Dinesan Varikkoli

അങ്ങിനെ ഒരു ദിനത്തില്‍
എനിക്കുറപ്പുണ്ട്
ഇന്ന് കാണുന്നതുപോലൊന്നുമാകില്ല
ചിത്രങ്ങള്‍ എല്ലാം
മാറും
എങ്ങുനിന്നോ ഒരു വണ്ടി പാഞ്ഞുവരും
നമ്മെ ഇടിച്ചു തെറിപ്പിച്ചു കടന്നുപോകും
ഒരു തെരുവ് പട്ടിയോടെന്നപോലുള്ള
സഹതാപം മുഖത്ത് തെളിയും
ഇതൊക്കെ ഇവിടെ സ്വാഭാവികം
എന്ന് പറഞ്ഞുകൊണ്ട് തന്നെ ഓരോരുത്തരും
അവരവരുടെ തിരക്കുകളിലേക്ക്
നടന്നുപോകും.

എനിക്കറിയാം
ഇന്ന് കണ്ട നീയായിരിക്കില്ല
ഇനി കാണുന്ന,
കാണാനിരിക്കുന്ന
നിങ്ങള്‍.
നിങ്ങളുടെയുള്ളില്‍
നിറയെ
നിങ്ങള്‍ വീര്‍പ്പിച്ചുവിട്ട ബലൂണുകളാവും
അവയൊക്കെ ബോംബുകളാവില്ലെന്നും
അവ എന്നിലേയ്ക്കൊ നിന്നിലേയ്‌ക്കോ
ചീറിയടുക്കില്ലെന്നും ആരറിയുന്നു?

ഇതേ തെരുവില്‍
കല്ലെറിയപ്പെടുന്നവരില്‍
ഞാനോ നീയോ ഒരാളാവും.
ആശയങ്ങള്‍ തമ്മില്‍
നീയും ഞാനും തമ്മില്‍
വക്കായും
പിന്നെ വാക്കുതര്‍ക്കമായും
നിങ്ങളില്‍ നിങ്ങള്‍ കൂര്‍പ്പിച്ചു നിര്‍ത്തിയ വാക്കുകള്‍
വന്ന് എന്നിലൊ നിന്നിലോ തറിക്കും
നമ്മളിലൊരാള്‍
മരണപ്പെടും.

നാളെ
എന്റെ മരണം
മറ്റെന്നാള്‍ നീ.

ഞാന്‍
മരിക്കുന്നതിലുള്ള
സങ്കടമാവില്ല
അപ്പോഴും
നിന്നെയൊര്‍ത്താവും
എന്റെ
സങ്കടങ്ങള്‍ മുഴുവനും.

പിന്നെ നമുക്ക്
അപ്പുറവുമിപ്പുറവുമിരുന്ന്
വരാനിരിക്കുന്ന
മരണത്തെക്കുറിച്ചും
ഇനി വരാന്‍ പാടില്ലാത്തതും
പാടുള്ളതുമായ കാര്യങ്ങളെക്കുറിച്ചും
അല്‍പനേരം
മൗനമായിരിക്കണം.
അങ്ങിനെയെങ്കിലും
നമുക്ക് നമ്മോട്
നീതി
പുലര്‍ത്തണം.
അല്ലാതെ
എന്തനീതിയാണ്
നമ്മോട് നമുക്കിനി
ചെയ്യാനാവുക?