പളുങ്കുമണികള്‍ ഒരു പച്ചക്കമ്പളത്തില്‍ വീണുചിതറുന്നതുപോലെയുണ്ടായിരുന്നു കല്ലായിപ്പുഴയിലെ മഴത്തുള്ളിക്കാഴ്ച. ഒറ്റപ്പെട്ടുനിന്ന ഒരു കണ്ടല്‍ മരത്തിന്റെ ചില്ലയില്‍ നിന്നും പറന്നുപോയ ഒരു നീലപ്പൊന്മാന്‍ പുഴവളവില്‍ നാട്ടിയ മരക്കുറ്റിയിലിരുന്ന് ആകാശം നോക്കി. പഴയകാലപ്രതാപഗരിമയില്‍ ഊറ്റം കൊണ്ടുവന്ന ഒരു കല്ലായിക്കാറ്റ് മുടിയിഴകളില്‍ ജലകണങ്ങള്‍ കൊണ്ട് ചിത്രം വരച്ചു. പാലത്തിന്റെ മുകളിലേയ്ക്ക് നോക്കിയപ്പോള്‍ രണ്ടു കുട്ടികള്‍ എന്തോപറഞ്ഞു വഴക്കുന്നുണ്ടാക്കുന്നുണ്ടായിരുന്നു. വെള്ളത്തിലിട്ട മരത്തടികള്‍ വല്ലാത്തൊരു നിര്വൃതിയിലെന്നോണം അഴിമുഖത്തിന്റെ ഉപ്പില്‍ ലയിച്ചുകിടക്കുന്നു. തെളിഞ്ഞ ഓരങ്ങളില്‍ മിനുമിനുത്ത ചരല്‍പ്പരലുകള്‍ തെളിഞ്ഞുകാണുന്ന കണ്ണാടിപ്പുഴ. പശ്ചിമഘട്ടത്തില്‍ ചേരിക്കളത്തൂരില്‍ നിന്നും ഒരുങ്ങിയിറങ്ങി വരുന്നു പുഴ. അഴിമുഖം,മൂരിയാട്, മാങ്കാവ് വഴികളില്‍ സഞ്ചരിച്ചു തളര്‍ന്ന് നാല്‍പ്പത്തഞ്ചു കിലോമീറ്റര്‍ കഴിഞ്ഞു അറബിക്കടലില്‍ ഉറങ്ങുന്നു.
കല്ലായിയില്‍ എത്തുമ്പോള്‍ വൈകുന്നേരമായിരുന്നു. പുഴയുടെ തീരത്ത് നീളത്തോളം തടിമില്ലുകളാണ്. സാധാരണ പെണ്‍കുട്ടികള്‍ പോവാത്ത വഴിയായതുകൊണ്ട് എന്നെയും ഷെറിയെയും മരക്കമ്പനികളിലെ തൊഴിലാളികള്‍ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. നേരെ ചെന്നത് കല്ലായിപ്പുഴ സംരക്ഷണസമിതിയുടെ ഓഫീസിലേയ്ക്കായിരുന്നു.സാമൂഹ്യ പ്രവര്‍ത്തകനും കല്ലായിപ്പുഴ സംരക്ഷണസമിതിയുടെ സ്ഥാപകനേതാവുമായ ഫൈസല്‍ പള്ളിക്കണ്ടിയുടെ സ്നേഹഭാഷണത്തില്‍ പുഴ ഞങ്ങളിലേയ്ക്കും ഞങ്ങള്‍ പുഴയിലലേയ്ക്കുമൊഴുകി. ഒരു ബ്ലാക്ക് ആന്റ് വൈറ്റ് നായികയുടെ നാണത്തോടെ കല്ലായിപ്പുഴ ഇടയ്ക്ക് ഞങ്ങളെ ഒളിഞ്ഞുനോക്കി. ഇടയ്ക്ക് കണ്ണീര്‍ മണികള്‍ ഉതിരാന്‍ വെമ്പിനില്‍ക്കുന്ന റോസാപുഷ്പമായി. മറ്റു ചിലപ്പോള്‍ ഞങ്ങളെ നോക്കി ‘മേലില്‍ ഇത്തരം കാര്യമില്ലാത്ത പരിപാടികളുമായി ഇവിടെ കണ്ടുപോവരുതെ’ന്നു പറഞ്ഞ് ആക്രോശിച്ചു. പാവം പുഴ. പ്രഹസനങ്ങളില്‍ സ്വയം മടുത്തിട്ടുണ്ടാവണമെന്ന് ഞങ്ങള്‍ വെറുതേ സഹതപിച്ചു.
മരക്കമ്പനികളില്‍ നിന്നുള്ള മണിയടികളും ചൂളംവിളികളും കേട്ടായിരുന്നു ഒരു കാലത്ത് ഈ പുഴയോരം ഉറക്കമുണര്‍ന്നത്. അയ്ലസാ വിളികളില്‍ വിയര്‍പ്പുമണികള്‍ മുത്തുകളായി. ആയാസങ്ങള്‍ ഇമ്പമേറിയ പാട്ടുകളായി. പുഴയോരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മിക്കവാറും കമ്പനിപ്പണിക്കാരോ കമ്മാലിപ്പണിക്കാരോ പാണ്ട്യപണിക്കാരോ ഒക്കെ ആയിരുന്നു അന്ന്. പൊന്തലുകല്‍ (ചങ്ങാടം) കെട്ടിയുണ്ടാക്കി പുഴയെങ്ങും നിറച്ചു. ഉരുക്കളിലും പത്തേമാരികളിലും യഥേഷ്ടം മരം കയറ്റി അയച്ചിരുന്നു, അറേബ്യ പോലുള്ള നാടുകളിലേയ്ക്ക്. അന്ന് മരവ്യവസായത്തില്‍ ലോകത്ത് രണ്ടാംസ്ഥാനത്തായിരുന്നു കല്ലായി.
എവിടെ നോക്കിയാലും മരമയം . സമീപത്തെ റോഡിന്‍റെ വശങ്ങളില്‍ പെട്ടിക്കടകള്‍ , മക്കാനികള്‍ . മരം കണക്കുനോക്കി കയറ്റി അയയ്ക്കുന്ന മേല്‍നോട്ടക്കാര്‍ . തുപ്പലുതൊട്ടു പണം മേശവലിപ്പില്‍ ഭദ്രമായി സൂക്ഷിച്ചിടുന്ന ,വിദ്യാഭ്യാസം ഇല്ലാഞ്ഞിട്ടും കണക്കുകള്‍ ഒരിക്കലും പിഴയ്ക്കാത്ത മരമുതലാളിമാര്‍. ആകെ ഒരു ഉത്സവച്ഛായയായിരുന്നു എന്നും നേരം വെളുക്കുമ്പോള്‍ . പിന്നെ എപ്പോഴോ കാര്യങ്ങള്‍ എല്ലാം മാറി മറിയാന്‍ തുടങ്ങി.
പുഴയുടെ സമീപപ്രദേശങ്ങളില്‍ ആരൊക്കെയോ താല്ക്കാലികകമ്പനികള്‍ നിര്‍മ്മിച്ചു.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടി സമീപപ്രദേശങ്ങള്‍ ഒക്കെ മണ്ണിട്ടുനികത്തി.പുഴ കരയാക്കി.’വെടക്കാക്കി തനിക്കാക്കുക’എന്ന വടക്കന്റെ ശൈലി അതേപടി പകര്‍ത്തുന്ന പരിപാടികള്‍ ആയിരുന്നു പിന്നീട് നടന്നത്. പുഴ പലയിടങ്ങളിലും കുപ്പിക്കഴുത്തായി മാറി.വശങ്ങള്‍ ഇടിഞ്ഞുവീണ് ബാക്കിയുള്ള പുഴ കൂടി ക്രെമേണ നികന്നുനികന്നു വരികയാണ് ഇപ്പോള്‍ .
സര്‍ക്കാരിന് ഭീമമായ റവന്യൂ നഷ്ടമാണ് ഇതിലൂടെ ഉണ്ടാവുന്നത്. പുഴ മുതലാളിമാര്‍ കയ്യടക്കി വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ പിടിച്ചെടുത്താല്‍ തന്നെ കിട്ടും അട്ടപ്പാടിയിലെ പാവപ്പെട്ട കുഞ്ഞുങ്ങളുടെ അഞ്ചാറുതലമുറകള്‍ക്ക് ലാവിഷായി പോഷകാഹാരം കൊടുക്കാനുള്ള പണം. ഏകദേശം നൂറേക്കറോളം സ്ഥലം ഇങ്ങനെ ഇവിടെ മാത്രം കയ്യടക്കി വെച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.
മൂവായിരം മുതല്‍ ആറായിരം വരെ ആളുകള്‍ പരോക്ഷമായും മുന്നൂറിലധികം കമ്പനികള്‍ പ്രത്യക്ഷമായും ആശ്രയിച്ചിരുന്ന ഒരു പുഴയാണെന്നോര്‍ക്കണം. ഗവണ്മെന്റിന്റെ എ റജിസ്റ്റര്‍ പ്രകാരം നൂറേക്കറോളം വരുന്ന ഈ കയ്യേറ്റഭൂമി പൂര്‍ണ്ണമായും തിരിച്ചെടുക്കാനോ പുതുതായി ഉണ്ടാവുന്ന കയ്യേറ്റങ്ങള്‍ തടയാനോ ഫലപ്രദമായി ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് തന്നെ പറയണം. അവിടെയും ഇവിടെയുമായി കുറച്ചൊക്കെ ഭൂമി തിരിച്ചു കണ്ടുകെട്ടി എന്നല്ലാതെ കാര്യമായി ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ പോലും ഈ പ്രശ്നത്തില്‍ ഗൌരവപരമായി ഇടപെട്ടിട്ടില്ല. നിയമവ്യവസ്ഥിതിയുടെ ലൂസ് സ്ട്രക്ചര്‍ കാരണമാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. ഇന്നോ ഇന്നലെയോ കയ്യേറാന്‍ തുടങ്ങിയതല്ല പുഴ. പതിറ്റാണ്ടുകളായി തുടരുന്ന ഒരു പ്രക്രിയയാണ് ഇത്.
പണ്ടത്തെ നിയമ വ്യവസ്ഥ അനുസരിച്ച് ഇത്തരത്തിലുള്ള കയ്യേറ്റങ്ങള്‍ക്ക് വെറും ഇരുന്നൂറ്റി അമ്പതു രൂപയായിരുന്നത്രേ പിഴ. അന്നത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രീണിപ്പിക്കാനാണെങ്കില്‍ വളരെ എളുപ്പം. ഭൂമി കയ്യേറ്റം എന്നത് പണമുള്ളവന് എളുപ്പത്തില്‍ ചെയ്യാനാവുന്ന ഒരു കാര്യമാക്കി മാറ്റുന്നതില്‍ ഇത്തരത്തിലുള്ള ഉദ്യോഗസ്ഥസമൂഹം ചില്ലറ മികവൊന്നുമല്ല കാണിച്ചിട്ടുള്ളത് എന്ന് രേഖകള്‍ പരിശോധിക്കുമ്പോള്‍ പകല്‍ വെളിച്ചം പോലെ വ്യക്തമാവുന്നു.കേരള ലാന്റ് കണ്‍സര്‍വെന്‍സി അമന്മെന്റ് ആക്റ്റ് പ്രകാരം അഞ്ചുകൊല്ലം തടവും അമ്പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കേസായിരുന്നിട്ടു കൂടി ഇപ്പഴും കയ്യേറ്റഭൂമികള്‍ പഴയതുപോലെ ഭൂപ്രഭുക്കന്മാരുടെ കയ്യില്ത്തന്നെ നില്ക്കുന്നു എങ്കില്‍ അതില്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ കൈകടത്തലുകള്‍ എത്രത്തോളം ഉണ്ടാവുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതാണ്.
പുഴയോരത്തെ തൊഴിലാളികളോട് അന്വേഷിച്ചപ്പോള്‍ അതിഭീകരമായ പരിസ്ഥിതിമലിനീകരണ പ്രശ്നങ്ങള്‍ പൊങ്ങിവന്നു. പുഴവെള്ളവുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ ദേഹത്തെല്ലാം വ്രണങ്ങള്‍ പൊങ്ങിയിരുന്നു.സമീപത്തുള്ള വന്‍കിട ആശുപത്രികളില്‍ നിന്നും പുറത്തേയ്ക്കുവിടുന്ന ബ്ലാക്ക് വാട്ടര്‍ കാരണം ഒരുകാലത്ത് സമൃദ്ധമായിരുന്ന മത്സ്യസമ്പത്ത് നാമാവശേഷമായി. മീനുകള്‍ ചത്തുമലച്ചു. അതോടെ മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ ആളുകളുടെ കാര്യം ഒരു തീരുമാനത്തില്‍ എത്തി. പുഴവെള്ളത്തിലിറങ്ങി തടികള്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികളുടെയെല്ലാം ശരീരത്തില്‍ കുരുക്കള്‍ പൊങ്ങാന്‍ തുടങ്ങി. കനോലി കനാലില്‍ ഉണ്ടായിരുന്ന ശുദ്ധജലം ഇതുപോലെ ആശുപത്രിമാലിന്യത്തിന്റെ രക്തസാക്ഷിയാണ്. CWRDM (Centre for Water Resources Development and Management)ന്റെ കണക്കുകള്‍ പ്രകാരം ഇവിടുത്തെ ജലത്തില്‍ ഓക്സിജന്‍ കണ്ടന്റ് കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്.
കഴിഞ്ഞ മൂന്നുവര്‍ഷം മുന്‍പ് നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഫലമായി കല്ലായിപ്പുഴ സംരക്ഷണപദ്ധതി ആവിഷ്കരിക്കപ്പെട്ടിരുന്നു എങ്കിലും അത് ഇതുവരെ റവന്യൂവകുപ്പ് അംഗീകരിച്ചിട്ടില്ല. 35 കോടി രൂപ ചെലവില്‍ പുഴ നവീകരിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയാണ് ഇത്. പുഴയുടെ 50 മീറ്റര്‍ വീതിയിലും ഒന്നരമീറ്റര്‍ ആഴത്തിലും ചളിയെടുത്ത് ഒഴുക്കുണ്ടാക്കുകയും ഇരുഭാഗത്തും ഭിത്തികള്‍ കെട്ടി സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ആദ്യഘട്ടമായ ചളിയെടുക്കല്‍ നാലുകോടി 90ലക്ഷം രൂപയ്ക്ക് ടെന്റര്‍ ചെയ്ത പദ്ധതിയാണ്.മൂന്നുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചളിയെടുക്കല്‍ പോലും തുടങ്ങാനാവാത്തത് റവന്യൂ വകുപ്പിന്റെ അനാസ്ഥ മൂലമാണ്. റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിക്കപ്പെടേണ്ടത് എന്നതിനാല്‍ റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് കനിയാതെ യാതൊരു രക്ഷയുമില്ല. പുഴ ഇല്ലാതാവുന്ന ഒരു ഭാവി വിദൂരമല്ല.
നാട്ടുകാരില്‍ നിന്നുള്ള പ്രതികരണം ശരിക്കും വ്യത്യസ്തമായിരുന്നു.പുഴ നശിക്കുന്നില്ലെന്നും പണ്ട് ഉണ്ടായിരുന്ന പോലെതന്നെയാണ് ഇന്നും നിലനില്‍ക്കുന്നതെന്നുമാന് ഭൂരിപക്ഷം പേരുടെയും അഭിപ്രായത്തില്‍ കണ്ടത്.പുഴയുടെ അരികില്‍ നിന്ന ഞങ്ങളുടെ അടുത്തേയ്ക്ക് ഒരു സംഘം ആളുകള്‍ എത്തിതല്ലു കിട്ടുമോ എന്ന് ഒരു നിമിഷത്തേയ്ക്ക് ചിന്തിച്ചുപോയി.പക്ഷെ അധികം വൈകാതെ അവര്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ ഞങ്ങളുമായി പങ്കു വെച്ചു.
നാട്ടുകാരനായ ഉമ്മറിന്‍റെ കാഴ്ചപ്പാടില്‍ പുഴ ആരും കയ്യേറിയിട്ടില്ല.എല്ലാം നാട്ടുകാരുടെ ജന്മ സ്ഥലങ്ങളാണ്.പുറമ്പോക്ക് സ്ഥലങ്ങള്‍ എല്ലാം ഒരു സുപ്രഭാതത്തില്‍ ഗവണ്മെന്റ് റീസര്‍വ്വേ നടത്തി തിരിച്ചെടുത്തുകഴിഞ്ഞാല്‍ പുഴയോരത്തെ ആശ്രയിച്ചു ജീവിക്കുന്ന തൊഴിലാളികളുടെയെല്ലാം കഞ്ഞികുടി മുട്ടും. പുഴ വീതി കുറയുന്നു എന്നുപറഞ്ഞു തീരത്തിന് സമാന്തരമായി മതില്‍ കെട്ടിക്കഴിഞ്ഞാല്‍ മരവ്യവസായം താറുമാറാകും.കരയില്‍ നിന്നും പുഴയിലെയ്ക്കും തിരിച്ചുമുള്ള മരത്തിന്‍റെ കയറ്റലും ഇറക്കളും അവതാളത്തിലാവും..
മരക്കച്ചവടക്കാര്‍ മുതല്‍ ഈര്‍ച്ചപ്പൊടി കച്ചവടക്കാര്‍ വരെ അങ്ങേയറ്റത്തെ പ്രതിസന്ധികളില്‍ അകപ്പെടും.അവര്‍ പറഞ്ഞതനുസരിച്ച് പുഴയുടെ വീതി കുറയുന്നതിന് പ്രധാന കാരണം കണ്ടാല്‍ കാടുകളാണ്. കണ്ടാല്‍ വളര്‍ന്നുവളര്‍ന്നാണ് പുഴ നികന്നുപോവുന്നത് എന്ന അതെ അഭിപ്രായം പങ്കു വെച്ചു കല്ലായിയില്‍ ദശകങ്ങളായി കട നടത്തിക്കൊണ്ടിരിക്കുന്ന ആലിക്കോയ എന്ന നാട്ടുകാരന്‍.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പുഴ ഇല്ലാതാവുന്ന ഒരു ഭാവി വിദൂരമല്ല.മുന്നൂറില്‍ നിന്ന് കഷ്ടി അന്‍പത് എന്ന നിലയിലേയ്ക്ക് താഴ്ന്ന മരക്കമ്പനികള്‍ പഴയകാല പ്രതാപത്തിന്‍റെ ഓര്‍മ്മക്കുറിപ്പുകളെ താലോലിച്ച് മൃതിയിലേയ്ക്ക്,സ്മരണകളിലേയ്ക്ക് കൂപ്പുകുത്താന്‍ വെമ്പുന്ന ഒരു കാഴ്ച തീര്‍ച്ചയായും കേരളത്തിന്‍റെ വ്യവസായപുരോഗതിയ്ക്കും ഗുണകരമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കില്ല.
മാലിന്യങ്ങള്‍ നിറഞ്ഞു കവിഞ്ഞു പുഴയൊരു പ്ലാസ്റിക് കാടാവുന്നു.മത്സ്യങ്ങള്‍ വാഴാത്തപുഴയിടങ്ങള്‍ സ്വാഭാവികമായും പക്ഷിക്കൂട്ടങ്ങളുടെയും വരവുകുറയ്ക്കുന്നു.കണ്ടല്‍ക്കാടുകള്‍ കാരണമാണ് പുഴ ഇല്ലാതാവുന്നതെങ്കില്‍ എന്തുകൊണ്ട് ആവശ്യമില്ലാത്ത കണ്ടലിടങ്ങള്‍ വൃത്തിയാക്കിക്കൂടാ ? മാലിന്യങ്ങള്‍ നിറഞ്ഞു കവിഞ്ഞു പുഴയൊരു പ്ലാസ്റ്റിക്ക് കാടാവുന്നു. മത്സ്യങ്ങള്‍ വാഴാത്ത പുഴയിടങ്ങള്‍ സ്വാഭാവികമായും പക്ഷിക്കൂട്ടങ്ങളുടെയും വരവുകുറയ്ക്കുന്നു. പുഴയുടെ ഒത്ത നടുവില്‍ പോലും മണ്ണിട്ടുനികത്തി ഉണ്ടാക്കിയ ദ്വീപിടങ്ങള്‍ കാണുമ്പോള്‍ ഒരു കാര്യവുമില്ലെങ്കിലും ഓ പോസിറ്റീവ് രക്തം എന്തിനോ വേണ്ടി തിളയ്ക്കുന്ന എന്തൊക്കെയോ ആവുന്നു.
ഉത്തരം കിട്ടില്ലെന്നുറപ്പുണ്ടെങ്കിലും ചോദിക്കാന്‍ തോന്നിപ്പോവുന്നു . പുഴ ആരാണ് ഇവര്‍ക്കൊക്കെ തീറെഴുതിക്കൊടുത്തത്? പുഴ മരിക്കുകയല്ല.. ഓരോ നിമിഷത്തിലും ജീവിക്കാനുള്ള ഉല്ക്കടമായ ആഗ്രഹത്തോടെ പറന്നുപോവുന്ന പ്രാണന്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുകയാണ്. എന്നെങ്കിലും തിരിച്ചുവരാമെന്നുപറഞ്ഞു കടലുകടന്നുപോയ അറബിയെക്കാത്തിരിക്കുന്ന മലബാറിപ്പെണ്ണിനെപ്പോലെ; കണ്ണെഴുതാതെ.. പൊട്ടുകുത്താതെ..