Nimmy Francis

തട്ടത്തിന്‍ മറയത്ത് നെഞ്ചിലൊട്ടിച്ചത്

ഞാനിപ്പോഴും ആ സംഗീതലോകത്തിലാണ്, മനസ്സും കൈവിരലുകളും ചലിക്കുന്നത് ആ താളത്തിനൊപ്പമാണ്. പ്രണയവും ജീവിതവും കൂട്ടിച്ചേര്‍ത്തു വിനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന മ്യൂസികല്‍ റൊമാന്റിക്‌ ചിത്രം ഈ ജൂലൈ മഴയുടെ കുളിരും ഭംഗിയും കൂട്ടുന്നതായി. എ. ജെ അക്ബറിന്റെ ഇന്ത്യന്‍ ഡ്രീം എന്നാ ചെറുകഥയില്‍ നിന്ന് ആരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ ത്രെഡ് യുവ പുതുമുഖ താരങ്ങളുടെ വേഷപകര്‍ച്ചയില്‍ നിറം ചേര്‍ത്തപ്പോള്‍ ഭൂരിപക്ഷം മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം കണ്ടെത്തിയ ചിത്രങ്ങളില്‍ ഒന്നായി മാറി. വിനോദ്‌ ആയിഷ റഹ്മാന്‍ എന്നീ കഥാപാത്രങ്ങളായി നിവിന്‍ പോളിയും ഇഷ തല്‍വാറും ജീവിക്കുമ്പോള്‍ കൃത്യമായ ഗൃഹപാഠങ്ങളും ടീം വര്‍ക്കും കൂടിച്ചേര്‍ന്ന ഈ ചിത്രത്തിന്‍റെ ഒഴുക്ക് പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. വിനോദ്‌ വളരെ ലളിതമായി ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുമ്പോള്‍, വലിയ വെല്ലുവിളികള്‍ ഇല്ലാത്ത നായികയായി ആയിഷ മാറുകയായിരുന്നു. പെണ്ണിന്‍റെ സൗന്ദര്യം, പ്രണയം, സൗഹൃദം എന്നിങ്ങനെ മലയാളി കണ്ടു ശീലിച്ച സ്ഥിര വിഷയങ്ങളാണെങ്കിലും വിനീത് എന്ന സംവിധായകന്‍റെ യാത്രാവഴിയിലെ വ്യത്യസ്തത സിനിമയ്ക്ക് ഒരു പുതുമ പകരുന്നതായി. ഒരു കാമുകന്‍റെ, കമ്മ്യൂണിസ്റ്റുകാരന്‍റെ, അതായത് ഒരു തലശ്ശേരിക്കാരന്‍റെ ഈ ചിത്രത്തില്‍ ഗ്രാമീണ സൗന്ദര്യത്തെക്കാള്‍ തലശ്ശേരി എന്നാ ചെറിയ കടലോര ഗ്രാമത്തിന്‍റെ എല്ലാ ഭാവങ്ങളും സംവിധായകന്‍ ഫ്രൈമില്‍ പകര്‍ത്തിയിട്ടുണ്ട് തലശ്ശേരി മലയാളവും ഒരുനിമിഷത്തില്‍ സ്ക്രീനില്‍ മിന്നിമറയുന്ന തലശ്ശേരി വിഭവങ്ങളും (ബിരിയാണിയും ചള്ളാസും) എല്ലാം.തലശ്ശേരിയുടെ സ്പന്ദനങ്ങള്‍ക്കൊപ്പം അല്ലെങ്കിലും അവ അറിഞ്ഞു ജീവിക്കുന്ന ആരെ സംബന്ധിച്ചിടത്തോലാവും ഈ നഗരത്തിന്‍റെ ആത്മാവിഷ്കാരമാണ് ഈ ചിത്രം.













‘ഉമ്മച്ചിക്കുട്ടിയെ സ്നേഹിച്ച നായരുടെ കഥ’ പൊടിതട്ടിയ ആശയങ്ങളെ പ്രണയത്തില്‍ പൊതിഞ്ഞ് പ്രേക്ഷകര്‍ക്ക്‌ നല്‍കുകയാണ് എന്നുള്ള നിഗമനങ്ങളെ തെറ്റിക്കുന്ന രീതിയില്‍ ചിത്രം മുന്നോട്ടു പോകുന്നു.



തട്ടി മറയാത്തത്


ചരിത്രവും രാഷ്ട്രീയവും മതവിശ്വാസങ്ങളും ഇഴചേര്‍ന്നു നില്‍ക്കുന്ന തലശ്ശേരിയില്‍ നിന്നുകൊണ്ട് ഉത്തരമലബാറിലെ പ്രശ്നഭരിതമായ ചില ജീവിതങ്ങളിലൂടെ ഓടിത്തളര്‍ന്ന ക്യാമറ കണ്ണുകളെ പ്രതീക്ഷയുടെയും സൗന്ദര്യത്തിന്റെയും ജീവിതത്തിലേയ്ക്ക് വിനീത് തിരിക്കുന്നു. പ്രകടമായി ജാതിമത സംഘട്ടനങ്ങളോ രാഷ്ട്രീയപരമായ ആശയവ്യത്യാസങ്ങളോ വലിയ ചര്‍ച്ചാ വിഷയമാക്കുന്നില്ലെങ്കിലും ജാതീയ ചിന്തകള്‍ക്കതീതമായഒരു ജീവിതനിര്‍മ്മിതി യുവാക്കള്‍ കൈവരിക്കേണ്ട ആവശ്യകത ഈ ചിത്രം പങ്കുവയ്ക്കുന്നുണ്ട്. മതസൗഹാര്‍ദത്തിന്‍റെ ചുവടു പിടിച്ചു മലയാളി നടന്നുതുടങ്ങണം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും മാധ്യമങ്ങളിലും കൂടെ മലയാളിയെ ചിന്തിപ്പിച്ച ‘ശോഭയാത്രയ്ക്ക് കൃഷ്ണവേഷം ധരിച്ച ബാലികയുമായി പോകുന്ന മുസ്ലീം വനിത’യുടെ ചിത്രം ദൃശ്യവത്കരിക്കാന്‍ വിനീത് ശ്രമിച്ചത് ഇതിനു ഉത്തമ ഉദ്ദാഹരണമാണ്. മനുഷ്യന് അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്ന സദാചാരവാദികളുടെ വായടയ്ക്കാന്‍ വേണ്ടുന്ന മറുപടി നല്‍കി മുന്നോട്ടു പോകുന്ന ചിത്രത്തില്‍ അന്യമതസ്ഥനായ നായകന്‍ ഒരിക്കല്‍ പോലും തന്‍റെ പ്രണയിനിയുടെ വിശ്വാസ രീതികള്‍ക്ക് വിലങ്ങുതടിയാകുന്നില്ല, പകരം അവളുടെ വിശ്വാസത്തെയും ജീവിതരീതികളെയും അംഗീകരിക്കുന്ന ഒരു തുറന്ന മനോഭാവം സ്വീകരിക്കുകയും ചെയ്യുന്നു. . സിനിമയിലെ ജീവിതം പകര്‍ന്നുതരുന്ന ഈ മനോഭാവത്തിന്റെ തുടര്‍ച്ചയാകട്ടെ ഓരോരുത്തരുടെ ജീവിതവും ചിതലരിച്ച ശാട്യങ്ങളാല്‍ മുറിവേല്‍ക്കേണ്ടവനല്ല മനുഷ്യന്‍;


ഉമ്മച്ചിക്കുട്ടിയെ സ്നേഹിച്ച നായരുടെ കഥ പൊടിതട്ടിയ ആശയങ്ങളെ പ്രണയത്തില്‍ പൊതിഞ്ഞ് പ്രേക്ഷകര്‍ക്ക്‌ നല്‍കുകയാണ് എന്നുള്ള നിഗമനങ്ങളെ തെറ്റിക്കുന്ന രീതിയില്‍ ചിത്രം മുന്നോട്ടു പോകുന്നു. ജീവിതാഭിലാഷങ്ങള്‍ അടുക്കളയില്‍ എരിച്ചുകളഞ്ഞ ആയിഷയുടെ അമ്മയുടെ ഓര്‍മ്മകളില്‍ നിന്ന് ശ്രീനിവാസന്‍ അവതരിപ്പിച്ച അബ്ദുള്‍ റഹ്മാന്‍ എന്ന വാപ്പ ഉള്‍ക്കൊള്ളുന്ന തിരിച്ചറിവ് ഈ സമൂഹം ഇനിയും കൈവരിക്കെണ്ടിയിരിക്കുന്നു. അധികഅനുസരണം അടിമത്വം ആണെന്ന് മനസിലാക്കി അബ്ദുള്‍ ഖാദര്‍ എന്ന സഹോദരന്‍റെ ഇടുങ്ങിയ ചിന്താഗതികളുടെ കെട്ടുപാടില്‍ നിന്ന് സ്വന്തം മകളുടെ ജീവിതത്തെയും ആഗ്രഹങ്ങളെയും റഹ്മാന്‍ മോചിപ്പിക്കുന്നു. നിശബ്ദത ഭേദിച്ച് കുറ്റബോധത്തിന്‍റെ ഭാവപകര്‍ച്ചയില്‍ നിന്നും തെറ്റ് തിരുത്തുന്ന വാപ്പ ചിലരുടെയെങ്കിലും ജീവിതത്തില്‍ തിരുത്തപെടേണ്ട ഏടുകള്‍ വരച്ചുകാട്ടുന്നു. ബന്ധുക്കളുടെ ഇഷ്ടത്തിനു വിവാഹിതയായി പതിനെട്ട് വയസ്‌ പൂര്‍ത്തിയാകും മുന്നേ വിവാഹമോചനം നേടി വീട്ടില്‍ ഒതുങ്ങിപോകുന്ന മെഹറു (ആയിഷയുടെ ഇത്ത) എന്ന കഥാപാത്രം പെണ്‍കുട്ടി എന്നതിലുപരി സാമുദായിക വേര്‍തിരിവുകള്‍ക്കപ്പുറം സ്ത്രീയുടെ പൊതു സ്വത്വത്തേയും













വളരെ ശക്തമായ മൂന്നു വിഷയങ്ങള്‍; പ്രണയം, മതസൗഹാര്‍ദം, സാമുദായിക ചിട്ടകള്‍ എന്നിവ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള ഘര്‍ഷണം ഒഴിവാകാന്‍ ആദ്യാന്തം നര്‍മ്മത്തില്‍ പൊതിഞ്ഞ സംഭാഷണ ശൈലിക്ക് സാധിക്കുന്നു.



ആത്മ സംഘര്‍ഷങ്ങളേയും സത്യസന്ധമായി അവതരിപ്പിക്കുന്നു. ഒപ്പം സ്ത്രീ മത സാമുദായിക ചിന്തകളുടെ ഇരുട്ടില്‍ നട്ടം തിരിയാതെ വെളിച്ചത്തിലേക്ക് കടന്നെത്തണമെന്ന ശക്തമായ ആഹ്വാനം നിര്‍വ്വഹിക്കുകയും ചെയ്യുന്നു. കറുത്ത തുണി കൊണ്ട് മൂടി വയ്ക്കേണ്ടത് പെണ്ണിന്റെ വിശുദ്ധിയാണ് അവളുടെ സ്വപ്നങ്ങള്‍ അല്ല എന്ന് പറഞ്ഞു നിര്‍ത്തുന്ന വാപ്പയിലൂടെ സാമുദായിക പൊള്ളത്തരങ്ങളുടെ മുഖം മൂടി വലിച്ചു കീറാന്‍ സംവിധായകന്‍ ഒരു ശ്രമം നടത്തുന്നു.  പര്‍ദ്ദ ഉപേക്ഷിച്ചു പോകാന്‍ മുസ്ലീം പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്ന ചിത്രമാണ്‌ ഇത് എന്ന് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ ശൃംഘലകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ യാഥാര്‍ങ്ങളോട് ആല്‍പ്പവും നീതി പുലര്‍ത്തുന്നവയല്ല. നായരുടെ വീട്ടില്‍ നിസ്കാരക്കുപ്പായം വിരിക്കാന്‍ സ്ഥലം ആവശ്യപെടുന്ന നായിക ഉപേക്ഷിക്കുന്നത് പര്‍ദ്ദയാണോ.അതോ ജീവിത രീതികളെയൊ. മുറുകെപിടിക്കേണ്ടത് വിശ്വാസമോ അതോ ജീവിത സൗരഭ്യം നഷ്ടപെടുത്തുന്ന ബന്ധനങ്ങളെയോ.ചിത്രം ഏറെ ആര്‍ജ്ജവത്തോടെ പൊതുലോകത്തോട് ചോദിക്കുന്നതിവയെല്ലാമാണ് .


വിശപ്പ് - കമ്മ്യൂണിസം


ചെങ്കൊടിയുടെ തണലില്‍ പച്ചപിടിക്കുന്ന തലശ്ശേരി നഗരത്തിന്റെ കഥ പറയുമ്പോള്‍ ഒഴിവാക്കാന്‍ ആകാത്ത കണ്ണിയായി കമ്മ്യൂണിസം ചിത്രത്തില്‍ ഇടംപിടിക്കുന്നു. രാഷ്ട്രീയവാകതര്‍ക്കങ്ങളുടേയോ സമരമുറകളുടേയോ അകമ്പടി ഇല്ലാതെ പാവപ്പെട്ടവന്‍റെ വിശപ്പില്‍ നിന്ന് ജീവന്‍ വയ്ക്കുന്ന കമ്മ്യൂണിസത്തെ മനോജ്‌ എന്ന കഥാപാത്രത്തിലൂടെ ചിത്രം നന്നായ് അവതരിപ്പിക്കുന്നു. അബ്ദുള്‍ ഖാദര്‍ എന്ന മുതലാളിയുടെ തൊഴിലാളി ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രാദേശിക മുന്നേറ്റങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ അധിക ദൈര്‍ഘ്യമില്ലാത്ത ഷോട്ടുകളിലൂടെ ചിത്രത്തിന് ജനകീയ രാഷ്ട്രീയ പ്രസക്തി കൈവരുന്നു. തലശ്ശേരിയുടെ ഹൃദയത്തുടിപ്പുകള്‍ കൃത്യമായി സംവേദിപ്പിക്കാന്‍ പ്രണയം പ്രമേയവല്‍ക്കരിക്കുന്നത്തിലൂടെ സംവിധായകനാകുന്നു . അങ്ങനെ അഭിപ്രായ ഭിന്നതകളുടേയും വിമര്‍ശനങ്ങളുടേയും മുനയൊടിക്കുവാനും ചിത്രത്തിനാകുന്നു.


തിരശീലയിലെ പ്രണയസങ്കല്‍പം

മൊബൈല്‍ ഇന്റെര്‍നെറ്റ് സുഹൃത്ത്‌ ബന്ധങ്ങളുടെ ലോകത്ത് നിന്നും പ്രതീക്ഷിക്കാവുന്ന ശരീര പ്രദര്‍ശനവും ഗ്ലാമര്‍ വേഷങ്ങളും നിറഞ്ഞ സമകാലീന പ്രണയ സങ്കല്പങ്ങളെ തട്ടിമാറ്റി മനസ്സിന്‍റെ ഒന്നുചേരലിലാണ് പ്രണയത്തിന്‍റെ ജീവന്‍ എന്ന് വിനീത് സമര്‍ഥിക്കുന്നു. മൊബൈല്‍ വഴി ഒന്നിലധികം കാമുകിമാരെ മാനേജ് ചെയ്യുന്ന അബ്ദു എന്ന സുഹൃത്ത്‌ വഴി അടിച്ചുപൊളി യുവത്വത്തിന്‍റെ പ്രണയം എന്ന പൊള്ളത്തരത്തെ തമാശ രൂപേണ പ്രേക്ഷകന്‍റെ മുന്നില്‍ എത്തുന്നു. അധികം സ്വൈര സല്ലാപങ്ങള്‍ ഇല്ലാതെ തന്നെ സാധാരണ പ്രണയചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി, തിരശീലയില്‍ കഥാപാത്രങ്ങള്‍ അക്ഷരങ്ങളിലൂടെ മനസ്സ് വായിചെടുക്കുമ്പോള്‍, അടുത്തറിഞ്ഞ ചുരുങ്ങിയ നിമിഷങ്ങളില്‍ തന്നെ പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അല്പായുസിന്‍റെ ക്ഷീണം ബാധിച്ച ഇന്നത്തെ പ്രണയം പ്രണയികള്‍ ചോദ്യചിഹ്നമാകുന്നു.













ചരിത്രവും രാഷ്ട്രീയവും മതവിശ്വാസങ്ങളും ഇഴചേര്‍ന്നു നില്‍ക്കുന്ന തലശ്ശേരിയില്‍ നിന്നുകൊണ്ട് ഉത്തരമലബാറിലെ പ്രശ്നഭരിതമായ ചില ജീവിതങ്ങളിലൂടെ ഓടിത്തളര്‍ന്ന ക്യാമറ കണ്ണുകളെ പ്രതീക്ഷയുടെയും സൗന്ദര്യത്തിന്റെയും ജീവിതത്തിലേയ്ക്ക് വിനീത് തിരിക്കുന്നു.



വളരെ ശക്തമായ മൂന്നു വിഷയങ്ങള്‍; പ്രണയം, മതസൗഹാര്‍ദം, സാമുദായിക ചിട്ടകള്‍ എന്നിവ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള ഘര്‍ഷണം ഒഴിവാകാന്‍ ആദ്യാന്തം നര്‍മ്മത്തില്‍ പൊതിഞ്ഞ സംഭാഷണ ശൈലിക്ക് സാധിക്കുന്നു. മുഖം കൊണ്ട് കോമാളിത്തരം കാട്ടുന്നതല്ല മലയാളത്തിന്‍റെ ഹാസ്യം എന്ന് യുവതാരങ്ങളിലൂടെ വിനീത് തെളിയിക്കുന്നു. നമ്മുടെ സമൂഹത്തിലെ ചില പോരായ്മകളെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നു. കാമുകനായ നായകനെ സഹായിക്കുന്ന പോലീസ് കഥാപാത്രങ്ങള്‍ ചിത്രത്തെ വിനോദ തലത്തില്‍ കൊണ്ടുപോകുന്നതിനോപ്പം ജാതിമത ചിന്തകള്‍ക്ക് അപ്പുറമുള്ള വിശാലമായ ലോകം കാണാന്‍ യുവാക്കളെ മുതിര്‍ന്നതലമുറ എങ്ങനെ സഹായിക്കണം എന്നും വ്യക്തമാക്കുന്നുണ്ട്.


ഒരു ചെറിയ ത്രെഡില്‍ ഒരുപാട് ആശയങ്ങള്‍ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചതില്‍ ഉണ്ടായ ഗതിവേഗങ്ങള്‍ ചിത്രത്തിന്‍റെ ഒഴുക്കിനെ എവിടെയൊക്കെയോ ബാധിക്കുന്നുണ്ടെങ്കിലും. ഇന്നിന്‍റെ ലോകത്തില്‍ തിരക്കഥയെ ദൃശ്യവിസ്മയമാക്കി മാറ്റുന്ന ശബ്ദകോലാഹലങ്ങളോ സംഘട്ടനരംഗങ്ങളോ വലിയ നൃത്തചുവടുകളോ ഇല്ലാതെ, മലയാളിയുടെ മനസ്സില്‍ സംഗീതവും പ്രണയവും സമ്മിശ്രമക്കുന്ന കാവ്യാനുഭവമായി ചിത്രം മാറുന്നു.


അതേ.. ജാതിക്കും ..മതത്തിനും .. എല്ലാ വിധ വേര്‍തിരിവുകള്‍ക്കുമപ്പുറം കേരളത്തില്‍ ജീവിതം സാധ്യമാണ് ..