Sarath Cheloor

എട്ടാമത് വിബ്ജിയോര്‍ മഴവില്‍മേള ഫെബ്രുവരിയില്‍

എട്ടാമത് വിബ്ജിയോര്‍ മഴവില്‍മേള ഫെബ്രുവരിയില്‍ കഴിഞ്ഞ 7 വര്‍ഷക്കാലമായി ഇന്ത്യയില്‍ നിന്നും ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള ഡോക്യുമെന്ററികളും, ചെറു ചലച്ചിത്രങ്ങളും, സംഗീത ആല്‍ബങ്ങളും ഉള്‍പ്പെടുത്തി കൊണ്ട് വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂരില്‍ സംഘടിപ്പിച്ചു വരുന്ന ചലച്ചിത്രമേളയാണു വിബ്ജിയോര്‍ അന്തര്‍ദേശീയ ചലച്ചിത്രമേള. ചലച്ചിത്രമേളകള്‍ ഇന്ന് നഗരങ്ങളിലും,ശീതീകരിച്ച പ്രദര്‍ശനശാലകളിലും സ്ഥിരം കാണികളിലും മാത്രം ഒതുങ്ങി നില്‍ക്കുമ്പോള്‍ സാധാരണക്കാരുടെയും, അടിച്ചമര്‍ത്തപ്പെടുന്നവരുടെയും സിനിമകള്‍ക്കും അവരുടെ പോരാട്ടങ്ങള്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊ ണ്ട് വിബ്ജിയോര്‍ ഫിലിം കളക്റ്റീവ് ചലച്ചിത്രമേളാ സംഘാടന രംഗത്ത് ഒരു പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. നൂറിലധികം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ഈ ചലച്ചിത്രമേളയോടനുബന്ധിച്ച് വിവിധ വിഷയങ്ങളെ ആസ്പദമാക്കി മിനി കോണ്‍ഫെറന്‍സുകള്‍, ശില്‍പശാലകള്‍, ചിത്രപ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കപ്പെടുന്നു.

എല്ലാ വര്‍ഷവും ഒരു മുഖ്യ പ്രതിപാദ്യ വിഷയത്തിലാസ്പദമാക്കി സംഘടിപ്പിക്കപ്പെടുന്ന ഈ ചലച്ചിത്ര മേളയില്‍ 7 വര്‍ഷത്തിനുള്ളില്‍ ജലം, ഭൂമി, ഊര്‍ജ്ജം, ഭക്ഷ്യസ്വരാജ്, ദക്ഷിണേഷ്യ: ജനാധിപത്യം, നീതി, സമാധാനം, സാമൂഹ്യ നീതിക്കായുള്ള മാധ്യമപ്രവര്‍ത്തനം ദക്ഷിണേഷ്യയില്‍, ജീവനം ജീവസന്ധാരണം എന്നീ വളരെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ വളരെ പ്രശസ്തരായ ചലച്ചിത്ര, പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകരും, ജനകീയ സമര പ്രവര്‍ത്തകരും, പങ്കെടുക്കുന്ന വളരെ അപൂര്‍വമായ മേളകളില്‍ ഒന്നാണ് വിബ്ജിയോര്‍ അന്തര്‍ദേശീയ ചലച്ചിത്രമേള. 2012 ഫെബ്രുവരി 07 മുതല്‍ 12 വരെ തൃശ്ശൂരില്‍ വച്ചു നടത്താനുദ്ദേശിക്കുന്ന ചലച്ചിത്രമേളയുടെ ഈ വര്‍ഷത്തെ ഫെസ്റിവല്‍ ഡയറക്ടര്‍ പ്രശസ്ത ചലച്ചിത്രകാരി കവിതാ ജോഷിയാണ്.

ദക്ഷിണേഷ്യ മുഖ്യ വിഷയമാക്കിയുള്ള ചലച്ചിത്രമേളയില്‍ ഈ വര്‍ഷത്തെ മുഖ്യ പ്രതിപാധ്യ വിഷയം കവര്‍ന്നെടുക്കപ്പെട്ട ജനാധിപത്യം എന്നതാണ്. യുവജനങ്ങള്‍ക്കും, ഗ്രാമങ്ങളിലുള്ള സാധാരണക്കാര്‍ക്കും ചലച്ചിത്രമേളകള്‍ ആസ്വദിക്കാനും, അവ പങ്കുവെക്കുന്ന കലാ സാംസ്കാരിക, രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങള്‍ മനസിലാക്കാനും അവസരമൊരുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ക്യാമ്പസ്/വില്ലേജ് ചലച്ചിത്രമേളകള്‍ക്ക് വന്‍ ജനപിന്തുണയാണു ഗ്രാമങ്ങളില്‍ നിന്നും കലാലയങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രാരംഭഘട്ടത്തില്‍ തന്നെ വളര്‍ന്നു വരുന്ന യുവ ചലച്ചിത്രപ്രതിഭകള്‍ക്കും, സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ചലച്ചിത്രനിര്‍മ്മാതാക്കള്‍ക്കും ഒത്തുചേരാനും അവരുടെ പ്രതിഭ പ്രകടിപ്പിക്കുവാനുമുള്ള ഒരു വേദിയാവാനും 5 ദിവസം നീണ്ട് നില്‍ക്കുന്ന ഈ ചലച്ചിത്രമേളക്കു കഴിഞ്ഞിട്ടുണ്ട്.

കേരളത്തിനകത്തും പുറത്തും നടക്കുന്ന ജനകീയ സമരങ്ങളുടെയും, ചെറുത്തുനില്‍പ്പുകളുടെയും നേര്‍ക്കാഴ്ച്ചയാണു വിബ്ജിയോര്‍. 5 ദിവസം നീണ്ടു നില്‍ക്കുന്ന ലോകത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം തന്നെയാണു വിബ്ജിയോര്‍ ചലച്ചിത്ര മേളയിലെ പ്രധാന ആകര്‍ഷണം. അതോടൊപ്പം തന്നെ ഇത്തരം ജനകീയ സമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍, ആക്റ്റിവിസ്റുകള്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം ചര്‍ച്ചകള്‍ക്കിടം നല്‍കുന്ന ഒരു പൊതുവേദി കൂടി വിബ്ജിയോര്‍ ഒരുക്കുന്നു. ഓപ്പന്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, വിവിധ സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനങ്ങള്‍, 6 ദിവസം നീണ്ടു നില്‍ക്കുന്ന സിനിമ ശില്‍പ്പശാലകള്‍, സംഗീതപരിപാടികള്‍, കലാ സാംസ്കാരിക രാവ്, മാധ്യമ/ചിത്രപ്രദര്‍ശനങ്ങള്‍ എന്നിവ എട്ടാമത് വിബ്ജിയോര്‍ ചലച്ചിത്രമേളയുടെ ആകര്‍ഷണങ്ങളാണ്. പ്രധാനമായും നാഷണല്‍ , ഇന്റര്‍നനാഷണല്‍, കേരള സ്പെക്ട്രം എന്നീ 3 വിഭാഗങ്ങളിലായാണ് തിരഞ്ഞെടുപ്പു കമ്മിറ്റി ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. കേരള സ്പെക്ട്രം വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള ചലച്ചിത്രകാരന്മാരുടെ ഡോക്യുമെന്ററികള്‍, ഹ്രസ്വചലച്ചിത്രങ്ങള്‍, കുട്ടികളുടേയോ കുട്ടികള്‍ക്കുള്ളതുമായ ചലച്ചിത്രങ്ങള്‍ എന്നിവ സമര്‍പ്പിക്കാവുന്നതാണ്.

ഇതുകൂടാതെ വിബ്ജിയോര്‍ ചലച്ചിത്രമേളയുടെ സ്ഥിരം പ്രമേയങ്ങളായ സ്വത്വങ്ങള്‍, അവകാശങ്ങള്‍, വികസന വാദം, ലിംഗപദവിയും ലൈംഗികതയും, സംസ്കാരങ്ങളും മാധ്യമങ്ങളും, മൌലികവാദവും ബഹുസ്വരതയും, ദേശരാഷ്ട്രങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചലച്ചിത്രങ്ങളേയും മേളയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു. ട്രാവന്‍കൂര്‍ കൊച്ചിന്‍ സൊസൈറ്റീസ് ആക്റ്റ് (1955) പ്രകാരം രജിസ്റര്‍ ചെയ്ത് (192/07) 2007 മുതല്‍ തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയാണു വിബ്ജിയോര്‍ ഫിലിം കളക്ടീവ്. ഈ സംഘടന ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയില്‍ രെജിസ്റര്‍ ചെയ്തിട്ടുള്ളതും, തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രവര്‍ത്തിക്കുന്നതുമാണ്. താഴെപറയുന്ന ഏഴ് സംഘടനകള്‍ ചേര്‍ന്നാണ് വിബ്ജിയോര്‍ ഫിലിം കളക്ടീവ് ആരംഭിച്ചത, ചേതന മീഡിയ ഇന്‍സ്റിറ്റൂട്ട്, നോട്ടം സഞ്ചരിക്കുന്ന ചലച്ചിത്രമേള, വിഷ്വല്‍ സെര്‍ച്ച്, ഗയ, സെന്റര്‍ ഫോര്‍ സോഷ്യല്‍ എഡ്യുക്കേഷന്‍, മൂവിങ്ങ് റിപ്പബ്ളിക്, നവചിത്ര ഫിലി സൊസൈറ്റി, ഇതു കൂടാതെ കഴിഞ്ഞ 5 വര്‍ഷത്തെ ചലച്ചിത്രമേളാ സംഘാടനവുമായി ബന്ധപ്പെട്ട് ഏകദേശം 20 ഓളം സംഘടനകള്‍ വിബ്ജിയോര്‍ ചലച്ചിത്രമേളയില്‍ വളരെ സജീവമായിത്തന്നെ സഹകരിക്കുന്നുണ്ട്.

സംഘടനകളുടെ പ്രതിനിധികളും, ജനറല്‍ ബോഡി അംഗങ്ങളും ചേര്‍ന്ന് തിരഞ്ഞെടുക്കുന്ന പ്രവര്‍ത്തക സമിതിയാണു വിബ്ജിയോര്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ചെറു ചലച്ചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടേയും മറ്റ് ബദല്‍ സിനിമകളുടേയും മേളയായ വിബ്ജിയോറിലേക്ക് തല്‍പ്പരരായ ചലച്ചിത്ര നിര്‍മ്മാതാക്കളില്‍/സംവിധായകരില്‍ നിന്ന് ചലച്ചിത്രങ്ങള്‍ ക്ഷണിക്കുന്നു. 2011 ജനുവരി 1 നു ശേഷം നിര്‍മ്മിച്ച ഹ്രസ്വചിത്രങ്ങള്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, സംഗീത ഡോക്യുമെന്ററികള്‍, സംഗീത ആല്‍ബങ്ങള്‍, അനനിമേഷന്‍ ചിത്രങ്ങള്‍, സ്പോട്ട്, പരീക്ഷണ ചിത്രങ്ങള്‍ നനിമേഷന്‍ ചിത്രങ്ങള്‍, സ്പോട്ട്, പരീക്ഷണ ചിത്രങ്ങള്‍ എന്നീ വിഭാഗങ്ങളിലുള്ള ചലച്ചിത്രങ്ങള്‍ 2012 നവംബര്‍ 30നു മുന്‍പായി വിബ്ജിയോര്‍ തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ പരിഗണനക്കായി സമര്‍പ്പിക്കാവുന്നതാണ്.

വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.vibgyorfilm.org ലൂടെയാണ് ചലച്ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ടത്. നാഷനല്‍ / കേരള സ്പെക്ട്രം എന്നീ വിഭാഗങ്ങളിലുള്ള ചലച്ചിത്രങ്ങള്‍ക്ക് 300 രൂപയാണ് പ്രവേശന ഫീസ്. പ്രസ്തുത ഫീ ഡി ഡി ആയോ ചെക്ക് ആയോ മുന്‍ കൂട്ടി എടുത്ത് പ്രവേശന ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി അയക്കേണ്ടതാണ്. മുന്‍ വര്‍ഷങ്ങളില്‍ വിബ്ജിയോര്‍ തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ പരിഗണനക്കായി സമര്‍പ്പിച്ച ചിത്രങ്ങള്‍ വീണ്ടും പരിഗണിക്കുന്നതല്ല. (വിബ്ജിയോര്‍ മേളയിലേക്ക് ചലച്ചിത്രങ്ങള്‍ അയക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി താഴേചേര്‍ക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക: 9447000830/9447893066, ഇമെയില്‍: info@vibgyorfilm.org). ചലച്ചിത്രങ്ങള്‍ അയക്കുമ്പോള്‍ പ്രസ്തുത ചലച്ചിത്രത്തിന്റെ 2 ഡി വി ഡി കോപ്പികള്‍ നിബന്ധമായും കവറില്‍ ഉള്‍പെടുത്തേണ്ടതാണ്. വെബ്സൈറ്റിലെ അപേക്ഷ ഫോറം പരിപൂര്‍ണമായി പൂരിപ്പിച്ചതിനുശേഷം സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ഫിലിം എന്‍ട്രി നമ്പര്‍ ഡിവിഡികളിന്മേലും തുടര്‍ന്നുള്ള എല്ലാ കത്തിടപാടുകളിലും ഇമെയില്‍ ബന്ധങ്ങളിലും ഉപയോഗിക്കേണ്ടതാണ്.

എന്‍ട്രികള്‍ അയക്കേണ്ട വിലാസം:

സെക്രട്ടറി,

വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മ,

രണ്ടാം നില, കള്ളിയത്ത് ബില്‍ഡിങ്ങ്,

പാലസ് റോഡ് തൃശ്ശൂര്‍ 20.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

9809477058,

9447000830

ഇമെയില്‍ : info@vibgyorfilm.org