Lisha V N

അങ്ങനെ കാലാതിവര്‍ത്തികളായവരുടെ കൊട്ടാരവാതിലിലാണ് ഇപ്പോള്‍

ഓടിയോടി അവളും ഞാനും അങ്ങനെ

പ്രതിമകളുടെ കൊട്ടാരത്തില്‍ എത്തുകയാണ്

അവറ്റകള്‍ ഉറക്കമെണീക്കുന്ന

പത്തര പിഎമ്മിന്‍റെ നാഴികമണി ശബ്ദം കേള്‍ക്കാന്‍

അറുപതു സെക്കന്റ്(ഒരു മിനിറ്റ് അല്ല,സെക്കന്‍റില്‍ പറഞ്ഞേ തീരൂ.)

മാത്രമുള്ളപ്പോള്‍

ജനലരികിലെ മൃതസഞ്ജീവനിയില്‍ നിന്ന്

അവളൊരില കൈനീട്ടിപ്പറിക്കുന്നു.

തിരിച്ചോടി ഗേറ്റില്‍ എത്തുമ്പോഴേയ്ക്കും

കാവല്‍ക്കാരന്‍ പ്രതിമയ്ക്ക് ജീവന്‍ വെയ്ക്കുകയും

പിന്നാലെ ഓടിവരികയും ചെയ്യുന്നതുകണ്ട ഞങ്ങള്‍

വേനല്‍ക്കാലമായിരുന്നിട്ടുകൂടി

മഞ്ഞുപൊഴിക്കാന്‍ ധൈര്യം കാണിച്ച

ഒരു തെരുവിലൂടെ ഓടിയോടിപ്പോവുമ്പോള്‍

മരക്കൊമ്പത്തിരുന്ന ഒരു മെയില്‍ഷോവനിസ്റ്റ് കാക്ക

മാറിടം തുള്ളിച്ച് ഓടുന്ന പെണ്‍കുട്ടികളുടെ

ആഭാസകരമായ ഓട്ടത്തെപ്പറ്റി

പ്രാദേശികചാനലിന് റിപ്പോര്‍ട്ട് ചെയ്യുന്നു.

അവള്‍,

എന്‍റെ കൂട്ടുകാരി

ആ നശിച്ച സാധനത്തിനെയങ്ങു കൊന്നുകളയുകയും

ഉടനെ "അയ്യോ പോത്തോ" ന്നും പറഞ്ഞ്

അവള്‍ക്ക് കരച്ചില്‍ വരികയും ചെയ്യുന്നു(നാശം പിടിക്കാന്‍)

അതിന്‍റെ വായില്‍

മൃതസഞ്ജീവനിയില തിരുകി

ഞങ്ങള്‍ വീണ്ടും ഓട്ടം തുടരുന്നു.

തിരിച്ചു ഞങ്ങളുടെ സങ്കേതത്തില്‍

എത്തിയതും വിശക്കാന്‍ തുടങ്ങുന്നു.

വിളക്കുകാലിന്മേല്‍ തേനീച്ചക്കൂടുപോലെ

ഒരു അടുപ്പു തുന്നിപ്പിടിപ്പിക്കുന്നു.

നാലു ഭാഗത്തേയ്ക്കും തീ പടര്‍ത്തുകയാണ്

അരികിലെ റെയില്‍പ്പാളത്തില്‍

രു തീവണ്ടി ഞങ്ങള്‍ക്കരികിലേയ്ക്ക്

ധൃതിയില്‍ വരുന്നുണ്ട്

ചത്തുജീവിച്ച കാക്കയായിരുന്നു അത് ഓടിച്ചിരുന്നത്.

ഞങ്ങള്‍ ചുമ്മാ അവിടെത്തന്നെ നില്‍ക്കുകയും

പാളംവിട്ട് ഒരിഞ്ചുപോലും വശങ്ങളിലേയ്ക്ക് ചലിക്കാനറിയാത്ത

പന്നത്തീവണ്ടി ഇളിഭ്യനായി നേരെപോവുകയും ചെയ്യുന്നു

പിന്നിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നു;

ഞാനും അവളും കുഞ്ഞുങ്ങളാണിപ്പോള്‍.

വീട് ഞങ്ങളെ നടക്കാന്‍ പഠിപ്പിക്കുകയാണ്.

പിച്ചവെപ്പിച്ച് വാത്സല്യപൂര്‍വ്വം

ചുണ്ടുകള്‍ ചെവിയിലുരുമ്മുന്നുണ്ട്.

അങ്ങു ദൂരെ മലമടക്കുകള്‍ കാണുമ്പോള്‍

പുലരിയിറങ്ങിവരുന്നത് അവിടെനിന്നാണെന്ന്

തെറ്റിദ്ധരിക്കാനേ പാടില്ല.

ഇറയത്തു കണ്ടില്ലേ ഉറുമ്പുകള്‍ ?

കുതികാലുവെട്ടാതെ കൂട്ടുനടക്കുന്ന

ഒരിനം അപൂര്‍വജീവിയാണത്

വയറുവിശക്കുമ്പോള്‍ നീട്ടാന്‍ കൈകളും

പിച്ചച്ചട്ടിക്ക് പങ്കുകാരുമുണ്ടെന്ന്

ഓര്‍ക്കാനേ പോവരുത്.

വേനലുകള്‍ക്കൊരിക്കലും

മഞ്ഞുകാലങ്ങളെ പൊള്ളിക്കാനാവില്ല

ഊഞ്ഞാല കെട്ടാന്‍ എന്നെങ്കിലും

മുറ്റത്തൊരു മാമരം വേണമെന്ന്

സ്വപ്നത്തില്‍പ്പോലും ശഠിക്കരുത്.

കാരണം,

നമ്മള്‍ ഊഞ്ഞാലകള്‍ കെട്ടാന്‍ പോവുന്നത്

ആകാശങ്ങളില്‍ നിന്നാണ്..