ആരോഗ്യം , വിദ്യാഭ്യാസം തുടങ്ങി മനുഷ്യ വികസന സൂചികകളുടെ (Human Development Index) അളവുകളിലെല്ലാം സാമൂഹ്യ പുരോഗതിയുടെ മികവുകള്‍ പ്രകടിപ്പിക്കുന്ന കേരളം സ്ത്രീസുരക്ഷയുടെ മേഖലയില്‍ ഗത്യന്തരമില്ലാത്തവിധം ദുര്‍ബലപ്പെടുകയാണ്. ബലാത്സംഗം, പീഢനങ്ങള്‍, തട്ടിക്കൊണ്ടു പോകല്‍, പൂവാലശല്യം, സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങള്‍, ഭര്‍ത്താവ് – ബന്ധുക്കള്‍ എന്നിവരില്‍ നിന്നും നേരിടേണ്ടിവരുന്ന ക്രൂരത തുടങ്ങി സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ സംസ്ഥാനം റെക്കോര്‍ഡു വേഗതയിലാണ്.
സംസ്ഥാന പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2015 ല്‍ 1263 ബലാത്സംഗങ്ങളുള്‍പ്പെടെ വിവിധ വകുപ്പുകളിലായി 12383 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് . ബലാത്സംഗക്കേസുകള്‍ 2014 ല്‍ 1283 ഉം , 2013 ല്‍ 1221 ഉം , 2012 ല്‍ 1019 ഉം, 2011 ല്‍ 1132 ഉം , 2010 ല്‍ 617 എണ്ണവുമാണ് രേഖപ്പെടുത്തപ്പെട്ടത് . ആറുവര്‍ഷക്കാലയളവിനുള്ളില്‍ സംസ്ഥാനത്ത് 6535 ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
സ്ത്രീശാക്തീകരണം, ലിംഗനീതി, സ്ത്രീപദവി തുടങ്ങി തുല്യത്യ്ക്കായുള്ള ഭരണകൂടത്തിന്റെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും വിവിധയിനം എന്‍.ജി .ഓ കളുടേയും നേതൃത്വങ്ങളിലെ പരിശ്രമങ്ങള്‍ ഇടമുറിയാതെ തുടരുകയും പദ്ധതിച്ചിലവിലെ ഗണ്യമാം സംഖ്യ പ്രസ്തുതമേഖലയ്ക്കായി വകയിരുത്തപ്പെടുകയും ചിലവിടുകയും ചെയ്തിട്ടുമടക്കം കേരളം രാജ്യത്തിന്റെ റേപ്പ് ക്യാപിറ്റലാകുന്നതിനുള്ള കനത്ത മത്സരത്തിലാണ്.
ജിഷ
അതീവ ഗൗരവതരവും സങ്കീര്‍ണ്ണവുമായ പ്രസ്തുത സാഹചര്യത്തിലാണ് പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷ ബലാത്സംഗത്തിനു വിധേയയായി അതിക്രൂരമാംവിധം കൊല ചെയ്യപ്പെട്ടിരിക്കുന്നത്. കേട്ടുകേള്‍വിപോലും ഇല്ലാത്ത വിധം കൃത്യം നടന്നതിന്റെ തൊട്ടടുത്ത ദിവസം പോസ്റ്റ്മോര്‍ട്ടം നടത്തി അതേ രാത്രിതന്നെ മൃതദേഹം ദഹിപ്പിച്ചുകളഞ്ഞിരിക്കുന്നു. കുറ്റകൃത്യം നടന്ന സ്ഥലം ബന്ധവസിലാക്കി സംരക്ഷിക്കുന്നതില്‍ വീഴ്ച്ച വന്നതോടെ ശാസ്ത്രീയമായ തെളിവുശേഖരണത്തിനുള്ള വഴികള്‍ പൂര്‍ണമായും നഷ്ടമായിരിക്കുന്നു.
ബീഭത്സമായ മൃതശരീരം പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടതിനു പകരം വീഡിയോ ചിത്രീകരണം പോലും ഉറപ്പു വരുത്താതെ ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിയാല്‍ ബന്ധപ്പെട്ടത് പൂര്‍ത്തീകരിക്കുകയായിരുന്നു. അനുബന്ധമെന്നോണം സംസ്ഥാനമൊട്ടാകെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ നിരവധിയായ കടന്നാക്രണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.
പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റ്
പ്രായഭേദമെന്യേ ഓരോ ആണിലും ഒരു പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റിനെ ഭയത്തോടെ നോക്കിക്കാണുന്ന മാനസികാവസ്ഥയിലേയ്ക്ക് കേരളീയ സ്ത്രീമനസ്സ് എത്തപ്പെടുന്നുവെന്നനിലയിലെ നിരീക്ഷണങ്ങളില്‍ അതിശയോക്തി ആരോപിയ്ക്കാമെങ്കിലും അനുദിനം അനുഭവങ്ങളിലൂടെ വളരുന്ന അരക്ഷിതാവസ്ഥയുടെ സാമൂഹ്യവും രാഷ്ട്രീയവും മാനസികവും സാമ്പത്തികവുമായ മാനങ്ങളെ എല്ലാത്തരം പ്രബുദ്ധ നാട്യങ്ങളും അഴിച്ചുവെച്ച് സ്വയംവിമര്‍ശനപരമായി ചര്‍ച്ചചെയ്ത് കൂട്ടായി തിരുത്തല്‍ സംഘടിപ്പിയ്ക്കാന്‍ ആധുനിക മലയാളി ഉറപ്പായും സ്വയംസന്നദ്ധമാകേണ്ടി വരും. അതല്ലെങ്കില്‍ സുരക്ഷിതത്വത്തിന്റെ ആസ്ഥാനങ്ങളെന്ന നിലയില്‍ കരുതിപ്പോരുന്ന ‘അടച്ചുറപ്പുള്ള’ വീടുകള്‍ക്കുള്ളിലടക്കം പ്രായഭേദമെന്യേ സ്ത്രീകള്‍ അതിക്ക്രമങ്ങള്‍ക്കിരയാകുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും.
ആണുങ്ങള്‍ ആണുങ്ങളെ
ആണുങ്ങള്‍ ആണുങ്ങളെത്തന്നെ ബലാത്സംഗം ചെയ്യുകയും നിഷ്ഠൂരം കൊലചെയ്ത് ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന കാലം അതിശയോക്തിയല്ല. അപ്പോള്‍ മുതല്‍ അവരാല്‍ അവര്‍ക്കുവേണ്ടി നിര്‍മ്മിതമായ നിയന്ത്രണോപാധികള്‍ മനുഷ്യവകാശങ്ങളെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും നിലവിളിച്ചു തുടങ്ങും. അവിടെയും ഭരണകൂടവും മതങ്ങളും ഉള്ളവന്റെ പക്ഷം ചേരും. അപ്പോഴും ആണിരയുടെ ദുര്‍നടപ്പിനെക്കുറിച്ചും ആശയവിനിമയങ്ങളിലെ നിഗൂഢതകളെക്കുറിച്ചും ഉറപ്പായും ‘ഗവേഷണങ്ങളുയര്‍ന്നുവരും. അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ യഥേഷ്ടം ഉണ്ടാകും.
വേട്ടയാടപ്പെട്ടവരുടെ ജാതി
ബലാത്സംഗം – കൊലപാതകം വിശേഷിച്ച് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരായി പൊതുസമൂഹം ഒറ്റക്കെട്ടായി ജാഗരൂപരാകുന്ന അനുഭവമാണ് കേരളത്തിന്റേത്. ആക്ക്രമിക്കപ്പെട്ട മനുഷ്യരുടെ മതം / നിറം / ജാതി (അത്തരം പ്രതിനിധാനങ്ങള്‍ ഉണ്ടെങ്കില്‍) ഇവയൊന്നും ഒരുനിലയിലും പിന്തുണയ്ക്കും പ്രതിരോധത്തിനുമുള്ള മാനദണ്ഡങ്ങളാകാറുമില്ല.
ജിഷയുടേതടക്കമുള്ളവ , മാനവികതക്കെതിരായ കടന്നുകയറ്റമല്ലാതെ മറ്റൊന്നുമല്ല. ഇതില്‍പ്പോലും കനത്ത ‘സ്വത്വം’ അനുഭവിച്ച് അതില്‍ പാരിലസിച്ച് ഉന്മാദിക്കുന്ന ചില അഭിനവ സ്വത്വവാദിസ്റ്റുകളുണ്ട്. നഷ്ടപ്പെട്ട ജീവനെ കള്ളികളില്‍ നിറച്ച് വീണ്ടും പീഢനത്തിനു വിധേയരാക്കുന്ന കലക്കവെള്ളത്തിലെ ഇത്തരം മീന്‍പിടുത്തക്കാരെ ജാഗ്രതയോടെ കാണേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് ബഹിഷ്ക്കരണം; സഹായിക്കുന്നത് ആരെ
ജിഷയടക്കം ബലാല്‍ക്കാരത്തിനും കൊലപാതകത്തിനും വിധേയരായ എല്ലാ മനുഷ്യരുടേയും ഘാതകരെ അറസ്റ്റു ചെയ്ത് ‘ഉചിതമാംവിധം’ ശിക്ഷക്കു വിധേയമാക്കുന്നതിനോടൊപ്പം വീഴ്ച്ചയില്ലാത്തവിധം സ്ത്രീ സുരക്ഷയും ഉറപ്പാക്കപ്പെടേണ്ടതുണ്ട്. അതിനാവശ്യമായ ഇടപെടലുകളാണ് കക്ഷിരാഷ്ട്രീയ ഭേദമെന്യേ കേരളമാകെ സംഘടിപ്പിക്കപ്പെടുന്നത്. പ്രതിഷേധങ്ങളുടെ ഭാഗമായി തിരഞ്ഞെടുപ്പ് / സമ്മതിദാനാവകാശം തന്നെ ബഹിഷ്ക്കരിക്കണമെന്ന നിലയിലെ തികച്ചും ജനാധിപത്യവിരുദ്ധവും അരാഷ്ട്രീയവുമായ ചര്‍ച്ചകള്‍ വ്യക്ത്യാധിഷ്ഠിതമായ നിലയില്‍ ഉയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങളുണ്ട്.
വ്യവസ്ഥിതിക്കെതിരായ പോരാട്ടങ്ങളിലൂടെ ലിംഗഭേദമെന്യേ മനുഷ്യര്‍ ആര്‍ജ്ജിച്ച മനുഷ്യാവകാശങ്ങളുടെ ചരിത്രമറിയാത്തവരാകാം ബന്ധപ്പെട്ടവര്‍. വോട്ട് ബഹിഷ്ക്കരിക്കണമെന്ന നിലയില്‍ അഭിപ്പ്രായരൂപീകരണം സംഘടിപ്പിക്കുന്ന ന്യൂനപക്ഷം, ജിഷയടക്കമുള്ള കൊടുംക്രൂരതകള്‍ക്കിരയായ മനുഷ്യരുടെ നീതിപക്ഷമല്ല ലക്‌ഷ്യം വെയ്ക്കുന്നത്. വേട്ടക്കാര്‍ക്ക് സഹായകരമാകുന്ന/ പ്രതിരോധങ്ങളെ ദുര്‍ബലമാക്കാന്‍ ലക്‌ഷ്യം വെയ്ക്കുന്ന ഇത്തരം ‘നീക്കങ്ങള്‍ ‘ കൂട്ടായി ബഹിഷ്ക്കരിക്കാം . വോട്ടു ചെയ്യണം ; വേട്ടക്കാര്‍ക്കെതിരായി.
ആണിന്റെ’ ‘കുളിരുകള്‍
ജിഷയടക്കം ബലാല്‍ക്കാരത്തിനും കൊലപാതകത്തിനും വിധേയരായ എല്ലാ മനുഷ്യരുടേയും ഘാതകരെ അറസ്റ്റു ചെയ്ത് ഉചിതമാംവിധം ശിക്ഷക്കു വിധേയമാക്കുന്നതിനോടൊപ്പം വീഴ്ച്ചയില്ലാത്തവിധം സ്ത്രീ സുരക്ഷയും ഉറപ്പാക്കപ്പെടേണ്ടതുണ്ട്. അതിനാവശ്യമായ ഇടപെടലുകളാണ് കക്ഷിരാഷ്ട്രീയ ഭേദമെന്യേ കേരളമാകെ സംഘടിപ്പിക്കപ്പെടുന്നതെങ്കിലും ഭരണകൂടം സ്വതസിദ്ധമായ നിസംഗത നിര്‍ബാധം തുടരുകയാണ്. പ്രതിഷേധ പ്രകടങ്ങള്‍ക്കും മെഴുകുതിരിപ്പ്രതിഷേധങ്ങള്‍ക്കുമെല്ലാമപ്പുറം സ്ത്രീകളും മനുഷ്യരാണെന്ന പ്രാഥമിക ബോധം / ധാരണ സ്വാഭാവികമായ് ഉരുത്തിരിയുന്നതിലൂടെ മാത്രമേ അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. അതിനു വേണ്ടത് കുടുംബങ്ങളില്‍നിന്നടക്കം ആരഭിക്കുന്ന ലിംഗ സമത്വം സംബന്ധിച്ച ആത്മാര്‍ത്ഥമായ അവബോധം നിര്‍മ്മിക്കലാണ്.
സ്ത്രീകളും മനുഷ്യരാണല്ലോ !
നിലവിലെ സംവിധാനം അടിമുടി ആൺ അധികാര ശ്രേണിയെ തൃപ്തിപ്പെടുത്തുന്ന നിലയിലെ ഒന്നാകയാല്‍ ബന്ധപ്പെട്ട അടിസ്ഥാനം തകര്‍ത്തല്ലാതെ പരസ്പ്പര ബഹുമാനത്തിലും സ്നേഹത്തിലുമധിഷ്ഠിതമായ കാഴ്ച്ചപ്പാടുകള്‍ ഉണ്ടാകില്ല തന്നെ. രാഷ്ട്രീയവും സാംസ്കാരികവുമായ നിരന്ത ഇടപെടലുകളാണ് അത്തരമൊരു പുനര്‍നിര്‍മ്മിതിക്കാവശ്യം.തികഞ്ഞ സ്ത്രീവിരുദ്ധത ഉള്ളില്‍ സൂക്ഷിക്കുന്നവരും ഒരു പ്രതിഷേധത്തിന്റെ / മുദ്രാവാക്യത്തിന്റെ ഭാഗമായി യാദൃശ്ചികമെങ്കിലും സഞ്ചരിക്കുമ്പോള്‍ സ്വയംവിമര്‍ശനവും തിരുത്തലും സാധ്യമാക്കുന്നു. മെല്ലെമെല്ലെ വെളിച്ചത്തിലേയ്ക്ക് അടുക്കുന്നു.ശാക്തീകരണ സെമിനാറുകള്‍ / ഹെല്‍പ്പ് ലൈനുകള്‍ തുടങ്ങിയവകളെല്ലാം യഥേഷ്ടം തുടരട്ടെ, വ്യവസ്ഥാപിത മലയാളി കുടുംബങ്ങളിലെ ‘ആണിന്റെ’ ‘കുളിരുകളില്‍’ ‘ആസ്വാദന’ശീലങ്ങളില്‍ കാഴ്ച്ചപ്പാടുകളില്‍ അടിമുടി മാറ്റം വരാതെ ബലാത്സംഗമടക്കമുള്ളവ തടഞ്ഞു നിര്‍ത്താന്‍ എളുപ്പവഴികളില്ല. ബലാത്സംഗമടക്കമുള്ള എല്ലാത്തരം മനുഷ്യവിരുദ്ധതയ്ക്കുമെതിരായ ആശയപരവും പ്രായോഗികവുമായ പ്രതിരോധവും പോരാട്ടവും ഒത്തുതീര്‍പ്പുകളിലില്ലാത്ത വിധം തുടരാം; സ്ത്രീകളും മനുഷ്യരാണല്ലോ !