Subramannian T R

ആനക്കറിയില്ലല്ലോ നമ്മള് പൂരത്തിലാണെന്ന്

ഉത്സവങ്ങളില്‍, ആഘോഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് അതതുകാലത്തിലെ വാഴുന്നവരുടെ പ്രത്യയശാസ്ത്രമാണ്. 364 ദിവസവും പണിചെയ്യുന്ന യന്ത്രത്തിനെ ഒരു ദിവസത്തേക്ക് വര്‍ക്ക് ഷോപ്പില്‍ കയറ്റുന്ന പണികൂടിയാണത്. വരാനിരിക്കുന്ന ഉത്സവത്തിന്റെ പ്രതീക്ഷയില്‍ മുറുമുറുക്കാതെ നാം കൃത്യമായി ജോലിക്ക് ഹാജരാകും. പ്രതീക്ഷ അസ്തമിക്കുബോഴാണ് , ആഗ്രഹം ഉച്ചസ്ഥായില്‍ എത്തുമ്പോഴാണ് പരിസരം മറക്കുന്നതും ആനയ്ക്ക് മദം പൊട്ടുന്നതും.

കാട്ടില്‍ മേഞ്ഞുനടക്കേണ്ട പശുവിനെ നാട്ടിലെ തൊഴുത്തില്‍ കെട്ടുകയും അതിന്റെ കിടാവ് കുടിക്കേണ്ട പാലെടുത്ത് ന്യൂട്രീഷ്യസ് ഫുഡ്‌ ഉണ്ടാക്കുക മാത്രമല്ല അതിനെ ഗോമാതാവ് എന്ന് വിളിചാക്ഷേപിക്കുകയും ചെയ്യുന്ന ഗോപാലന്മാരുടെ നാടാണ് ഭാരതം. അങ്ങനെ നാം വിശുദ്ധമാംസം വര്‍ജ്ജിക്കുകയും അങ്ങനെ ചെയ്യാത്തവര്‍ അശുദ്ധരാകുകയും അവരെ ജീവനോടെ തോലിയുരിക്കുകയും ചെയ്യുന്നത് നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ്. ഭൂരിപക്ഷത്തിന്റെ സംസ്ക്കാരം നമ്മുടെ സംസ്ക്കാരമാകുന്നതുകൊണ്ടാണ് കാളന്‍ വിശിഷ്ട ഭോജ്യമാകുന്നതും കാളയിറച്ചി പന്തിയ്ക്ക് പുറത്താകുന്നതും. അതുകൊണ്ടുകൂടിയാണ് എത്രയേറെ വെളിച്ചമുണ്ടായാലും അഗ്നിയെ സാക്ഷി നിര്‍ത്തി, നിലവിളക്ക് കൊളുത്തി വിവാഹ മുഹൂര്‍ത്തങ്ങളെ, സര്‍ക്കാര്‍ പരിപാടികളെ ശുഭ മുഹൂര്‍ത്തങ്ങളാക്കുന്നത്. ഭൂരിപക്ഷത്തിന്റെ സംസ്കാരം എന്നതിന് അധികാരമുള്ളവരുടെ സംസ്ക്കാരം എന്ന അര്‍ത്ഥം കൂടിയുണ്ട്. മാറ് മറയ്ക്കാന്‍ പോലും സാഹചര്യമില്ലാതിരുന്ന കേരളീയ സ്ത്രീയുടെ പ്രതീകമായി വേഷ്ടിയുടുത്ത വനിത വന്നുചേര്‍ന്നത് അങ്ങനെയാണ്.സുരേശന്‍, കുമാരന്‍ എന്ന പേരുകള്‍ക്ക് പകരം മലയാള ഭാഷാ സ്നേഹികളായ നാം സുരേഷ്, കുമാര്‍ തുടങ്ങിയ അന്യഭാഷാ പേരുകളെ മലയാളമാക്കി മാറ്റിയതും അങ്ങനെതന്നെ. നമ്മുടെ ദൈവങ്ങള്‍ പോലും മലയാളത്തില്‍ വിളിച്ചാല്‍ വിളി കേള്‍ക്കില്ല, സംസ്കൃതത്തില്‍ വിളിക്കണം സംസ്കൃത മന്ത്രങ്ങളിലൂടെ , അറബിയിലൂടെ, ലാറ്റിനിലൂടെ, സ്വന്തം മാതാവിന് പകരം 'ഐശ്വര്യമുള്ള ' മറ്റേതോ മാതാവിന്റെ ചിത്രം വീടിന്റ്റ് പ്രധാന ഹാളില്‍ വെയ്ക്കാനാണ് നമുക്കേറെ താല്പര്യം.

ആന ഒരു കാട്ടു മൃഗമാണ്‌ അതിനറിയില്ല താന്‍ ഏറ്റുന്നത് മനുഷ്യര്‍ ആരാധിക്കുന്ന ദേവതയുടെ തിടംബാണെന്ന്, അതുകൊണ്ടാണ് അസ്വസ്ഥതയുണ്ടാകുമ്പോള്‍ അത് ഇടയുന്നതും മനുഷ്യനായ പാപ്പാനെ വകവെയ്ക്കാതെ ഒരു ആനയാകുന്നതും. അനുഭവങ്ങള്‍ വാതിക്കല്‍ വന്ന് മുട്ടി വിളിച്ചാലും വാതില്‍ തുറക്കാതെ നാം പുതച്ചുമൂടി കിടന്നുറങ്ങും, എന്നാല്‍ നമുക്ക് അസ്വസ്ഥതഉണ്ടാക്കുന്ന അനുഭവങ്ങള്‍ വന്ന് വിളിക്കുമ്പോള്‍ നാം അനുഭവങ്ങളുമായി സംവദിക്കുകയും കവിത രചിക്കുകയും ചെയ്യും. ആചാരങ്ങള്‍ക്കെല്ലാം മതവുമായി ബന്ധമുള്ളതിനാലാണ് നമുക്ക് മയക്കമുണ്ടാകുന്നതും, ഉറക്കം തൂങ്ങുന്നതും. മയങ്ങാത്ത, നൂതന, നൂതന സംസ്ക്കാരങ്ങള്‍ ഉയര്‍ത്തിപിടിച്ചിരുന്ന ഒരു നവോത്ഥാന തലമുറ തോട്ടുമുന്നെ ഇവിടെ ജീവിച്ചിരുന്നു.

ശിവന്റെ പത്നിയായ സതിയെ വഴിയില്‍ ഉപേക്ഷിച്ചത് അങ്ങനെയാണ്. അന്നവര്‍ ജാതിയും ജാതകവും ഉപേക്ഷിക്കണമെന്ന് പറഞ്ഞത് അതുകൊണ്ടാണ്, അങ്ങനെത്തന്നെയാണ് ശ്രീ നാരായണ ഗുരു കേരളത്തിന്റെ ജാതകം തിരുത്തിക്കുറിച്ചത്. കീഴാളര്‍ക്ക് മദപ്പാട് ഇളകി ഒരുപാട് ആചാരങ്ങളെ കുത്തിമലര്ത്തുകയും ചെയ്തത് കേരളത്തില്‍ തന്നെയാണ്. നമുക്ക് മദം പൊട്ടുന്നതുവരെ ഉത്സവങ്ങള്‍ക്കൊത്ത് തറകളിരുന്നു താളം പിടിക്കാം.