Santhosh Wilson

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ വിപ്ലവപ്രസ്ഥാനങ്ങള്‍
ഇരുപതാം നൂറ്റാണ്ടിന്റ ആരംഭത്തോടെ വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് ഭാരതത്തില്‍ സംഘടിതസ്വഭാവം രൂപപ്പെട്ടു തുടങ്ങി. ബംഗാള്‍ വിഭജനം ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപക്കൊടിയുയര്‍ത്താന്‍ യുവജനങ്ങളെ പ്രേരിപ്പിച്ചു. യുഗാന്തര്‍, അനുശീലന്‍ സമിതി എന്നീ സംഘടനകള്‍ ആദ്യദശകത്തില്‍ത്തന്നെ ബംഗാളില്‍ രൂപം കൊണ്ടവയാണ്. 1920കളില്‍ ഗാന്ധിസത്തിന്റെ വളര്‍ച്ചയോടൊപ്പം ഇന്ത്യന്‍ ദേശീയതയില്‍ കമ്മ്യൂണിസത്തിന്റെയും ഇതര വിപ്ലവപ്രസ്ഥാനങ്ങളുടെയും വേരുകള്‍ പടര്‍ന്നുകഴിഞ്ഞിരുന്നു. മെക്‌സിക്കോയിലും പിന്നീട് ഇന്ത്യയിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ വിത്തുപാകിയ എം.എന്‍. റോയ് 1920-ല്‍ താഷ്‌ക്കെന്റില്‍ വച്ചു നടന്ന രണ്ടാം കോമിന്റേണ്‍ (Comintern-Communist International) കോണ്‍ഗ്രസില്‍ പങ്കെടുത്തു. കാണ്‍പൂരില്‍ വച്ച് 1925-ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക രൂപീകരണം നടന്നു. ഓള്‍ ഇന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ സ്ഥാപനം എന്‍.എം. ജോഷി, ലോകമാന്യ തിലക്, ലാലാ ലജ്പത്‌റായി, ബിപിന്‍ചന്ദ്രപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇതിനകം തന്നെ നടന്നിരുന്നു.





ഇന്ത്യാ ഹൗസ്, ഗദ്ദര്‍ പാര്‍ട്ടി എന്നിവ പ്രവാസിഭാരതീയരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട വിപ്ലവവേദികളില്‍ പ്രധാനപ്പെട്ടവയാണ്. ക്യാപ്റ്റന്‍ മോഹന്‍സിംഗിന്റെയും, പിന്നീട് നേതാജിയുടെയും നേതൃത്വത്തില്‍ ശക്തിപ്രാപിച്ചു. ഇന്ത്യന്‍ നാഷണല്‍ ആര്‍മി, ഭാരതത്തെ വിദേശശക്തികളില്‍ നിന്നു മോചിപ്പിക്കാനുള്ള സുസംഘടിതമായ പദ്ധതി ആവിഷ്‌കരിച്ചു. 1946-ലെ നാവികപ്രക്ഷോഭം സ്വാതന്ത്ര്യസമരത്തിന്റെ വേലിയേറ്റമായി മാറി.



അനുശീലന്‍ സമിതി



ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ മൂന്ന് ദശകങ്ങളില്‍ ബംഗാളിലാകമാനം വേരുറച്ച വിപ്ലവപ്രസ്ഥാനമാണ് അനുശീലന്‍ സമിതി. 1902-ല്‍ പ്രമഥ് നാഥ് മിത്ര രൂപീകരിച്ച ഈ സംഘടന, ഭാരതത്തില്‍ സംഘടിതസ്വഭാവമുള്ള ആദ്യ വിപ്ലവപ്രസ്ഥാനങ്ങളിലൊന്നാണ് കൊല്‍ക്കൊത്തയും ധാക്കയും പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. അധിനിവേശത്തിനെതിരേ സായുധസമരമാര്‍ഗം അവലംബിച്ച പ്രസ്ഥാനം തങ്ങളുടെ അംഗങ്ങളെ വിദേശത്ത് പരിശീലനത്തിനയച്ചു.



യുഗാന്തര്‍



അരബിന്ദോ ഘോഷ്, സഹോദരനായ ബാരിന്‍ ഘോഷ്, ഭൂപേന്ദ്രനാഥ് ദത്ത, രാജാസുബോധ് മാലിക് എന്നിവര്‍ ചേര്‍ന്ന് 1906-ല്‍ കൊല്‍ക്കത്തയില്‍ ഈ സംഘടനയ്ക്ക് രൂപം നല്‍കി. അനുശീലന്‍ സമിതിയുടെ അനുബന്ധസംഘടനയായി ആയിരുന്നു തുടക്കം.  ഭാരതത്തിലും വിദേശത്തുമുള്ള നിരവധി ദേശസ്‌നേഹികളുടെ സാമ്പത്തികസഹായം യുഗാന്തറിനു ലഭിച്ചു. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയുടെ സഹായത്തോടെ ഇന്ത്യയെ മോചിപ്പിക്കാന്‍ യുഗന്തര്‍ നടത്തിയ ശ്രമങ്ങള്‍ ഫലവത്തായില്ല. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന നിസ്സഹകരണപ്രസ്ഥാനത്തിനും യുഗാന്തര്‍ പിന്തുണനല്‍കി.



ചിറ്റഗോംഗ് ആയുധശാല ആക്രമണം



1930 ഏപ്രില്‍ 18-ന് ചിറ്റഗോംഗിലെ ആയുധപ്പുരയിലേക്ക് വിപ്ലവകാരികള്‍ ഇരച്ചുകയറി. സൂര്യാസെന്നിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ട പദ്ധതിയനുസരിച്ച്, ബ്രിട്ടീഷുകാരുടെ ആയുധശേഖരം പിടിച്ചെടുക്കുകയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിക്കുകയുമായിരുന്നു ലക്ഷ്യം. റെയ്ഡിനുശേഷം കെട്ടിടത്തിനു മുന്നില്‍ ദേശീയ പതാക ഉയര്‍ത്തി. ടെലിഗ്രാഫ്, ടെലിഫോണ്‍ ലൈനുകളും റെയിന്‍ ഗതാഗതമാര്‍ഗവും ആദ്യമേതന്നെ തകര്‍ത്തിരുന്നതിനാല്‍ ബ്രിട്ടീഷ് പട്ടാളത്തിന് ഉടനടി സംഭവ സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. ഏപ്രില്‍ 22-ന് ഒളിത്താവളമായ ജലാലബാദ് കുന്നുകളില്‍ എത്തിയ ബ്രിട്ടീഷ് സൈന്യത്തിനുനേരെ വിപ്ലവകാരികള്‍ വെടിയുതിര്‍ത്തു. എണ്‍പതില്‍പ്പരം പട്ടാളക്കാരും പന്ത്രണ്ട് സമരസേനാനികളും ഇവിടെവെച്ച് കൊല്ലപ്പെട്ടു.



അലിപ്പൂര്‍ ബോംബ് കേസ്



1905-ല്‍ നടന്ന ബംഗാള്‍ വിഭജനം ബംഗാളി ജനതയെ രോഷാകുലരാക്കിത്തീര്‍ത്തു. ബ്രിട്ടീഷുകാര്‍ കടുത്ത നടപടികളിലൂടെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. നിഷ്ഠൂരമായ വിധിന്യായങ്ങളിലൂടെ കുപ്രസിദ്ധിനേടിയ മജിസ്‌ട്രേറ്റ് കിംഗ്‌സ്‌ഫോഡിനെ വധിക്കാന്‍ വിപ്ലവകാരികള്‍ തീരുമാനിച്ചു. 1908 ഏപ്രില്‍ 30-ന് ഖുദിറാം ബോസ്, പ്രഫുല്ലാ ചാകി എന്നിവര്‍ മജിസ്‌ട്രേറ്റിനെ ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചു. പക്ഷേ ബോംബ് ലക്ഷ്യം തെറ്റി ബാരിസ്റ്റര്‍ പ്രിംഗിള്‍ കൊന്നഡിയുടെ ഭാര്യയും മകളും സഞ്ചരിച്ചിരുന്ന കുതിരവണ്ടിമേലാണു പതിച്ചത്. ഇരുവരും മരണമടഞ്ഞു.



ഖുദിറാം ബോസ് ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അരബിന്ദോഘോഷിന്റെ വസതി റെയ്ഡ് ചെയ്ത് എഴുത്തുകളും ലഘുലേഘകളും പോലീസ് പിടിച്ചെടുത്തു. പോലീസിനു പിടികൊടുക്കാതെ പ്രഫുല്ല ചാകി സ്വയം വെടിവെച്ചു മരിച്ചു. സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും വലിയ വിചാരണയാണ് പിന്നീടു നടന്നത്. പ്രതിപ്പട്ടികയില്‍ 49 പേര്‍, 206 ദൃക്‌സാക്ഷികള്‍, നാന്നൂറില്‍പ്പരം രേഖകള്‍, ബോംബുകള്‍ റിവോള്‍വറുകള്‍ എന്നിവയുള്‍പ്പെടെ അയ്യായിരത്തില്‍പ്പരം തൊണ്ടി വസ്തുക്കള്‍ ഇത്രയുമെല്ലാമായി വിചാരണ ഒരുവര്‍ഷം നീണ്ടുനിന്നു.  ബാരീന്ദ്രഘോഷ് ഉലാസ്‌കര്‍ ദത്ത് എന്നവര്‍ക്ക വധശിക്ഷ വിധിക്കപ്പെട്ടു. ജീവന്‍ സന്യാലിന് ഒരു വര്‍ഷത്തെ കഠിനതടവ് ലഭിച്ചു. കുറ്റക്കാരെന്നു കണ്ട ബാക്കിയാളുകള്‍ നാടുകടത്തപ്പെട്ടു. അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. അരബിന്ദോ ഉള്‍പ്പെടെ ഏതാനും പേര്‍ വിട്ടയയ്ക്കപ്പെട്ടു.



ബംഗാള്‍ വോളന്റിയേഴ്‌സ്




വിദേശശക്തികള്‍ക്കെതിരേ പ്രവര്‍ത്തിച്ച ധീരദേശാഭിമാനികളുടെ സംഘടനയാണിത്. 1928-ലെ രൂപീകരണം മുതല്‍ സ്വാതന്ത്ര്യപ്രാപ്തി വരെ ബംഗാള്‍ വോളന്റിയേഴ്‌സ് സജീവമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കത്താ സമ്മേളനത്തോടനുബന്ധിച്ച്, സുഭാഷ് ചന്ദ്രബോസ് മേജര്‍ സത്യഗുപ്തയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തിനു ശേഷവും തുടര്‍ന്നു. താമസിയാതെ ഇതൊരു വിപ്ലവപ്രസ്ഥാനമായി വളര്‍ന്നു.



1930-ല്‍ ബംഗാള്‍ ജയിലുകളിലെ പീഢനങ്ങള്‍ക്കെതിരേ 'ഓപറേഷന്‍ ഫ്രീഡം' എന്ന പേരില്‍ ബംഗാള്‍ വോളന്റിയേഴ്‌സ് നീക്കമാരംഭിച്ചു. 1930 ഓഗസ്റ്റ് 30-ന് ബംഗാള്‍ പോലീസ് തലവനായ ഐ.ജി. ലോമാനെ 22-കാരനായ ബിനോയ് കൃഷ്ണ ബോസ് വെടിവെച്ചുകൊന്നു. മെഡിക്കല്‍ സ്‌കൂള്‍ ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ ഐ.ജി. യുടെ നേര്‍ക്ക്, സുരക്ഷാവലയം ഭേദിച്ചു കടന്ന് തൊട്ടുത്തെത്തിയാണ് ബോസ് നിറയൊഴിച്ചത്.

തടവറകളിലെ മൃഗീയ പീഢനങ്ങള്‍ക്കു നേതൃത്വം നല്‍കിക്കൊണ്ടിരുന്ന ജയില്‍ വകുപ്പുമേധാവി കേണല്‍ എന്‍. എസ്. സിംസണ്‍ ആയിരുന്നു അടുത്ത ലക്ഷ്യം. 1930 ഡിസംബര്‍ 8-ന് ബിനോയ് ബസു, ദിനേശ് ഗുപ്ത, ബാദല്‍ ഗുപ്ത എന്നിവര്‍ പശ്ചാത്യ വേഷത്തില്‍ റൈറ്റേഴ്‌സ് ബില്‍ഡിംഗില്‍ കയറി സിംസണെ വെടിവച്ചുകൊന്നു. ബ്രിട്ടീഷുകാര്‍ക്കു പിടികൊടുക്കാതിരിക്കാന്‍ ബാദല്‍ പൊട്ടാസ്യം സയനൈഡ് കഴിച്ച് ആത്മഹത്യചെയ്തു. ബിനോയ്, ദിനേശ് എന്നിവര്‍ സ്വയം നിറയൊഴിച്ചു. ഗുരുതരാവസ്ഥയില്‍ നിന്നു രക്ഷപെട്ട ദിനേശിനെ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു.



ഗദ്ദര്‍ പാര്‍ട്ടി




വിദേശ ഇന്ത്യക്കാര്‍ രൂപീകരിച്ച വിപ്ലവപ്രസ്ഥാനമാണിത്. പഞ്ചാബിയില്‍ 'ഗദ്ദര്‍' എന്ന പദത്തിന് 'പ്രക്ഷോഭം' എന്നാണര്‍ത്ഥം. സായുധ ആക്രമണത്തിലും അതിനുവേണ്ടുന്ന ആയുധസമ്പാദനത്തിലും ഈ സംഘടന പ്രധാനമായും ശ്രദ്ധവച്ചു. 1913 ല്‍ യു. എസില്‍ വച്ച് ലാലാ ഹര്‍ദയാല്‍ രൂപം നല്‍കിയ സംഘടനയുടെ ആദ്യപേര് 'പസിഫിക് കോസ്റ്റ് ഹിന്ദു അസോസിയേഷന്‍' എന്നായിരുന്നു. പ്രസ്ഥാനത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു സോഹന്‍സിംഗ് ഭക്‌ന. വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കിടയില്‍ സംഘടന ത്വരിതഗതിയില്‍ ശക്തിപ്രാപിച്ചു. ബ്രിട്ടനെതിരേ നിലകൊണ്ടിരുന്ന ജര്‍മനിയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ പ്രസ്ഥാനത്തിനു ലഭിച്ചു. ബര്‍ലിനില്‍ കേന്ദ്രീകരിച്ച വിപ്ലവകാരികള്‍ ഒന്നാം ലോകയുദ്ധസമയത്ത് ആയുധസാമഗ്രികള്‍ ആന്‍ഡമാനിലും ഒറീസയിലെ തുറമുഖങ്ങളിലും എത്തിച്ചു. എന്നാല്‍ ഇവ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. 1919-നുശേഷം ഇന്ത്യന്‍ ദേശീയതയില്‍ ഗദ്ദര്‍ പാര്‍ട്ടിക്കുള്ള സ്വാധീനം ക്രമേണ നഷ്ടപ്പെട്ടു.



ഇന്ത്യാ ഹൗസ്



1905 മുതല്‍ 1910 വരെ ലണ്ടനില്‍ സജീവമായിരുന്ന സംഘടനയാണിത്. ശ്യാമിജി കൃഷ്ണവര്‍മ്മ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാഷ്ട്രീയ വീക്ഷണം വളര്‍ത്താനായി ഇന്ത്യാ ഹൗസ് രൂപീകരിച്ചു. വി.എന്‍. ചാറ്റര്‍ജി, ലാലാ ഹര്‍ദയാല്‍, വി.വി.എസ് അയ്യര്‍, എം.പി.റ്റി. ആചാര്യ എന്നിവരുടെ ദേശീയപ്രസ്ഥാനത്തിലേക്കുള്ള ചവിട്ടുപടിയായി ഈ സംഘടന മാറി.



കാബൂളിലെ പ്രവാസിഭാരതസര്‍ക്കാര്‍



ഒന്നാംലോകയുദ്ധകാലത്ത് ഇന്ത്യന്‍ ദേശീയവാദികള്‍ കാബൂള്‍ ആസ്ഥാനമാക്കി ഒരു സ്വതന്ത്ര ഇന്ത്യാസര്‍ക്കാര്‍ രൂപവല്‍ക്കരിച്ചു ജര്‍മനിയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായത്തോടെ 1915 ഡിസംബര്‍ 1-ന് രൂപീകരിക്കപ്പെട്ട സര്‍ക്കാരില്‍ രാജാമഹേന്ദ്രപ്രതാപ് പ്രസിഡന്റായും മൗലാനാ ബര്‍ക്കത്തുള്ള പ്രധാനമന്ത്രിയായും ചുമതലയേറ്റു. ചെമ്പക രാമന്‍പിള്ളയായിരുന്നു വിദേശകാര്യമന്ത്രി. ബ്രിട്ടീഷ് സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്, അഫ്ഗാന്‍ സര്‍ക്കാരിന്റെ  നിസ്സഹകരണം മൂലം 1919-ല്‍ പ്രവാസിസര്‍ക്കാരിന് കാബൂള്‍ വിടേണ്ടി വന്നു.



ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍



രാംപ്രസാദ് ബിസ്മില്‍, ജോഗേഷ് ചാറ്റര്‍ജി, ചന്ദ്രശേഖരന്‍ ആസാദ്, യോഗേന്ദ്ര ശുക്ല, സച്ചിദാനന്ദ സന്യാല്‍ എന്നിവര്‍ ചേര്‍ന്ന് 1924 ഒക്‌ടോബറില്‍ കാണ്‍പൂരില്‍ വച്ച് ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ (എച്ച്. ആര്‍. എ) എന്ന പേരില്‍ ഒരു സംഘടനയ്ക്ക് രൂപം നല്‍കി. കാകോരി ഗൂഢാലോചനയെത്തുടര്‍ന്ന് നേതാക്കള്‍ പലരും വധിക്കപ്പെട്ടപ്പോള്‍ ഭഗത്‌സിംഗ്, സുഖ്‌ദേവ് തുടങ്ങിയവരുടെ പ്രവര്‍ത്തനത്തിലൂടെ പ്രസ്ഥാനം മുന്നോട്ടു പോയി. 1930 ല്‍ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന് സംഘടന പുനര്‍നാമകരണം ചെയ്യപ്പെട്ടു.



കാകോരി ഗൂഢാലോചന



വെള്ളക്കാര്‍ക്കെതിരെ വിപ്ലവസമരം നടത്താന്‍ മതിയായ ആയുധങ്ങള്‍ എച്ച്. ആര്‍. എസ്. എ ക്ക് സംഭരിക്കേണ്ട ആവശ്യകതവന്നു. അതിനുവേണ്ടുന്ന പണം ബ്രിട്ടീഷ് ഖജാനാവില്‍നിന്നു തന്നെ തട്ടിയെടുക്കാന്‍ തീരുമാനമായി. 1925 ഓഗസ്റ്റ് 9-ന് ഷാജഹാന്‍പൂരില്‍ നിന്നും ലക്‌നോവിലേക്കുള്ള ട്രെയിന്‍ കാകോരിയില്‍ വച്ച് ചങ്ങലവലിച്ചു നിര്‍ത്തി. ട്രെയിനില്‍ കൊണ്ടുവരികയായിരുന്ന സര്‍ക്കാര്‍ ട്രഷറിവക പണം തട്ടിയെടുത്ത് സംഘാംഗങ്ങള്‍ ഇരുട്ടില്‍ ഓടിമറഞ്ഞു.



അതീവ കൃത്യതയോടെ ആസൂത്രണം ചെയ്ത് നടപ്പാക്കപ്പെട്ട ട്രെയിന്‍കൊള്ള ബ്രിട്ടീഷ് സര്‍ക്കാരിനെ ഞെട്ടിച്ചു. ചന്ദ്രശേഖര്‍ ആസാദ് ഒഴികെ എല്ലാ സംഘാംഗങ്ങളും അറസ്റ്റിലായി. ഒന്നരവര്‍ഷം ദീര്‍ഘിച്ച വിചാരണയ്‌ക്കൊടുവില്‍ നാലുപേര്‍ (രാമപ്രസാദ് ബിസ്മില്‍, അഷ്ഫഖുള്ളാ, റോഷന്‍സിംഗ്, രാജേന്ദ്ര ലാഹിരി) എന്നിവര്‍ തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ടു. വധശിക്ഷ നടപ്പാക്കരുതെന്ന ഭാരതജനതയുടെ മുറവിളിക്ക് തെല്ലുവിലപോലും നല്‍കപ്പെട്ടില്ല. 1927 ഡിസംബര്‍ 18, 19, 20 തീയതികളിലായി നാല് ദേശസ്‌നേഹികളും വീരമൃത്യു വരിച്ചു.



സോണ്ടേഴ്‌സ് വധം



പോലീസിന്റെ ലാത്തിച്ചാര്‍ജേറ്റ് ലാലാ ലജ്പത്‌റായി മരിച്ച സംഭവത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കാന്‍ ഭഗത്‌സിംഗും കൂട്ടരും തീരുമാനിച്ചു. ലാത്തിച്ചാര്‍ജിനുത്തരവിട്ട ലാഹോര്‍ പോലീസ് സൂപ്രണ്ട് ജെ. എ. സ്‌കോട്ടിനെ ഓഫീസില്‍ നിന്നു പുറത്തു വരുമ്പോള്‍ വകവരുത്താന്‍ പദ്ധതി തയ്യാറാക്കി. 1928 ഡിസംബര്‍ 17-ന് സ്‌കോട്ടിനെ തിരിച്ചറിഞ്ഞ് സൂചന നല്‍കേണ്ടിയിരുന്ന ജയ്‌ഗോപാലിന് പിഴവ് പറ്റി. അസിസ്റ്റന്റ് സൂപ്രണ്ട് സോണ്ടേഴ്‌സിനെയാണ് ജയ്‌ഗോപാല്‍ ചൂണ്ടിക്കാട്ടിയത്. ഭഗത്‌സിംഗിന്റെയും രാജ്ഗുരുവിന്റെയും വെടിയുണ്ടകളേറ്റ് സോണ്ടേഴ്‌സ് വധിക്കപ്പെട്ടു. സ്‌കോട്ടിനൊപ്പം തന്നെ ലാത്തിച്ചാര്‍ജില്‍ സോണ്ടേഴ്‌സിനും പങ്കുണ്ടായിരുന്നു.



സെന്‍ട്രല്‍ അസംബ്ലി ബോംബേറ്





സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന 'പബ്ലിക് സേഫ്റ്റി ആന്‍ഡ് ട്രേഡ് ഡിസ്പ്യൂട്ട് ബില്ലി'നെതിരെ പൊതുവികാരമുണര്‍ത്താന്‍, ബില്ലവതരണസമയത്ത് സെന്‍ട്രല്‍ അസംബ്ലിയില്‍ ബോംബെറിയാന്‍ എച്ച്.എസ്. ആര്‍. എ. തീരുമാനിച്ചു. 1929 ഏപ്രില്‍ 8-ന് തൊഴിലാളി വിരുദ്ധ ബില്‍ സഭയില്‍ അവതരിപ്പിക്കപ്പെട്ടു നിമിഷങ്ങള്‍ക്കകം ട്രഷറിബഞ്ചിലെ ഒഴിഞ്ഞയിടങ്ങളില്‍ ബോംബുകള്‍ വീണുപൊട്ടി. 'ബധിരരുടെ ചെവി തുറപ്പിക്കുക' (To Make the Deaf Hear) എന്ന തലക്കെട്ടുള്ള ലഘുലേഖകളും ബോംബിനൊപ്പം വലിച്ചെറിഞ്ഞിരുന്നു. ഭഗത്‌സിംഗും, ബി. കെ. ദത്തും രക്ഷപ്പെടാന്‍ ഒരു ശ്രമവും നടത്താതെ, 'ഇന്‍ക്വിലാബ് സിന്ദാബാദ്' വിളിമുഴക്കി അറസ്റ്റ് വരിച്ചു.



ഡെല്‍ഹി-ലാഹോര്‍ ഗൂഢാലോചനക്കേസ്



വൈസ്രോയിയായിരുന്ന ഹാര്‍ഡിംഗ് പ്രഭുവിനെ വധിക്കാനുള്ള ശ്രമം 1912-ലുണ്ടായി. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ഡെല്‍ഹിയിലേക്ക് മാറ്റുന്ന ചടങ്ങിനിടെ വൈസ്രോയിക്കു നേരേ ബോംബേറുണ്ടായി. ഡെല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലൂടെ വൈസ്രോയിയുടെയും പരിവാരങ്ങളുടെയും ആര്‍ഭാടമായ ഘോഷയാത്ര നടക്കുന്നതിനിടെയായിരുന്നു ഇത്. വൈസ്രോയിയും പത്‌നിയും പരിക്കുകളോടെ രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ഭൃത്യന്‍ കൊല്ലപ്പെട്ടു.



പദ്ധതിയുടെ സൂത്രധാരനായിരുന്ന റാഷ്ബിഹാരി ബോസ് മൂന്നു വര്‍ഷം പോലീസിനു പിടികൊടുക്കാതെ ഒളിവില്‍ പ്രവര്‍ത്തിച്ചു. 1916-ല്‍ അദ്ദേഹം ജപ്പാനിലേക്ക് കടന്നു. ബോംബെറിഞ്ഞു എന്ന സംശയത്തിന്മേല്‍ ബസന്ത്കുമാര്‍ ബിശ്വാസിനെയും ഗൂഢാലോചനയില്‍ പങ്കാളികളായതിന് അമിര്‍ചന്ദ്, അവധ് ബെഹാരി, ഭായി ബാല്‍മുകുന്ദ് എന്നിവരെയും തൂക്കിക്കൊന്നു. ലാലാ ഹനുമന്ത് സഹായ് ജീവപര്യന്ത തടവിന് ആന്‍ഡമാനിലേക്കയക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശിക്ഷ പിന്നീട് ഏഴ് വര്‍ഷമായി ചുരുക്കി.  വൈസ്രോയിയുടെ നേര്‍ക്ക് ബോംബെറിഞ്ഞ വ്യക്തി ആരായിരുന്നു എന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുന്നു.



ഇന്ത്യന്‍ നാഷണല്‍ ആര്‍മി





ബ്രട്ടീഷ് സര്‍ക്കാരിനെ ജപ്പാന്റെ സഹായത്തോടെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ആസാദ് ഹിന്ദ് ഫൗജ്) 1942-ല്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ രൂപീകൃതമായി. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി 70,000 പട്ടാളക്കാരെ ബ്രിട്ടന്‍ മലയായിലേക്കയച്ചിരുന്നു. ഇവരില്‍ ജപ്പാന്‍ തടവുകാരായിപ്പിടിച്ച 55,000-ഓളം പേരില്‍ നിന്നാണ് ഐ.എന്‍.എ ഭടന്മാരെ തെരഞ്ഞെടുത്തത്. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ ക്യാപ്റ്റനായിരുന്ന മോഹന്‍സിംഗ്, ജാപ്പനീസ് ഇന്റലിജന്‍സ് ഓഫീസറായിരുന്ന മേജര്‍ ഫുജിവാരയുടെ പിന്തുണയോടെ ഈ സേന ആരംഭിച്ചു. മലയായിലും ബര്‍മയിലുമുണ്ടായിരുന്ന പ്രവാസി ഇന്ത്യക്കാരില്‍ അനേകം പേര്‍ ഐ.എന്‍.എയിലെത്തി. പക്ഷേ പിന്നീട് ജപ്പാനുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും ഐ.എന്‍.എ നേതൃത്വത്തിനുള്ളില്‍ ഉടലെടുത്ത പ്രശ്‌നങ്ങളും പ്രസ്ഥാനത്തെ ക്ഷയിപ്പിച്ചു.



1943-ല്‍ സുഭാഷ്ചന്ദ്രബോസ്, ബലഹീനമായിപ്പോയ ഐ.എന്‍.എയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമമാരംഭിച്ചു. 1943 ജൂലായ് 4-ന് ബോസ് ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെയും ഐ.എന്‍.എ യുടെയും നേതൃത്വമേറ്റെടുത്തു. തെക്കുകിഴക്കേഷ്യയിലെ അനേകം ഇന്ത്യക്കാര്‍ ആര്‍മിയില്‍ ചേര്‍ന്നുതുടങ്ങി. ഹബീബ് ഉര്‍ റഹ്മാന്റെ നേതൃത്വത്തില്‍ മിലിട്ടറി ഓഫീസര്‍മാര്‍ക്കുവേണ്ടിയുള്ള ഒരു പരിശീലനകേന്ദ്രം സ്ഥാപിക്കപ്പെട്ടു. ഏകദേശം നാല്‍പതിനായിരം സൈനികര്‍ ഐ.എന്‍.എക്കുണ്ടായിരുന്നു. ജാപ്പനീസ് സെന്യം ഇംഫാലില്‍ നിലയുറപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് പട്ടാളനിരയെ തകര്‍ത്തുകഴിഞ്ഞാല്‍ ഐ.എന്‍.എക്ക് അതുവഴി ഇന്ത്യില്‍ പ്രവേശിക്കാം എന്നതായിരുന്നു കണക്കുകൂട്ടല്‍. അതിനുശേഷം ഗറിലായുദ്ധമുറകളവലംബിച്ച് ഇന്ത്യന്‍ ജനതയുടെ പിന്തുണയോടെ വെള്ളക്കാര്‍ക്കെതിരേ വിപ്ലവമാരംഭിക്കുക എന്നതായിരുന്നു സേനയുടെ ലക്ഷ്യം. പക്ഷേ ഇംഫാലിലെ യുദ്ധത്തില്‍ ജാപ്പനീസ് സെന്യം പരാജയപ്പെട്ടതോടുകൂടി ലക്ഷ്യം കൈവരിക്കാനായില്ല.



ബര്‍മയില്‍ നിന്നും ജപ്പാന്‍ പിന്‍വാങ്ങിയതോടെ ഐ.എന്‍.എ ഭടന്മാരെ ബ്രിട്ടീഷ് സഖ്യകക്ഷികള്‍ തടവുകാരായി പിടിച്ചു. പന്തീരായിരത്തോളം ഭടന്മാരെ ഇന്ത്യയിലേക്കു കൊണ്ടുവന്നു. ചുവപ്പുകോട്ടയില്‍ വച്ചു നടന്ന വിചാരണ ഭാരതജനതയില്‍ അധിനിവേശ വിരുദ്ധതരംഗമുയര്‍ത്തി. ബോംബെയില്‍ നിന്നും പടര്‍ന്നു കയറിയ നാവികപ്രക്ഷോഭവും തുടര്‍ന്നുണ്ടായ സമരങ്ങളും, ഐ.എന്‍.എ ഭടന്മാരോടു പ്രഖ്യാപിക്കപ്പെട്ട ഐക്യദാര്‍ഢ്യത്തിന്റെ അലയൊലികളായി. ശിക്ഷ നടപ്പാക്കുന്നതില്‍ നിന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്മാറി.



ടോക്കിയോ ബോയ്‌സ്



ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 45 യുവാക്കളെ ജാപ്പനീസ് ആര്‍മി അക്കാഡമിയിലും എയര്‍ഫോഴ്‌സ് അക്കാഡമിയിലുമായി പരിശീലനത്തിനയച്ചു. സുഭാഷ് ചന്ദ്രബോസ് അതീവശ്രദ്ധയോടെ തെരഞ്ഞെടുത്തയച്ച ഇവര്‍ ടോക്കിയോ ബോയ്‌സ് എന്നപേരില്‍ അറിയപ്പെട്ടു. യുദ്ധവിമാനങ്ങള്‍ പറത്താനാവശ്യമായ പരിശീലനം ലഭ്യമാക്കുക എന്നതായിരുന്നു ഇത്തരമൊരു സംഘത്തെ രൂപീകരിച്ചതിന്റെ ലക്ഷ്യം. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടപ്പോള്‍ ഈ കേഡറ്റുകള്‍ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടു. 1946-ല്‍ നടന്ന ഐ.എന്‍.എ വിചാരണയ്ക്കു ശേഷം ഇവരെ ബ്രിട്ടീഷ് സര്‍ക്കാര്‍ വിട്ടയച്ചു. ഇവരില്‍ പലരും പാകിസ്ഥാന്റെയും ഇന്ത്യയുടെയും വ്യോമ,നാവിക സേനകളില്‍ അംഗങ്ങളായി.



ഝാന്‍സിറാണി റെജിമെന്റ്





ഏഷ്യയിലെ ആദ്യ വനിതാ സൈനിക റെജിമെന്റാണ് ഐ.എന്‍.എയുടെ ഭാഗമായിരുന്ന ഝാന്‍സിറാണി റെജിമെന്റ്. ക്യാപ്റ്റന്‍ ലക്ഷ്മി സ്വാമിനാഥന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഈ വനിതാസേന 1943 ഒകടോബര്‍ മുതല്‍ 1945 മെയ് വരെ സജീവമായിരുന്നു. സിംഗപ്പൂരിലും പിന്നീട് റംഗൂണിലും ബാങ്കോക്കിലും ഇവര്‍ക്കായി പരിശീലനക്യാമ്പുകള്‍ ആരംഭിക്കപ്പെട്ടു. ഏകദേശം ആയിരം സൈനികര്‍ റെജിമെന്റിലുണ്ടായിരുന്നു. ചാന്ദ് ബിബി നഴ്‌സിംഗ് കോര്‍പ്‌സ് എന്ന പേരില്‍ ഒരു നഴ്‌സിംഗ് വിഭാഗവും ഈ റെജിമെന്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. ഇംഫാലിലുടെയുള്ള മുന്നേറ്റത്തില്‍ നിന്നു ഐ.എന്‍.എ പിന്‍വാങ്ങിയതോടെ റെജിമെന്റ് പിരിച്ചുവിട്ടു.



ആസാദ് ഹിന്ദ് ഗവണ്‍മെന്റ്



സുഹൃത്‌രാജ്യങ്ങളോടു ചേര്‍ന്ന് ഭാരതത്തെ മോചിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ പ്രവാസി സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു. 1943 ഒക്‌ടോബര്‍ 21-ന് രൂപംകൊണ്ട ഗവണ്‍മെന്റിനു സ്വന്തമായി നാണയവും സിവില്‍ കോഡുമുണ്ടായിരുന്നു. ബ്രിട്ടനില്‍ നിന്നും യുദ്ധത്തില്‍ ജപ്പാന്‍ പിടിച്ചെടുത്ത ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ 1943-ല്‍ നേതാജിയുടെ സര്‍ക്കാരിനു കൈമാറി. 1945 ഒക്‌ടോബര്‍ 7-നു ഈ ദ്വീപുകള്‍ ബ്രിട്ടീഷുകാര്‍ തിരികെപ്പിടിക്കുന്നതുവരെ ഇവയുടെ ചുമതല ഐ.എന്‍.എക്കായിരുന്നു. ഇംഫാല്‍ വഴിയുള്ള സൈനികനീക്കം പരാജയപ്പെട്ടതും റംഗൂണില്‍ വച്ച് അനേകം ഐ.എന്‍.എ ഭടന്മാര്‍ ബ്രിട്ടീഷ് സൈന്യത്തിന് കീഴടങ്ങിയതും പ്രവാസി സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്കു കാരണമായി. ലഫ്. കേണല്‍ എ.സി. ചാറ്റര്‍ജി, ക്യാപ്റ്റന്‍ ലക്ഷ്മി, എസ്.എ അയ്യര്‍, എ.എം. സഹായ് എന്നിവരായിരുന്നു മന്ത്രിസഭയിലെ പ്രമുഖര്‍.



നാവിക കലാപം



ഇന്ത്യന്‍ നാവികസേനയിലെ സൈനികര്‍ 1946-ല്‍ നടത്തിയ ഐതിഹാസികമായ സമരം സ്വാതന്ത്ര്യവാഞ്ചയുടെ തിരയിളക്കമായി മാറി. 1946 ഫെബ്രുവരി 18-ന് ബോംബെയില്‍ നങ്കൂരമിട്ടിരുന്ന എച്ച്. എം.ഐ.എസ് തല്‍വാര്‍ എന്ന പടക്കപ്പലിലെ സൈനികരാണ് സമരമാരംഭിച്ചത്. ഇന്ത്യക്കാരായ സൈനികര്‍ക്കും വെള്ളക്കാര്‍ക്കു തുല്യമായ വേതനം നല്‍കുക, തരംതാണ ആഹാരം വിതരണം ചെയ്യുന്നതു നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ആരംഭിച്ച പ്രതിഷേധം ദ്രുതഗതിയില്‍ ആളിപ്പടര്‍ന്നു. ഇന്ത്യോനേഷ്യയിലേക്കയച്ച ഇന്ത്യന്‍ പട്ടാളക്കാരെ തിരികെ വിളിക്കുക, തടവിലാക്കപ്പെട്ട ഐ.എന്‍.എക്കാരെ മോചിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി സമരം മറ്റു കപ്പലുകളിലേക്കും പടര്‍ന്നു. യൂണിയന്‍ ജാക്ക് പതാകകള്‍ കപ്പലുകളിലെ കൊടിമരിങ്ങളില്‍ നിന്നും താഴെയിറക്കി. ത്രിവര്‍ണപതാക, ചന്ദ്രക്കല ചിഹ്നമാക്കിയ പച്ച പതാക, അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ചുവപ്പുകൊടി എന്നിവ ഒരുമിച്ച് കൊടിമരങ്ങളിലുയര്‍ത്തി. ബോംബെ നഗരത്തില്‍ ഒരു ദിവസത്തെ ബന്ദാചരിച്ചു. ഭാരതത്തിന്റെ നാനാഭാഗങ്ങളിലുള്ള നഗരങ്ങളിലേക്കും പ്രക്ഷോഭം പടര്‍ന്നു. ബോംബെയിലെ മറൈന്‍ ഡ്രൈവ്, അന്ധേരി എന്നിവിടങ്ങളിലെ വ്യോമസേനാ ക്യാമ്പുകളിലെ സൈനികരും സമരത്തില്‍ ചേര്‍ന്നു. ജനങ്ങള്‍ സമരത്തിന് പൂര്‍ണപിന്തുണ നല്‍കി.





രാഷ്ട്രീയകക്ഷിയും, മതവും നോക്കാതെ ഒന്നിച്ച സമരം ഇന്ത്യന്‍ ജനതയ്ക്ക് പുതിയൊരനുഭവമായിരുന്നു. പക്ഷേ, ദേശീയ നേതാക്കളുടെ പിന്തുണ ലഭിക്കാഞ്ഞത് പ്രക്ഷോഭത്തെ പ്രതികൂലമായി ബാധിച്ചു. ഗാന്ധിജി സമരത്തെ അതിനിശിതമായി വിമര്‍ശിച്ചു. കോണ്‍ഗ്രസും മുസ്ലീ ലീഗും സമരത്തില്‍ നിന്നു പിന്‍വാങ്ങാന്‍ സൈനികരോടാവശ്യപ്പെട്ടു. അതേസമയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ നാവികര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുകയും തങ്ങളുടെ അംഗങ്ങളെ സഹായവുമായി ഒരുക്കി രംഗത്തിറക്കുകയും ചെയ്തു. കോണ്‍ഗ്രസിലെ അരുണ അസഫ് അലി, ഇതര നേതാക്കളുടെ സമീപനത്തില്‍ നിന്നും വ്യത്യസ്തമായി പ്രക്ഷോഭകാരികളോടൊപ്പം നിന്നു.



നേവല്‍ സമര നേതാവായിരുന്ന എം.എസ്. ഖാനും സര്‍ദാര്‍ വല്ലഭായി പട്ടേലും തമ്മില്‍ ചര്‍ച്ച നടന്നു. ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന ഉറപ്പിനെത്തുടര്‍ന്ന് സമരം പിന്‍വലിച്ചു. പക്ഷേ സമരത്തിനു ശേഷം വ്യാപകമായി അറസ്റ്റുകള്‍ നടന്നു. പ്രക്ഷോഭത്തില്‍ പങ്കാളികളായ സൈനികരെയെല്ലാം കോര്‍ട്ട്മാര്‍ഷലിനു വിധേയരാക്കി. അനേകം പേരെ പിരിച്ചുവിട്ടു. ദുഖകരമായ മറ്റൊരു വസ്തുത, പിരിച്ചുവിടപ്പെട്ട ഒരൊറ്റ സൈനികനെപ്പോലും സ്വാതന്ത്യപ്രാപ്തിക്കുശേഷം ഭാരതത്തിന്റെയോ പാക്കിസ്ഥാന്റെയോ സേനകളിലേക്ക് തിരിച്ചെടുത്തില്ല എന്നതാണ്. സമരത്തില്‍ പങ്കെടുത്തവര്‍ സ്വാതന്ത്ര്യസമരസേനാനികളായി അംഗീകരിക്കപ്പെടാന്‍ 1973 വരെ കാത്തിരിക്കേണ്ടിവന്നു.