Harilal Rajan R

വികസനം

പതിവു പരിപാടികള്‍ക്കുശേഷമാണ് വൃദ്ധന്‍ കടല്‍ക്കരയിലേക്കെത്തിയത്. എല്ലാത്തിനും ഒരുതരം വല്ലായ്ക, മനസ്സിനാകെ ഒരു മരവിപ്പ്. പ്രശ്നം ശരീരത്തിന്റേതല്ല, മനസിന്റേതാണ്. വേണ്ടപ്പെട്ടവരെല്ലാം പലേടങ്ങളില്‍ അവരുടെ ജോലിയെടുത്ത് സുഖം. താനും അങ്ങനെ. ഭാര്യ ഇല്ല.


ആലോചിക്കാന്‍ ഒന്നുമില്ല എന്നതാണ് അയ്യാളുടെ ഇപ്പോഴത്തെ പ്രശ്നം. ഇത് ഇന്നത്തെ മാത്രം പ്രശ്നമല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്നുവരുന്ന പ്രശ്നമാണ്. എല്ലാ വൃദ്ധന്‍മാര്‍ക്കും ഇങ്ങനെയായിരിക്കും അല്ലേ? പണ്ട് കടലില്‍ പോവുമ്പോള്‍ എത്ര മീന്‍ കിട്ടും? അതിനെന്തു വില കിട്ടും? അതുകൊണ്ട് ചെയ്യേണ്ടതെന്തെല്ലാം? എങ്ങനെ? എന്നെല്ലാമായിരുന്നു ചിന്ത.


ഏതാണ്ടെല്ലാം എന്നല്ല, ചെയ്യേണ്ടതെല്ലാം ചെയ്തു തീര്‍ത്തു. ഇനി ഒന്നും ബാക്കിയില്ല. അതുകൊണ്ടായിരിക്കും, അങ്ങനെ വലുതായി ഒന്നും സ്വപ്നം കാണാനും ഈ പ്രായത്തില്‍ ഇല്ല. അതായിരിക്കാം അസ്വസ്ഥതയ്ക്ക് കാരണം?


രാവിലെ എഴുന്നേറ്റ് കടപ്പുറത്ത് ഇരുന്ന് പ്രഭാതകൃത്യങ്ങള്‍ നടത്തുമ്പോള്‍പോലും പലതും ആലോചിക്കാറുണ്ട്. ചിലപ്പോള്‍ തിരമാല കുണ്ടിയില്‍ വന്നു തട്ടിയിട്ടുപോലും ചിന്തയില്‍ നിന്നും ഉണര്‍ന്നിട്ടില്ല. അങ്ങനെയുള്ള ദിവസങ്ങളില്‍ മുഴുവനും സ്വപ്നം കണ്ടിരിക്കും. രാവിലെ കാപ്പി കുടിക്കുമ്പോള്‍, നടക്കുമ്പോള്‍, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍, ഉച്ചമയക്കത്തിലായിരിക്കുമ്പോള്‍, കിടക്കുമ്പോള്‍ എന്തിന്? കടലില്‍ പോകുമ്പോള്‍പോലും പല കനവുകള്‍ കാണാറുണ്ട്.


എന്നാല്‍ ഇപ്പോള്‍ ഒന്നുപോലും കാണാന്‍ പറ്റുന്നില്ല. പ്രായമായത് മനസ്സിനെ ബാധിച്ചുകാണും. അതായിരിക്കും.


അങ്ങനെയിരിക്കുമ്പോഴാണ് നാലഞ്ചു ചെറുപ്പക്കാര്‍, നല്ല വേഷവിധാനങ്ങളില്‍, വലിയ കടലാസ്സുകഷണങ്ങളുമായി വണ്ടിയില്‍ വന്നിറങ്ങി സംസാരിച്ച് നില്‍ക്കുന്നത് കണ്ടത്. അങ്ങു ദൂരെ വലിയ പച്ചമരങ്ങളാല്‍ നിബിഡമായ കരയിലേക്കും ഇങ്ങ് കടല്‍ക്കരയിലേക്കും കൈചൂണ്ടി എന്തൊക്കെയോ പറയുന്നു. അയാള്‍ അവിടെനിന്ന് എഴുന്നേറ്റുപോയി.


പിറ്റേന്നു രാവിലെ പണിക്കുപോകാതെ വെറുതെ മണലില്‍ ഇരുന്നു. മനസ്സിന്റെ സൂക്കേട് ശരീരത്തിനും പിടിച്ചോ എന്നറിയില്ല. അപ്പോള്‍, അയാള്‍ ഇന്നലെ കണ്ട അതേ ചെറുപ്പക്കാര്‍ അവിടെ നില്‍ക്കുന്നു.


വൃദ്ധന്‍ പതിയെ നടന്ന് അടുത്തു ചെന്നു. സാധാരണ ആ കരയില്‍ പുറത്തുനിന്നും ആരു വന്നാലും പെട്ടെന്ന് തിരിച്ചറിയപ്പെടും. വീണ്ടും കണ്ടാല്‍ ആളെത്തിയത് എന്തിനെന്ന് ചോദിക്കും. വൃദ്ധനും അതുതന്നെ ചെയ്തു. അവരോട് ചോദിച്ചു. “ആരാ? എന്താണ് നിങ്ങളിവിടെ?”


ഒരാള്‍ സര്‍ക്കാരിന്റെ ആളെണെന്ന് മറുപടി വന്നു. അല്പം ഗൌരവത്തില്‍. അവിടെയെന്തോ വലിയൊരു സംഭവം വരാന്‍ പോകുന്നുവെന്ന് അവരുടെ സംഭാഷണത്തില്‍നിന്ന് വൃദ്ധന്‍ മനസ്സിലാക്കി.


നാട്ടില്‍ പാട്ടായി, എന്തോ ഒരു വലിയ പദ്ധതി അവിടെ വരുന്നു. എല്ലാവരും സന്തോഷിച്ചു. വലിയ, വലിയ പദ്ധതികളായിരിക്കും. എല്ലാവര്‍ക്കും ജോലി കിട്ടുമായിരിക്കു? പക്ഷേ ആര്‍ക്കും മനസ്സിലായില്ല. എന്താണ് അവിടെ വരുന്നതെന്ന്. എന്നാലും ഭരണകക്ഷിക്കാര്‍ പറഞ്ഞുവരുന്നത് ഏതു പദ്ധതിയാണെങ്കിലും അതു ഞങ്ങളുടെ വിജയമാണ്. പ്രതിപക്ഷവും ഇത് ഞങ്ങളുടെ പദ്ധതിയാണെന്നു പറഞ്ഞു. അല്ലാത്തവര്‍ ഇതു മറ്റേതോ ഗൂഢപദ്ധതിയാണെന്നു പ്രചരിപ്പിച്ചു.


അവിടെ എത്തിയ പദ്ധതിക്കാരുടെ എണ്ണം ചില ദിവസങ്ങളില്‍ പത്തോളമായി. വരുന്നവര്‍ സ്ഥലം കാണുന്നു. ചര്‍ച്ച ചെയ്യുന്നു. നാട്ടുകാരുമായി വലിയ സംഭാഷണം ഇല്ലാത്തതിനാല്‍ അവര്‍ക്ക് ആകാംക്ഷ വര്‍ദ്ധിച്ചു വന്നു. സംശയങ്ങള്‍ വര്‍ദ്ധിച്ചു. എന്നാല്‍ നാട്ടിലാര്‍ക്കും മനസ്സിലായില്ല, എന്താണ് അവിടെ വരാന്‍ പോകുന്നതെന്ന്.


അവസാനം ബഹു. മെമ്പര്‍ വഴി വാര്‍ത്ത ആ നാട്ടില്‍ പരന്നു. അങ്ങു ദൂരെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് ഒരു വലിയ ഠൌണ്‍ഷിപ്പ് വരാന്‍ പോകുന്നു. ഠൌണ്‍ വരുമ്പോള്‍ ഗുണങ്ങള്‍ പലതുണ്ട്. അവിടത്തെ ആ കാട് പിടിച്ച അവസ്ഥ അങ്ങ് മാറിക്കിട്ടും. പിന്നെ അവിടെ നല്ല വലിയ ബഹുനില മന്ദിരങ്ങള്‍ വരും. ധാരാളം ആള്‍ക്കാര് തമാസിക്കാന്‍ വരും. ചിലപ്പോള്‍ നമ്മുടെ കരയും ചേര്‍ത്ത് അത് വലിയ നഗരമായി മാറാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ചിലപ്പോള്‍ ബഹു. മെമ്പര്‍ നഗരമെമ്പര്‍ ആകുമത്രെ, ജനങ്ങള്‍ നഗരവാസികളും. പക്ഷേ ആ പദ്ധതിക്കാര്‍ ഇവിടെ വന്നത് അവിടുത്തെ ജനങ്ങളുടെ മലമൂത്ര വിസര്‍ജ്ജന്യങ്ങള്‍ കടലില്‍ തള്ളാനുള്ള കുഴല്‍ എങ്ങനെ ഇടും എന്നു പഠിപ്പിക്കുന്നതിനുവേണ്ടിയാണ്.


പറ്റില്ല, വിസര്‍ജ്ജ്യം കടലില്‍ തള്ളാന്‍ പറ്റില്ല പ്രതിഷേധങ്ങള്‍, അത് ഈ കരയില്‍ പറ്റില്ല. വന്‍ പ്രതിഷേധങ്ങള്‍. പ്രതിരോധ സമിതി രൂപീകരണം, ചര്‍ച്ചകള്‍, ക്ഷേമ അന്വേഷികളുടെയും, ക്ഷേമ പ്രവര്‍ത്തകരുടെയും പ്രവാഹം. ചാനലുകാര്‍ ആ നാട് കണ്ടുപിടിക്കുന്നു. അവിടെ ചാനല്‍ വണ്ടികള്‍ പുതിയ വഴിയൊരുക്കുന്നു.


വാര്‍ത്തകള്‍, ബഹളം, സങ്കടം, ദുഃഖം എല്ലാ പതിവുപോലെ ലൈവായി അവിടെ ഉണ്ടായി. ആ നാട് നല്ല വാര്‍ത്തയായി.


അപ്പോള്‍ അയാള്‍ ആലോചിച്ചു. നാട്ടില്‍ വികസനം എന്നു പറയുന്നത് ഇതായിരിക്കും അല്ലേ? അല്ലെങ്കില്‍ ഇത്രയും ആള്‍ക്കാര് നമ്മുടെ നാടിനെക്കുറിച്ച് പറയുമോ? ഇനി, പ്രതിഷേധക്കാര് പറയുന്നത് പോലെ ആ കുഴല് വരുമ്പോള്‍ നമ്മുടെ കര ചീത്തയാകുമോ? വല്ല അസുഖങ്ങള് പടരുമോ? വലിയ കെട്ടിടവും നഗരവും വരാന്‍വേണ്ടി ആ കാട്ടില്‍ അത്രയ്ക്ക് സ്ഥലമുണ്ടോ?


എന്തായാലും ശരി, ഈ കുഴലിന്റെ ആള്‍ക്കാര് വന്നതില്‍ പിന്നെ മനസ്സിനു നഷ്ടപ്പെട്ട ആ സുഖം അതു തിരിച്ചുകിട്ടി.


ഒടുവില്‍ ഒത്തുതീര്‍പ്പായി. കുറച്ച് ആള്‍ക്കാര് മാറിത്താമസിക്കും. നഷ്ടപരിഹാരം ഠൌണ്‍ഷിപ്പുകര്‍ കൊടുക്കും. അസുഖങ്ങളോ ബാക്കി എന്ത് വന്നാലും അവര്‍ നഷ്ടമായോ, അല്ലാതെയോ പരിഹാരം തരും.


വൃദ്ധന്‍ വീണ്ടു ആലോചിച്ചു. “പണി തുടങ്ങും അല്ലേ?”


പണി തുടങ്ങി. പണിക്കാരും പണി ചെയ്യുന്നവരും, ചെയ്യിക്കുന്നവരും ഒക്കെ അവിടെയെത്തി. ദൂരെ ആ കാട് മറഞ്ഞുതുടങ്ങി. അവസാനം ആ കാട്ടില്‍ ആവശ്യത്തില്‍ അധികം സ്ഥലമുണ്ടായിരുന്നുവെന്ന് അയാള്‍ മനസ്സിലാക്കി. ഇപ്പോള്‍ അവിടെ നോക്കിയാല്‍ കണ്ണില്‍ ചൂടടിക്കും. കരയില്‍ കുഴല്‍ വന്നു. അയാള്‍ പണിക്കാരോട് ചോദിച്ചു “ഇതെങ്ങനെ?”


പണിക്കാരന്‍ പറഞ്ഞു. “അങ്ങ് ദൂരെ ആ കാണുന്ന ഠൌണില്‍ ഇരുന്ന് അവര് തൂറും. അത് ഈ കുഴലിലൂടെ ഇത്രയും ദൂരം സഞ്ചരിച്ച് വന്ന് കടലില്‍ വീഴും. അത് അവിടെക്കിടന്ന് നശിക്കും.”


“അപ്പോള്‍ അവരീ കുഴലിനകത്തിറങ്ങി സാധിക്കുമോ?”


“ഇല്ല . അതിന് വീട്ടിനകത്ത് പ്രത്യേക മുറിയുണ്ട്. ആ മുറിയ്ക്കകത്ത് കയറി സാധിക്കും. അത് ഈ കുഴലിലെത്തും. കുളിക്കുന്നത്, തുണി കഴുകുന്നത്, പട്ടിയെ കുളിപ്പിക്കുന്നത്, വണ്ടി കഴുകുന്നത് അങ്ങനെ മഴവെള്ളം വരെ ഈ വലിയ കുഴലില്‍ പല വഴിക്കും വന്നു ചേരും. അങ്ങനെ ഇത് നിറയും.”


“അപ്പോള്‍, ഈ കുഴല്‍ നിറയുമല്ലേ? അത്രയും ആള്‍ക്കാര് അവിടെ കാണുവോ, ഇത് നിറയ്ക്കാനും വേണ്ടി കുളിക്കുന്നവര്‍, നനയ്ക്കുന്നവര്‍....”


“ഉണ്ട്, അത്രയ്ക്കും ആള്‍ക്കാര് അവിടെ ഉണ്ട്. അവരെല്ലാം കുളിയ്ക്കും, നനയ്ക്കും ഈ കുഴല് നിറയ്ക്കും.”


എന്നും അയാള്‍ പണിക്കാരെയും പണിയും ശ്രദ്ധിച്ചു. പണി വേഗം നീങ്ങി. വീണ്ടും അയാള്‍ അസ്വസ്ഥനായി. “ഈ കുഴല് ഈ കരയെ രണ്ടായി കീറിമുറിച്ചുകൊണ്ടു പോകുമോ? മണ്ണിനടിയിലൂടെയാണെങ്കില്‍ കുഴപ്പമില്ല. മുകളിലൂടെയാണെങ്കില്‍ ഉറപ്പായും കരയെ രണ്ടാക്കും. എങ്കില്‍ എങ്ങനെ ഈ കുഴല് കടന്ന് അതിനപ്പുറത്ത് ഉള്ളവരെ കാണാന്‍ പോകും. കടന്നുപോയാല്‍ വിസര്‍ജ്ജ്യം ശരീരത്ത് പ റ്റുമോ? “ അങ്ങനെ പലതും അയാളെ അസ്വസ്ഥനാക്കി. എന്നാല്‍ അയാള്‍ ആ അസ്വസ്ഥതയില്‍ സന്തോഷിച്ചു. മനസ്സ് പലതിനെയും കുറിച്ച് ചിന്തിച്ചുകൊണ്ടേയിരിക്കുന്നു.


“കുഴല് കടലിനകത്ത് ആണ് തീരുന്നത. എങ്കില്‍ കുഴലില്‍ കൂടി തിരികെ വെള്ളം കേറി അക്കരെ യെത്തി കാട് പോയി വന്ന നാട് മുങ്ങിപ്പോകില്ലെ? അഥവാ നാട് മുങ്ങിയില്ലെങ്കിലും ആസനം നനയ്ക്കാനുള്ള വെള്ളമെങ്കിലും കയറിയാലോ? അങ്ങനെ വന്നാല്‍ നമുക്ക് കടപ്പുറത്തിരുന്ന് സാധിക്കുന്ന സുഖം അവര്‍ക്കും കിട്ടുമായിരിക്കും.”


അങ്ങനെ ആശങ്കകള്‍ക്കും, പ്രതിഷേധങ്ങള്‍ക്കും നഷ്ടപരിഹാരവും നഷ്ടമില്ലാത്ത പരിഹാരവും എല്ലാം അവസാനിച്ചു. പണി കഴിഞ്ഞു. ആരവം ഒഴിഞ്ഞു. വൃദ്ധന്‍ വീണ്ടും കടപ്പുറത്ത് തനിച്ചായി.


തീരെ മണ്ണിനടിയിലും, അത്രയ്ക്കു പുറത്തല്ലാതെയും അവര് കുഴലിട്ടു. കടലിനകത്ത് അല്ല കരയില്‍ തന്നെയാണ് കുഴല് തീരുന്നതും. എന്നാല്‍ വിസര്‍ജ്ജ്യം കടലില്‍ പതിക്കുകയും ചെയ്യും. അങ്ങനെയാണ് നിര്‍മ്മാണം. അവിടെ വികസനം വന്നു അല്ല അവിടത്തെ വികസനം പൂര്‍ത്തിയായി.


വൃദ്ധന്‍ വീണ്ടും ആകാംക്ഷാഭരിതനായി “ആ വിസര്‍ജ്ജ്യം എങ്ങനെ ഇത്രയും ദൂരം സഞ്ചരിച്ച് ഇവിടംവരെ എത്തും? ഇനി കൃത്യമായി ഇങ്ങുതന്നെ എത്തുമോ? ഈ കുഴല് നിറയ്ക്കാനൊള്ള ശക്തി ആ നാട്ടുകാര്‍ക്ക് ഉണ്ടോ? ഇനി ഇതെല്ലാം പണിതുവെച്ചിട്ട് അവര് മണ്ണില്‍ സാധിച്ചു കളയുമോ?”


അയാള് എന്നും ആ കുഴല് പരിശോധിക്കാന്‍ തുടങ്ങി. ഒന്നുരണ്ടു ദിവസങ്ങളില്‍ വെള്ളം മാത്രം അല്പം ശക്തിയായും അല്ലാതെയും പകുതി നിറഞ്ഞും, നിറയാതെയും ഒഴുകിയെത്തി. “ഇനി ആള്‍ക്കാര് അവിടെ പണി തുടങ്ങിയില്ലേ?” അയാള്‍ നെടുവീര്‍പ്പിട്ടു. ചില സമയങ്ങളില്‍ അയാള്‍ കുഴലിന് മുകളില്‍ ഇരിക്കാനും തുടങ്ങി. പരിശോധന എല്ലാ ദിവസവും തുടര്‍ന്നുവന്നു.


അങ്ങനെയിരിക്കെ ഒരിക്കല്‍ ബഹു. മെമ്പര്‍ പറഞ്ഞു. അവിടത്തെ ഠൌണ്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്നുവെന്ന്. ബഹു. മെമ്പര്‍ക്കും പ്രതിരോധ പ്രതിഷേധക്കാര്‍ക്കും മാത്രമാണ് ഈ കരയില്‍നിന്നും ക്ഷണം കിട്ടിയത്.


ആ ദിവസം രാവിലെ എല്ലാ വീടുകളിലും പാലു കാച്ചും ഉച്ചയ്ക്ക് സദ്യയും വൈകിട്ട് പരിപാടികളും രാത്രി പാര്‍ട്ടിയും ഉണ്ട് എന്ന് കേട്ടു. അന്നു വൈകുന്നേരം ദൂരെ നിന്നപ്പോള്‍ അല്പം ശബ്ദം കേള്‍ക്കാന്‍ പറ്റി. അവിടത്തെ ആഘോഷത്തിന്റെ. വൃദ്ധന്‍ കുഴലിലൂടെ നോക്കി. കുറച്ച് വെള്ളം മാത്രം വരുന്നുണ്ട്. കുഴല് നിറയുന്നില്ല. രാത്രി വലിയ വെടിക്കെട്ട് നടക്കുന്നത് കണ്ടു. നല്ല രസം, നേരം വെളുക്കുന്നതുവരെ അതു തുടര്‍ന്നു. രാവിലെ അയാള്‍ വളരെ നേരത്തെ, വലിയ പ്രതീക്ഷയോടെ കുഴലിന്റെ അടുത്തെത്തി. പ്രതീക്ഷ തെറ്റിയില്ല, കുറച്ച് കഴിഞ്ഞപ്പോള്‍ ആ കുഴല് നിറഞ്ഞുവന്നു. പല കളറില്‍, മഞ്ഞയുടെ വൈവിധ്യം, കറുപ്പില്ലാത്ത കറുപ്പും, ഭക്ഷണാവശിഷ്ടങ്ങള്‍, ചകിരികള്‍, പേപ്പറുകള്‍, കറപുരണ്ട പഞ്ഞികള്‍, പതയുള്ള വെള്ളം അങ്ങനെ പലതും. ഏകദേശം കുഴല് നിറഞ്ഞു വന്നു പുറത്തുചാടി കടലിലേക്ക് ഒഴുകി.


എന്തായാലും ഒടുവില്‍ വികസനം വന്നു. അയാളുടെ മുഖം സന്തോഷംകൊണ്ടു വിടര്‍ന്നു. ഇനി എന്തിനെക്കുറിച്ച് ചിന്തിക്കും എന്നു ആലോചിച്ചുകൊണ്ട് അയാള്‍ നടന്നകന്നു.