Renitha Raveendran

വാര്‍ത്തകള്‍ മാത്രം

ഓര്‍ക്കുന്നുവോ ഈ ചിത്രം

ഇതിനു മുന്‍പെവിടെയെങ്കിലും കണ്ടതായി?

വെളുത്തു വിളറിയ

ചെമ്പിച്ച മുടിയുള്ള

ഭീതി നിറഞ്ഞ, നിഷ്കളങ്കത മുറ്റിയ

നീലക്കണ്ണുകളുള്ള

കോലന്‍ മുടിക്കാരന്‍ ?

നിരത്തിയടുക്കിയ

ചലനമറ്റ ശരീരങ്ങള്‍ക്കിടയില്‍

എല്ലിച്ച കാലുകള്‍ വേച്ചു വേച്ചവര്‍

തേടിയതാരെയായിരുന്നിരിക്കാം

കണ്ടിരിക്കാമീച്ചിത്രം പലവുരു

കണ്ണില്‍ ചിത്രശലഭങ്ങള്‍ പോലെ മിന്നി മറയുന്ന

പ്രൈം ടൈം ന്യൂസ് കാപ്സ്യൂളുകള്‍ക്കിടയില്‍

അല്ലെങ്കില്‍ ,

പഴംപൊരി ചുരുട്ടിപ്പൊതിഞ്ഞ കടലാസിന്റെ

എണ്ണ പറ്റി, അവ്യക്തമായിത്തുടങ്ങിയ

അക്ഷരക്കൂട്ടങ്ങള്‍ക്കിടയില്‍

മങ്ങാതെ ഇനിയും കൂട്ടാക്കാതെ

അള്ളിപ്പിടിച്ചു,

കണ്ടിരിക്കാമീച്ചിത്രം പലവുരു

ഗാസ്സയായിരുന്നോ, ഇറാഖായിരുന്നോ

അതോ സിറിയയോ

ഓര്‍ത്തു നോക്കിയേ,

അവന്റെ മുടി കോലനായിരുന്നോ

അതോ,

തൊണ്ട് തല്ലിത്തിരിഞ്ഞു വന്ന

ചകിരിനാരു പോലത്

തലയോട് പറ്റി ചേര്‍ന്ന് കിടന്നിരുന്നോ?

അവന്റെ നിറം അഞ്ജനം പോലെ കറുത്തിരുന്നോ?

മെലിഞ്ഞുണങ്ങി എല്ലുന്തിയ

ആ ദേഹത്തിലയഞ്ഞു കിടന്ന

കുപ്പായം, ആ കണ്ണുകളിലെ ദൈന്യത

അപ്പോള്‍ , നമ്മുടെ കണ്ണുകള്‍ നനഞ്ഞതോര്‍ക്കുന്നോ?

കത്തിയെരിയുന്ന ടയര്‍ക്കൂമ്പാരങ്ങള്‍ക്കിടയില്‍

ചിന്നിച്ചിതറിയ തലച്ചോറുകള്‍ക്കിടയില്‍

തകര്‍ന്നിടിഞ്ഞ ഇഷ്ടിക ഭിത്തികള്‍ക്കിടയില്‍

അവനും ആരെയൊക്കെയോ തേടുകയായിരുന്നു

അത് സുഡാനായിരുന്നോ, അതോ എത്യോപ്യയോ?

ഓര്‍ക്കാനിടയില്ല..

നമ്മളപ്പോഴേക്കും ടി വി അണച്ച് കഴിഞ്ഞിരുന്നു

പഴംപൊരി കുടലിലെത്തിക്കഴിഞ്ഞിരുന്നതിനാല്‍

ആ പേപ്പര്‍ തുണ്ട് ചുരുട്ടിയും കളഞ്ഞിരുന്നു