Salini Reghu

'Frog' - Interview - Sanal Sasidharan/ Salini Reghu

എന്താണീ ഫ്രോഗ് .


വളരെ ആശങ്ക നിറഞ്ഞ ജീവിതത്തെ പ്രതിനിധീകരിക്കുന്ന ഒരു യാത്രയുടെ കഥയാണ് ഫ്രോഗ്. ജീവിതത്തെ നമ്മള്‍ മരണാന്തരം സമര്‍പ്പിക്കുകയാണ് പൊതുവില്‍ ചെയ്തുവരുന്നത്. മൃത്യുവിനുമപ്പു റമുള്ള ജീവിതത്തെക്കുറിച്ച് ആലോചിച്ചും വ്യാകുലപ്പെട്ടും വല്ലാതെ ഉഴലുന്ന അവസ്ഥ. ഇഹലോകത്തിനോ പരലോകത്തിനോ അതോ അതിനിടയിലോ പാകം ചെയ്യപ്പെടുന്ന ജീവിതങ്ങള്‍. ഇത്തരം ആശങ്കകളാണ് ജീവിതത്തെ പ്രധാനമായും നഷ്ടപ്പെടുത്തുന്നത്.ആകുലതകളുടെ തടവില്‍ ഞെരിഞ്ഞമരുന്ന ഒരേ ഒരു ജീവി മനുഷ്യനാണെന്നു തോന്നുന്നു. ഇങ്ങനെയൊരു വീക്ഷണ പശ്ചാത്തലത്തില്‍ നിന്നാണ് ഫ്രോഗിന്റെ ജനനം.



തവള ഒരു ഉഭയജീവിയാണ്. മനുഷ്യജീവിതത്തിലേക്ക് ഒരു ഉഭയ ജീവിയെ സന്നിവേശിപ്പിക്കുന്നതിന്റെ യുക്തിയെന്ത് . എന്താണിതിലെ വ്യതസ്തത.


ഒരു ഉഭയജീവിയെ എന്നതിലുപരി ഉഭയജീവിതത്തെയാണ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അത്തരമൊരു ജീവിതത്തിലെ ലൈഗിംകത പോലും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അതായിരിക്കാം ഒരു പക്ഷേ മറ്റു പ്രമേയങ്ങളില്‍ നിന്നും ഫ്രോഗിനെ വ്യത്യസ്തമാക്കുന്നത്. ഒരു കലാസൃഷ്ടിയെ നമ്മള്‍ ഇമേജിന്‍ ചെയ്യുമ്പോള്‍ തന്നെ അത് നമ്മളെയും ഇമാജിന്‍ ചെയ്യുന്നു എന്ന് തോന്നിയിട്ടുണ്ട്. ഒരു സ്‌ക്രിപ്റ്റ് ഒരുപാട് ബലപ്രയോഗങ്ങള്‍ക്ക് ശേഷമാണ് സിനിമയായി തീരുന്നത്. അതിന് അതിന്റേതായ ജീവനുണ്ട്. അത് ഒരു പക്ഷെ നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്ക് മുകളിലാകാനും മതി. നിലവിലുള്ള നമ്മുടെ കാഴ്ചശീലത്തെ തകര്‍ക്കുന്ന രീതി അതെന്തു തന്നെ ആയാലും ഒരു വ്യത്യസ്തത സൃഷ്ടിക്കുന്നുണ്ട്.


പ്രേക്ഷകന്റെ നെഞ്ചിലേക്ക് എങ്ങനെയാണ് കഥ ചാടുക.


ഇപ്പോള്‍, ഫ്രോഗ് തന്നെ എടുത്താല്‍ പലരും പറഞ്ഞത് കഥയെല്ലാം ഇഷ്ടപ്പെട്ടു. എന്നാല്‍ ഫ്രോഗ് എന്ന പേര് ഒരു കീറാമുട്ടിയായി തോന്നി എന്നാണ്. എല്ലാത്തരത്തിലും ആസ്വദിച്ചിട്ടും പ്രേക്ഷകരില്‍ ഒരു കരടായി എന്തെങ്കിലും അവശേഷിക്കുന്നു എങ്കില്‍ അതും സിനിമയുടെ വിജയമാണ്. കാരണം അതില്‍ കുടുങ്ങി ആയിരിക്കും ആളുകള്‍ സിനിമ കാണാനെത്തുന്നത്. അവര്‍ക്കു സമ്മാനിക്കുന്നതും ഒരു വ്യത്യസ്തതയായിരിക്കും. ഒരു പക്ഷെ ടൈറ്റില്‍ തന്നെ വെട്ടിമാറ്റി കാണിക്കേണ്ട ഒന്നാണ് സിനിമ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പേര് പലപ്പോഴും മുന്‍ധാരണകള്‍ നല്‍കുന്നുണ്ട്.



സമകാലിന സമൂഹത്തില്‍ ഹ്രസ്വ ചിത്രങ്ങളുടെ പ്രാധാന്യത്തെ എങ്ങിനെ നോക്കി കാണുന്നു.


കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹ്രസ്വ ചിത്രങ്ങള്‍ സ്വീകരിക്കപ്പെടുന്നു എന്നത് തന്നെ കാര്യമാണ്. അത് മൊബൈല്‍ വഴിയായാല്‍ പോലും. എങ്കിലും സാമ്പത്തികമായൊരു പിന്‍തുണ കൂടി ഉണ്ടെങ്കിലേ ഹ്രസ്വ ചിത്രങ്ങള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ ഉണ്ടാകുകയുള്ളൂ. കേരളാ കഫേ പോലെ സമാഹരിച്ചെങ്കിലും കൂടുതല്‍ ഹ്രസ്വ ചിത്രങ്ങള്‍ ജനങ്ങളിലേക്കെത്തിക്കണം. ഇപ്പോഴത്തെ ഷോര്‍ട്ട് ഫിലിം മേക്കേഴ്‌സില്‍ ഒരാളാണ് ഞാനും. ഇതൊരു കൂട്ടായ്മയാക്കി മാറ്റി സാംസ്‌ക്കാരികവും, സാമ്പത്തികവുമായ പിന്തുണ നേടിയെടുക്കാന്‍ കഴിയേണ്ടതുണ്ട്


സാമ്പത്തിക പ്രതിസന്ധികളെ എങ്ങിനെയാണ് അഭിമുഖീകരിച്ചത് . ചിത്രത്തിന്റെ സാങ്കേതിക പശ്ചാത്തലം എന്താണ്.


ഒരു കൂട്ടായ്മയുടെ ചിത്രമാണ് ഫ്രോഗ് എന്നു പറയാം. എന്റെ നാട്ടില്‍ തന്നെ പ്രവര്‍ത്തിച്ചു വരുന്ന കാഴ്ച ചലച്ചിത്ര വേദിയുടെ മൂന്നാമത്തെ ചിത്രമാണിത്. ചില സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ പ്രവര്‍ത്തിച്ചവരില്‍ തന്നെ ഭൂരിഭാഗവും പ്രതിഫലമില്ലാതെ ഈ കൂട്ടായ്മയോടൊപ്പം ചേര്‍ന്നവരാണ്. എന്റെ സുഹൃത്തുക്കളുമാണ്.


സിനിമയുടെ 20 മിനിട്ട് പൂര്‍ണ്ണമായും ഒരു റോഡ് മൂവി തന്നെയാണ്. 7d സ്റ്റില്‍ ക്യാമറ ഉപയോഗിച്ച് , നാച്യുറല്‍ ലൈറ്റില്‍ തന്നെയാണ് സിനിമ ചിത്രീകരിച്ചത്. കൂടുതല്‍ സാങ്കേതികതകളൊന്നും തന്നെയില്ലാതെ വളരെ ലളിതമായി, എന്നാല്‍ ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നെടുത്ത ചിത്രമാണ് ഫ്രോഗ്.



ആര്‍ട്ട് / കൊമേഴ്‌സ്യല്‍ വേര്‍തിരിവുകളുണ്ടെങ്കില്‍, താങ്കള്‍ ഏതു വിഭാഗത്തെ പ്രതിനിധീകരിക്കുന്നു.


എത്ര ചിലവ് കുറച്ചാലും സിനിമയ്ക്ക് സിനിമയുടേതായ ഒരു ചിലവുണ്ട്. ആ ചിലവ് കണ്ടെത്തുന്നതിന്റെ ഭാഗമായി വരുന്ന ചില തന്ത്രങ്ങള്‍, അതവഗണിച്ച് സ്വന്തം റിസ്‌കില്‍ സിനിമയെടുക്കാം. എന്നാല്‍ ആ സിനിമ പണം തിരിച്ചു പിടിച്ചില്ലെങ്കില്‍ അതു പോലെ മറ്റൊരു സിനിമ ഉണ്ടാകില്ല. ഒരാളുടെ പേനത്തുമ്പിലൂടെ മാത്രം വരുന്ന സംഗതിയായി സിനിമയെ കാണാന്‍ സാധിക്കില്ല. ഒരുപാട് പേരുടെ അദ്ധ്വാനത്തിന്റെ ഫലമാണ് സിനിമ. അതുകൊണ്ട് തന്നെ സാമ്പത്തികം അതിന്റെ ഒരു ഭാഗമാണ്. കൊമേഴ്‌സ്യല്‍ സിനിമകള്‍ അത് ലക്ഷ്യമാക്കുന്നു. എത്ര നിഷേധിച്ചാലും ജനപ്രിയത എന്നൊരു ഘടകം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരു സിനിമ ചെയ്യാനാണ് ഞാനും ആഗ്രഹിക്കുന്നത്. അതോടൊപ്പം തന്നെ വ്യത്യസ്തതകളെ അംഗീകരിക്കുകയും ചെയ്യുന്നു.


പുതുതലമുറ സിനിമകളെ എങ്ങിനെ വിലയിരുത്തുന്നു


മറ്റു പലരുടേയും ഓള്‍ഡ് ജനറേഷന്‍ നമുക്ക് ന്യൂ ജനറേഷന്‍. എന്നല്ലാതെ പുതിയതൊന്നുമില്ല. വിമര്‍ശിക്കാനും ഒന്നുമില്ല കാരണം എല്ലാത്തരക്കാരിലേക്കും പുതിയ സിനിമകള്‍ എത്തിച്ചേരുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ വിമര്‍ശനങ്ങളിലോ, ബുദ്ധിജീവികള്‍ നയിക്കുന്ന ചര്‍ച്ചകളിലോ അല്ല മറിച്ച് വലിയ ധാരണകളൊന്നുമില്ലാത്തയാളുകള്‍ സിനിമ കാണുന്നതിലൂടെയാണ് സിനിമ നില നില്‍ക്കുന്നത്. നമ്മള്‍ കണ്ടു വരുന്ന രീതിയില്‍ ഏതെങ്കിലും തരത്തില്‍ ഒരു മാറ്റം വരുത്താന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ അതിനെ അംഗീകരിക്കണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്.



ഫ്രോഗിലൂടെ ആരെയാണ് അതിസംബോധന ചെയ്യുന്നത്.


സിനിമ ഇഷ്ടപ്പെട്ടു മാത്രമേ കാണാവൂ എന്നില്ല. ഞാനെടുക്കുന്ന സിനിമ എന്റെ കൂടി സ്വപ്നത്തിന്റെ പ്രതിഫലനമാണ്. അതിനോട് ചേരുന്നവര്‍ അത് അംഗീകരിക്കും. അല്ലാത്തവര്‍ തള്ളിപ്പറയും അതിനുള്ള സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്കുണ്ട്. ഫ്രോഗിന് ഒരു പ്രത്യക്ഷ രാഷ്ട്രീയം ഇല്ല . ജീവിതത്തെ മറ്റൊരു തലത്തില്‍ നിന്നു കൊണ്ട് സൂക്ഷ്മമായി വായിക്കണം എന്ന ലക്ഷ്യമാണീ സിനിമ. കാണണം . വിലയിരുത്തണം

Stills: Ratheesh Sundaram