കേരള സമൂഹത്തെയാകെ പിടിച്ച് കുലുക്കിയ സൂര്യനെല്ലി കേസിലെ സുപ്രീം കോടതി വിധി, നീതി നിഷേധത്തിനെതിരെ ഒരു പെണ്‍കുട്ടിയും അവളുടെ കുടുംബവും നടത്തിവന്ന പോരാട്ടത്തിനു ഒരു പ്രതീക്ഷ നല്‍കുന്നതായി. 16 വയസ്സ് പോലും തികഞ്ഞിട്ടില്ലാത്ത പ്രായത്തില്‍ പ്രണയം നടിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ പെണ്‍കുട്ടിയെ കാഴ്ച വെച്ചതിനെ, അത് പെണ്‍കുട്ടിയുടെ സമ്മതപ്രകാരം ആയിരുന്നു എന്ന് വരുത്തി തീര്‍ത്താണ് ഹൈക്കോടതിയിലെ കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചത് . സമൂഹത്തിന്‍റെ അടിത്തട്ടിലുള്ളവര്‍ മുതല്‍ ജനാധിപത്യ ഭാരതത്തിലെ പരമോന്നത സ്ഥാനം വഹിക്കുന്നവര്‍ പോലും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു പ്രധാന സവിശേഷത. സ്ത്രീകള്‍ക്കെതിരായ അതിക്ക്രമങ്ങള്‍ക്കെതിരെ സുപ്രീംകോടതി വിവിധ വിധികളിലൂടെ ശക്തമായ സന്ദേശമുയര്‍ത്തുബോഴും രാജ്യത്താകമാനം സ്ത്രീകളും കുട്ടികളും അതിക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ് . ദില്ലിയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂര ചൂഷണത്തിനു വിധേയമാക്കിയ നരാധാമന്റെ നിഷ് ട്ടൂരതയാണ് അധ്യായത്തില്‍ അവസാനത്തേത്
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായ മാനദണ്ഡം 16 വയസായി കുറക്കാന്‍ എന്ത് ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കല്‍ തീരുമാനമെടുത്തത് ? നീതിപൂര്‍വ്വകമാല്ലാത്ത ഇത്തരം തീരുമാനങ്ങള്‍ സവിശേഷ ചര്‍ച്ചയും തുടര്‍ സംവാദങ്ങളും ആവശ്യപ്പെടുന്നു. ഈ ഒരു തീരുമാനം കാരണം , യഥാര്‍ഥത്തില്‍ എല്ലാ പീഡനങ്ങളും ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നു എന്ന് വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യതയായിരുന്നു തെളിഞ്ഞു വന്നത്. പൊതുവില്‍ വിവിധ ചൂഷണ ക്കേസുകള്‍ പരിശോധിച്ചാല്‍ 14-15 വയസ്സുള്ള പെണ്‍കുട്ടികളെ പ്രണയത്തിന്‍റെ പേരില്‍ വശത്താക്കി കാശിനു വേണ്ടി കാഴ്ചവെക്കപ്പെടുന്നതായി കാണാന്‍ കഴിയും. എന്ത് കൊണ്ടാണ് ഈ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ മാത്രം വേട്ടക്കാരുടെ ഇരകളാകപ്പെടുന്നത് ? ഉത്തര സൂചിക കൌമാരക്കാരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളിലേക്കു നീളുന്നു . കുട്ടിത്തം വിട്ടു മുതിര്‍ന്ന ഘട്ടത്തിലേക്കുള്ള പ്രയാണത്തിന്‍റെ വികാസകാലഘട്ടമാണ് കൌമാരം. 12 മുതല്‍ 18 വയസ്സ് വരെയുള്ളവരെയാണ് ശാസ്ത്രീയമായി കൌമാരക്കാരുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നത്. ഈ ഒരു ഘട്ടത്തില്‍ അവര്‍ സാമൂഹ്യ-വൈകാരിക-വിദ്യാഭ്യാസ- ലൈംഗിക തലങ്ങളില്‍ വ്യത്യസ്തങ്ങളായ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുകയും തരണം ചെയ്യുകയും ചെയ്യുന്നു.
സാമ്പത്തികവും ലൈംഗികവുമായ സൗകര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ വിദഗ്ദ്ധരായ കാമുകന്മാര്‍ ഈ പ്രായത്തിലുള്ള പെണ്‍കുട്ടികളെ പ്രലോഭിച്ച് ഇംഗിതം നടപ്പിലാക്കുന്നു . അത്തരം കേസുകള്‍ കോടതിക്ക് മുന്‍പില്‍ എത്തുമ്പോഴോ ? പെണ്‍കുട്ടി വഴിപിഴച്ചവളാണെന്ന് വരുത്തിതീര്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ മിടുക്കരായ അഭിഭാഷകര്‍ മത്സരിക്കുന്നു. കൌമാരകാലത്തെ ഇത്തരം പ്രവണതകള്‍ പക്ഷെ എല്ലാവരിലും സംഭവിക്കാവുന്ന ഒന്നാണ്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുന്നവര്‍ എല്ലാം മോശക്കാരും അല്ലാത്തവരെല്ലാം നല്ലവരും എന്ന സിദ്ധാന്തത്തിന് ഒരുനിലയിലും സാധുതകളില്ല. കൌമാരത്തിന്‍റെ അവസാനഘട്ടത്തില്‍ എത്തുമ്പോഴേക്കും ബുദ്ധിപരമായി വികാസമുള്ള യുവതയായി അവര്‍ മാറുന്നു. ഈ ഒരു സാഹചര്യത്തില്‍ 16 വയസ്സുള്ള ഒരു പെണ്‍കുട്ടി നല്‍കുന്ന സമ്മതത്തിനു എന്ത് വിലയാണുള്ളത്? ഇന്ത്യന്‍ ഭരണഘടപ്പ്രകാരം പെണ്‍കുട്ടിയുടെ വിവാഹപ്രായം 18 വയസ്സാണ്. അപ്പോള്‍ 16 വയസ്സില്‍ സമ്മത ലൈംഗികതയാകാം എന്ന നിയമം നിലനിന്നിരുന്നുവെങ്കില്‍ വേട്ടക്കാര്‍ക്ക് ഇരപിടിത്തം നിയമസംവിധാനങ്ങളുടെ കാര്‍മ്മികത്വത്തില്‍ തന്നെ സുഗമമായി നടത്താം എന്നതാകുന്നു . ബന്ധപ്പെട്ട വിഷയത്തിലെ പുനര്‍വിചിന്തനങ്ങള്‍ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ അഭിമാനം നിയമപരമായെങ്കിലും സംരക്ഷിക്കപ്പെടുന്ന ഒന്നായെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നതിനാകും .