G L Arun Gopi

മാനിഫെസ്റ്റോ വായിക്കുമ്പോൾ ..

174 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1848 ഫെബ്രുവരി 21 ന് മാര്‍ക്‌സും എംഗല്‍സും ചേര്‍ന്ന് രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചരിത്രത്തിന്റെ ഗതി ക്രമത്തെ മാറ്റിമറിക്കുന്നതില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ മഹത് ഗ്രന്ഥമാണ്. ' സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ ' എന്ന ഉജ്ജ്വലമായ ആഹ്വാനം നല്‍കിക്കൊണ്ട് വിപ്ലവകരമായ സാമൂഹിക മാറ്റത്തിന് വേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിന് കൃത്യമായ ലക്ഷ്യബോധവും ശക്തിയും പകര്‍ന്നു നല്‍കിയതില്‍ മാനിഫെസ്റ്റോയുടെ പങ്ക് ഇന്നും അമൂല്യമായി തുടരുന്നു. എല്ലാ ലോകഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ടതും ഏറ്റവും അധികം ജനങ്ങളാല്‍ വായിക്കപ്പെട്ട മതേതര കൃതിയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ദാര്‍ശനികവും പ്രത്യയശാസ്ത്രപരവുമായ അടിത്തറപാകിയ ലോകപ്രശസ്തമായ ഈ കൃതിയുടെ പ്രസിദ്ധീകരണ ദിനം red books day ആയി ഫെബ്രുവരി 21 ലോകം ആചരിക്കുകയാണ്.

G L Arun Gopi_1

1848 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി 2022ല്‍ വായിക്കപ്പെടുമ്പോഴും ഈ കാലത്തെ സമഗ്രമായി വിശകലനം ചെയ്യുന്നതിനും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രയോഗിക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും നിരന്തരമായ പ്രകാശമോ ഊര്‍ജ്ജം പ്രധാനം ചെയ്യുന്നു എന്നുള്ളത് തന്നെയാണ് ഈ കൃതിയുടെ പ്രത്യേകതയും. ശാസ്ത്രീയ സോഷ്യലിസത്തിന്റ അടിസ്ഥാന തത്വങ്ങളും കര്‍മ്മ പദ്ധതികളും സമാന്തര സിദ്ധാന്തങ്ങളെ കുറിച്ചുള്ള യുക്തിയുക്ത വിമര്‍ശനങ്ങളും അടങ്ങുന്ന ഈ കൃതി ഇത്രകാലം പിന്നിട്ടിട്ടുംലോക വിമോചന പോരാട്ടങ്ങളുടെ വഴികാട്ടിയായി  തുടരുന്നു.


അതുകൊണ്ടുകൂടിയാണ് സാമൂഹ്യ ശാസ്ത്രത്തില്‍ ഏറ്റവും കൂടുതല്‍ പഠിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഒന്നായും കമ്യൂണിസ്റ്റു മാനിഫെസ്റ്റോ മാറിയത്. ''കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ'' മാര്‍ക്‌സും എംഗള്‍സും തമ്മിലുള്ള ആശയങ്ങളുടെ സംയുക്ത ബുദ്ധി വികാസത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഗ്രന്ഥമാണ്. 1847ല്‍ 'കമ്മ്യൂണിസ്റ്റ് ലീഗ്' എന്ന പേരില്‍ ഒരു കൂട്ടം വിപ്ലവകാരികളുടെ യോഗംചേര്‍ന്ന് അതില്‍ ആയിടെ അംഗങ്ങളായ കാറല്‍ മാര്‍ക്‌സിനെയും ഫ്രഡറിക് എംഗല്‍സിനെയും ഒരു പ്രകടനപത്രിക തയ്യാറാക്കാന്‍ ചുമതലപ്പെടുത്തുന്നു അങ്ങനെയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പിറക്കുന്നത്. കമ്മ്യൂണിസത്തിന്റെ ലക്ഷ്യങ്ങളും പ്രസ്ഥാനത്തിന്റെ അടിസ്ഥാനപരമായ സിദ്ധാന്തവും വിശദീകരിക്കുന്ന ഗ്രന്ഥം സമത്വവും ജനാധിപത്യവും കൊണ്ട് സംഘടിപ്പിക്കപ്പെട്ട സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സംവിധാനങ്ങള്‍ക്കുള്ള ആഹ്വാനങ്ങള്‍ക്ക് പ്രചോദനവുമായി.

6PBbtj_web[1]


'യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു - കമ്മ്യൂണിസമെന്ന ഭൂതം. 'എന്ന് പ്രഖ്യാപിച്ചാണ് മാനിഫെസ്റ്റോ ആരംഭിക്കുന്നത്. യൂറോപ്യന്‍ ശക്തികള്‍ കമ്മ്യൂണിസത്തെ ഒരു ഭീഷണിയായി തിരിച്ചറിഞ്ഞു എന്ന് മാര്‍ക്‌സും എംഗല്‍സും മാനിഫെസ്റ്റോയില്‍ ചൂണ്ടിക്കാട്ടുന്നു. കമ്മ്യൂണിസത്തിന് അധികാരഘടനയെയും മുതലാളിത്തം എന്നറിയപ്പെടുന്ന സാമ്പത്തിക വ്യവസ്ഥയും മാറ്റാന്‍ കഴിയുമെന്ന് വിശ്വസിക്കുകയും അതുകൊണ്ടുതന്നെ ലീഗിന്റെ ആശയങ്ങളെയും കാഴ്ചപ്പാടുകളും പരസ്യമാക്കാനും തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനുമാണ് മാനിഫെസ്റ്റോ എഴുതിയത്. നാല് ഭാഗങ്ങളാണ് മാനിഫെസ്റ്റോ ചര്‍ച്ച ചെയ്യുന്നത്.

91zdHwFmpRL


ഭാഗം 1 ബൂര്‍ഷ്വാകളും തൊഴിലാളികളും

മാനിഫെസ്റ്റോ ആരംഭിക്കുന്നത് വര്‍ഗ്ഗവൈരുദ്ധ്യം എന്ന വിഷയത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ്. നാളിതുവരെ നിലനിന്നിരുന്ന എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗ്ഗ സമരങ്ങളുടെ ചരിത്രമാണ്. മര്‍ദ്ദകനും അടിച്ചമര്‍ത്തപ്പെട്ടവനും പരസ്പരം നിരന്തരം എതിര്‍ക്കുന്നതായും ചരിത്രത്തിലുടനീളം നാം കാണുന്നു. ഈ പോരാട്ടം ചിലപ്പോള്‍ മറഞ്ഞിരുന്നവാം മറ്റു ചിലപ്പോള്‍ തുറന്നതും. മുതലാളിത്തത്തിന് പരിണാമവും അതിന്റെ ഫലമായി ഉണ്ടായ ചൂഷണാധിഷ്ഠിതമായ വര്‍ഗ്ഗ ഘടനയെയും മാര്‍ക്‌സും ഏംഗല്‍സും പ്രതിപാദിക്കുന്നു. രാഷ്ട്രീയ വിപ്ലവങ്ങള്‍ ഫ്യൂഡലിസത്തിന്റെ അസമമായ ശ്രേണികളെ അട്ടിമറിച്ചപ്പോള്‍ അവരുടെ സ്ഥാനത്ത് ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗ്ഗവും ഉള്‍പ്പെട്ട പുതിയ വര്‍ഗ്ഗ വ്യവസ്ഥ ഉടലെടുത്തു. സമൂഹങ്ങള്‍ എല്ലായ്‌പ്പോഴും അടിച്ചമര്‍ത്തപ്പെട്ട ഭൂരിപക്ഷത്തിന്റെ രൂപമാണ്. ഭരണകൂടം സമ്പന്നര്‍ ശക്തമായ ന്യൂനപക്ഷത്തിന്റെ ലോക വീക്ഷണങ്ങളെയും താല്‍പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. അല്ലാതെ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റേതല്ല.

a220d1ca0fc6c6ba77d971c27e3a2e5c


തൊഴിലാളികള്‍ പരസ്പരം മത്സരിക്കാനും അവരുടെ അധ്വാനം മൂലധന ഉടമകള്‍ക്ക് വില്‍ക്കാനും നിര്‍ബന്ധിതരാകുമ്പോള്‍ സംഭവിക്കുന്ന ക്രൂരവും ചൂഷണാത്മകവുമായ യാഥാര്‍ത്ഥ്യത്തെ കുറിച്ചും ഈ ഭാഗം ചര്‍ച്ച ചെയ്യുന്നു. മുതലാളിത്ത വ്യവസ്ഥ വളരുകയും വികസിക്കുകയും ചെയ്യുമ്പോള്‍ അതിന്റെ രീതികളും ഉല്‍പാദന ബന്ധങ്ങളിലും ഉടമസ്ഥാവകാശവും അതിനുള്ളില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നു. ഇന്നത്തെ മുതലാളിത്ത സമ്പത്ത് വ്യവസ്ഥയുടെ ആഗോള തലവും വരേണ്യ വര്‍ഗ്ഗത്തിനിടയിലെ സമ്പത്തിന്റെ കേന്ദ്രീകരണവും 174 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള നിരീക്ഷണങ്ങള്‍ കൃത്യമാണെന്ന് നമുക്ക് കാണിച്ചു തരുന്നു. മുതലാളിത്തം ഒരു വ്യാപകമായ സാമ്പത്തിക വ്യവസ്ഥയാണെങ്കിലും അത് പരാജയത്തിന് ആയി രൂപകല്‍പ്പന ചെയ്തതാണെന്ന് മാര്‍ക്‌സും എംഗല്‍സും വാദിക്കുന്നു. കാരണം ഉടമസ്ഥതയും സമ്പത്തും കേന്ദ്രീകരിക്കുന്നതിനനുസരിച്ച് കാലക്രമേണ തൊഴിലാളികളുടെ ചൂഷണ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും കലാപത്തിന്റെ വിത്ത് പാകുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ആ കലാപത്തിന് ആരംഭം കുറിക്കുന്നുവെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയം അതിന്റെ സൂചന ആണെന്നും പറഞ്ഞാണ് ആദ്യഭാഗം അവസാനിപ്പിക്കുന്നത്.


ഭാഗം 2 തൊഴിലാളി വര്‍ഗ്ഗങ്ങളും കമ്മ്യൂണിസ്റ്റ്കളും

കമ്മ്യൂണിസ്റ്റുകാര്‍ക്കും തൊഴിലാളിവര്‍ഗവുമായുള്ള ബന്ധത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമൂഹത്തിന് ആഗ്രഹിക്കുന്നതെന്നും ഈ ഭാഗത്ത് മാര്‍ക്‌സും എംഗല്‍സും വിശദീകരിക്കുന്നു. തൊഴിലാളിവര്‍ഗ്ഗത്തെ ഒരു വര്‍ഗ്ഗമായി രൂപപ്പെടുത്തുക, ബൂര്‍ഷ്വാ മേധാവിത്വത്തെ അട്ടിമറിക്കുക, തൊഴിലാളിവര്‍ഗ്ഗം രാഷ്ട്രീയ അധികാരം കീഴടക്കുക, എന്നിവയാണ് കമ്മ്യൂണിസ്റ്റുകളുടെ അടിയന്തര ലക്ഷ്യം. മാര്‍ക്‌സും ഏംഗല്‍സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 10 ലക്ഷ്യങ്ങള്‍ പ്രതിപാദിക്കുന്നു.

1)ഭൂമിയിലെ സ്വകാര്യസ്വത്ത് ഇല്ലാതാക്കുകയും ഭൂമിയില്‍നിന്ന് പാട്ടമായി കിട്ടുന്ന വരുമാനം എല്ലാം പൊതു ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയും ചെയ്യുക.

2) അനുക്രമം വര്‍ദ്ധിച്ചുവരുന്ന കനത്ത ആദായനികുതി.
3) എല്ലാ പിന്തുടര്‍ച്ച അവകാശങ്ങളും റദ്ദാക്കുക.
4) അന്യരാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്നവരുടെയും എതിര്‍ത്തു നില്‍ക്കുന്നവരുടെയും സ്വത്തു കണ്ടുകെട്ടുക.
5) സ്റ്റേറ്റിന്റെ മൂലധനത്തോടുകൂടിയതും അതിന്റെ പൂര്‍ണ്ണമായ കുത്തകയിന്‍ കീഴില്‍ ഉള്ളതുമായ ഒരു ദേശീയ ബാങ്ക് മുഖേന പണമിടപാടുകള്‍ സ്റ്റേറ്റിന്റെ കയ്യില്‍ കേന്ദ്രീകരിക്കുക
6) ഗതാഗതത്തെയും വാര്‍ത്താവിനിമയത്തിന്റെയും ഉപാധികള്‍ സ്റ്റേറ്റിന്റെ കയ്യില്‍ കേന്ദ്രീകരിക്കുക.
7) സ്റ്റേറ്റുടമയിലുള്ള ഫാക്ടറികളും ഉല്‍പ്പാദന ഉപകരണങ്ങളും വിപുലീകരിക്കുക. ഒരു പൊതു പദ്ധതിയനുസരിച്ച് തരിശുനിലങ്ങള്‍ കൃഷിക്ക് ഉപയോഗപ്പെടുത്തുകയും പൊതുവില്‍ മണ്ണിന്റെ ഗുണം വര്‍ധിപ്പിക്കുകയും ചെയ്യുക.
8) പണിയെടുക്കാന്‍ എല്ലാവര്‍ക്കും തുല്യമായ ബാദ്ധ്യത. വ്യാവസായിക ഉല്‍പാദനത്തിനും വിശേഷിച്ചും കൃഷിക്കും തൊഴില്‍പ്പടകള്‍ ഏര്‍പ്പെടുത്തുക.
9) കാര്‍ഷിക ഉല്‍പ്പാദനത്തെ വ്യാവസായിക ഉത്പാദനമായി കൂട്ടിയിണക്കുക. രാജ്യത്തിലെ ജനസംഖ്യ വിതരണം കുറേക്കൂടി സമീകരിച്ചിട്ട് നാടും നഗരവും തമ്മിലുള്ള വ്യത്യാസം ക്രമേണ ഇല്ലാതാക്കുക.
10) പൊതുവിദ്യാലയങ്ങളില്‍ എല്ലാ കുട്ടികള്‍ക്കും സൗജന്യമായി വിദ്യാഭ്യാസം നല്‍കുക. ഇന്നത്തെ രൂപത്തില്‍ കുട്ടികളെക്കൊണ്ട് ഫാക്ടറിയില്‍ പണിയെടുപ്പിക്കുന്നത് നിര്‍ത്തുക. വ്യാവസായ ഉല്‍പ്പാദനവും വിദ്യാഭ്യാസവും കൂട്ടിയിണക്കുക മുതലായവ.

വിപ്ലവം എങ്ങനെയായിരിക്കുമെന്ന് പ്രതിപാദിക്കുന്ന ഒരു ഭാഗം കൂടിയാണിത്. തൊഴിലാളികള്‍ ഭരണാധികാരികള്‍ ആകുന്നു സ്വകാര്യസ്വത്ത് ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്നു. മാനിഫെസ്റ്റോ ചരിത്രപരമായ ഒരു പ്രക്രിയയെ വിവരിക്കാന്‍ ശ്രമിക്കുന്നതും പ്രത്യേക രീതികളും ലക്ഷ്യങ്ങളും വാദിക്കുന്ന സന്ദര്‍ഭങ്ങളും പരിഗണിക്കേണ്ടത് പ്രധാനമാണ്.

download


ഭാഗം 3, സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് സാഹിത്യം

മാനിഫെസ്റ്റോയുടെ മൂന്നാം ഭാഗത്ത് സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് സാഹിത്യത്തിലെ മൂന്ന് വിഭാഗങ്ങളെ അവതരിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു.


1. പ്രതിലോമ സോഷ്യലിസം അല്ലെങ്കില്‍ പിന്തിരിപ്പന്‍ സോഷ്യലിസം
2. യാഥാസ്ഥിതിക അല്ലെങ്കില്‍ ബൂര്‍ഷ്വാ സോഷ്യലിസം.
3. വിമര്‍ശനാത്മക ഉട്ടോപ്യന്‍ സോഷ്യലിസം അല്ലെങ്കില്‍ കമ്മ്യൂണിസം

പ്രതിലോമ സോഷ്യലിസ്റ്റുകളില്‍ ഫ്യൂഡല്‍ സോഷ്യലിസ്റ്റുകള്‍ പെറ്റി ബൂര്‍ഷ്വാ സോഷ്യലിസ്റ്റുകള്‍ ജര്‍മന്‍ അല്ലെങ്കില്‍ സത്യ സോഷ്യലിസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ ഗ്രൂപ്പുകള്‍ എല്ലാം ബൂര്‍ഷ്വാസിയുടെയും ആധുനിക വ്യവസായത്തിന്റെ ഉയര്‍ച്ചക്കെതിരെ പോരാടുന്നു. ആദ്യ തരം ഫ്യൂഡല്‍ ഘടനയിലേക്ക് മടങ്ങാനോ അല്ലെങ്കില്‍ നിലവിലെ സ്ഥിതികള്‍ നിലനിര്‍ത്തുവാനോ പരിശ്രമിക്കുന്നവരാണ് അവര്‍. ഈ തരം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യങ്ങള്‍ക്ക് എതിരാണ്. യാഥാസ്ഥിതിക അല്ലെങ്കില്‍ ബൂര്‍ഷ്വാ സോഷ്യലിസം ഉടലെടുക്കുന്നത് ബൂര്‍ഷ്വാസിയിലെ അംഗങ്ങളില്‍ നിന്നാണ്. വ്യവസ്ഥയെ അതേപടി നിലനിര്‍ത്താന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചില പരാതികള്‍ പരിഹരിക്കേണ്ടതുണ്ട്. സാമ്പത്തിക വിദഗ്ധര്‍ മനുഷ്യസ്‌നേഹികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ മറ്റ് നന്മകള്‍ ചെയ്യുന്നവര്‍ എന്നിവരും ഈ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് മാറ്റത്തിന് പകരം നിലവിലെ വ്യവസ്ഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നു.

af027bfb4d02c094fa04a683c159c1b8


അവസാനമായി വിമര്‍ശനാത്മക ഉട്ടോപ്യന്‍ സോഷ്യലിസം അല്ലെങ്കില്‍ കമ്മ്യൂണിസം. സ്വന്തം ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആദ്യ ശ്രമങ്ങളില്‍ നിന്നാണ് ഈ ഉപവിഭാഗം രൂപംകൊണ്ടത്. വര്‍ഗ്ഗത്തെയും സാമൂഹികഘടനയുടെയും യഥാര്‍ത്ഥ വിമര്‍ശകരാണ്. നിലവിലുള്ള സമൂഹത്തിന്റെ എല്ലാ തത്വങ്ങളുടെയും കടന്നാക്രമിക്കുന്നു. നിലവിലുള്ള സമൂഹത്തെ നവീകരിക്കാന്‍ പോരാടുന്നതിന് പകരം പുതിയതും വേറിട്ടതുമായ സമൂഹങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം എന്ന് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ കൂട്ടായ സമരത്തെ എതിര്‍ക്കുന്നു.


ഭാഗം 4 : നിലവിലുള്ള വിവിധ പ്രതിപക്ഷ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ കമ്മ്യൂണിസ്റ്റുകളുടെ നിലപാട്

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ യുടെ അവസാന ഭാഗത്തില്‍ നിലവിലുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ ക്രമത്തെ വെല്ലുവിളിക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പിന്തുണയ്ക്കുമെന്ന് മാര്‍ക്‌സും എംഗല്‍സും ചൂണ്ടിക്കാട്ടുന്നു. തൊഴിലാളി ഒന്നിച്ചു വരാനുള്ള ആഹ്വാനത്തോടെ കൂടിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവസാനിക്കുന്നത്.'കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ ഓര്‍ത്ത് ഭരണാധികാരി വര്‍ഗ്ഗങ്ങള്‍ കിടിലം കൊള്ളട്ടെ. തൊഴിലാളികള്‍ക്ക് സ്വന്തം ചങ്ങല കെട്ടുകള്‍ അല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല അവര്‍ക്ക് നേടാനും ഒരു ലോകമുണ്ടുതാനും'''സര്‍വ്വ രാജ്യ തൊഴിലാളികളെ ഏകോപിക്കുവിന്‍''. കാലത്തിനനുസൃതമായ പ്രയോഗത്തിന് പുതിയ വെളിച്ചം നല്‍കുന്ന വായനയാണ് മാക്‌സും എംഗല്‍സും മാനിഫെസ്റ്റോയും ആവശ്യപ്പെടുന്നത്.