മനുഷ്യന്‍ 'അവനാ'ണ്.. അവള്‍ അവന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടതും. അതുകൊണ്ട് തന്നെ മനുഷ്യനെ സൂചിപ്പിക്കാന്‍ അവള്‍ എന്ന പദം ഉപയോഗിക്കാറില്ല.
ഒരു പെണ്‍കുട്ടി ജനിച്ചു വീഴുമ്പോള്‍ മുതല്‍ ആഘോഷിക്കപ്പെടാന്‍ തുടങ്ങുന്നതാണ് അവളുടെ ശരീരം. പുരുഷ സൌന്ദര്യ സങ്കല്പങ്ങള്‍ക്കനുസരിച്ചു, പുരുഷനിര്‍മ്മിതമായ നിയമങ്ങള്‍ക്കനുസരിച്ച് പിന്നീടതിനെ വളര്‍ത്തിയെടുക്കുന്നത് ചില്ലറപ്പണിയല്ല. എങ്ങനെ ഇരിക്കണം, നടക്കണം, നോക്കണം, പറയണം എന്ന് തുടങ്ങി എന്ത് ചിന്തിക്കണം എന്നതിന് വരെ അവള്‍ക്കു വേണ്ടി പ്രത്യേകം നിയമങ്ങളുണ്ട്. വളര്‍ച്ചയുടെ ഈ ഘട്ടങ്ങളില്‍ തലച്ചോറ് പൂര്‍ണ്ണമായും പണയം വെക്കുന്നവര്‍ക്ക് സമൂഹത്തിന്റെ നിര്‍വച്ചനമാനുസരിച്ചുള്ള ഉത്തമ സ്ത്രീയാവാം. അതുകൊണ്ടാണല്ലോ പലപ്പോഴും പുരുഷന്‍ വിധേയത്തം കാണിക്കുമ്പോള്‍ സ്ത്രീകള്‍ പോലും നീയൊരു ആണാണോ ?എന്ന് ചോദിച്ചു സ്വന്തം സ്ത്രീത്വത്തെ അപമാനിക്കുന്നത്.
പുരുഷനിര്‍മ്മിതമായ ഇത്തരം നിയമാവലികള്‍ക്കുള്ളില്‍ ജീവിക്കാന്‍ അവള്‍ നിര്‍ബന്ധിക്കപ്പെടുന്നതിനു പ്രധാന കാരണം അവളുടെ ശരീരമാണ്. അവളെ അടിച്ചമര്‍ത്താന്‍ മതങ്ങളും സമൂഹവും ഉപയോഗിക്കുന്നതും അവളുടെ ശരീരം തന്നെയാണ്. സമൂഹം അവള്‍ക്കു വേണ്ടി നിശ്ചയിച്ച പുരുഷന്റെ ബീജമല്ലാത്ത മറ്റെല്ലാ ബീജങ്ങളില്‍ നിന്നും രക്ഷപ്പെടെണ്ട ഉത്തരവാദിത്തം അവളില്‍ അടിചെല്‍പ്പിക്കപ്പെട്ടത് കൊണ്ടു തന്നെ പുരുഷന്റെ കണ്‍വെട്ടത്ത് നിന്നു അവന്റെ പാതകളില്‍ നിന്നെല്ലാം ഒഴിഞ്ഞു നടക്കാന്‍ അവള്‍ നിര്‍ബന്ധിതയാകുന്നു. അവന്‍ കൂടുന്നയിടങ്ങള്‍ അവള്‍ക്കു നിഷിദ്ധമാകുന്നു. മദ്യപാനം നല്ലതോ ചീത്തയോ ആകട്ടെ, നേരത്തെ പറഞ്ഞത് പോലെ പുരുഷന്‍ മാത്രമാണ് മനുഷ്യന്‍ എന്നത് കൊണ്ടു സ്ത്രീ മദ്യപിക്കുമ്പോള്‍ അത് പുരുഷനെ അനുകരിക്കലാണ്. മദ്യശാലക്ക് മുന്നിലെ വരിയില്‍ അവള്‍ക്ക് നില്‍ക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നതും ഒരുപക്ഷെ അതുകൊണ്ട് തന്നെയാവാം. തലച്ചോറ് മന്ദീഭവിപ്പിച്ച പുരുഷന്റെ അശ്രദ്ധമായ പെരുമാറ്റങ്ങളില്‍ നിന്നു സ്പര്‍ശനത്തില്‍ നിന്നു തന്റെ ശരീരത്തെ രക്ഷപ്പെടുത്താന്‍ ഓടിയോളിക്കണം എന്ന കളി നിയമം തെറ്റുമ്പോള്‍ പുരുഷനിര്‍മ്മിതമായ നിയമങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്തരാകുന്ന ജനങ്ങള്‍ പോലീസാകുന്നു .അപ്പോള്‍ അവളുടെ വീട്ടിലുള്ളവര്‍ പ്രതിസ്ഥാനത്തും .നല്ല അമ്മമാര്‍ ചാരവൃത്തിയില്‍ വൈദഗ്ധ്യമുള്ളവരായിരിക്കണം .അച്ഛനമാരും ആങ്ങളമാരും ഭര്‍ത്താക്കന്മാരും വീട്ടിലുള്ള പെണ്ണുങ്ങളെ നിലക്ക് നിര്‍ത്താന്‍ കഴിയെണ്ടാവരും. ഒരു സ്ത്രീക്ക് സ്വന്തമായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ഉള്ള അവകാശമില്ല.
അവള്‍ എപ്പോഴും ഒരു പുരുഷന്റെ മേല്‍വിലാസത്തില്‍, അവന്റെ നിയന്ത്രണത്തില്‍ കഴിയെണ്ടവളാണ് എന്ന ചിന്തയാണ് ഇതിനു കാരണം.തനിക്കൊരുടമയുണ്ട് എന്ന് സൂചിപ്പിക്കാന്‍ സീമന്ത രേഖയില്‍ സിന്ദൂരം ചര്തുന്നതും വിവാഹശേഷം പേരിനൊപ്പം ഭര്‍ത്താക്കന്മാരുടെ പേര് വെക്കുന്നതും എല്ലാം സ്ത്രീ സ്വതന്ത്രയല്ല എന്ന മനുസ്മൃതിയെ അനുസ്മരിപ്പിക്കുകയാണ്. ഒരു സ്ത്രീ സമൂഹത്തിന്റെ പൊതു സദാചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ അവളെ നിയന്ത്രിക്കാന്‍ ആണുങ്ങളില്ല എന്ന വിമര്‍ശനം വരുന്നതും ഈ ചിന്തയില്‍ നിന്നു തന്നെയാണ്. നമ്മുടെ കുടുംബ വ്യവസ്ഥ തന്നെ സ്ത്രീകളെ അടിമപ്പെടുതുന്ന തരത്തില്‍ ഉള്ളതാണ്. സമൂഹവും സ്ത്രീകളെ കുടുംബത്തിന്റെ മാത്രം ഭാഗമാക്കി തീര്‍ക്കാനാണ് ശ്രമിക്കാറു. സ്ത്രീകള്‍ക്ക് വേണ്ടി എന്ന് പറയപ്പെടുന്ന ചില പ്രസിധീകരനങ്ങളുടെയും ടി വി പരിപാടികളുടെയും പേര് ശ്രദ്ധിച്ചാല്‍ മനസ്സിലാവും.ഗൃഹലക്ഷ്മി, അടുക്കള, കുങ്കുമം തുടങ്ങിയ പേരുകള്‍ അവളെ വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാനാണ് ശ്രമിക്കുന്നത്. വനിതാ പോലത്തെ ചില പേര് കേട്ട സ്ത്രീ പ്രസിദ്ധീകരണങ്ങളാവട്ടെ അവളെ പുരുഷനെ ഭയന്ന് ജീവിക്കാന്‍ പഠിപ്പിക്കുന്നവയുമാണ്.അവളുടെ ലോകം സൌന്ദര്യവര്‍ദ്ധകവസ്തുക്കളിലും ആഭരണങ്ങളിലും അടുക്കളയിലും ഒതുക്കുകയാണ്. സമൂഹത്തില്‍ ഭൂരിപക്ഷം വരുന്ന ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നത് കൊണ്ടാവാം അത്തരം പ്രസിദ്ധീകരണങ്ങള്‍ വിറ്റഴിക്കപ്പെടുന്നതും .
സ്ത്രീകള്‍ എപ്പോഴും പുരുഷനെ പ്രകോപിപ്പിക്കാത്ത തരത്തില്‍ വസ്ത്രം ധരിക്കുകയും പെരുമാറുകയും ചെയ്യണം എന്ന ധാരണ രൂപപ്പെടുന്നതും സ്ത്രീ ശരീരത്തിന് സമൂഹം കല്പിച്ച "പവിത്രത"യില്‍ നിന്നു തന്നെയാണ്. സമൂഹമധ്യത്തില്‍ ആചാരങ്ങളുടെ അകമ്പടിയോടെ കെട്ടിയോനു(ആ വാക്ക് തന്നെയാണ് ഇന്നത്തെ സമൂഹത്തിനു യോജിച്ചത്) മുന്നില്‍ മാത്രം അടിയറ വെക്കാനുള്ള ശരീരം "ഫ്രഷ്"""" """""""" ആയിരിക്കണം.വ്യവസ്ഥാപിത വിവാഹങ്ങള്‍ പലതും മാംസ കച്ചവടങ്ങളാണ് (മാംസത്തോടൊപ്പം പണം അങ്ങോട്ടാണ് കിട്ടുന്നത് എന്ന വ്യത്യാസം മാത്രം. ) പുരുഷന്റെ തെറ്റ് കൊണ്ടു അവളുടെ ഈ "പവിത്രത" നഷ്ടപ്പെട്ടാലും കുറ്റക്കാരി പലപ്പോഴും ഇര തന്നെ. ഇനി ജന പിന്തുണ കിട്ടണമെങ്കില്‍ തന്നെ ഒന്നുകില്‍ അവള്‍ മരിക്കുകയോ അല്ലെങ്കില്‍ പൊതു സദാചാരത്തിനു നിരക്കുന്നവളോ ആയിരിക്കണം. ഒറ്റ നോട്ടത്തില്‍ പാവം എന്ന് പറയിപ്പിക്കാന്‍ കഴിഞ്ഞാല്‍ മരിച്ചു കഴിഞ്ഞാലെങ്കിലും അവള്‍ സമൂഹത്താല്‍ വീണ്ടും കൊല്ലപ്പെടാതിരിക്കും.
സ്ത്രീയുടെ തലമുടി മുതല്‍ കാല്‍നഖം വരെ ലൈംഗിക പ്രാധാന്യമുള്ളതാണ് . അതുകൊണ്ട് അവളെ നോക്കുന്നത് പോലും ലൈംഗികച്ചുവയോടെയാണ് എന്ന് പറയുമ്പോള്‍ സ്ത്രീ ശരീരം ലൈംഗിക ഉപകരണം മാത്രമായി ചുരുങ്ങുകയാണ് ചെയ്യുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ ആണ്‍ കുട്ടികളെയും പെണ്‍ കുട്ടികളെയും വേര്‍തിരിക്കുന്നത് അവരില്‍ ശരീരത്തെ കുറിച്ച് അനാവശ്യമായ കൌതുകം വളര്‍ത്താനും എതിര്‍ ലിംഗത്തിലുള്ള വ്യക്തി തന്നെക്കാള്‍ ഉയരത്തിലോ താഴെയോ ആണ് എന്ന ധാരണ വളര്‍ത്താനും മാത്രമേ സഹായിക്കു. അത്തരം സാഹചര്യങ്ങളില്‍ വളരുന്ന പുരുഷന്മാര്‍ വലുതാവുമ്പോള്‍ ബാലാല്സന്ഘക്കാരനോ സദാചാര പോലീസോ ആയാലും അതില്‍ അത്ഭുതപ്പെടാനില്ല. സ്ത്രീകളാവട്ടെ ശരീരത്തിന്റെ പവിത്രത നഷ്ടപ്പെട്ട ദുഃഖത്തില്‍ ആത്മഹത്യ ചെയ്യുകയോ തന്റെ അറിവോടെയല്ലാതെ തന്റെ നഗ്ന ചിത്രം പകര്തിയതിന്റെ പേരില്‍ തനിക്കിഷ്ടമില്ലാത്ത പല കാര്യങ്ങളും ചെയ്യേണ്ട ഗതികെടിലേക്ക് എത്തിപ്പെടുകയോ ചെയ്യുന്നു. സ്ത്രീ ശരീരം മാത്രം എന്ന സങ്കുചിത ചിന്തയില്‍ നിന്നും പുറത്തു കടക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. തലച്ചോറുള്ള ചിന്തിക്കുന്ന മനുഷ്യനാണ് അവളും എന്ന് എപ്പോള്‍ നമുക്ക് ചിന്തിക്കുവാന്‍ കഴിയുന്നുവോ, അപ്പോള്‍ മാത്രമേ സ്ത്രീ സ്വതന്ത്രയാവൂ.