കല്‍ക്കി സുബ്രമണ്യത്തിന്റെ "Piece by Piece" എന്ന ചിത്രപ്രദര്‍ശനം തിരുവനന്തപുരത്ത് നടക്കുന്നു.ആരാണ് കല്‍ക്കി എന്ന ചോദ്യത്തിന് ട്രാന്‍സ് വുമണ്‍ എന്നോ ട്രാന്‍സ്ജന്റര്‍ ആക്ടിവിസ്റ്റ് എന്നോ മാത്രമുള്ള പരിചയപ്പെടുത്തല്‍ ഉചിതമാവില്ല തന്നെ.കവി,അഭിനേതാവ്,ഡോക്യുമെന്‍ററി സംവിധായിക,പ്രഭാഷക എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ചിട്ടുള്ള കല്‍ക്കി ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സഹോദരി ഫൌണ്ടേഷന്‍റെ സ്ഥാപകയുമാണ്.
കല്‍ക്കിയുടെ "The halves-they are everywhere,they have always been " എന്ന ചിത്രം ഓര്‍മിപ്പിക്കുന്നത് ജോണ്‍ മാക്സ്വെല്‍ ടെയിലറുടെ "“Inside every man there is a potential woman and inside every woman resides a potential man.” എന്ന കൌതുകകരവും ശ്രദ്ധേയവുമായ ഉദ്ധരണിയാണ്.ഒരു വ്യക്തിയുടെ ജനിതകപരമോ രൂപപരമോ ആയ ലൈംഗികസ്വത്വം അയാളുടെ മാതാപിതാക്കളുടെയോ അയാളുടെയോ ബോധപൂര്‍വമായ തിരഞ്ഞെടുപ്പല്ല.വൈകാരികമായ ലൈംഗികസ്വത്വവും അങ്ങനെ തന്നെ.കറുപ്പിനും വെളുപ്പിനും ഇടയിലുള്ള വര്‍ണ്ണങ്ങളുടെയും അവയുടെ നിറഭേദങ്ങളുടെയും അസംഖ്യസാദ്ധ്യതകള്‍ ഓര്‍ത്താലറിയാം ആണ്/പെണ്ണ് എന്നീ ഒറ്റ നിര്‍വ്വചനങ്ങള്‍ക്കിടയില്‍ സാദ്ധ്യമായ വൈവിദ്ധ്യങ്ങള്‍.ആ വര്‍ണ്ണശ്രേണിയിലെവിടെയുമുള്ളൊരു ബിന്ദുവാകാം ഓരോ മനുഷ്യനും.
ജനിച്ചു വളര്‍ന്ന കുടുംബവും സമൂഹവുമുള്ളപ്പോള്‍തന്നെ അതെല്ലാം വിട്ടോടിപ്പോയി നിലനില്‍പ്പിനായി തങ്ങളുടേതായ ഒരു കൂട്ടം രൂപീകരിയ്ക്കുയോ അംഗമാകുകയോ ചെയ്യേണ്ടി വരാറുണ്ട് മൂന്നാം ലിംഗക്കാര്‍ക്ക്.സമൂഹത്തില്‍ നിന്നേറ്റു വാങ്ങേണ്ടി വരുന്ന കയ്പ്പും മുറിവുകളുമെല്ലാം വരച്ചുകാട്ടുന്നു കല്‍ക്കി തന്‍റെ " The Rejection-the tearing sound of the thousand untold stories" എന്ന ചിത്രത്തില്‍.
2016-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ഭിന്നലിംഗക്കാര്‍ അഭിമാനപൂര്‍വം സമ്മതിദാനാവകാശം രേഖപ്പെടുത്തിയത് നമ്മള്‍ കണ്ടു.അപേക്ഷാഫോറങ്ങളില്‍ male/female എന്നതിനൊപ്പം third gender-ഉം ഇടം നേടുന്നു.വിശാലമായ കാഴ്ചപ്പാടുകളിലേക്ക് ഉള്ളു തുറക്കുന്ന ഈ മാറ്റങ്ങള്‍ സന്തോഷകരം തന്നെ.കല്‍ക്കിയുടെ "Love unlimited-don't judge us" എന്ന ചിത്രം തേടുന്നതാകട്ടെ മുന്‍വിധികളും ഉപാധികളുമില്ലാത്ത സ്നേഹത്തിന്‍റെയും പ്രണയത്തിന്റെയും വരും കാലമാണ്.വസന്തമെന്നത് എല്ലാ നിറങ്ങളിലുമുള്ള പൂക്കളുടെതുമാകുന്ന കാലമാകും അത്.
ലോകമെന്നത് എല്ലാ മനുഷ്യരുടേതും, എല്ലാത്തരം മനുഷ്യരുടേതുമാണെന്ന് വിശ്വസിക്കുന്ന ആരും കാണാതെ പോകരുത് ഈ ചിത്രങ്ങളും അവയ്ക്കു പിന്നിലെ ജീവിതവും