കൊട്ടിയൂരില്‍ വൈദികനാല്‍ പീഡിപ്പിക്കപ്പെട്ടു പ്രസവിച്ച പതിനാറുകാരി, വയനാട്ടില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യതീംഖാന അന്തേവാസികളായ ഏഴു കുട്ടികള്‍, വാളയാറില്‍ തൂങ്ങിമരിച്ച പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ – വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. സമൂഹമൊന്നടങ്കം കുട്ടികള്‍ക്ക് എതിരെയുള്ള ഏതു തരത്തിലുള്ള ആക്രമണത്തെയും ചെറുത്തുതോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടാകേണ്ടുന്ന അവസരത്തില്‍, പീഡോഫിലിയ ന്യായീകരണവാദികള്‍/പൊട്ടന്‍ഷ്യല്‍ പീഡോഫയല്‍സ് (potential paedophiles)/അവര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ എന്നിവര്‍ അരയും തലയും മുറുക്കി രംഗത്ത് വരുന്ന കാഴ്ച കാണേണ്ടി വരുന്നു. homosexuality /bisexuality /gay /lesbian എന്നതൊക്കെ പോലെ കുട്ടികളോടുള്ള ലൈംഗിക താല്‍പര്യവും തികച്ചും സ്വാഭാവികമായ ഒരു sexual orientation മാത്രമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സ്വയംപ്രഖ്യാപിത ബുദ്ധിജീവികളാണിവര്‍. ‘Memories of a machine’ ആഘോഷിക്കുകയും ന്യായീകരിക്കുകയും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുത്തുകയും ചെയ്തപ്പോള്‍ തന്നെ ഈ വിഭാഗത്തിന്റെ രാഷ്ട്രീയം വ്യക്തമായതാണല്ലോ!
മുഹമ്മദ് ഫര്‍ഹദ് എന്ന വ്യക്തിയുടേതായി ഫേസ്ബുക്കില്‍ വന്ന ‘മഞ്ച്’ കമെന്റും അതിനെ ന്യായീകരിച്ചും ഫര്‍ഹാദിനെ പിന്തുണച്ചും ലിംഗഭേദമന്യേ ഉണ്ടായ അഭിപ്രായങ്ങളുടെ കുത്തൊഴുക്കും അഴിച്ചു മാറ്റിയ മുഖംമൂടികള്‍ ഒന്നും രണ്ടുമല്ല. അക്കൂട്ടത്തില്‍ അധ്യാപകര്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ വരെ ഉള്‍പ്പെടുന്നു. പിന്തുണച്ചവരില്‍ പലരും വാദമുഖത്തില്‍, തങ്ങളും കുട്ടിക്കാലത്തു ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന കഥ രണ്ടു മൂന്നു വാചകങ്ങളില്‍ പറഞ്ഞു പോയപ്പോള്‍ അഭിനന്ദിനെ പോലുള്ളവര്‍ ഒരു പടികൂടി കടന്നു പതിമ്മൂന്നാം വയസ്സിലെ ‘അനുഭവം’ (പീഡനം എന്ന വാക്കു പോലും അഭിനന്ദ് ഉപയോഗിച്ചില്ല) തനിക്കു സുഖമുണ്ടാക്കി എന്ന് കൂടി പറഞ്ഞു വച്ചു. വരകളില്‍ കൂടിയും എഴുത്തുകളില്‍ കൂടിയും ശിശു പീഡകര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഇത്രയധികം പൊട്ടന്‍ഷ്യല്‍ പീഡോഫയല്‍സിന്റെ മധ്യത്തിലാണ് നമ്മുടെ കുട്ടികളെന്നത് കേരളം ഇന്നേവരെ ആര്‍ജ്ജിച്ചു എന്ന് അവകാശപ്പെടുന്ന പ്രബുദ്ധതയുടെ എല്ലാ അലങ്കാരങ്ങളും അഴിച്ചുമാറ്റാന്‍ പോന്നതാണ്.
പീഡോഫിലിയയെ തികച്ചും സാധാരണമായ ഒരു ലൈംഗിക ആകര്‍ഷണമാണെന്നും അതൊരു കുറ്റമല്ലെന്നും ഉയര്‍ത്തിക്കാണിക്കാനുള്ള സംഘടിത നീക്കമായി തന്നെ ഈ സാമാന്യവത്കരിക്കലുകളെയും അതിന്മേലുള്ള ഐക്യപ്പെടലുകളെയും കാണണം. അന്തമില്ലാത്ത ശരീരകാമനകളുടെ അടിസ്ഥാനമായ വൈവിധ്യത്തിലേക്കു കുഞ്ഞുശരീരങ്ങളെയും, ഒന്നും ഭയക്കേണ്ട ആവശ്യമില്ലാതെ എത്തിക്കുക എന്നത് തന്നെയാണ് ഈ സംഘടിത നീക്കത്തിന് പിന്നിലെ ഗൂഢോദ്ദേശ്യം. അതിനായി ആദ്യം പീഡോഫിലിയ എന്ന വാക്കിന്റെ വാച്യാര്‍ഥമായ ‘friendly love towards children’ എന്നത് ഉപരിപ്ലവമായി അവതരിപ്പിച്ചുവെങ്കില്‍, പിന്നീട് അത് ‘തലമുറകള്‍ തമ്മിലുള്ള താത്പര്യമായി’ അവതരിപ്പിക്കപ്പെട്ടു. പീഡിപ്പിക്കപ്പെടുന്ന കുട്ടികളെ പറ്റിയോ അതവരില്‍ ഏല്പിക്കുന്ന മാനസികവും ശാരീരികവുമായ ആഘാതങ്ങളെ പറ്റിയോ കൗശലക്കാരായ ഇക്കൂട്ടര്‍ ഒരു വാക്കു പോലും മിണ്ടുന്നില്ലെന്നതും, അതേ സമയം കുട്ടികളുടെ ലൈംഗികതെയെ പറ്റി വാതോരാതെ സംസാരിക്കുന്നുവെന്നതും ശ്രദ്ധിക്കണം. കുട്ടികളെ ഏതുവിധം ദുരുപയോഗം ചെയ്താലും നിയമത്തിനു കാര്യമായി ഒന്നും ചെയ്യാനാവാത്ത, സമൂഹമനഃസാക്ഷിയുടെ മുന്നില്‍ കുറ്റക്കാരാവാത്ത വ്യവസ്ഥതി ഉണ്ടാക്കിയെടുക്കലാണ് ഇക്കൂട്ടരുടെ ആത്യന്തികമായ ലക്‌ഷ്യം. ‘കുട്ടികളുടെ ഭാഗത്തും തെറ്റുണ്ട്’ എന്ന ‘പരമ്പരാഗത-നിഷ്കളങ്ക-നാട്ടിന്‍പുറ’ വാദവും ഇവര്‍ക്കു കുട പിടിക്കുന്നു.
എങ്ങനെയാണ് ഈ കുല്‍സിത നീക്കത്തില്‍ നിന്ന് നമ്മുടെ കുട്ടികളെ നമുക്കു സംരക്ഷിക്കാനാവുക? ലോകത്തു പീഡോഫിലിയ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പലതുമുണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് അമേരിക്കയിലും യൂറോപ്പിലും.ഒരു കൊല്ലം മുന്‍പാണ് ശിശുപീഡകരായ പുരോഹിതരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു ലോസ് ആഞ്ചെലസില്‍ പള്ളിക്കു മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കപ്പെട്ടത്. ‘Perverted Justice’, ‘Predator Hunter’ തുടങ്ങി നിരവധി സംഘടനകളും പീഡോഫിലിയക്ക് എതിരായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ നിയമം കയ്യിലെടുക്കുന്നു മുതലായ ആരോപണങ്ങളും ഈ സംഘടനകള്‍ക്ക് എതിരായി ഉയര്‍ന്നു വന്നിട്ടുണ്ട്. മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ പീഡോഫിലിയ ഒരു തരം മാനസിക വൈകല്യമാണ്, ചികിത്സ ആവശ്യമുള്ള ഒന്ന്. ചികിത്സ കൊണ്ട് മാറുന്നില്ലെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷക്കായി ഇക്കൂട്ടരെ, പൊട്ടന്‍ഷ്യല്‍ പീഡോഫയല്‍സിനെ (potential paedophiles) ഉള്‍പ്പെടെ നിയമത്തിന്റെ വഴിയേ നിയമം അനുശാസിക്കുന്ന ഉയര്‍ന്ന ശിക്ഷകള്‍ക്കു തന്നെ വിധേയമാക്കണം. ശിക്ഷ അപര്യാപ്തമെങ്കില്‍ നിയമം മാറ്റി എഴുതപ്പെടണം. പൊട്ടന്‍ഷ്യല്‍ പീഡോഫയല്‍സിനെ കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുക എന്നത് തന്നെയാണ് സമൂഹത്തിന്റെയും ഭാവി തലമുറയുടെയും നന്മക്കു ഏറെ അനിവാര്യം. ഏതു അവസ്ഥയിലും കുട്ടികളുടെ അവകാശങ്ങള്‍, മുതിര്‍ന്നവരുടെ അവകാശങ്ങള്‍ക്കു (അത് മനുഷ്യാവകാശങ്ങള്‍ ആണെങ്കില്‍ പോലും) മുകളില്‍ തന്നെ നിലകൊള്ളേണ്ടതാണ്.
പീഡകരെയും അവരുടെ ‘അഭ്യുദയകാംക്ഷികളെയും’ നിയമത്തിന്‍റെ മുന്നിലെത്തിക്കാനുള്ള ശ്രമങ്ങളുമായി രാഷ്ട്രീയ/സാമൂഹിക പ്രവര്‍ത്തകര്‍ ഇതിനകം മുന്നോട്ടു പോയി എന്നത് പ്രതീക്ഷ പകരുന്നുണ്ട്. തിരുവനന്തപുരത്തു കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഐ. പി. ബിനു ഇതിനകം തന്നെ വിശദമായ പരാതി എസിപി ക്കു കൈമാറുകയും പോലീസ് അതിന്മേലുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. അന്വേഷണം നന്നായി തന്നെ മുന്നോട്ടു പോകുന്നുണ്ടെങ്കിലും മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഡിജിപി എന്നിവര്‍ക്കു നേരിട്ട് പരാതി നല്‍കി നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും അതിനുമപ്പുറം ഇനി ഇതുപോലുള്ള വന്യമായ കടന്നാക്രമണങ്ങളും ചൂഷണങ്ങളും ഉണ്ടാകാതെ ശ്രദ്ധിക്കുക എന്നതുമാണ് ലക്‌ഷ്യം വക്കുന്നത്. പതിനെട്ടു വയസ്സിനു മുകളില്‍ ഉള്ളവര്‍ ഉപയോഗിക്കുന്നുവെന്ന് ഫേസ്ബുക് പറയുമ്പോഴും പത്തുവയസ്സു മുതലുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണെന്നത് വസ്തുതയാണെന്നും, അതുകൊണ്ടു തന്നെ പീഡോഫിലിയ ന്യായീകരിക്കല്‍/ഐക്യപ്പെടല്‍/മഹത്വവത്കരിക്കല്‍ എന്നിവ കുട്ടികളെ വളരെ ദോഷകരമായി സ്വാധീനിക്കുമെന്ന വാക്കുകള്‍ ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ ഉല്‍ക്കണ്ഠ വ്യക്തമാക്കുന്നു. ശിശുപീഡകര്‍ക്കൊപ്പം ന്യായീകരണക്കാരെയും കുറ്റം ചെയ്യുന്നവരായി തന്നെ കണക്കാക്കും എന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലെ നിലപാട് ഏറെ പ്രതീക്ഷാജനകവും ശിശുപീഡനത്തിനു എതിരായ നിയമപരമായ മുന്നേറ്റങ്ങളെ ഏറെ ശക്തിപ്പെടുത്തുന്നതുമാണ്.
ഇത്തരത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായ ഇടപെടലുകള്‍ വഴി ശോഭനമായ വര്‍ത്തമാനവും ഭാവിയും കുഞ്ഞുങ്ങള്‍ക്കു നല്‍കാനും, കഴുകന്‍ കണ്ണുകള്‍ അവരുടെ മേല്‍ പതിക്കുന്നത് തടയാനും കഴിയുമെങ്കില്‍ അതിലും വലിയൊരു സാമൂഹിക പ്രതിബദ്ധത വരും തലമുറയ്ക്കായി നല്‍കാനില്ല. നമ്മുടെ കുഞ്ഞുങ്ങള്‍ പേടിയില്ലാതെയും കുഞ്ഞു ശരീരം അവര്‍ക്കൊരു ഭാരം ആകാതെയും വളരട്ടെ. അവരുടെ ബാല്യവും കൗമാരവും കളിചിരികള്‍ നിറഞ്ഞതാകണം. അതിനായി ചെന്നായ കൂട്ടം അവര്‍ക്കിടയില്‍ കടന്നു വരാതെ ശ്രദ്ധിക്കണം, നമുക്ക്.