Rajalakshmi C V

ജ്ഞാനാകാശം തേടി

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മംഗലാപുരം-പുതുച്ചേരി എക്സ്പ്രെസ്സില്‍ യാത്രപുറപ്പെടുമ്പോള്‍ "ചിദംബരം "മനസ്സില്‍ ഉണ്ടായിരുന്നേയില്ല . സഹോദരന്റെയും കുടുംബത്തിന്റെയും കൂടെ പുതുച്ചേരിയുടെ നഗരക്കാഴ്ച്ചകളും, കടല്‍ തീരത്തിന്റെ സൗന്ദര്യവും ഫ്രെഞ്ച് ഭരണകാലത്തിന്റെ അവശേഷിപ്പുകളും മറ്റും ആസ്വദിച്ച് തിരിച്ചു വരുവാന്‍ ഒരുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ചിദംബരത്തേക്ക് അവിടെനിന്നും ഒന്നര മണിക്കൂര്‍ ഡ്രൈവിന്റെ ദൂരമേ യുള്ളൂ എന്ന് അവര്‍ പറയുന്നത് . അത് കേട്ടതും തിരിച്ചൊന്ന് ആലോചിക്കേണ്ട ആവശ്യമേ വന്നില്ല. വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചു നടന്ന ആഗ്രഹത്തിന് ചിറകുകള്‍ മുളക്കാന്‍ .

ഡിഗ്രീ പഠനകാലത്ത്‌ കോളേജില്‍ നടന്ന ഒരു ഫിലിം ഫെസ്റ്റിവെലില്‍ ആണ് ശ്രീ ; അരവിന്ദന്റെ ചിദംബരം എന്ന സിനിമ ആദ്യമായി കാണുന്നത് . പിന്നീട് ഓരോ തവണ സിനിമ കാണുമ്പോഴും ജീവിതം സമ്മാനിച്ച ദുരന്തങ്ങളുടെ പര്യവസാനമായി ചിദംബരം ക്ഷേത്രനടയില്‍ ചെരുപ്പ് സുക്ഷിപ്പുകാരിയായി മാറിയ സ്മിതപാട്ടിലിന്റെ ശിവകാമിയും ചിദംബരവും മനസ്സിന്റെ ഏതോ കോണില്‍ ഒരു മൌനനൊമ്പരമായ് മയങ്ങിക്കിടന്നു . ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബര സ്മരണ യിലെ --ജീവിതസായാന്ഹത്തില്‍ അസ്തമയം കാത്ത് ചിടംബരം ക്ഷേത്രനടയില്‍ കഴിയുന്ന , സ്ഥായിയായ പ്രണയത്തിന്റെ , വിശ്വാസത്തിന്റെ , അനശ്വര ദാമ്പത്യത്തിന്റെ പ്രതീകങ്ങളായ രംഗസ്വാമിയും കനകാംബാളും ആ നൊമ്പരത്തെ വീണ്ടും ഉണര്‍ത്തി . അന്നേ മനസ്സില്‍ ആഗ്രഹിച്ചതാണ്‌ . എന്നെങ്കിലും ഒരിക്കല്‍ അവിടേക്ക് പോകണമെന്ന് .

പുതുച്ചേരി ചെന്നൈ ബൈ പാസ്സ് റോഡില്‍ പുതുച്ചേരിയില്‍ നിന്നു ഏകദേശം 69 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിദംബരത്ത് എത്താം . രാവിലെ 6 മണിക്ക് തുടങ്ങിയ യാത്ര  തമിഴ്നാടിന്റെ ഗ്രാമഹൃദയങ്ങളെ കീറിമുറിച്ചു കൊണ്ടു നീണ്ടു നിവര്‍ന്നു കിടക്കുന്ന പാതയ്ക്കിരു വശങ്ങളിലും തണല്‍ വിരിച്ചു നില്‍ക്കുന്ന ആല്‍ മരങ്ങളും വേപ്പുമരങ്ങളും . ശ്രദ്ധേയമായ ഒരു കാര്യം നമ്മുടെ കേരളത്തിലേതുപോലെ ദേശിയപാതക്കിരു വശങ്ങളിലും കാഴ്ചകളെ മറക്കുന്ന പണിതുകൊണ്ടിരിക്കുന്നതും പണിതീര്‍ന്നതുമായ കോണ്‍ക്രീറ്റ് സൌധങ്ങള്‍ ഇവിടെയില്ല .പകരം കത്തിനില്‍ക്കുന്ന മീനസുര്യനു കീഴെ പച്ചപ്പട്ടു പരവതാനികള്‍ വിരിച്ച വയലുകള്‍ , പുക്കളുടെയും നിലക്കടലയുടെയും കരിമ്പിന്റെയും സമൃദ്ധമായ പാടങ്ങള്‍ . മുല്ലപ്പുവിന്റെ സുഗന്ധവും വഹിച്ചുകൊണ്ടുവരുന്ന ഇളം കാറ്റ്. നിരനിരയായ് പോകുന്ന കാളവണ്ടികള്‍ നഗരവാസിയായ എന്റെ മകന് ഒരത്ഭുതക്കാഴ്ചയായിരുന്നു .ഗ്രാമീണതയുടെ നിഷ്കളങ്കതമുഖങ്ങള്‍ . ഏകദേശം8മണിയോട്‌ അടുത്ത് ഞങ്ങള്‍ തമിഴ്നാട് അതിര്‍ത്തിയിലുള്ള കുടല്ലൂര് കഴിഞ്ഞു ചിദംബരത്തെത്തി. വല്ലതും കഴിച്ച് പോകാമെന്ന് കരുതി. പക്ഷെ ഡ്രൈവര്‍ പറഞ്ഞു ."ലേറ്റ് ആയാല്‍ നട അടച്ചു പോകും ..ഉള്ളേ പാക്ക മുടിയാത് ".റോഡിനെതിര്‍വശത്ത് വണ്ടിനിര്‍ത്തി ഇറങ്ങുമ്പോള്‍ മുന്നില്‍ മദ്ധ്യകാലഘട്ടത്തിലെ ചേര ചോള പാണ്ട്യ കാലത്തെ വാസ്തുകലയുടെ വൈദഗ്ദ്യം വിളിച്ചോതുന്ന ക്ഷേത്രഗോപുരങ്ങള്‍ മാനം മുട്ടെ തലയുയര്‍ത്തി നില്ക്കുന്നത് കാണാമായിരുന്നു .

ക്ഷേത്രനടയില്‍ വഴിവാണിഭക്കാരുടെയും ഭിക്ഷക്കാരുടെയും പൂക്കച്ചവടക്കാരുടെയും ബഹളങ്ങള്‍ തുടങ്ങി വരുന്നെയുള്ളു . ഞങ്ങള്‍ മുന്നൊട്ടുനടന്നു .ക്ഷേത്രകവാടവും കടന്ന് അകത്തേക്ക് . വിശാലമായ ക്ഷേത്രാങ്കണം .ഒരു നിമിഷം...വിശ്വാസം വരുന്നില്ല ...തികച്ചും ഒരു ജന്മസുകൃതം . മന്ത്രോച്ചാരണങ്ങള്‍ കൊണ്ടും ശംഖധ്വനികള്‍ കൊണ്ടും മുഖരിതമായ അകത്തളങ്ങള്‍ , കര്‍പ്പുരതിന്റെയും ചന്ദനത്തിരികളുടെയും സുഗന്ധം നിറഞ്ഞ ഇടനാഴികള്‍ .എല്ലാറ്റിനുമുപരിയായി അവിടെ അനുഭവപ്പെട്ട അലൗകികമായ ചൈതന്യവും ശാന്തിയും വര്‍ണനകള്‍ക്കതീതമാണ് .

ചരിത്ര പ്രസിദ്ധമായ ചിദംബരം നടരാജക്ഷേത്രം. ഇന്ത്യയിലെ മറ്റു ശിവ ക്ഷേത്രങ്ങളില്‍ നിന്നും ഭിന്നമായ് ശിവലിംഗത്തിനു പകരമായ് നാട്യാചാര്യനായ പരമശിവന്റെ താണ്ഡവ രൂപമായ നടരാജനാണ് ഇവിടുത്തെ പ്രധാന ആരാധന മൂര്‍ത്തി . വിശ്വചൈതന്യത്തെ മുഴുവന്‍ ആവാഹിച്ചു നില്ക്കുന്ന ആ തേജസ്സിനുമുന്‍പില്‍ അല്‍പ്പസമയം ധ്യാനമഗ്നയായ് എല്ലാം മറന്നു നിന്നപ്പോള്‍ കണ്ണുകള്‍ അറിയാതെ ഈറനായത് എന്തിനായിരുന്നു ?ഉപക്ഷേത്രങ്ങളും മുര്‍ത്തികളും .എല്ലാം കണ്ടും തൊഴുതും മുന്നോട്ടു നടന്നു .മലയാളിയുടെ ഭക്തി ദൌര്‍ബല്യത്തെ ചൂഷണം ചെയ്യാനുള്ള ചെപ്പടിവിദ്യകളുമായി നടക്കുന്ന പുജാരിമാര്‍ ഇവിടെയും കുറവല്ല.

ഇരുവശങ്ങളിലും വാസ്തുകലയുടെ വിസ്മയം വിളിച്ചോതുന്ന കല്‍ത്തുണുകള്‍ നിറഞ്ഞ ഇടനാഴിയില്‍ കൂടെ ഒരു പ്രദക്ഷിണം. ശിവഗംഗ എന്ന പേരില്‍ അറിയപ്പെടുന്ന വിശാലമായ ക്ഷേത്രക്കുളം.ഇനിയും ഏറെ കാണുവാനുണ്ട്.ദിവസങ്ങള്‍ ,ആഴ്ചകള്‍ ,മാസങ്ങള്‍ വേണമെങ്കില്‍ വര്‍ഷങ്ങള്‍. പക്ഷെ രാത്രിയില്‍ കണ്ണൂരേക്ക് തിരിച്ചു വരുവാനുള്ള ട്രെയിന്‍ ടിക്കറ്റ്‌ ,നാട്ടിലെ ഉത്തരവാദിത്വങ്ങള്‍ വീണ്ടും യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.പ്രസാദമായ് സ്റ്റാളില്‍ നിന്നും കുറച്ചു ലഡ്ഡു വാങ്ങിച്ചു .. കൂടുതല്‍ സമയം അവിടെ ചിലവഴിക്കാന്‍ കഴിയാത്ത സങ്കടത്തോടെ ക്ഷേത്ര ഗോപുരവും കടന്നു തിരിഞ്ഞു നടക്കുമ്പോള്‍ സ്വയം മനസ്സിനെ ആശ്വസിപ്പിച്ചു . ഇനിയും വരും ..ഇന്ന് കണ്ടു കൊതിതീരാത്ത ശില്പകലയിലെ വിശ്വാത്ഭുതമായ നടരാജ വിഗ്രഹവും വാസ്തുകലയുടെ നിത്യവിസ്മയമായ ക്ഷേത്ര സമുച്ചയവും നൃത്തകലയുടെ നൂറ്റെട്ട് കരണങ്ങള്‍ കൊത്തിവച്ച ഗോപുരങ്ങളും കവാടങ്ങളും വീണ്ടും കാണുവാന്‍ ....ജ്ഞാനത്തിന്റെ അറിവിന്റെ ആകാശവും തേടി ..വീണ്ടും ചിദംബരത്തേക്ക് .