല്‍കിയതും 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്. ഇതിന്റെ ഭാഗമാണ് കേരള മോഡല്‍ എന്ന് ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്ന സുശക്തമായ ആരോഗ്യ സംവിധാനത്തിന്റെ അടിത്തറ.കോവിഡ് 19 എന്ന മഹാമാരി ബൃഹത്തായ ഒരു സാര്‍വ്വദേശീയ മാറ്റത്തിന് ലോകത്തെ തയ്യാറെടുപ്പിക്കുന്നുണ്ട്. മാറ്റത്തിന്റ ദിശക്കായി നമുക്ക് കാത്തിരിക്കാം.