Dr.Mubarack Sani TP

ഹെപ്പറ്റൈറ്റിസ് -എ മഞ്ഞപിത്തം

മഞ്ഞപിത്തം ശരീരത്തില്‍ മഞ്ഞനിറം ബാധിക്കുന്ന അവസ്ഥയാണു'. മഞ്ഞനിറം നല്‍കുന്ന 'ബിലിറൂബിന്‍' എന്ന രാസവസ്തു രക്തത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ അതു നഖത്തിനടിയിലും, തൊലിക്കടിയിലും കണ്ണിലുമൊക്കെ ആദ്യം അടിഞ്ഞുകൂടുകയും പ്രകടമായികാണാന്‍ തുടങ്ങുകയും ചെയ്യുന്ന അവസ്ഥ. മൂത്രത്തിലും ഈ രസവസ്തുവിന്റെ അളവു അധികരിക്കും. പലകാരണങ്ങളാലുള്ള ചുകന്ന രക്താണുക്കളുടെ അധികനാശവും, കരള്‍, പിത്തസഞ്ചി, പിത്തവാഹിനികുഴല്‍, പാന്‍ക്രിയാസ്ഗ്രന്ധി തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന പലതരംരോഗങ്ങളും പിത്തസഞ്ചിയിലെ കല്ലുകളും ചില മരുന്നുകളും മഞ്ഞപിത്ത ലക്ഷണങ്ങള്‍ക്കു കാരണമാവും.മഞ്ഞപിത്തം സ്വന്തമായിഒരു രോഗമല്ല മറിച്ചു പല അവയവങ്ങളെ ബാധിക്കുന്ന പലതരം രോഗങ്ങളുടെ 'പൊതുലക്ഷണ'മാണു എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണു'.പകരുന്ന രോഗങ്ങളും ക്യാന്‍സര്‍ പോലെ പകരാത്ത രോഗങ്ങളും ഇക്കൂട്ടത്തിലുണ്ട്.

 

പകരുന്നതരം മഞ്ഞപിത്ത രോഗങ്ങളെയാണു കരള്‍വീക്കം അഥവാ ‘ഹെപ്പറ്റൈറ്റിസ്’ എന്നുപറയുന്നത്. രക്തം രക്താംശം എന്നിവയുടെ കലര്‍പ്പിലൂടെയും വെള്ളം ഭക്ഷണം എന്നിവ വഴിയും രണ്ടു തരത്തിലാണു സാധാരണയായി ഈ രോഗം പകരുന്നത്.

പകരുന്നതരം മഞ്ഞപിത്ത രോഗങ്ങളെയാണു  കരള്‍വീക്കം അഥവാ ഹെപ്പറ്റൈറ്റിസ് എന്നുപറയുന്നത്.  രക്തം രക്താംശം എന്നിവയുടെ കലര്‍പ്പിലൂടെയും വെള്ളം ഭക്ഷണം എന്നിവ വഴിയും രണ്ടു തരത്തിലാണുസാധാരണയായി ഈ രോഗം പകരുന്നത്. ഹെപ്പറ്റൈറ്റിസ് വൈറസുകളാണു ഈ രോഗങ്ങള്‍ക്കു കാരണമാകുന്നത്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ്ബി , ഹൈപ്പറ്റെറ്റിസ് സി, ഹെപ്പറ്റൈറ്റിസ്-ഡി, ഹെപ്പറ്റൈറ്റിസ്-ഇ, ഹെപ്പറ്റൈറ്റിസ്-എഫ്, ഹെപ്പറ്റൈറ്റിസ്-ജി എന്നിങ്ങനെ പേരിട്ടിട്ടുള്ള വൈറസുകള്‍ ഈ രോഗത്തിനു കാരണമാവുന്നു. ഹെപ്പറ്ററ്റിസ് രോഗത്തേയും, ചികിത്സയെയും, പ്രതിരോധമര്‍ഗ്ഗങ്ങളെയും കുറിച്ചു നാം ധാരാളമായി കേള്‍ക്കാറുണ്ട്. മഞ്ഞപ്പിത്തത്തേയും, ഹെപ്പറ്ററ്റിസിനെയും കുറിച്ചുള്ള ഇത്തരം ചര്‍ച്ചകളില്‍ പക്ഷെ പരാമര്‍ശ വിധേയമാകാറുള്ളത് ഹെപ്പറ്റിറ്റിസ് ബി, സി തുടങ്ങിയ വകഭേദങ്ങളാണു. രക്തം, മറ്റു ശരീര സ്രവങ്ങള്‍,സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം,മലിനമായ ആശുപത്രി ഉപകരണങ്ങള്‍ തുടങ്ങിയവ വഴി പകരുന്ന ഈ രോഗങ്ങള്‍ ഹെപ്പറ്റിറ്റിസ് ഗണത്തില്‍ പെടുന്നവ തന്നെയെങ്കിലും ഇവയുടെ സ്വഭാവവും, പകര്‍ച്ചയും, കാഠിന്യവും, പ്രതിരോധ മാര്‍ഗ്ഗങ്ങളൂം തികച്ചും വ്യത്യസ്തമാണു. മഴക്കാലത്തു പടര്‍ന്നുപിടിക്കുന്ന രോഗങ്ങളുടെ കൂട്ടത്തില്‍, വ്യത്തിഹീനമായ ചുറ്റുപാടുകളില്‍ പടര്‍ന്നു പിടിയ്ക്കുന്ന മഞ്ഞപ്പിത്തത്തിനു കാരണമാകുന്നത് പക്ഷെ ഹെപറ്റൈറ്റിസ് എ, ഇ വിഭാഗങ്ങളിലെ വൈറസുകളാണു.ഇവ പ്രധാനമായുംഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണു പകരുന്നത്.
രോഗം പകരുന്ന വിധം

ഏറ്റവും കൂടുതലായി (50%) കണ്ടുവരുന്നത് ഹെപ്പറ്റൈറ്റിസ്-എ മൂലമുണ്ടാകുന്ന മഞ്ഞപിത്തമാണു'. ലോകത്താകമാനം വര്‍ഷം തോറും 15 ലക്ഷം പേര്‍ക്കെങ്കിലും ഈ രോഗം പിടിപെടുന്നതായി കണക്കുകള്‍ കാണിക്കുന്നു. കേരളത്തില്‍ 2009 -ല്‍ 6958 പേര്‍ ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 7 പേര്‍ ഈ രോഗം മൂലം മരിച്ചു. 2010 -ല്‍ 3655 പേര്‍ക്ക് രോഗം കണ്ടെത്തിയതായി (കേരള സാമ്പത്തിക സര്‍വെ 2012) കണക്കുകള്‍ സൂചിപ്പിക്കുന്നു. അടുത്ത കലത്തായി ത്രിശ്ശൂരിലെ കുന്നംകുളത്തും (312രോഗികള്‍) കോഴിക്കോടു മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലും മഞ്ഞപിത്തം പടര്‍ന്നു പിടിച്ചു. 2004-ല്‍ കോട്ടയം മെഡിക്കല്‍ കോളേജിലും പരിസരത്തുമായി 500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 165 മെഡിക്കല്‍ വിദ്യാര്‍ഥികളേയും, 90 ജൂനിയര്‍ ഡോക്ടര്‍മാരേയും രോഗം ബാധിച്ചു. രണ്ടു ഡോക്ടര്‍മാര്‍ ഈ രോഗം മൂലം മരിച്ചു.
'പിക്കോര്‍ണ വൈറിഡെ' കുടുംബത്തിപെട്ട ഏതാണ്ട് 27-28 നാനോ മീറ്റര്‍ വലിപ്പമുള്ള പുറംസഞ്ചിയില്ലാത്ത ഈ അര്‍.എന്‍.എ വൈറസിന്റെ 7 ജീനോടൈപ്പുകള്‍ രോഗം പരത്താന്‍ കഴിവുള്ളവയാണു'. എന്നാല്‍ 1,2,3,5 എന്നീ ജീനോടൈപ്പുകള്‍ മാത്രമേ മനുഷ്യരില്‍ രോഗം പരത്തുകയുള്ളു.മനുഷ്യമലത്തിലൂടെ പുറത്തുവരുന്ന വൈറസുകള്‍ക്ക് സാധാരണ താപനിലയിലും അമ്ലതയിലും ദീര്‍ഘകാലം നിലനില്‍ക്കാന്‍ കഴിയും. ഉയര്‍ന്ന താപനിലയും ( 85 0 ങ്ക / 185 0ഞ്ച )  ഫോര്‍മലിന്‍, ക്ലോറിന്‍ തുടങ്ങിയ രാസവസ്തുക്കളും വൈറസിനെ നശിപ്പിക്കാന്‍ പര്യാപ്തമാണു'. മനുഷ്യ മലത്തില്‍ മാത്രം കണ്ടുവരുന്ന ഈ വൈറസ് ഭക്ഷണ-പാനീയങ്ങളിലൂടെ ശരീരത്തില്‍ പ്രവേശിച്ചു ഒരു മാസത്തോളം (15 - 50 ദിവസം ) കഴിയുമ്പോളാണു രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക. കുട്ടികളില്‍ സാധാരണ പ്രത്യേകിച്ചു ലക്ഷണങ്ങളൊന്നുമില്ലാതെ രോഗം വന്നു പോകും. എന്നാല്‍ പ്രായം വര്‍ദ്ധിക്കുന്തോറും രോഗത്തിന്റെ കാഠിന്യവും കൂടുന്നതായി കാണപ്പെടുന്നു. ആദ്യ ഘട്ടത്തില്‍ വിശപ്പില്ലായ്മ, ഓക്കാനം, ശര്‍ദ്ദി, വയറുവേദന, ക്ഷീണം, ശരീരവേദന, പനി, തളര്‍ച്ച, സന്ധിവേദന, ചുമ, മലബന്ധം, വയറിളക്കം ചൊറിച്ചില്‍, മൂത്രത്തിനു നിറം മാറ്റം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവാം. എല്ലാവരിലും എല്ലാ ലക്ഷണങ്ങളും ഉണ്ടാവാറില്ല. ഈ ഘട്ടത്തിനു മുന്‍പു തന്നെ മലത്തില്‍ വൈറസുകള്‍ ഉണ്ടായിരിക്കും. രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിനു മുന്‍പുതന്നെ 'രോഗാണു വിതരണം' ആരംഭിച്ചിരിക്കുമെന്നര്‍ഥം.രക്ത പരിശോധന വഴി ( വൈറസ് ആന്റിബോഡി)  രോഗം സ്ഥിരീകരിക്കാന്‍ കഴിയും.
പ്രതിരോധം ; പ്രതിവിധികള്‍

അടുത്ത ഘട്ടത്തില്‍ ശരീരത്തില്‍ മഞ്ഞനിറം പ്രത്യക്ഷപ്പെടും. മൂത്രത്തിനു നിറം മാറ്റം അനുഭവപ്പെടും, കരള്‍ വീക്കം, കരള്‍ വേദന തുടങ്ങിയവ ഈ ഘട്ടത്തിലുണ്ടാവാം. സാധാരണ ഗതിയില്‍ പ്രത്യേകിച്ചു ചികിത്സയൊന്നും കൂടാതെ തന്നെ രോഗം താനെ മാറുകയും എതാനും ആഴ്ചകള്‍ക്കൊണ്ട് എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമാവുകയും ചെയ്യുന്നതാണു'. ദീര്‍ഘകാല കരള്‍രോഗങ്ങള്‍ (ക്രോണിക് ലിവര്‍  ഡിസീസ്) ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണു'.പ്രത്യേകം ചികിത്സകള്‍ ലഭ്യമല്ലാത്തതുകൊണ്ടും ആവശ്യമില്ലാത്തതുകൊണ്ടും ലക്ഷണങ്ങള്‍ മയപ്പെടുത്താനുള്ള സപ്പോര്‍ട്ടീവ് തെറാപ്പിയാണു ആശുപത്രിയില്‍ ലഭ്യമാവുക. ദീര്‍ഘകാലം നില്‍ക്കുന്ന മഞ്ഞപിത്തം, കരള്‍ പ്രവര്‍ത്തനത്തിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ച (ലിവര്‍ ഫെയിലിയര്‍) തുടങ്ങിയവയാണു പ്രധാന പ്രശ്‌നങ്ങള്‍. കരളിന്റെ പ്രവര്‍ത്തനം നിലക്കുന്നത് മരണത്തിനു കാരണമാവാം.മരണ നിരക്ക് 15 വയസിനു താഴെ 0.1 ശതമാനം മാത്രമാണു'. എന്നാല്‍ പ്രായം കൂടും തോറും മരണ നിരക്ക് 0.3 ശതമാനമായും (16-39 വയസ്) 40വയസിനു മുകളില്‍ 2.1 ശതമാനമായും വര്‍ദ്ധിക്കുന്നതായി കാണുന്നുണ്ട്.

 

കുട്ടികളില്‍ സാധാരണ പ്രത്യേകിച്ചു ലക്ഷണങ്ങളൊന്നുമില്ലാതെ രോഗം വന്നു പോകും. എന്നാല്‍ പ്രായം വര്‍ദ്ധിക്കുന്തോറും രോഗത്തിന്റെ കാഠിന്യവും കൂടുന്നതായി കാണപ്പെടുന്നു. ആദ്യ ഘട്ടത്തില്‍ വിശപ്പില്ലായ്മ, ഓക്കാനം, ശര്‍ദ്ദി, വയറുവേദന, ക്ഷീണം, ശരീരവേദന, പനി, തളര്‍ച്ച, സന്ധിവേദന, ചുമ, മലബന്ധം, വയറിളക്കം ചൊറിച്ചില്‍, മൂത്രത്തിനു നിറം മാറ്റം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവാം.

രോഗം വരാതെ സൂക്ഷിക്കാനായി വാക്‌സിന്‍ ലഭ്യമാണു. വൈറസിനെ പൂര്‍ണ്ണമായും കൊന്നതിനുശേഷം നിര്‍മ്മിക്കുന്ന കുത്തിവെയ്പാണിത്. ഒരു വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും എടുക്കാവുന്ന സുരക്ഷിതമായ വക്‌സിനാണിത്.  അപൂര്‍വ്വമായി രണ്ടു മൂന്നു ദിവസം ചെറിയ പനി,  മേലുവേദന എന്നിവയല്ലാതെ മറ്റു പ്രശ്‌നങ്ങളൊന്നും വാക്‌സിനുമായി ബന്ധപ്പെട്ടു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. ആറു മാസം ഇടവിട്ടുള്ള രണ്ടു ഡോസ് കുത്തിവെയ്പ് പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നതായി പഠനങ്ങള്‍ കാണിക്കുന്നു മറ്റു വാക്‌സിനുകളുടെ കൂടെ എടുക്കുന്നതു കൊണ്ടും കുഴപ്പമില്ല.ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ എടുക്കുന്നതു കൊണ്ടു കുഴപ്പമില്ലങ്കിലും ഡോക്ടറോടു ചോദിച്ചു ചെയ്യുന്നാണുചിതം. ഹെപ്പറ്റൈറ്റിസ്-എ, ബി എന്നിവക്ക് സംയുക്ത വാക്‌സിനും ഇപ്പോള്‍ ലഭ്യമാണു.  മഞ്ഞപിത്തം പകര്‍ച്ച വ്യാധിയായി പൊട്ടിപ്പുറപ്പെടുന്ന കാലത്തും വാക്‌സിന്‍ ഫലപ്രദമാണു.
മനുഷ്യ മലം സുരക്ഷിതമായി സംസ്‌കരിക്കാന്‍ സഹായിക്കുന്ന സുരക്ഷിത കക്കൂസുകളുടെ ഉപയോഗം വര്‍ദ്ധിച്ചതും ശുചിത്വ ശീലങ്ങളിലുള്ള നല്ല മാറ്റങ്ങളും ഈ രോഗത്തിന്റെ വ്യാപനം കുറയാന്‍ കാരണമായി. സാമൂഹ്യ-സാമ്പത്തിക വളര്‍ച്ച ഈ മാറ്റത്തെ സഹായിക്കുന്നുണ്ട്. ഇന്‍ഡ്യയില്‍ ഏറ്റവും കുറവ് 'രോഗ തെളിവ്'  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കേരളത്തിലാണു' . അഞ്ചു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളില്‍ ഇന്ത്യന്‍ ശരാശരി ( ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവരില്‍ ) 40% ആയിരിക്കുബോള്‍ കേരളത്തിലെ പഠനങ്ങള്‍ കാണിക്കുന്നത് 4.5 മുതല്‍ 10.3 ശതമാനം വരെയാണു'.
രോഗപ്പകര്‍ച്ച തടയണമെങ്കില്‍

സമൂഹത്തില്‍ രോഗനിരക്ക് കുറഞ്ഞുവരുമ്പോള്‍ പുതു തലമുറക്കു 'വൈറസിനെ പരിചയപ്പെടാനും രോഗ പ്രതിരോധ ശേഷി ആര്‍ജ്ജിക്കാനുമുള്ള' അവസരങ്ങള്‍ കുറയും. സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ജീവിത സാഹചര്യങ്ങള്‍ സമൂഹത്തിലെ ഒരു വിഭാഗത്തെ പകര്‍ച്ച വ്യാധികളില്‍ നിന്നും രക്ഷപ്പെടുത്തുകയും ബാക്കിയുള്ളവര്‍ രോഗികളായി നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യം ഒരുക്കുന്ന തിരിച്ചടിയാണിത്. വര്‍ഷങ്ങളായിരോഗം വളരെ കുറഞ്ഞ പ്രദേശത്തേക്കൊ, സംസ്ഥാനത്തേക്കോ, രാജ്യത്തേക്കോ പുതുതായി വൈറസ് (രോഗാണു) എത്തിച്ചേരുമ്പോള്‍ രോഗം പടര്‍ന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണു'. രോഗ പ്രതിരോധ ശേഷി കുറഞ്ഞ സമൂഹത്തില്‍ രോഗം പെട്ടെന്നു പടര്‍ന്നു പിടിക്കും. പല പകര്‍ച്ചവ്യാധികളുടെ കാര്യത്തിലുംകേരളത്തില്‍ ഇത്തരമൊരവസ്ഥ നിലനില്‍ക്കുന്നുണ്ട്.
രോഗപകര്‍ച്ച തടയണമെങ്കില്‍ കുടിവെള്ളവും ഭക്ഷണവും സുരക്ഷിതമായിരിക്കണം. ആഹാരശുചിത്വം കര്‍ശനമായി പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. കിണറുകള്‍ സുരക്ഷിതമാക്കുക. ക്ലോറിനേഷന്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുക. തണുത്തതും തുറന്നുവെച്ചതുമായ  ഭക്ഷണം ഒഴിവാക്കുക. ഭക്ഷണം പാകം ചെയ്യുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുന്നതിനു മുന്‍പും കൈകള്‍ സോപ്പുപയോഗിച്ചു നിര്‍ബന്ധമായും കഴുകുക. മലവിസര്‍ജ്ജനത്തിനുശേഷം കൈകള്‍ നിര്‍ബന്ധമായും സോപ്പുപയോഗിച്ചു കഴുകുക. പരിസര ശുചിത്വം പാലിക്കപ്പെടുന്നു എന്നു ഉറപ്പാക്കുക. അതിനുവേണ്ടി പ്രായോഗിക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുക. രോഗപ്രതിരോധ കുത്തിവെയ്‌പ്പെടുക്കുക.പൊതു കുടിവെള്ളം, ഹോട്ടലുകള്‍ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ കാര്യക്ഷമമാക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യ സഹായം തേടുക.പൊതു ആരോഗ്യ രക്ഷാസംവിധാനം ശക്തമായി പ്രവര്‍ത്തിക്കുന്നു എന്നു ഉറപ്പാക്കുക. ഇങ്ങനെ ഒട്ടേറെ കര്യങ്ങള്‍ നമുക്കു ചെയ്യാനാവും.കഷ്ടപ്പാടുകളും ജീവഹാനിയും മാത്രമല്ല വിലപ്പെട്ട പഠന സമയവും ജോലിസമയവും നഷ്ടപ്പെടുത്തി വികസനത്തെ തന്നെ ബാധിക്കുന്ന നാണക്കേടാണു പകര്‍ച്ച വ്യാധികള്‍. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ പകര്‍ച്ച വ്യാധികളെ നേരിടാന്‍ കഴിയുകയുള്ളൂ.