കാല്‍ നഖങ്ങളില്‍ കൊരുത്തിട്ട ആകാശവും
മിഴിച്ചിപ്പികള്‍ക്കുള്ളിലെ കടലും
കൂടി കലരുന്നുണ്ട്
നാഭി മുറിച്ചു ഒഴുകുന്ന
ഈ ഭീതികളിലേക്ക്
കെട്ടു പൊട്ടിച്ചൊരു കാറ്റ്
ഓടുന്ന വഴിക്കെല്ലാം തൂത്തെറിയുന്നുണ്ട്
കനലുകള്‍
ശബ്ദം കേള്‍പ്പിക്കാതെ
വിങ്ങലുകള്‍ പടര്‍ത്താതെ
ചേരുവകളില്‍ പെടാത്ത മണങ്ങള്‍
ഒളിപ്പിച്ചു വെയ്ക്കുന്നുണ്ട്
ഘടികാര മിടിപ്പുകളില്‍
സമാധാന സൂചികളുടെ
അനക്കം നിലയ്ക്കുമ്പോള്‍
തെളിവുകള്‍ പിഴുതെറിയുന്നുണ്ട്
നിസ്സഹായന്റെ തെങ്ങലുകളെയും
ശ്മശാനങ്ങളില്‍ ഓരിയിടുന്നത്
കാഴ്ച പോയവന്റെ കരളാണ്
ഇന്ന്
എനിക്കും പകുത്തെടുക്കണം
പകല്‍ പന്തയം തോറ്റു,
രാവിന്‍ തേഞ്ഞ നിലവിളികള്‍
കുടിച്ചു വറ്റിച്ചു
അവള്‍ക്കുമേല്‍ നിലാവടര്‍ത്തുമീ
വെളിച്ചക്കീറുകള്‍
ദഹിച്ചു തുടങ്ങും ഉടലില്‍
മനസ് നില തെറ്റി പെയ്യണം
ഭ്രാന്തിന്‍ തുടല്‍ പൊട്ടിച്ച
മേഘമായ്